Trending Articles
സുവിശേഷവായനയുടെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് സുവിശേഷം ധ്യാനിച്ച് വായിച്ചു തുടങ്ങിയ നാളുകള്‍ തൊട്ട് മനസിലാവാതിരുന്ന ഒന്നായിരുന്നു മര്‍ത്തായുടെയും മറിയത്തിന്‍റെ യും ഭവനത്തില്‍ യേശുവിന്‍റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള സുവിശേഷഭാഗം (ലൂക്കാ 10/38-42). യേശുവിനെ ഭവനത്തില്‍ സ്വീകരിച്ചതും ശുശ്രൂഷിച്ചതും മര്‍ത്താ ആയിരുന്നു എങ്കിലും ഓടിനടന്ന് കഷ്ടപ്പെട്ട മര്‍ത്തായെക്കാള്‍ യേശുവിന്‍റെ പാദത്തിങ്കല്‍ ഇരുന്ന മറിയത്തെയാണ് യേശു കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ജീവിതത്തില്‍ എനിക്കും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ക്ക് മുന്‍പില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും മുടങ്ങുമ്പോള്‍ എന്‍റെ മനസില്‍ മര്‍ത്തായുടെയും മറിയത്തിന്‍റെയും സംഭവം ഒരു വേദനയായി വരുമായിരുന്നു. ”ഈശോയേ, ആഗ്രഹിച്ചിട്ടും ഈ മര്‍ത്തായ്ക്ക് നല്ല ഭാഗം തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ലല്ലോ” എന്നു ഞാന്‍ പറയുമായിരുന്നു.
ഒരിക്കല്‍ സഹോദരിയോട് ഈ അനുഭവം പങ്കുവച്ചപ്പോഴാണ് സഹോദരി രസകരമായി അതിന്‍റെ രണ്ടാം ഭാഗം പറഞ്ഞുതന്നത്. ഈശോ മര്‍ത്തായുടെയും മറിയത്തിന്‍റെയും വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മര്‍ത്താ പറഞ്ഞുവത്രേ: ”മറിയം, അടുത്ത തവണ യേശു വരുമ്പോള്‍ ഞാന്‍ യേശുവിന്‍റെ പാദത്തിങ്കല്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ ശ്രവിച്ചുകൊണ്ടിരിക്കാം, നീ യേശുവിനെ സ്വീകരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ശ്രദ്ധിക്കണം.” മറിയം സമ്മതിച്ചു.
അടുത്ത തവണ യേശു വന്നപ്പോള്‍ മര്‍ത്താ നേരത്തേ പറഞ്ഞിരുന്നതുപോലെ യേശുവിന്‍റെ പാദത്തിങ്കല്‍ ഇരുന്നു. മറിയം വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ മര്‍ത്തായുടെ മനസുമുഴുവന്‍ മറിയം ചെയ്യുന്ന കാര്യങ്ങളില്‍ ആയിരുന്നു. ഭവനത്തിലെ ശുശ്രൂഷകള്‍ ചെയ്ത് അധികം പരിചയം ഇല്ലാതിരുന്ന മറിയം എല്ലാം ശരിയായിത്തന്നെ ചെയ്യുമോ എന്ന ചിന്ത അവളില്‍ നിറഞ്ഞു.
അതിനാല്‍ത്തന്നെ കര്‍ത്താവിന്‍റെ വചനങ്ങള്‍ ശ്രദ്ധയോടെ ശ്രവിക്കുവാന്‍ മര്‍ത്തായ്ക്ക് സാധിച്ചില്ല. എന്നാല്‍ മറിയമാകട്ടെ വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടപ്പോഴും മനസുമുഴുവന്‍ യേശുവിന്‍റെ വചനങ്ങളെക്കുറിച്ചുള്ള ചിന്തകളില്‍ ആയിരുന്നു. യേശുവിന്‍റെ വചനങ്ങള്‍ ശ്രവിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലല്ലോ എന്ന ചെറിയ വേദനയില്‍ മുന്‍പ് ശ്രവിച്ച യേശുവിന്‍റെ വചനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടാണ് മറിയം ശുശ്രൂഷകള്‍ ചെയ്തത്.
ആ ദിവസവും കര്‍ത്താവ് അവരോട് പറഞ്ഞുവത്രേ: ”മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയും ആയിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്ന് എടുക്കപ്പെടുകയില്ല.”
രണ്ടാം ഭാഗം യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നറിഞ്ഞുകൂടാ. പക്ഷേ ലൂക്കാ എഴുതിയ സുവിശേഷത്തില്‍ പത്താം അധ്യായത്തിലുള്ള മര്‍ത്തായുടെയും മറിയത്തിന്‍റെയും സുവിശേഷഭാഗം കുറച്ചുകൂടി മനസിലാക്കാന്‍ സാങ്കല്പികമായ രണ്ടാം ഭാഗം എന്നെ ഏറെ സഹായിച്ചു. പിന്നീട് പലപ്പോഴും ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കു മുന്‍പില്‍ ഒരുപാട് കൊതിക്കുന്ന വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും മുടങ്ങിപ്പോകുമ്പോള്‍, ഈശോയോടുള്ള സ്‌നേഹത്തെ പ്രതി കണ്ണുനീര്‍ ഇറ്റുവീഴുമ്പോള്‍ ഞാന്‍ പറയും: ”എന്‍റെ ഈശോയേ, ഞാന്‍ മര്‍ത്തായില്‍നിന്നും മറിയം ആയി കേട്ടോ!”
ലിന്റി ജെ. ഊക്കന്‍
ലിന്റി ജെ. ഊക്കന്‍
Want to be in the loop?
Get the latest updates from Tidings!