Home/Engage/Article

നവം 24, 2021 554 0 K J Mathew
Engage

യാക്കോബ് കടവിലെ പുലരി

അകലങ്ങളില്‍ ഇരിക്കുന്നവനാണ് ദൈവം എന്നാണ് ദൈവത്തെക്കുറിച്ച് പലര്‍ക്കുമുള്ള കാഴ്ചപ്പാട്. പക്ഷേ യേശുവിലൂടെ അനാവരണം ചെയ്യപ്പെട്ട ദൈവം മറ്റൊന്നാണ് – അത് ഇമ്മാനുവേല്‍, കൂടെയുള്ള ദൈവമാണ്. മനുഷ്യന്‍റെ ആധിയിലും വ്യാധിയിലും സുഖദുഃഖങ്ങളിലും അവിടുന്ന് സദാ അവനോടൊപ്പമുണ്ട്. “യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28/20) എന്ന യേശുവിന്‍റെ വാക്കുകള്‍ ഇതിന്‍റെ സ്ഥിരീകരണമത്രേ.

സര്‍വശക്തനായ ദൈവത്തിന്‍റെ സാന്നിധ്യം എല്ലാ നിമിഷങ്ങളിലും അനുഭവിച്ചറിയുക എന്നതാണ് ഒരു മനുഷ്യന്‍റെ യഥാര്‍ത്ഥബലം. അത് തിരിച്ചറിയുന്നവന് കൂരിരുട്ടിലും മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലും ഭയം ഉണ്ടാവുകയില്ല. ഒരു സൈന്യംതന്നെ അവനെതിരെ പോരടിക്കുവാന്‍ വന്നാലും ഒരു ദൈവഭക്തന്‍ ഒരിക്കലും ഭയപ്പെടുകയില്ല. ഒരു മനുഷ്യനെ ദുര്‍ബലപ്പെടുത്തുന്നത് ഭയമാണ്. അത് ഞാന്‍ തനിച്ചാണ് എന്ന ചിന്തയില്‍നിന്ന് ഉടലെടുക്കുന്നതാണ്. വലിയൊരു തിരമാലപോലെ ഒരു പ്രതിസന്ധി ഉയരുമ്പോള്‍ ഭയപ്പെട്ടുപോവുക സ്വാഭാവികമാണ്. എന്നാല്‍ “അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു” എന്ന് നമ്മോട് പറയുന്ന ദൈവത്തിന്‍റെ സ്വരവും സാന്നിധ്യവും തിരിച്ചറിയുമ്പോള്‍ ആ ഭയം ഇല്ലാതായിപ്പോകും. അതിനാല്‍ ജീവിതവിജയത്തിന് അനിവാര്യമായ നിര്‍ഭയത്വം സ്വന്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ അത് ഏതെങ്കിലും മനഃശാസ്ത്ര ടെക്നിക്കുകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല, പ്രത്യുത ദൈവത്തിന്‍റെ ജീവിക്കുന്ന സാന്നിധ്യം തിരിച്ചറിയുന്നതുവഴി ലഭിക്കുന്ന ഒരു കൃപയാണ്.

ഈ കൃപ സ്വീകരിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ ഇവിടെ ഒരു സദ്വാര്‍ത്തയുണ്ട്. ഇത് വിശുദ്ധന്മാര്‍ക്കും വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്കുംമാത്രം നീക്കിവച്ച ഒരു അനുഗ്രഹമല്ല. ഒരു മനുഷ്യന്‍ എത്ര വഴിപിഴച്ചവനാണെങ്കിലും, എത്രയൊക്കെ അപഭ്രംശം സംഭവിച്ചവനാണെങ്കിലും ദൈവിക സാന്നിധ്യം അറിയുവാന്‍ സാധിക്കും- ഒരു വ്യവസ്ഥയേ അതിനുള്ളൂ: ദൈവത്തിനുവേണ്ടി തീവ്രമായ ഒരു അഭിനിവേശം, ഒരു അഭിലാഷം മനസില്‍ സൂക്ഷിക്കുക. അതൊരു നിഷ്ക്കളങ്ക പ്രാര്‍ത്ഥനയായി ഉയരുമ്പോള്‍ ദൈവം അവനെ തേടി വരും.

വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിന് ചേതോഹരമായ ഒരു ഉദാഹരണമുണ്ട്. അത് മറ്റാരുമല്ല യാക്കോബ് തന്നെ. അവന്‍ പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്ഥാനം കൈക്കലാക്കുന്നവനാണ്. ചതിവിലൂടെ ജ്യേഷ്ഠന്‍റെ അവകാശസ്ഥാനം അവന്‍ നേടി, അപ്പനെയും കബളിപ്പിച്ചുകൊണ്ട്. ഈ ഇരട്ടചതിയന്‍ എങ്ങനെ അനശ്വരരായ പൂര്‍വപിതാക്കന്മാരുടെ നിരയില്‍ സ്ഥാനം നേടി?
അതിന്‍റെ രഹസ്യം യാബോക്ക് കടവിലാണ് വെളിപ്പെടുന്നത്. യാബോക്ക് കടവിലെത്തുന്ന യാക്കോബ് ഭൗതികസമ്പത്തിന്‍റെ നശ്വരതയും ക്ഷണികതയും ബോധ്യപ്പെട്ടവനാണ്. അവന്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഓടിയതുമെല്ലാം ഈ ലോകത്തിലെ അധികാരത്തിനും സമ്പത്തിനും ജഡികസുഖങ്ങള്‍ക്കുംവേണ്ടിയാണ്. അത് അവന് വേണ്ടുവോളം ലഭിച്ചു; പക്ഷേ അവന്‍റെ ആത്മാവ് തൃപ്തമായില്ല. ദൈവത്തെ അറിയുവാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട ആത്മാവ് അത് ലഭിക്കാത്തിടത്തോളം കാലം അസ്വസ്ഥമായിരിക്കും. അങ്ങനെയൊരു അസംതൃപ്തമായ ആത്മാവോടുകൂടിയാണ് യാക്കോബ് ഈ കടവിലെത്തുന്നത്. സമയം രാത്രിയായി. അതൊരുപക്ഷേ അവന്‍റെ മനസിന്‍റെ ഒരു പ്രതീകമായിരിക്കണം. ദൈവമാകുന്ന പ്രകാശത്തില്‍നിന്ന് താന്‍ വളരെ അകലെയാണെന്ന് ആ രാത്രി അവനെ ഓര്‍മിപ്പിച്ചിരിക്കണം. യാക്കോബിന്‍റെ ഉള്ളില്‍ ഇപ്പോള്‍ ഒരു ആഗ്രഹം മാത്രമേയുള്ളൂ. എന്തു നഷ്ടപ്പെട്ടാലും ദൈവത്തെ അറിയണം, കാണണം. അതിന് എന്ത് ത്യാഗം ചെയ്യുവാനും അവന്‍ സന്നദ്ധനാണ്. യാക്കോബ് ആ തീരുമാനം നടപ്പാക്കി. തന്‍റെ ഭാര്യമാരെയും മക്കളെയും സമ്പത്ത് മുഴുവനും അക്കരെ നിര്‍ത്തി, അവന്‍ മാത്രം ഇക്കരെ നിന്നു. ‘ദൈവമേ, പാപിയായ എന്നെ തേടി വരണമേ’ അവന്‍ നിലവിളിച്ച് പ്രാര്‍ത്ഥിച്ചു.

തന്നെ തേടുന്നവര്‍ക്ക്, പൂര്‍ണഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം എക്കാലത്തും സമീപസ്ഥനാണ്. അവന്‍റെ കഴിഞ്ഞ കാലങ്ങളൊന്നും ദൈവം നോക്കുന്നില്ല. തന്‍റെ പാപാവസ്ഥ ഏറ്റുപറഞ്ഞ് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നവന്‍റെ മുമ്പിലേക്ക് ദൈവം കടന്നുവരുന്നു. ഒരു വിശുദ്ധനാണെങ്കില്‍ ആന്തരികദര്‍ശനത്തില്‍ ദൈവത്തെ കാണാം. പക്ഷേ ലോകത്തിന്‍റെ സുഖങ്ങളില്‍ ജീവിച്ച ഒരുവന് അത് സാധിക്കുകയില്ലല്ലോ. അവനോട് കരുണ തോന്നിയ ദൈവം അവന് തൊട്ട് അനുഭവിക്കാവുന്ന വിധത്തില്‍ ഒരു മനുഷ്യരൂപം പ്രാപിച്ച് അവന്‍റെ മുമ്പില്‍ വന്നുനില്ക്കുകയാണ്. ദൈവത്തിന്‍റെ സ്നേഹം എത്ര അപാരം! തന്‍റെ മക്കളുടെ അവസ്ഥയിലേക്ക് താഴുന്ന ഒരു ദൈവം.

“അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്പിടുത്തം നടത്തി” എന്നാണ് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നത്. എന്തുകൊണ്ട് ഈ മല്പിടുത്തം? അതൊരു പ്രതീകംകൂടിയായിരിക്കണം. മനസുകൊണ്ട് ഒരു സമ്പൂര്‍ണ സമര്‍പ്പണം നടത്തുവാന്‍ യാക്കോബ് വിഷമിക്കുന്നുണ്ടാവണം. ഒരു ആന്തരികവടംവലി. ദൈവത്തിന്‍റെ ദര്‍ശനം വേണം. പക്ഷേ എങ്ങനെ താന്‍ കഴിഞ്ഞ നാളുകളില്‍ നേടിയതൊക്കെ പൂര്‍ണമായും വേണ്ടായെന്ന് വയ്ക്കും? പൂര്‍ണമനസോടെ ദൈവത്തെ തേടുന്നവന് മാത്രമേ ദൈവത്തെ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. യാക്കോബിന് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല. ഇവിടെയും ദൈവം സഹായിക്കുന്നു. അവന്‍ യാക്കോബിന്‍റെ അരക്കെട്ടില്‍ തട്ടി. യാക്കോബിന്‍റെ തുട അരക്കെട്ടില്‍നിന്ന് തെറ്റി.

ആഗതന്‍ നേരം പുലരാറായപ്പോള്‍ പോകാന്‍ ഒരുങ്ങി. പക്ഷേ യാക്കോബ് വിടുന്നില്ല. അവന്‍ ഒരു വാശിയോടെ അയാളെ കൂടുതല്‍ ശക്തമായി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു: “എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല.” അവിടെ ദൈവം കീഴടങ്ങി. മനുഷ്യന്‍റെ സ്നേഹപൂര്‍വമായ വാശിക്ക് മുമ്പില്‍ തോറ്റുകൊടുക്കുവാന്‍പോലും തയാറാകുന്ന ഒരു സ്നേഹപിതാവാണ് അവിടുന്ന്.

ആ പുലരി യാക്കോബിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അവന്‍റെ സകല ബലഹീനതകളുടെയും മുകളില്‍ ദൈവത്തിന്‍റെ അനുഗ്രഹിക്കുന്ന കരങ്ങള്‍ ഉയര്‍ന്നു. അവന്‍റെ മനസ് രൂപാന്തരപ്പെട്ടു. അവന്‍ ഒരു പുതിയ വ്യക്തിയായി മാറി എന്നതിന്‍റെ അടയാളമായി ഒരു പുതിയ പേര് നല്കപ്പെട്ടു: ഇസ്രായേല്‍. ഇവിടെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ട്. ദൈവം നല്കുന്നത് നിലനില്ക്കും, അഥവാ അതു മാത്രമേ നിലനില്ക്കുകയുള്ളൂ. കാലങ്ങളെ കീഴടക്കി ഇസ്രായേല്‍ എന്ന പേര് ഇന്നും നമ്മുടെ മുമ്പില്‍ നിലകൊള്ളുന്നുണ്ടല്ലോ.

യാക്കോബ് ആഗ്രഹിച്ചത് വെറുമൊരു അനുഗ്രഹമല്ല. ദൈവത്തെ കാണണമെന്ന് അവന്‍ തീവ്രമായി ആഗ്രഹിച്ചു. അതും അവന് നല്കപ്പെട്ടു. അവന്‍ സാക്ഷ്യപ്പെടുത്തുന്നു: ‘ദൈവത്തെ ഞാന്‍ മുഖത്തോട് മുഖം കണ്ടു.’ അതിന്‍റെ ശാശ്വതസ്മാരകമായി ആ സ്ഥലത്തിന് ദൈവത്തിന്‍റെ മുഖം എന്നര്‍ത്ഥമുള്ള പെനുവേല്‍ എന്ന് യാക്കോബ് പേര് നല്കി.

യാക്കോബിന്‍റെ ജീവിതം ലോകത്തിലെ സകല മര്‍ത്യര്‍ക്കുമായി ദൈവം ഉയര്‍ത്തിയിരിക്കുന്ന ഒരു പ്രകാശഗോപുരമാണ്. ഏത് മനുഷ്യനും ഏത് നിമിഷവും ദൈവത്തിന്‍റെ ചിറകിന്‍ കീഴില്‍ അഭയം തേടുവാന്‍ സാധിക്കും എന്ന് ആ ജീവിതം വിളിച്ചോതുന്നു. “അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 61/4) എന്ന വചനം നമ്മുടെ ജീവിതത്തില്‍ സാര്‍ത്ഥകമാകുംവിധത്തില്‍ ദൈവം കടന്നുവരാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

സ്നേഹനിധിയായ ദൈവമേ, അങ്ങ് എനിക്ക് എപ്പോഴും സമീപസ്ഥനാണല്ലോ. പലപ്പോഴും അങ്ങയുടെ സാന്നിധ്യം തിരിച്ചറിയാതെ ഞാന്‍ ജീവിക്കുന്നു. ലോകത്തിന്‍റെ ആകര്‍ഷണങ്ങളാല്‍ ഞാന്‍ വേട്ടയാടപ്പെടുന്നത് അങ്ങ് കാണുന്നുവല്ലോ. യാക്കോബിനെ സന്ദര്‍ശിച്ചതുപോലെ എന്നെയും സന്ദര്‍ശിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സ്വന്തമാകുവാന്‍ എന്നെ കീഴടക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവം നിരന്തരം എന്നോട് സംസാരിക്കുകയും കൂടെ ആയിരിക്കുകയും ചെയ്യുന്ന അനുഭവം ലഭിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Share:

K J Mathew

K J Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles