Home/Engage/Article

ആഗ 16, 2023 425 0 Christina Bijo
Engage

പരീക്ഷാഹാളില്‍ അമ്മ വന്നപ്പോള്‍…

പരീക്ഷയില്‍ സഹപാഠികളെല്ലാം പ്രാക്ടിക്കല്‍ ചെയ്തുതുടങ്ങിയപ്പോള്‍ ജപമാല ചൊല്ലിയ പെണ്‍കുട്ടിയുടെ അനുഭവം.

ഞാന്‍ ബി.എസ്സി. ബോട്ടണി പഠിച്ചുകൊണ്ടിരുന്ന കാലം. ഉപവിഷയമായ സുവോളജിയുടെ ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷ അടുത്തുവന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രശ്നം, മറ്റെല്ലാം നന്നായി ചെയ്താലും തവളയുടെ ഡിസെക്ഷന്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. തവളയെ കീറിമുറിച്ച് ക്രേനിയല്‍ നെര്‍വ് വ്യക്തമായി കാണിക്കണം. അത് വളരെ പ്രധാനപ്പെട്ട മേജര്‍ ഡിസെക്ഷനുമാണ്. എന്നാല്‍ എനിക്ക് ലാബില്‍ ആ മണം ശ്വസിച്ചാല്‍ത്തന്നെ തലവേദനയും തലകറക്കവും വരുന്നതുപോലെ തോന്നും. അതിനാല്‍ എത്ര ശ്രമിച്ചിട്ടും തവളയുടെ ഡിസെക്ഷന്‍ നന്നായി ചെയ്യാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇക്കാര്യം എന്‍റെ സുവോളജി അധ്യാപികക്കും നന്നായി അറിയാം. പ്രാക്ടിക്കല്‍ ക്ലാസില്‍ എനിക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് മിസ് കണ്ടിട്ടുള്ളതാണ്. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം പരീക്ഷയ്ക്ക് ഒരുക്കമായി ഞാന്‍ കൂടുതല്‍ ജപമാലകള്‍ ചൊല്ലാന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് തവളയുടെ ഡിസെക്ഷന്‍ വരരുത്, അതാണ് നിയോഗം.

പരീക്ഷയുടെ ദിവസവും ജപമാല ചൊല്ലി വളരെ പ്രതീക്ഷയോടെ പരീക്ഷാഹാളില്‍ എത്തി. ഉടന്‍ ഞാന്‍ ബോര്‍ഡിലേക്ക് നോക്കി. അന്ന് ചെയ്യേണ്ട മേജര്‍ ഡിസെക്ഷന്‍ അവിടെ എഴുതിയിട്ടിട്ടുണ്ട്. ഏത് ഡിസെക്ഷന്‍ വരരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചോ, അതുതന്നെ! തവളയുടെ ക്രേനിയല്‍ നെര്‍വ്!!

എന്‍റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. “മാതാവേ, എനിക്ക് പണിതന്നല്ലേ” എന്ന് പറഞ്ഞുകൊണ്ട് എന്‍റെ സീറ്റില്‍ ചെന്നിരുന്നു. ഞങ്ങളുടെ സുവോളജി മിസ്സും ഹാളിലുണ്ട്, മിസ്സിനെ ദയനീയമായി നോക്കി. മിസ് എന്നെയും നോക്കി. എന്തുചെയ്യാന്‍, മിസ്സിന് എന്നെ സഹായിക്കാനാവില്ലല്ലോ.

എന്തായാലും തവളയെ കീറിമുറിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ ജപമാല കൈകളിലെടുത്തു. അപ്പോഴേക്കും എല്ലാവരും ഡിസെക്ഷന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഞാന്‍ അവിടെയിരുന്ന് ഒരു ജപമാല മുഴുവനും ചൊല്ലി.

അതുകഴിഞ്ഞ് ഞാന്‍ കാണുന്നത് പരിശുദ്ധ അമ്മ എന്‍റെ അരികില്‍ വന്നുനില്ക്കുന്നതാണ്! അതുവരെ ഒന്നും ചെയ്യാതിരുന്ന എന്നെ അമ്മ, ഡിസെക്ഷന്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ എടുപ്പിച്ചു, ഓരോന്നും പറഞ്ഞുതന്നു. ഞാന്‍ അതുപോലെ ചെയ്തു. മിസ് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്‍റെ അസാധാരണമായ പെരുമാറ്റം മിസ്സിനെ അല്പം അമ്പരപ്പിച്ചെന്ന് തോന്നുന്നു. പരിശുദ്ധ അമ്മ എന്‍റെ അരികിലുണ്ടെന്ന് മിസ് അറിയുന്നില്ലല്ലോ.

അല്പനേരത്തിനകം എന്നെക്കാള്‍ മുമ്പ് ചെയ്തുതുടങ്ങിയവരെ പിന്നിലാക്കി എന്‍റെ ഡിസെക്ഷന്‍ പൂര്‍ത്തിയായി. അതുവരെ ആ ഡിസെക്ഷന്‍ ചെയ്യാത്ത ഒരാളാണ് ഞാനെന്ന് അതുകണ്ടാല്‍ ആരും പറയാത്തവിധം ഏറെ മികച്ച രീതിയിലാണ് അത് ചെയ്തിരുന്നത്. തീര്‍ന്നില്ല, പരീക്ഷ കഴിഞ്ഞപ്പോള്‍ ആ ഡിസെക്ഷന്‍റെ മികവുനിമിത്തം അത് മറ്റുള്ളവരെ കാണിച്ച് പഠിപ്പിക്കാനായി ലാബില്‍ സൂക്ഷിക്കാനും തീരുമാനിച്ചു.

എന്നെപ്പറ്റി എല്ലാം അറിയാവുന്ന മിസ്സിനും കൂട്ടുകാര്‍ക്കുമെല്ലാം ഇതില്‍ വലിയ ആശ്ചര്യം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി നടന്ന അത്ഭുതമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. നന്ദിയായി ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നില്‍ ആഴപ്പെടുത്തിയ അനുഭവമായിരുന്നു അത്. “യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്ത് നില്‍ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്‍റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹന്നാന്‍ 19/27) എന്ന് നാം വചനത്തില്‍ വായിക്കുന്നു. ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണെന്നും നാം അവളുടെ മക്കളാണെന്നും ഈശോ യോഹന്നാനെ പ്രതിനിധിയാക്കി നമ്മെ ഓര്‍മിപ്പിക്കുകയാണല്ലോ. അതിനാല്‍ നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ സഹായം ചോദിക്കാം. അമ്മ നമ്മെ ഒരിക്കലും കൈവിടുകയില്ല.

Share:

Christina Bijo

Christina Bijo

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles