Home/Engage/Article

ആഗ 16, 2023 330 0 Thankachan Thundiyil
Engage

വിശുദ്ധരാകാന്‍ കൊതിയുള്ളവര്‍ക്കായ്…

കര്‍ത്താവ് മറുപടി തന്നു, “ഇതെങ്ങനെ സംഭവിക്കുമെന്ന് നീ അറിയേണ്ടതില്ല.”

ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ധ്യാനത്തിന്‍റെ സമാപനദിവസം എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സിസ്റ്റര്‍ ഇപ്രകാരം പറഞ്ഞു, “ഇത് ഓള്‍ കേരള വിശുദ്ധരുടെ കൂട്ടായ്മയാണ്!” എല്ലാവരും സന്തോഷത്തോടെ ചിരിച്ചു. പക്ഷേ ഞാന്‍ ചിരിക്കുകമാത്രമല്ല ചെയ്തത്, അതെനിക്കൊരു ചിന്താവിഷയമായി മാറി. വിശുദ്ധജീവിതം നയിക്കുന്ന ഒരു സുഹൃത്തിനോട് ഞാനിപ്രകാരം പറഞ്ഞു, “താങ്കള്‍ ഏതായാലും ഒരു വിശുദ്ധനാകും. അപ്പോള്‍ ഞാനൊരു വിശുദ്ധനാകാന്‍വേണ്ടി പ്രാര്‍ത്ഥിക്കണം.”

അദ്ദേഹം മറുപടി പറഞ്ഞു, “ഞാന്‍ വിശുദ്ധനായില്ലെങ്കിലും താങ്കള്‍ വിശുദ്ധനാകും. മാത്രവുമല്ല താങ്കള്‍ വിശുദ്ധനായാല്‍ ഒരു പ്രത്യേകതയുണ്ട്, തെങ്ങുകയറ്റക്കാര്‍ക്ക് ഒരു മധ്യസ്ഥന്‍ ഇതുവരെ ഉണ്ടായിട്ടില്ല. താങ്കള്‍ തെങ്ങുകയറ്റക്കാരുടെ മധ്യസ്ഥനാകും.” കാരണം അന്നെന്‍റെ ജോലി തെങ്ങുകയറ്റമായിരുന്നു.

ഈയൊരു വാക്ക് വീണ്ടുമെന്നെ ചിന്തിപ്പിച്ചു. ഞാനിക്കാര്യം അന്ന് രാത്രിയില്‍ ഈശോയുടെകൂടെയിരുന്ന് ധ്യാനിച്ച് പ്രാര്‍ത്ഥിച്ചു. എന്നിട്ട് മനസില്‍ പറഞ്ഞു, “ഈശോയേ, തെങ്ങുകയറ്റക്കാര്‍ക്ക് ഇതുവരെ മധ്യസ്ഥനില്ലേ?”

ഇപ്രകാരം ചിന്തിച്ച സമയംതന്നെ എന്‍റെ ഉള്ളില്‍നിന്നൊരു സ്വരം, “മേശപ്പുറത്തിരിക്കുന്ന പുസ്തകമെടുത്ത് ആദ്യം കിട്ടുന്ന ഭാഗം വായിക്കുക.”

അന്നെന്‍റെ മേശപ്പുറത്തിരുന്നത് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയായിരുന്നു. ഞാനതെടുത്ത് തുറന്നപ്പോള്‍ കിട്ടിയ ഭാഗം ഇതാണ്, “ആദ്യവെള്ളിയാഴ്ച. ഞാന്‍ ‘തിരുഹൃദയത്തിന്‍റെ മെസഞ്ചര്‍’ എടുത്ത് വിശുദ്ധ ആന്‍ഡ്രൂ ബൊബോളയുടെ നാമകരണവിവരണങ്ങള്‍ വായിച്ചപ്പോള്‍ പെട്ടെന്ന് എന്‍റെയുള്ളില്‍ വലിയൊരു ആഗ്രഹം മുളയെടുത്തു. ഞങ്ങളുടെ സഭാസമൂഹത്തിനും ഒരു വിശുദ്ധയെ ലഭിച്ചിരുന്നെങ്കില്‍… ഞങ്ങളുടെയിടയില്‍ ഒരു വിശുദ്ധ ഇല്ലാത്തതുകൊണ്ട് ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, “അങ്ങയുടെ ഔദാര്യം എനിക്കറിയാം. എങ്കിലും അങ്ങേക്ക് ഞങ്ങളോടുള്ള ഔദാര്യം കുറവാണെന്നാണ് എനിക്ക് തോന്നുന്നത്.”ڔഒരു ചെറിയ കുഞ്ഞിനെപ്പോലെ ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി. ഈശോനാഥന്‍ എന്നോട് പറഞ്ഞു, കരയണ്ട. ആ വിശുദ്ധ നീയാണ്. അപ്പോള്‍ ദൈവികപ്രകാശം എന്‍റെ ആത്മാവില്‍ നിറഞ്ഞൊഴുകി; ഞാന്‍ എത്രമാത്രം സഹിക്കണമെന്ന് എനിക്ക് മനസിലായി, ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, “അതെങ്ങനെ സംഭവിക്കും? അങ്ങ് എന്നോട് മറ്റൊരു സഭാസമൂഹത്തെക്കുറിച്ച് പറയുകയാണല്ലോ.” കര്‍ത്താവ് ഇങ്ങനെ മറുപടി തന്നു, ഇതെങ്ങനെ സംഭവിക്കുമെന്ന് നീ അറിയേണ്ടതില്ല. എന്‍റെ കൃപയോട് വിശ്വസ്തത പുലര്‍ത്തുകയും നിന്‍റെ കഴിവിനനുസരിച്ചും അനുസരണം അനുവദിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നിന്‍റെ ചുമതല…” (ഖണ്ഡിക 1650)

വിശുദ്ധരാകാന്‍ കൊതിക്കുന്ന അനേകരെ കണ്ടുമുട്ടാന്‍ സാധിച്ചു. വിശുദ്ധി ഒരു പകര്‍ച്ചാവ്യാധിപോലെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിശുദ്ധരുടെ ജീവചരിത്രങ്ങളില്‍നിന്നാണ് ഈ ചിന്ത കിട്ടിയത്. വിശുദ്ധരായി ജീവിക്കുന്നവര്‍ക്ക് വിശുദ്ധരെ കൂട്ടായും കിട്ടും. ആ കൂട്ട് അവരെ വിശുദ്ധരായി വളരാന്‍ സഹായിക്കും. വിശുദ്ധ ഫൗസ്റ്റീന, വിശുദ്ധയാകണമെന്ന തന്‍റെ ആഗ്രഹം വിശുദ്ധ കൊച്ചുത്രേസ്യായോട് പറയുന്നതായി കാണാം. വിശുദ്ധ കൊച്ചുത്രേസ്യയുടെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ഫൗസ്റ്റീന, വിശുദ്ധ കൊച്ചുത്രേസ്യയെ സ്വപ്നത്തില്‍ കണ്ടു. താന്‍ ഒരു വിശുദ്ധയാകുമോ എന്ന് ആരാഞ്ഞ ഫൗസ്റ്റീനയോട് “നീയൊരു വിശുദ്ധയാകും” എന്ന് വിശുദ്ധ കൊച്ചുത്രേസ്യ മറുപടി നല്കി.

നമുക്കും ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം, ദൈവത്തില്‍ ആശ്രയിക്കാം. “കര്‍ത്താവില്‍ ആനന്ദിക്കുക, അവിടുന്ന് നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും” (സങ്കീര്‍ത്തനങ്ങള്‍ 37/4).

 

Share:

Thankachan Thundiyil

Thankachan Thundiyil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles