Home/Encounter/Article

ജൂണ്‍ 17, 2024 90 0 ഷെവ. ബെന്നി പുന്നത്തറ
Encounter

പുതിയ പെന്തക്കുസ്ത

ദൈവകാരുണ്യത്തിന്‍റെയും കൃപയുടേതുമായ പുതിയ പെന്തക്കുസ്തയുടെ സമയത്ത് ജനങ്ങള്‍ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും ആനയിക്കപ്പെടും. പരിശുദ്ധാത്മാവിന്‍റെ ശക്തമായ ചൊരിയപ്പെടല്‍ അപ്പോള്‍ ഉണ്ടാകും. സകലരും സഭയിലേക്ക് തിരിച്ചുവരും. സഭ നവീകൃതവും മഹത്വമേറിയതും ആയിത്തീരും. ഒരു പുതിയ പെന്തക്കുസ്താ-ദ്വിതീയ പെന്തക്കുസ്ത അങ്ങനെ ഭൂമിയില്‍ സംഭവിക്കും. ഈ ആശ്ചര്യകരമായ അനുഭവത്തെക്കുറിച്ച് പരിശുദ്ധ അമ്മ ഫാ. സ്റ്റെഫാനോ ഗോബിവഴി 1995 ജൂണ്‍ നാലിന് ഇങ്ങനെ പറഞ്ഞു:

”സഭയുടെമേലും മാനവകുലത്തിന്‍റെമേലും അഗ്നിനാവുകളുടെ അത്ഭുതകരമായ ഇറങ്ങിവരല്‍ വീണ്ടും ഉണ്ടാകും.
സ്വാര്‍ത്ഥതയും വിദ്വേഷവും യുദ്ധവും സംഘര്‍ഷവും മൂലം മരവിച്ച മാനവകുലത്തിന് അഗ്നിനാവുകള്‍ ജീവനും ചൂടും പകര്‍ന്ന് നല്‍കും. ദാഹത്താല്‍ വരണ്ട ഭൂമി ആത്മാവിന്‍റെ നിശ്വസനം ഏല്‍ക്കാന്‍ പാകത്തില്‍ തുറവിയുള്ളതായിത്തീരും. ദൈവാത്മാവ് ഈ ലോകത്തെ നൂതനവും അത്ഭുതകരവുമായ പറുദീസയായി പരിണമിപ്പിക്കുകയും അവിടെ പരിശുദ്ധ ത്രിത്വം തന്‍റെ സ്ഥിരവാസകേന്ദ്രമാക്കുകയും ചെയ്യും.

സഭയെ പ്രകാശിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും അഗ്നിനാവുകള്‍ ഇറങ്ങിവരും. അവള്‍ കാല്‍വരിയുടെ ക്ലേശകരമായ വിനാഴികകളിലൂടെ ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. അവളുടെ അജപാലകന്മാര്‍ മര്‍ദിക്കപ്പെടുകയും അജഗണങ്ങള്‍ മുറിവേല്‍പ്പിക്കപ്പെടുകയും തന്‍റെ സ്വന്ത ജനങ്ങളാല്‍ അവള്‍ പരിത്യജിക്കപ്പെടുകയും ഒറ്റിക്കൊടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിശ്വാസം ക്ഷയിക്കുകയും മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഇവയില്‍നിന്നെല്ലാം അവളെ ശുദ്ധീകരിക്കുവാന്‍ അഗ്നിനാവുകള്‍ അവളില്‍ ഇറങ്ങിവരും.

പരിശുദ്ധാത്മാവിന്‍റെ ദിവ്യാഗ്നി അവളെ എല്ലാ രോഗങ്ങളില്‍നിന്നും സുഖപ്പെടുത്തും. അവിശ്വസ്തതയില്‍നിന്നും പാപക്കറകളില്‍നിന്നും അവളെ ശുദ്ധീകരിക്കും. നൂതനമായ സൗന്ദര്യത്താല്‍ അവളെ ഉടുപ്പിക്കും. തന്നിലെ ഐക്യവും വിശുദ്ധിയും പുനഃസ്ഥാപിക്കപ്പെടാന്‍ പാകത്തില്‍ പരിശുദ്ധാത്മാവ് തന്‍റെ പ്രഭാപൂരംകൊണ്ട് അവളെ ആവരണം ചെയ്യും. അങ്ങനെ യേശുവിന് സാര്‍വത്രികവും സമ്പൂര്‍ണവുമായ സാക്ഷ്യം നല്‍കാന്‍ അവള്‍ പര്യാപ്തയായിത്തീരും.
ദിവ്യപ്രകാശത്താല്‍ നിങ്ങള്‍ പ്രകാശിതരാകുകയും ദൈവത്തിന്‍റെ പരിശുദ്ധിയിലൂടെയും വിശ്വാസത്തിന്‍റെ ദര്‍പ്പണത്തിലൂടെയും നിങ്ങള്‍ നിങ്ങളെത്തന്നെ കാണുകയും ചെയ്യും. ഇത് അന്തിമ വിധിയുടെ ഒരു ചെറിയ പതിപ്പായിരിക്കും. ദൈവികകാരുണ്യമെന്ന മഹാദാനം സ്വീകരിക്കാന്‍ പാകത്തില്‍ അത് നിങ്ങളുടെ ഹൃദയകവാടങ്ങള്‍ തുറന്നു നല്‍കും.

എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതത്തിലും സമൂലമായ പരിവര്‍ത്തനം പരിശുദ്ധാത്മാവ് കൈവരുത്തും. പാപികള്‍ മാനസാന്തരപ്പെടും; ദുര്‍ബലര്‍ ശക്തി പ്രാപിക്കും. പിതൃഭവനത്തില്‍നിന്നും അകന്നവര്‍ വീണ്ടും അവിടേക്ക് മടങ്ങിയെത്തും. വേര്‍പെട്ടും വിഘടിച്ചും നില്‍ക്കുന്നവര്‍ വീണ്ടും ഒന്നാകും. ദ്വിതീയ പെന്തക്കുസ്ത എന്ന അനുഭവം ഈ വിധത്തിലാകും അരങ്ങേറുക. എന്‍റെ വിമലഹൃദയം ഈ ലോകത്തില്‍ വിജയം വരിക്കുമ്പോഴാകും ഇതു സംഭവിക്കുക.”

ഇങ്ങനെ വഴിതെറ്റിപ്പോയ മനുഷ്യമക്കള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ വഴികളും ദൈവം ഒരുക്കും. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നു കഴിഞ്ഞ മാതാവിന്‍റെ പ്രത്യക്ഷപ്പെടലുകളും ദിവ്യകാരുണ്യ അത്ഭുതങ്ങളുമെല്ലാം കര്‍ത്താവിലേക്ക് തിരിച്ചുവരാനുള്ള സ്വര്‍ഗത്തിന്‍റെ ആഹ്വാനങ്ങള്‍ മാത്രമാണ്. യുദ്ധങ്ങളും ഭൂകമ്പങ്ങളും സാമ്പത്തിക തകര്‍ച്ചയുമെല്ലാം സ്വര്‍ഗത്തിന്‍റെ അടയാളങ്ങള്‍തന്നെ. അതിനാല്‍ ദൈവത്തിലേക്ക് തിരിയുവാന്‍ കഴിയുന്നവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ക്ലേശങ്ങളുടെ കാലങ്ങളില്‍ കര്‍ത്താവ് നമ്മെ സംരക്ഷിക്കും.

നമ്മുടെ പ്രാര്‍ത്ഥനകളും ഉപവാസവും വഴി പീഡനകാലത്തിന്‍റെ കാഠിന്യവും ദൈര്‍ഘ്യവും കുറയ്ക്കാമെന്നും പരിശുദ്ധ അമ്മ പല സ്ഥലങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നാളുകളില്‍ അനേകരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി കര്‍ത്താവിന്‍റെ ശിക്ഷണനടപടികള്‍ പല പ്രാവശ്യം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു. ഈ അന്ത്യകാലത്തെ ദൈവജനത്തിന്‍റെ പ്രധാന ആയുധങ്ങള്‍ ജപമാലയും വിശുദ്ധ കുര്‍ബാനയും ആണ്. ഇതിലൂടെ ഈ ലോകത്തെ കര്‍ത്താവിന്‍റെ രണ്ടാം വരവിനായി ഒരുക്കുക. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് സാത്താനെ എതിര്‍ക്കുക. പരിശുദ്ധമായ കത്തോലിക്കാ വിശ്വാസ സത്യങ്ങള്‍ക്കായി നിലനില്‍ക്കുക. എല്ലാറ്റിലും ഉപരി – പ്രത്യാശയുള്ളവരാകുക. കര്‍ത്താവ് നമുക്കായി ഒരുക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുംവേണ്ടി തീവ്രമായി ദാഹിച്ചു കാത്തിരിക്കണം – കാരണം വലിയ ശുദ്ധീകരണത്തിനുശേഷം ദൈവം ഒരുക്കുന്ന പുതിയ ലോകം അത്രയേറെ മനോഹരമാണ്.”

Share:

ഷെവ. ബെന്നി പുന്നത്തറ

ഷെവ. ബെന്നി പുന്നത്തറ has authored many books on the faith life which have been translated into several languages. In 2012, then Pope Benedict XVI awarded the title of ‘Chevalier’ to Punnathara for his outstanding contributions to the Catholic Church and society. In addition to being the founder of Shalom ministries, Punnathara serves as the Chairman of Shalom Media. He and his wife, Stella, an author and speaker, live in India along with their two children.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles