Home/Encounter/Article

ഏപ്രി 01, 2024 121 0 Shalom Tidings
Encounter

പാസ്റ്ററിന്‍റെ ‘കുര്‍ബാന’യിലെ അപകടം

കെനിയയില്‍ ഞങ്ങള്‍ നടത്തുന്ന ധ്യാനകേന്ദ്രത്തില്‍ ഓരോ ധ്യാനവും കഴിയുമ്പോള്‍ പ്രാര്‍ത്ഥിച്ച് ഓരോരുത്തര്‍ക്കും ഒരു വചനം നല്കുന്ന പതിവുണ്ട്. മിക്കവാറും ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരുംതന്നെ അതിനായി കാത്തുനില്ക്കും. ഓരോ ധ്യാനത്തിനും 1000 മുതല്‍ 1500 വരെ ആളുകള്‍ വരുന്നതുകൊണ്ട് ഒരാള്‍ക്ക് രണ്ട് മിനിറ്റായിരിക്കും പരമാവധി ലഭിക്കുക. എങ്കിലും ആ പ്രാര്‍ത്ഥനയ്ക്കും വചനത്തിനുമായി കാത്തുനില്ക്കുകയായിരിക്കും ആളുകള്‍. കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രാവശ്യം ധ്യാനം കഴിഞ്ഞ് ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതാണ്ട് 22 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി വന്നു. അവളുടെ അമ്മയും ഒപ്പമുണ്ട്.

പ്രാര്‍ത്ഥിച്ച് ആശീര്‍വാദം നല്കിയതേ ആ പെണ്‍കുട്ടിയുടെ അവസ്ഥയാകെ മാറി. ആക്രമാസക്തയായ അവളെ കണ്ട് ചുറ്റും നില്ക്കുന്നവരെല്ലാം ഞെട്ടി. ആര്‍ക്കും അവളെ അടക്കിനിര്‍ത്താന്‍ കഴിയുന്നില്ല. വളരെ മെലിഞ്ഞ പെണ്‍കുട്ടിയാണെങ്കിലും അമാനുഷികമായ വിധം അവള്‍ക്ക് കരുത്ത് ലഭിച്ചതുപോലെ… 15 പുരുഷന്‍മാരോളം ചേര്‍ന്ന് പിടിച്ചാണ് അവളെ അവിടെനിന്ന് മാറ്റിയത്. തുടര്‍ന്ന് അവളോട് സംസാരിക്കുകയും ആവിധത്തില്‍ തിന്മയുടെ സ്വാധീനം ഉണ്ടാകാന്‍ കാരണമെന്തെന്ന് അന്വേഷിക്കുകയും ചെയ്തു. പതിയെ കാര്യങ്ങള്‍ വ്യക്തമായി.

നാളുകള്‍ക്കുമുമ്പ് ടി.വിയില്‍ ഏതോ ഒരു പാസ്റ്ററുടെ പ്രസംഗം കണ്ടു. ക്രൈസ്തവപ്രോഗ്രാം എന്ന നിലയിലാണ് കണ്ടുകൊണ്ടിരുന്നത്.

പ്രോഗ്രാമിനിടെ കത്തോലിക്കാവിശുദ്ധ കുര്‍ബാനയില്‍ ചെയ്യുന്നതുപോലെ ഓസ്തിക്ക് സമാനമായ ഒരു അപ്പം ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ആ പാസ്റ്റര്‍ ഇങ്ങനെ പറഞ്ഞുവത്രേ, ”ഇത് വിശുദ്ധ കുര്‍ബാനയാണ്. നിങ്ങള്‍ ഇത് വിശ്വസിച്ച് നെഞ്ചില്‍ കൈവച്ച് ഉള്ളിലേക്ക് സ്വീകരിക്കുക.” ആ പെണ്‍കുട്ടി അക്ഷരംപ്രതി അത് അനുസരിച്ചു. ആ നിമിഷം അവള്‍ മറിഞ്ഞുവീണു. പിന്നെ ഇടയ്ക്കിടയ്ക്ക് വീഴുന്നതും ആക്രമാസക്തയാകുന്നതും പതിവായി. അങ്ങനെയൊരു അവസ്ഥയിലാണ് പ്രാര്‍ത്ഥന സ്വീകരിക്കാനെത്തിയിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാതെ കൗണ്‍സലിംഗിനും പ്രാര്‍ത്ഥനയ്ക്കുംവേണ്ടിമാത്രമാണ് അവള്‍ വന്നതെന്നും പങ്കുവച്ചു. തുടര്‍ന്ന് അവളെ ഞങ്ങള്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിന് മുന്നിലിരുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

ഏറെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നീട് ദിവ്യകാരുണ്യ ഈശോയുടെ ശക്തിയാല്‍ അവള്‍ ശാന്തയായി. എങ്കിലും അഞ്ചോ ആറോ ധ്യാനങ്ങളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് അവള്‍ പൂര്‍ണമായി വിമോചിതയായത്. അപ്പോഴാണ് ഇടയ്ക്കിടെയുള്ള വീഴ്ചയും ആക്രമാസക്തയാകുന്ന ശീലവും മാറിയതും.

എല്ലാ ബലിയും ദിവ്യബലിയല്ല

ഈ സംഭവം വളരെയേറെ കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അപ്പസ്‌തോലിക പിന്തുടര്‍ച്ചാധികാരത്താല്‍ സാധുവായ കൈവയ്പ് സ്വീകരിച്ച് പുരോഹിതനായ ഒരു വ്യക്തി കൂദാശാവചനങ്ങള്‍ ഉച്ചരിക്കുമ്പോഴാണ് വിശുദ്ധ കുര്‍ബാനയില്‍ അപ്പം യേശുവിന്‍റെ തിരുശരീരമായി മാറുന്നത്. അത് വൈദികാഭിഷേകം ലഭിച്ചിട്ടില്ലാത്ത ഒരാള്‍ക്കും ചെയ്യാനാവുന്ന കാര്യമല്ല. വൈദികനല്ലാത്ത ഒരു വ്യക്തി അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് പൈശാചികസ്വാധീനത്താലാണ് ചെയ്യുന്നത്. മേലുദ്ധരിച്ച സംഭവംതന്നെ ഉദാഹരണമാണല്ലോ. ആത്മീയമായിട്ടായാലും ശാരീരികമായിട്ടായാലും അത് സ്വീകരിക്കുമ്പോള്‍ അതിലൂടെ നമ്മുടെമേല്‍ സാത്താന് അധികാരം ലഭിക്കും. അതിനാല്‍ ഒരിക്കലും ദിവ്യബലിയുടെ തെറ്റായ അനുകരണങ്ങളില്‍ പങ്കുചേരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മാത്രവുമല്ല, തികച്ചും അയോഗ്യമായ രീതിയില്‍ മാരകപാപത്തോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും നമ്മെ സാത്താന്‍റെ സ്വാധീനത്തിലാക്കും. യൂദാസിനെക്കുറിച്ച് തിരുവചനം ഓര്‍മ്മിപ്പിക്കുന്നതുപോലെ… ”അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു” (യോഹന്നാന്‍ 13/27). അതിനാല്‍ ദിവ്യബലിയുടെ അനുകരണങ്ങളെയും അയോഗ്യതയോടെയുള്ള ദിവ്യകാരുണ്യസ്വീകരണങ്ങളെയും നാം ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പസ്‌തോലന്‍ എഴുതുന്നത്, ”ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്” (1 കോറിന്തോസ് 11/29-30).

ചേഷ്ടകളുടെ അര്‍ത്ഥം തിരിച്ചറിയണം

സാത്താനിക സ്വാധീനത്തിലായിരുന്നപ്പോള്‍ അവള്‍ കാണിച്ചിരുന്ന ആംഗ്യത്തെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. പെരുവിരലും ചൂണ്ടുവിരലും ചെറുവിരലും ഉയര്‍ത്തി ആംഗ്യം കാണിക്കുമ്പോള്‍ അവള്‍ക്ക് അധികശക്തി ലഭിക്കുന്നതായി അനുഭവപ്പെട്ടു. അത് കൂടുതല്‍ പിശാചുക്കളെ ക്ഷണിക്കാനുള്ള മുദ്രയാണെന്ന് അതിലൂടെയാണ് വ്യക്തമായത്. പിന്നീട് അവള്‍തന്നെ അത് വെളിപ്പെടുത്തി. ഇന്നത്തെ കാലത്ത് ഒരു ഫോട്ടോ എടുക്കുമ്പോഴോ നൃത്തത്തിന്‍റെ ഭാഗമായോ ഫാഷന്‍റെ പേരിലോ തമാശയായോ കുട്ടികളും യുവതീയുവാക്കളും അതേ ആംഗ്യം കാണിക്കാറുണ്ട് എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു.

കത്തോലിക്കാവിശ്വാസത്തിന്‍റെ മാഹാത്മ്യം മനസിലാക്കാനും തിന്മയ്‌ക്കെതിരായി സഭയിലൂടെ നമുക്ക് നല്കപ്പെട്ടിരിക്കുന്ന സംരക്ഷണവും ശക്തിയും തിരിച്ചറിയാനും നമുക്ക് സാധിക്കട്ടെ. തിന്മയ്ക്ക് പ്രവേശിക്കാന്‍ തക്ക വാതിലുകള്‍ തുറന്നുകൊടുക്കാതിരിക്കാനും ശ്രദ്ധിക്കാം. ”നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു. ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവ് നമുക്ക് നല്കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണ് സത്യദൈവവും നിത്യജീവനും” (1 യോഹന്നാന്‍ 5/19).

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles