Home/Encounter/Article

ആഗ 04, 2020 1981 0 Ranjith Lawrence
Encounter

വിശുദ്ധനെ അടിച്ച യുവാവ് വിശുദ്ധനാകുമോ?

1260-ല്‍ ഇറ്റലിയിലെ ഫോര്‍ളിയില്‍ സമ്പ ന്നരായ മാതാപിതാക്കളുടെ മകനായാണ് പെരിഗ്രിന്‍ ലസിയോസിയുടെ ജനനം. മാര്‍പാപ്പയ്ക്ക് എതിരായി പ്രവര്‍ത്തിച്ചിരുന്ന മുന്നേറ്റത്തിലെ സജീവപ്രര്‍ത്തകരായിരുന്നു പെരിഗ്രിന്‍റെ കുടുംബം. സ്വാഭാവികമായും പെരിഗ്രിനിലും പാപ്പാവിരുദ്ധ മനോഭാവം രൂപപ്പെട്ടു.

ഈ കാലഘട്ടത്തിലാണ് ഫോര്‍ളി നഗരത്തില്‍ മാര്‍പാപ്പയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഫിലിപ്പ് ബെനിസിയെ മാര്‍ട്ടിന്‍ നാലാമന്‍ മാര്‍പാപ്പ അവിടേക്ക് അയച്ചത്. ഫ്രയര്‍ സെര്‍വന്‍റസ് ഓഫ് സെന്‍റ് മേരി(സെര്‍വൈറ്റ്സ്) സഭയുടെ പ്രയര്‍ ജനറളായിരുന്നു പില്‍ക്കാലത്ത് വിശുദ്ധനായി തീര്‍ന്ന ഫിലിപ്പ്. ക്രിസ്തുവിന് അനുരൂപമായ ജീവിതം നയിക്കുന്നവരുടെ ഏറ്റവും ചെറിയ പ്രവൃത്തികള്‍ പോലും മറ്റുള്ളവരെ ക്രിസ്തുദര്‍ശനത്തിലേക്ക് നയിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരമാണ് വിശുദ്ധ ഫിലിപ്പിലൂടെ പെരിഗ്രിന്‍റെ ജീവിതത്തില്‍ സംഭവിച്ച മാനസാന്തരം. ഫോര്‍ളി നഗരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ പാപ്പാവിരുദ്ധര്‍ ഫിലിപ്പിനെ അക്രമിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു പെരിഗ്രിന്‍. 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന പെരിഗ്രിന്‍റെ അടിയേറ്റ് ആ വിശുദ്ധന്‍ നിലത്തു വീണു.

മുഖത്ത് അടിയേറ്റ് നിലത്ത് വീണ ഫിലിപ്പ് ബെനിസിയുടെ ശാന്തതയും ക്ഷമയുമാണ് പെരിഗ്രിന്‍റെ ഹൃദയത്തെ പിടിച്ചുലച്ചത്. പശ്ചാത്താപവിവശനായി അദ്ദേഹം അപ്പോള്‍ തന്നെ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു എന്നാണ് ചരിത്രം സാക്ഷിക്കു ന്നത്. ഒരു ചെറു പുഞ്ചിരിയോടെ വിശുദ്ധ ഫിലിപ്പ് ബെനിസി അദ്ദേഹത്തിന് മാപ്പ് നല്‍കി. പെരിഗ്രിന്‍ ലസിയോസി എന്ന വിശുദ്ധന്‍റെ ജനന നിമിഷമായിരുന്നു അത്.

തുടര്‍ന്ന് സിയന്നയിലെത്തിയ പെരിഗ്രിന്‍ സെര്‍വൈറ്റ് സന്യാസ സഭയില്‍ ചേര്‍ന്നു. സന്യാസവ്രതം സ്വീകരിച്ച അദ്ദേഹം തന്‍റെ സ്വദേശമായ ഫോര്‍ളിയില്‍ മടങ്ങിയെത്തി അവിടെ ആശ്രമം ആരംഭിച്ചു. പ്രസംഗങ്ങളിലൂടെയും വിശുദ്ധമായ ജീവിതത്തിലൂടെയും നിരവധി ആത്മാക്കളെ സത്യത്തിന്‍റെ വെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ ദൈവം അദ്ദേഹത്തെ ഉപകരണമാക്കുകയായിരുന്നു. ദരിദ്രരെയും പീഡിതരെയും കരുണയോടെ ശുശ്രൂഷിച്ചുകൊണ്ടും പ്രായശ്ചിത്ത പ്ര വൃത്തികള്‍ ചെയ്തുകൊണ്ടും അദ്ദേഹം തന്‍റെ സന്യാസ ജീവിതം ധന്യമാക്കി.

ഇരിക്കേണ്ടത് അത്യാവശ്യമല്ലാത്ത അവസരങ്ങളിലെല്ലാം നില്‍ക്കുക എന്നത് അദ്ദേഹം അനുഷ്ഠിച്ചുപോന്ന ഒരു പ്ര ത്യേക പ്രായശ്ചിത്ത പ്രവൃത്തിയായിരു ന്നു. കാലക്രമത്തില്‍ അദ്ദേഹത്തിന്‍റെ കാലില്‍ അണുബാധ ഉണ്ടാവുകയും അത് കാന്‍സറായി മാറുകയും ചെയ്തു. കാലില്‍ ഉണ്ടായ മുറിവ് ചികിത്സിച്ച് ഭേദമാക്കാനാവാത്ത സാഹചര്യത്തില്‍ കാലിന്‍റെ ആ ഭാഗം മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

കാലിന്‍റെ ഭാഗം മുറിച്ചുമാറ്റാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന ദിവസ ത്തിന്‍റെ തലേ രാത്രി മുഴുവന്‍ ക്രൂശിതനായ ഈശോയുടെ രൂപത്തിന് മുമ്പിലാണ് അദ്ദേഹം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചത്. രാത്രിയുടെ ഏതോ സമയത്ത് ഉറങ്ങിപ്പോയ അദ്ദേഹം, ഈശോ കുരിശില്‍ നിന്ന് ഇറങ്ങി വന്ന് കാന്‍സര്‍ ബാധിച്ച കാലില്‍ തൊടുന്നതായി ഒരു ദര്‍ശനം കണ്ടു. തന്‍റെ കാലിലെ മുറിവ് പൂര്‍ണമായി സുഖമാക്കപ്പെട്ടതായി ഉറക്കത്തില്‍ നിന്നുണര്‍ന്ന പെരിഗ്രിനിന് മനസിലായി. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി എത്തിയ ഡോക്ടറിന് കാലിലെ മുറിവ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത എല്ലായിടത്തും പരന്നു. പിന്നീട്, 1345 മെയ് ഒന്നാം തിയതി 85-ാമത്തെ വയസിലാണ് പെരിഗ്രിന്‍ ദൈവപിതാവിന്‍റെ ഭാവത്തിലേക്ക് യാത്രയായത്. 1726-ല്‍ ബനഡിക്ട് 13-ാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ പെരിഗ്രിന്‍ ലസിയോസിയുടെ തിരുനാള്‍ മെയ് ഒന്നാം തിയതി തിരുസഭ ആഘോഷിക്കുന്നു. കാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ പെരിഗ്രിന്‍.

Share:

Ranjith Lawrence

Ranjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles