Home/Engage/Article

മാര്‍ 28, 2020 1672 0 Shalom Tidings
Engage

മസ്തിഷ്കത്തിലെ കണ്ണാടികള്‍

നാല് വയസ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ ഒരു ക്ലിനിക്കില്‍ ഇരിക്കുകയാണ്. രണ്ടുപേരും അമ്മമാരുടെ മടിയിലാണ്. ഒരു നഴ്സ് അവിടേക്ക് കടന്നുവരുന്നു. കൈയില്‍ ഒരു സിറിഞ്ച് ഉണ്ട്. അവര്‍ വലതുവശത്തിരിക്കുന്ന കുഞ്ഞിന്‍റെ തുടയില്‍ സൂചി കയറ്റുന്നു. ആ കുഞ്ഞ് കണ്ണടച്ച് വേദന സഹിക്കുകയാണ്. ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന മറ്റേ കുഞ്ഞും കണ്ണടച്ച് ആ വേദന അനുഭവിക്കുന്ന മട്ടില്‍ ഇരിക്കുന്നു.

ഇത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ്. എന്തായിരിക്കാം ഈ പ്രതികരണത്തിന് കാരണം? ശാസ്ത്രജ്ഞര്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്കത്തിലെ മിറര്‍ ന്യൂറോണ്‍സ് എന്ന സവിശേഷ ന്യൂറോണുകളാണത്രേ ഇതിന് കാരണം. രണ്ട് മസ്തിഷ്കങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക ന്യൂറോണുകളാണ് മിറര്‍ ന്യൂറോണുകള്‍. ഒരു പ്രത്യേക അനുഭവമുണ്ടാകുന്ന വ്യക്തിയിലെയും അത് കണ്ടുനില്‍ക്കുന്ന വ്യക്തിയിലെയും മിറര്‍ ന്യൂറോണുകള്‍ ഒരേ സമയം ഉദ്ദീപിപ്പിക്കപ്പെടുന്നു. അതുനിമിത്തമുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ ഏറെക്കുറെ സമാനമായിരിക്കും. കണ്ടുനില്‍ക്കുന്ന വ്യക്തിയില്‍ അത് അല്പം നിയന്ത്രിക്കപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. അനുഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായത് അപരനാണെന്ന് മനസിലാക്കാനും പ്രതികരണം നിയന്ത്രിക്കപ്പെടാനുമാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് അനുമാനിക്കാം. അല്ലാത്തപക്ഷം ഇന്‍ജക്ഷന്‍ സ്വീകരിച്ച കുഞ്ഞ് വേദനയുള്ള ഭാഗത്ത് പതിയെ തൊട്ടുനോക്കുകയോ തലോടുകയോ ചെയ്യുന്നതുപോലെ കണ്ടുനിന്ന കുഞ്ഞും ചെയ്യുമല്ലോ.

ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പാര്‍മയില്‍നിന്നുള്ള ജിയാക്കോമോ റിസൊലാട്ടിയായിരുന്നു ഈ മേഖലയിലുള്ള പഠനത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകന്‍. ഇന്ത്യക്കാരനായ ഡോ. വി.എസ്.രാമചന്ദ്രനും ഈ മേഖലയില്‍ ഗണനീയമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. FMRI ഉപയോഗിച്ച് മസ്തിഷ്കത്തിന്‍റെ പഠനം നടത്തിയപ്പോള്‍ ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുമ്പോഴും മറ്റൊരാള്‍ അതേ പ്രവൃത്തി ചെയ്യുന്നത് കണ്ടുകൊണ്ടുനില്‍ക്കുമ്പോഴും അയാളുടെ മസ്തിഷ്കത്തിന്‍റെ ഇന്‍റീരിയര്‍ ഫ്രോണ്ടല്‍ കോര്‍ട്ടക്സും സുപ്പീരിയല്‍ പറൈറ്റല്‍ ലോബും സജീവമാകുന്നതായി കണ്ടു. മസ്തിഷ്കത്തിന്‍റെ ഈ ഭാഗങ്ങളില്‍ മിറര്‍ ന്യൂറോണുകള്‍ ഉള്ളതായിട്ടാണ് ഇതില്‍നിന്ന് മനസിലാവുന്നത്.

മിറര്‍ ന്യൂറോണുകള്‍വഴി കൂടെയുള്ളവരുടെ വേദനയും ദുഃഖവും സന്തോഷവുമെല്ലാം നമുക്ക് അതേ മനസോടെ പങ്കുവയ്ക്കാനാവും. സ്വാര്‍ത്ഥത വെടിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ് മിറര്‍ ന്യൂറോണുകള്‍ എന്ന് പറയാം.

മസ്തിഷ്കത്തിലെ ഈ കണ്ണാടികള്‍വഴി “കരയുന്നവരോടുകൂടെ കരയുവിന്‍, സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍” എന്ന റോമാ 12:15 തിരുവചനം നിറവേറ്റാന്‍ നമുക്ക് സാധിക്കും. അതെ, അപ്രകാരമാണ് നമ്മുടെ മസ്തിഷ്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അവലംബം: ലൈറ്റ് ഓഫ് ട്രൂത്ത്, ശാലോം ടി.വി.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles