Home/Encounter/Article

നവം 04, 2024 2 0 ഡീക്കന്‍ മത്തിയാസ് ലീഡം
Encounter

നൊബേല്‍ ജേതാവിന്‍റെ പ്രവചനം സംഭവിക്കുന്നു

മൂന്ന് ശതമാനംമാത്രം കത്തോലിക്കരുള്ള നോര്‍വേ എന്ന രാഷ്ട്രം. അവിടത്തെ ഒരു കൊച്ചുപട്ടണം. സ്വന്തം കുടുംബാംഗങ്ങളും അമ്മാവന്‍മാരും അമ്മായിമാരും കസിന്‍സും മറ്റൊരു ഫിലിപ്പിനോ-നോര്‍വീജിയന്‍ കുടുംബവുമല്ലാതെ കത്തോലിക്കാവിശ്വാസികളായി മറ്റാരുമില്ല. എന്നിട്ടും ഉറച്ച കത്തോലിക്കാ വിശ്വാസം പുലര്‍ത്തി ജീവിക്കുക എന്നത് അല്പം ക്ലേശകരംതന്നെയായിരുന്നു. പക്ഷേ മത്തിയാസ് ബ്രൂണോ ലീഡം ഇന്നാള്‍വരെയും വിശ്വാസത്തില്‍ ഉറച്ചുനിന്നു. എന്നുമാത്രമല്ല ഇന്ന് മത്തിയാസ് വെറും മത്തിയാസ് അല്ല ഡീക്കന്‍ മത്തിയാസ് ലീഡം ആണ്.

വല്ലാതെ മോഹിപ്പിച്ചപ്പോള്‍….

കുട്ടിക്കാലം ഓര്‍ക്കുകയാണെങ്കില്‍ താനൊരു പുരോഹിതനായിത്തീരുമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ വളരെക്കുറവായിരുന്നുവെന്ന് മത്തിയാസ് പറയുന്നു. മെറ്റാലിക് ബാന്‍ഡില്‍ ഡ്രമ്മര്‍ ആകണമെന്നും അല്ലെങ്കില്‍ പ്രൊഫഷനല്‍ സ്‌കേറ്റിംഗ് താരമാകണമെന്നുമൊക്കെയായിരുന്നു മോഹങ്ങള്‍. നീട്ടിവളര്‍ത്തിയ മുടിയും എപ്പോഴും കൂടെ കരുതുന്ന സ്‌കേറ്റ്‌ബോര്‍ഡും ഒക്കെയായിരുന്നു അന്നത്തെ പ്രത്യേകതകള്‍. എങ്കിലും അന്നും വിശ്വാസം ശക്തമായിരുന്നു.
അള്‍ത്താരബാലന്‍ എന്ന തന്‍റെ ഉത്തരവാദിത്വം നിറവേറ്റാന്‍ എപ്പോഴും ഉത്സുകന്‍. സ്‌കേറ്റ്‌ബോര്‍ഡില്‍ കയറി ദൈവാലയത്തിലെത്തിയാല്‍ താമസിയാതെതന്നെ അള്‍ത്താരശുശ്രൂഷകന്‍റെ വസ്ത്രമണിഞ്ഞെത്തുന്ന മത്തിയാസ് ഒരു അപൂര്‍വ കാഴ്ചതന്നെയായിരുന്നു.

പ്രായത്തിന്‍റെ ഒരു ഘട്ടത്തില്‍ സാധാരണ ഉണ്ടാകാന്‍ സാധ്യതയുള്ള, ഇതിനോടൊന്നും താത്പര്യമില്ലാത്ത ഒരു ഇടവേളയിലൊഴികെ ബാക്കി എല്ലാക്കാലത്തും തിരുസഭയും വിശുദ്ധ കര്‍മങ്ങളും മത്തിയാസിനെ ആകര്‍ഷിച്ചിരുന്നു.
പിന്നീട് പൗരോഹിത്യം തന്നെ വല്ലാതെ മോഹിപ്പിച്ചുവെന്നാണ് ഡീക്കന്‍ മത്തിയാസിന്‍റെ വാക്കുകള്‍. എല്ലാത്തരത്തിലുമുള്ള മനുഷ്യരുടെയും എല്ലാത്തരം സാഹചര്യങ്ങളിലും പുരോഹിതര്‍ സന്നിഹിതരാകുന്നത് പൗരോഹിത്യത്തിന് ഒരു നായകപരിവേഷം നല്കി. മത്തിയാസിന് പരിചിതരായ വൈദികരെല്ലാം യേശുവിനെ എങ്ങനെ അനുകരിക്കാമെന്നതിന് മികച്ച ഉദാഹരണങ്ങളായിരുന്നു. അതേ സമയം മറ്റ് മനുഷ്യരെപ്പോലെതന്നെ തങ്ങള്‍ക്കും ബലഹീനതകളും കുറവുകളും ഉണ്ടെന്നത് സത്യസന്ധമായി അംഗീകരിക്കുന്നവരുമായിരുന്നു.

ബ്രഹ്മചാരിക്ക് ഇത് കിട്ടുമോ?

വൈദികരും സന്യസ്തരും അനുഭവിക്കുന്ന ആനന്ദം മത്തിയാസില്‍ വലിയ ജിജ്ഞാസ ഉളവാക്കി. അവര്‍ പ്രകടിപ്പിക്കുന്ന ആനന്ദം മറ്റുള്ളവരിലേക്കും പടരുന്നതും മത്തിയാസിനെ വളരെ ചിന്തിപ്പിച്ചു. പണവും പ്രശസ്തിയും ലൈംഗികതയുമാണ് സന്തുഷ്ടജീവിതത്തിനുവേണ്ട വിഭവങ്ങള്‍ എന്ന് ആധുനിക സംസ്‌കാരം പഠിപ്പിക്കുമ്പോള്‍ ഇതെല്ലാം വേണ്ടെന്നുവച്ചിട്ടും ഈ വൈദികരും സന്യസ്തരും ഇത്ര ആനന്ദത്തോടെ ജീവിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതെ വയ്യായിരുന്നു. കാരണം അവരില്‍ കണ്ടത് ആഴത്തിലുള്ള യഥാര്‍ത്ഥ ആനന്ദവും സമാധാനവുമായിരുന്നു. മാത്രവുമല്ല അത് അവര്‍ കണ്ടുമുട്ടുന്നവരിലേക്കും പടര്‍ത്തുകയും ചെയ്യുന്നു.

എന്നാല്‍ ഇതേ സമയം മത്തിയാസിന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവളെ വിവാഹം ചെയ്ത് ഒമ്പതുമണി മുതല്‍ അഞ്ചുവരെ മാത്രമുള്ള ജോലിയും ചെയ്ത് സന്തുഷ്ട കുടുംബജീവിതം നയിക്കണമെന്നാണ് കരുതിയിരുന്നത്. പക്ഷേ വൈദികരുടെ ആനന്ദം അവനെ വളരെയേറെ ആകര്‍ഷിച്ചു.
‘എവിടെനിന്നാണ് അവര്‍ക്കിത് ലഭിക്കുന്നത്? എനിക്കും ഇത് വേണം!’ അതായി മത്തിയാസിന്‍റെ ചിന്ത.
”ബ്രഹ്മചാരികളായി ജീവിച്ചിട്ടും ഈ ആനന്ദം എങ്ങനെ ഉണ്ടാകുന്നു? ദിവസംമുഴുവനുമുള്ള ശുശ്രൂഷകള്‍ കഴിഞ്ഞ് തിരികെ പ്രതീക്ഷയോടെ വരാന്‍ ഭാര്യയോ മക്കളോ ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ ഏകാന്തതയും അസ്വസ്ഥതയും സമ്മാനിക്കുന്ന ഒന്നായിമാത്രമേ എനിക്ക് ബ്രഹ്മചര്യത്തെ കാണാനായുള്ളൂ. അതിനാല്‍ വൈദികവിളി വിവേചിച്ചറിയുന്നത് അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതി,” മത്തിയാസ് പറയുന്നു.

എല്ലാം മാറ്റിമറിച്ച ട്രിപ്

19-ാം വയസില്‍ ഒരു പ്രോജക്റ്റിന്‍റെ ഭാഗമായി ഹോണ്ടുറാസ് സന്ദര്‍ശിച്ചത് മത്തിയാസിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലും ഉറച്ച വിശ്വാസവും സത്യസന്ധമായ പ്രത്യാശയും പുലര്‍ത്തുന്ന ആളുകളെയാണ് അവിടെ കണ്ടത്. അവിടെ കാണാനിടയായ വൈദികരും സന്യസ്തരുമായിരുന്നു ഏറ്റവും ശക്തരായ സാക്ഷികള്‍.
കടുത്ത ദാരിദ്ര്യത്തിലും മോശം ജീവിതസാഹചര്യങ്ങളിലും ഉള്ളവരെ സേവിക്കാനായി അവര്‍ തങ്ങളുടെ സൗകര്യപ്രദമായ ജീവിതം വേണ്ടെന്നുവച്ചിരിക്കുന്നു. മറ്റു വൈദികരില്‍ കണ്ട അതേ ആനന്ദം അവരിലും നിറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ബ്രഹ്മചര്യം പാലിക്കുന്നത് വൈദികര്‍ക്കും സന്യസ്തര്‍ക്കും സ്വയം മറന്ന് സേവനം ചെയ്യാന്‍ സഹായകമാണ് എന്നും മത്തിയാസ് മനസിലാക്കി. അപ്പോള്‍മുതലാണ് താനും വൈദികനാകാന്‍ വിളിക്കപ്പെട്ടിട്ടുണ്ടോ എന്ന് കര്‍ത്താവിനോട് ചോദിക്കാന്‍ തുടങ്ങിയത്. എന്നാലും ദൈവവിളിയെക്കുറിച്ച് ഉറപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും യഥാസ്ഥാനത്ത് വീഴേണ്ടിയിരുന്നു.

അമ്മ മറച്ചുവച്ച രഹസ്യം

യൂണിവേഴ്‌സിറ്റി പഠനം തുടരവേ ഒരു ഇടവകയില്‍ സേവനം ചെയ്യുകകൂടി ചെയ്തുകൊണ്ട് മൂന്ന് വര്‍ഷത്തോളം പ്രാര്‍ത്ഥിച്ച് കാത്തിരുന്ന ശേഷമാണ് വൈദികനാകാനുള്ള വിളി വിവേചിച്ചറിഞ്ഞത്. അങ്ങനെ ഒടുവില്‍ സെമിനാരിയിലേക്ക് അപേക്ഷ നല്കാന്‍ തീരുമാനിച്ചു.
അവനെ കത്തോലിക്കാവിശ്വാസത്തില്‍ ഉറപ്പിച്ച് വളര്‍ത്തിയ സ്വന്തം അമ്മ ആ സമയത്ത് തീര്‍ത്തും രോഗിണിയായിരുന്നു. അമ്മയുടെ മരണത്തിന് തൊട്ടുമുമ്പ് തന്‍റെ ദൈവവിളിയെക്കുറിച്ച് ധൈര്യപൂര്‍വം തുറന്നുപറഞ്ഞു. അത്രയും മോശം രോഗാവസ്ഥയിലും അത്യധികം സന്തോഷമാണ് അമ്മ പ്രകടിപ്പിച്ചത്.
അതിനുശേഷം അവിശ്വസനീയമാംവിധം ദൈവവിളിയെ ഉറപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞു. അത് ഏറെ സന്തോഷകരമായിരുന്നു. ചില ബന്ധുക്കളാണ് അവ വെളിപ്പെടുത്തിയത്. മത്തിയാസിന് ദൈവവിളി ലഭിക്കുന്നതിനായി അമ്മ അവര്‍ക്കൊപ്പം രഹസ്യമായി പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. പക്ഷേ ഒരിക്കല്‍പ്പോലും അമ്മ അത് മകനോട് പറഞ്ഞിരുന്നില്ല. അമ്മയുടെ സ്വാധീനമില്ലാതെ സ്വന്തമായി തന്‍റെ ദൈവവിളി അവന്‍ മനസിലാക്കണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നിരിക്കണം.

100 വര്‍ഷം മുമ്പത്തെ പ്രാര്‍ത്ഥന

തന്‍റെ കത്തോലിക്കാവിശ്വാസജീവിതവും ഈ ദൈവവിളിയുമെല്ലാം ലഭിച്ചതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് മത്തിയാസിനറിയാം. ഒരു നൊബേല്‍ ജേതാവും ഈ ജീവിതകഥയിലെ മാറ്റിനിര്‍ത്താനാവാത്ത ഘടകമാണ്. നോര്‍വേയില്‍നിന്നുള്ള സാഹിത്യനൊബേല്‍ ജേതാവായ സിഗ്രീദ് ഊണ്‍ട്‌സെറ്റ് ആണ് മത്തിയാസിന്‍റെ ഈ ജീവിതത്തിലെ ഒരു പ്രധാനകഥാപാത്രം. നിരീശ്വരവാദികളും നാമമാത്ര ലൂഥറന്‍ വിശ്വാസികളുമായിരുന്നവരുടെ മകളായി ജനിച്ച് പില്ക്കാലത്ത് ഉറച്ച കത്തോലിക്കാവിശ്വാസിയായ എഴുത്തുകാരിയായിരുന്നു സിഗ്രീദ്. വെറുതെ വിശ്വാസം സ്വീകരിക്കുകമാത്രമല്ല കത്തോലിക്കാ ആത്മീയതയില്‍ ആഴപ്പെടുകയും ചെയ്തിരുന്നു അവര്‍. ഡൊമിനിക്കന്‍ അല്മായസഭയില്‍ അംഗവുമായി. തന്‍റെ ഇടവകദൈവാലയത്തില്‍നിന്ന് ദൈവവിളി ഉണ്ടാകാനായി തീവ്രമായി അവര്‍ പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരമാണ് അതേ ഇടവകയില്‍നിന്ന് വൈദികജീവിതത്തിലേക്കുള്ള തന്‍റെ വിളി എന്ന് മത്തിയാസ് കരുതുന്നു; 100 വര്‍ഷത്തോളം മുമ്പ് അവര്‍ ഉയര്‍ത്തിയ പ്രാര്‍ത്ഥന!

ഈ ദൈവവിളിയെക്കുറിച്ച് സിഗ്രീദ് ഊണ്‍ട്‌സെറ്റ് പ്രവചിച്ചിക്കുകയും ചെയ്തിരുന്നുവെന്ന് മത്തിയാസ് പറയുന്നു. ഭാവിയില്‍ യൂറോപ്പിലെ വിശ്വാസം ക്ഷയിക്കുമെന്നും അന്ന് പാശ്ചാത്യര്‍ സുവിശേഷം നല്കിയ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലുംനിന്നുള്ള മിഷനറിമാര്‍ നോര്‍വേയിലെ പൂര്‍വപിതാക്കന്‍മാരുടെ വിശ്വാസം തിരികെ കൊണ്ടുവരുമെന്നും അവര്‍ എഴുതിയിട്ടുണ്ട്. ഫിലിപ്പെന്‍സില്‍നിന്ന് വന്ന് തന്‍റെ വിശ്വാസം മുറുകെപ്പിടിച്ച് ജീവിച്ച അമ്മ അതിന് ഉത്തമ ഉദാഹരണമാണ്.

കത്തോലിക്കാവിശ്വാസം സ്വീകരിക്കുംമുമ്പുതന്നെ ട്രെറ്റന്‍ എന്ന തന്‍റെ പട്ടണത്തിലെ ദൈവാലയത്തില്‍ സിഗ്രീദ് വിശുദ്ധബലിയില്‍ സംബന്ധിക്കുമായിരുന്നു എന്ന് മത്തിയാസ് മനസിലാക്കി. തന്‍റെ കുടുംബത്തിലെ പൂര്‍വികരുമായി സിഗ്രീദ് വ്യക്തിപരമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അറിയാം.
ഇതിനെല്ലാം തിലകക്കുറിയെന്നോണം തന്‍റെ ഡീക്കന്‍പട്ടത്തിന് മത്തിയാസ് അണിഞ്ഞത് 1930-ല്‍ സിഗ്രീദ് സമ്മാനിച്ച തിരുവസ്ത്രങ്ങളാണ്. ഇന്ന് ഡീക്കന്‍ മത്തിയാസ് ലീഡവും ഒപ്പമുള്ള വൈദികാര്‍ത്ഥികളും നോര്‍വേയെ പുന:സുവിശേഷീകരിക്കുക എന്ന, താരതമ്യേന കഠിനമായ, ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

Share:

ഡീക്കന്‍ മത്തിയാസ് ലീഡം

ഡീക്കന്‍ മത്തിയാസ് ലീഡം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles