Home/Encounter/Article

ഒക്ട് 11, 2024 30 0 ജോര്‍ജ് ഗ്ലോറിയ
Encounter

വീഴ്ച കുഞ്ഞിന്‍റെ കുഞ്ഞുങ്ങളുടെ എന്‍റെ

വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള ഒരു കരിസ്മാറ്റിക് സമ്മേളനം, സുപ്രധാനമായ ഒരു ക്ലാസ് കൊടുക്കാന്‍ നിയുക്തനായത് ഞാനായിരുന്നു. വരുംതലമുറയെ വാര്‍ത്തെടുക്കുന്നവരാണല്ലോ അദ്ധ്യാപകര്‍, അക്കാരണത്താല്‍ത്തന്നെ ആ സമ്മേളനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി ഞാന്‍ കരുതി. ഞാന്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം അറിവുള്ളവരുടെ സഹായത്തോടെ നന്നായി ഒരുങ്ങാന്‍ സാധിച്ചു; നോട്ടും കുറിച്ചിരുന്നു. ഒരുങ്ങി കുമ്പസാരിച്ചു, ദിവ്യകാരുണ്യം സ്വീകരിച്ചു. മനസിനെ ശാന്തമാക്കി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പതിവിന് വിരുദ്ധമായി തീവണ്ടിയില്‍ ബര്‍ത്തും റിസര്‍വ് ചെയ്തിരുന്നു. ഒന്നും എന്‍റെ ദൗത്യനിര്‍വ്വഹണത്തിനു തടസം വരുത്തരുതല്ലോ.

പോകേണ്ട ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെടുമ്പോള്‍ കരുതി, വീട്ടിലെത്തി കുളിച്ച് നേരത്തേതന്നെ അത്താഴവും കഴിച്ച് റെയില്‍വേ സ്റ്റേഷനിലെത്തും. ആദ്യത്തെ ക്ലാസ് എന്റേതാണ്. എല്ലാ കരുതലുകളും എടുത്തു.

എന്നാല്‍ ജോലിസ്ഥലത്തുനിന്നും മടങ്ങിയെത്തിയ എന്നെ സ്വീകരിച്ചത് ആദ്യത്തെ വീഴ്ച വീണ് മൂക്കും മുഖവും കരുവാളിച്ചു നില്ക്കുന്ന ഒന്നര വയസുകാരിയായ എന്‍റെ സൗമ്യമോളാണ്. എനിക്കൊട്ടും സഹിച്ചില്ല. മോളെയും വാരിയെടുത്ത് ഞാന്‍ തിരുഹൃദയരൂപത്തിന്‍റെ മുമ്പിലെത്തി. ”എന്തുകൊണ്ട് നീ എന്‍റെ കുഞ്ഞിനെ കാത്തുസൂക്ഷിച്ചില്ല. ശരിയാണ്, കുഞ്ഞുങ്ങള്‍ വീണേക്കും. ആദ്യത്തെ വീഴ്ചയും ഒരു ദിവസം ഉണ്ടായേ പറ്റൂ. പക്ഷേ, ഇന്ന് ഇതു വേണ്ടിയിരുന്നോ?….

ഇന്നെനിക്കെങ്ങനെ അവിടെ എത്തി ഭംഗിയായി പ്രസംഗിക്കാനാവും? എന്‍റെ കുഞ്ഞിന്‍റെ നീരുവീര്‍ത്ത മുഖമാവില്ലേ തിരികെ എത്തുവോളം എന്‍റെ കണ്‍മുന്‍പില്‍…” പിന്നെയും എന്തെല്ലാമൊക്കെയോ ഞാന്‍ പുലമ്പി. കുറച്ചു പറഞ്ഞു കഴിയുമ്പോഴുള്ള ഒരു ശാന്തത. ആ ശാന്തതയില്‍ എന്‍റെ മനസില്‍ ഒരു സ്വരമുയര്‍ന്നു. ”ആരുടെ കുഞ്ഞാണവള്‍ നിന്‍റെ കുഞ്ഞോ?”

ഞാന്‍ പറഞ്ഞു, ”അതെ, എന്‍റെ കുഞ്ഞ്.”
ഒന്നുകൂടി ചിന്തിച്ചു നോക്കൂ, ”നിന്‍റെ കുഞ്ഞോ?”
ഞാനല്പമൊന്നയഞ്ഞു, ”നീ എനിക്കുതന്ന കുഞ്ഞ്.”
”അതെ. നീ അവളെ കാണുന്നതിനെത്രയോ മുമ്പ് ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയ എന്‍റെ കുഞ്ഞ്. വളര്‍ത്താന്‍ ഞാന്‍ നിന്നെ ഏല്പിച്ച എന്‍റെ പൊന്നോമന കുഞ്ഞ്.”

വാദി പ്രതിയായി മാറുന്നതു ഞാനറിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു, ”അവളുടെ ചതഞ്ഞുവീര്‍ത്ത മുഖം കണ്ടപ്പോള്‍ എനിക്കു വല്ലാതെ വിഷമം തോന്നി. ഞാനെന്തൊക്കെയോ പറഞ്ഞു പോയി… എന്നോട്…” ‘
”നിന്‍റെ മോള്‍ ഒന്നു വീണപ്പോള്‍ നിനക്കിത്രയേറെ വേദന, ഈ വേദനയില്‍ ചവുട്ടിനിന്നുകൊണ്ടു നീ പോയി അവരോടു പറയുക, വീഴുന്ന ഓരോ പൊന്നോമനകളെക്കുറിച്ചും ഞാനെന്തുമാത്രം വേദനിക്കുന്നുവെന്ന്.”
അന്നു തീവണ്ടിയിലെ ബര്‍ത്തില്‍ കിടക്കുമ്പോള്‍ മനസു നിറയെ വീഴുന്ന കുഞ്ഞുങ്ങളായിരുന്നു. ആത്മീയമായി, മാനസികമായി, വൈകാരികമായി, ശാരീരികമായി തകരുന്ന കുഞ്ഞുങ്ങള്‍…. ദൈവത്തിന്‍റെ പൊന്നോമനകളുടെ വീഴ്ചകള്‍.

”എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18/6). ”ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18/10-11). ”ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മര്‍ക്കോസ് 10/14).

ദൈവത്തിന്‍റെ വേദനയെന്തെന്ന് അല്പമൊന്നൂഹിക്കാന്‍ എനിക്കു പറ്റി. വീഴ്ചകളെ ഒഴിവാക്കാനും വീഴാതെ ജീവിക്കാനും അവരെ ഒട്ടേറെ സഹായിക്കേണ്ട അദ്ധ്യാപകര്‍. അവരോട് ഈ പിതാവിന്‍റെ വേദനയുടെ കഥയാണ് പറയേണ്ടത് എന്ന് എനിക്കു മനസിലായി. തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ഞാന്‍ ആദ്യം ചെയ്തത് കയ്യില്‍ കരുതിയിരുന്ന പ്രസംഗത്തിന്‍റെ കുറിപ്പടി കീറിക്കളയുകയായിരുന്നു.

ഞാന്‍ കണ്ടെത്തി
ന്‍റെ പ്രാര്‍ത്ഥന പലപ്പോഴും ദൈവം ചെയ്തതിലെ കുറ്റം കണ്ടെത്തലാകുന്നു. ദൈവത്തിന്‍റെ മറവികള്‍ ചൂണ്ടിക്കാട്ടലാകുന്നു. ദൈവത്തിനു നിര്‍ദ്ദേശങ്ങള്‍ നല്‍കലാകുന്നു. എന്‍റെ ഉത്തരവാദിത്വങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും അതിന്‍റെ കൂടി കുറ്റം ദൈവത്തിലാരോപിക്കയും ആകുന്നു. ദൈവഹിതമറിയാനും അതു നിറവേറ്റേണ്ടതെങ്ങനെയെന്നു ചോദിക്കാനും അതിനാവശ്യമായ ശക്തി നേടാനുമല്ലേ വാസ്തവത്തില്‍ എന്‍റെ പ്രാര്‍ത്ഥനാസമയം വിനിയോഗിക്കേണ്ടിയിരിക്കുന്നത്.

ഞാന്‍ പഠിച്ചു
പറഞ്ഞുകേട്ടതോ വായിച്ചറിഞ്ഞതോ ആയ ഒരു ദൈവത്തെയല്ല അനുഭവിച്ചറിഞ്ഞ ഒരു ദൈവത്തെ വേണം പ്രഘോഷിക്കുവാന്‍. ഓരോ കാര്യത്തെയും ഓരോ സംഭവത്തെയും ദൈവത്തിന്‍റെ കാഴ്ചപ്പാടിലൂടെ കണ്ട്, അനുഭവിച്ചാലേ പ്രവാചകദൗത്യം നിറവേറ്റാനാവൂ. അതിനാണ് പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമായിരിക്കുന്നത് (1 കോറിന്തോസ് 2/11-16).

*********

Share:

ജോര്‍ജ് ഗ്ലോറിയ

ജോര്‍ജ് ഗ്ലോറിയ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles