Trending Articles
തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററില്‍ ഞാന്‍ നഴ്‌സായി ചെയ്തിരുന്ന സമയം. വയസ് 31 ആയതിനാല്‍ വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തയോടെ ഒരു ധ്യാനത്തിനായി പോയി. നഴ്‌സുമാര്‍ക്കുള്ള ധ്യാനമായിരുന്നു അത്. ദൈവാലയത്തിലെ തൂണിനടുത്ത് ഒരു പെണ്‍കുട്ടിയെ കാണും. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താം എന്നുപോലും ഭാവനയില്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ ധ്യാനത്തിനിടെ കണ്ടതേയില്ല. അതിനുപകരം മറ്റൊന്ന് സംഭവിച്ചു!
ഞാന്‍ കൗണ്‍സിലിംഗിനായി പോയത് ഒരു സിസ്റ്ററിന്‍റെയടുത്താണ്. വീട്ടിലെ പശ്ചാത്തലവും എന്‍റെ ചുരുക്കം വിവരങ്ങളുമെല്ലാം പങ്കുവച്ചതോടൊപ്പം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ സിസ്റ്റര്‍ ചോദിച്ചത് വേറെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നാണ്. വൈദികനാകാന്‍ മുമ്പ് ചിന്തിച്ചിരുന്നുവെന്നായിരുന്നു എന്‍റെ മറുപടി. അതേത്തുടര്‍ന്ന് വൈദികദൈവവിളിയെക്കുറിച്ചുള്ള ചിന്തയുമായി ആ ധ്യാനം കഴിഞ്ഞ് മടങ്ങി.
അമ്മാമ്മ ചൊല്ലിത്തന്നത്…
പള്ളിയും അനുബന്ധകാര്യങ്ങളുമായി ജീവിച്ചിരുന്നവരായിരുന്നു എന്‍റെ കുടുംബാംഗങ്ങള്‍. അപ്പാപ്പന്‍ കപ്യാരായിരുന്നു. അമ്മാമ്മയാകട്ടെ ഒരു ഭക്തസ്ത്രീയും. അമ്മാമ്മ പറയുന്നത് ഏറ്റുചൊല്ലുന്നതായിരുന്നു കുട്ടിക്കാലത്തെ എന്‍റെ പ്രാര്‍ത്ഥനാരീതി. എന്നും സ്‌കൂളിലേക്ക് പോകുന്നതിനുമുമ്പ് അമ്മാമ്മ ചൊല്ലിത്തരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, ”എല്ലാ കാര്യങ്ങളും നന്നായി പഠിക്കാന്‍ പറ്റണേ… കുറുമ്പ് കാണിക്കാന്‍ തോന്നരുതേ… അപ്പനെയും അമ്മയെയും ഒക്കെ നന്നായി നോക്കണേ… പഠിച്ചുപഠിച്ച് അച്ചനാക്കണേ…” ഞാനതെല്ലാം അതേപടി ഏറ്റുപറയും.
കാലം മുന്നോട്ടുപോയി. ഞാന്‍ തനിയെ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സാവധാനം അമ്മാമ്മ പഠിപ്പിച്ചുതന്ന പ്രാര്‍ത്ഥനയെല്ലാം മാറി. കാലം കഴിയുന്തോറും വീട്ടിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചിന്ത എന്നെ മഥിച്ചു. എങ്ങനെയെങ്കിലും ഒരു ജോലി ചെയ്ത് അപ്പനെ സഹായിക്കണം എന്നായിരുന്നു മനസില്‍.
അതിനിടയില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പ്രവേശനവും കിട്ടി. അതിനാല്‍ത്തന്നെ പിന്നെ എങ്ങനെയെങ്കിലും പ്ലസ് ടു പൂര്‍ത്തിയാക്കുക, അതുകഴിഞ്ഞാലുടനെ എന്തെങ്കിലും ജോലി എന്നതായിരുന്നു ചിന്ത. ചിന്തിച്ചതുപോലെ പ്ലസ് ടു കഴിഞ്ഞപ്പോള്‍ അന്നത്തെ ഞങ്ങളുടെ വികാരിയച്ചനായിരുന്ന ഫാ.ജേക്കബ് മലയാറ്റി എസ്.ഡി.ബി വഴി ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി കിട്ടി. 800 രൂപയായിരുന്നു ആദ്യശമ്പളം. അച്ചന് അത് നല്‍കാമെന്ന് കരുതിയെങ്കിലും അച്ചന്‍ അത് വാങ്ങിയില്ല, പകരം ആ തുക വീട്ടില്‍ നല്കാന്‍ പറഞ്ഞയച്ചു.
ഒരു വരുമാനം കണ്ടെത്തിയ സന്തോഷത്തില്‍ മുന്നോട്ടുപോകുമ്പോള്‍, അല്പംകൂടി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നല്ല ജോലി ലഭിക്കുമായിരുന്നു എന്നു തോന്നി. പക്ഷേ സ്വയം പണം കണ്ടെത്തി ട്യൂഷന് പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേയാണ് ചേര്‍ന്ന ഒരു ‘ഓഫര്‍’ വരുന്നത്.
തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ചായക്കടയില്‍ ജോലി ചെയ്യാം. രാവിലെ 5.30 ആകുമ്പോള്‍ ജോലിക്കെത്തിയാല്‍ ഏതാണ്ട് 11 മണിയോടെ ജോലി കഴിയും. പിന്നെ ട്യൂഷന് പോകാം. മാത്രവുമല്ല, ജോലിക്കുള്ള പ്രതിഫലമായി പണവും രാവിലത്തെ ഭക്ഷണവും കിട്ടും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ചായക്കടയിലെ ജോലി സ്വീകരിക്കാനുള്ള താത്പര്യക്കുറവ് മാറി.
അങ്ങനെ അവിടെ ജോലി തുടങ്ങി. ജോലിയുടെ ഭാഗമായി പച്ചക്കറിക്കടകളില്‍ ചായ കൊണ്ടുപോയി കൊടുക്കണം, അല്പനേരം കഴിഞ്ഞ് ഗ്ലാസുകള്‍ തിരിച്ചെടുക്കണം. അങ്ങനെ ആ കടകളിലുള്ളവരെയെല്ലാം പരിചയമായി. സേവിയേട്ടന്‍ എന്ന എന്‍റെ കടയുടമയോടുള്ള താത്പര്യവുംകൂടിയായതോടെ എന്‍റെ വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ അവര്‍ സൗജന്യമായി തരാന്‍ തുടങ്ങി.
അങ്ങനെയിരിക്കേ ഒരു കടയുടമ എന്നോട് ചോദിച്ചു: ‘കടയില്‍ പച്ചക്കറി എടുത്തുകൊടുക്കാന്‍ നില്‍ക്കാമോ?’ ചിന്തിച്ചപ്പോള്‍ അത് കുറച്ചുകൂടി മെച്ചമുള്ള ജോലിയാണെന്ന് തോന്നിയതിനാല്‍ സ്വീകരിച്ചു. തുടര്‍ന്ന് വത്സന്‍ എന്ന ചേട്ടന്‍ അദ്ദേഹത്തിന്‍റെ കടയില്‍ കണക്കുകള്‍ എഴുതുന്ന റൈറ്റര്‍ ആയി എന്നെ എടുത്തു. അദ്ദേഹവും ഏറെ സഹായിച്ചു.
തുടര്‍ന്നാണ് തൃശൂര്‍ അതിരൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ ജോലിക്കായി പോയത്. ആ സമയത്ത് ലൈബ്രറിയില്‍നിന്ന് ‘ദൈവത്തിന്‍റെ നിസ്വന്‍’ എന്ന നോവല്‍ വായിക്കാന്‍ എടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു നോവല്‍. വാസ്തവത്തില്‍ ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു അത് വായിച്ചപ്പോള്‍ എന്‍റെ മനസില്‍. ആ പുസ്തകം അത്രമാത്രം സ്വാധീനിച്ചതിനാല്‍ വീണ്ടും അതുതന്നെ ലൈബ്രറിയില്‍നിന്ന് എടുത്തു.
അപ്പോഴെല്ലാം മനസില്‍ വിശുദ്ധ ഫ്രാന്‍സിസ് ചോദിക്കുന്നതുപോലെ, ”നിനക്കും ഇത് കഴിയുമോ?”
അപ്പോള്‍ ഞാനിങ്ങനെ മനസില്‍ പറയും, ”എനിക്ക് കഴിയില്ല ഫ്രാന്‍സിസ്! നീ ഫ്രാന്‍സിസ് ആണ്, ഞാന്‍ വെറും ലിജോ അല്ലേ?!!”
ഇങ്ങനെ പറയുമെങ്കിലും ഫ്രാന്‍സിസിനെപ്പോലെ ഒരു സമര്‍പ്പിതജീവിതം വേണമെന്ന ചിന്ത എന്‍റെ മനസില്‍ ഉണ്ടായിരുന്നു. എങ്കിലും വ്യക്തമായ ഒരു തീരുമാനമൊന്നും ഉണ്ടായില്ല. ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നമ്മുടെ ദൈവവിളി മനസിലാക്കാനും സ്വീകരിക്കാനും നമ്മെ സഹായിക്കാന്‍ ദൈവം പലരെയും നിയോഗിക്കുമല്ലോ. അങ്ങനെ ചിലര്‍ എന്‍റെ ജീവിതത്തിലും എത്തി.
സിസ്റ്റര്‍ ജെസില്‍ നെടുമറ്റത്തില്‍ സി.എസ്.സി. ആയിരുന്നു അതിലൊരാള്‍. പ്രാര്‍ത്ഥനയും ത്യാ ഗവും സ്‌നേഹവും കരുതലുംവഴി എന്നെ തമ്പുരാന്‍റെ ബലിപീഠത്തിലേക്ക് നയിച്ചതില്‍ സിസ്റ്ററിന്‍റെയും കുടംബത്തിന്‍റെയും പിന്തുണ വലുതായിരുന്നു.
ഹോമിയോ ഡോക്ടര്‍ ആയ സിസ്റ്റര്‍ ലീമ എഫ്‌സിസിയും മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ഫാമിലി അപ്പസ്‌തോലേറ്റ് ഓഫീസില്‍ ജോലി ചെയ്യവേ, ഒരിക്കല്‍ സിസ്റ്ററെ സന്ദര്‍ശിച്ചപ്പോള്‍ പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറക്കാന്‍ പറഞ്ഞു. അന്ന് എനിക്ക് ഏശയ്യായുടെ ഗ്രന്ഥം ആറാം അധ്യായമാണ് ലഭിച്ചത്. എട്ടാം വചനം എന്നില്‍ ആഴത്തില്‍ പതിഞ്ഞു, ”ആരെയാണ് ഞാന്‍ അയക്കുക? ആരാണ് നമുക്കുവേണ്ടി പോകുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” അന്ന് സിസ്റ്റര്‍ എനിക്കായി പ്രാര്‍ത്ഥിച്ചാണ് മടക്കിയയച്ചത്. എങ്കിലും വീട്ടിലെ കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ മുന്നോട്ട് പോയില്ല.
അങ്ങനെയിരിക്കേ എനിക്ക് വലിയ താങ്ങായിരുന്ന ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അന്തിക്കാടന്‍ മാറി ഫാ. വര്‍ഗീസ് കൂത്തൂര്‍ വന്നു. വര്‍ഗീസ് അച്ചനും എന്നെ വളരെയേറെ പിന്തുണച്ചു. മെയ്ല്‍ നഴ്‌സുമാര്‍ക്ക് നല്ല ജോലിസാധ്യതയുണ്ടെന്ന് പറഞ്ഞ് എന്നെ നഴ്‌സിംഗ് പഠനത്തിനയച്ചത് അദ്ദേഹമാണ്. അങ്ങനെ പുതിയ സാധ്യത തുറന്നുകിട്ടി.
അച്ചന്‍റെ കരുതലിലായിരുന്നു പഠനം. ആദ്യം ചെന്നൈയില്‍ ജോലി ചെയ്തശേഷം കുറച്ചുനാള്‍ തൃശൂര്‍ ചേറൂരിലുള്ള നെസ്റ്റ് ഡി അഡിക്ഷന്‍ സെന്ററിലായിരുന്നു ജോലി. എന്‍റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി അവിടെ ചാപ്പലില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാണ് ധ്യാനത്തിന് പോകുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ, വിവാഹജീവിതത്തെക്കുറിച്ചുള്ള ചിന്തകളോടെയാണ് ധ്യാനത്തിന് പോയത്.
അമ്മാമ്മയുടെ പ്രാര്‍ത്ഥനാനിയോഗം ഞാന്‍ മറന്നുപോയെങ്കിലും ഈശോ മറന്നിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ചിന്തകളുമായാണ് ആ ധ്യാനത്തില്‍നിന്നുള്ള മടക്കം. വൈദികദൈവവിളി സ്വീകരിക്കുന്നതിനായി അപ്പോള്‍ എന്‍റെ മനസില്‍ രണ്ട് വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്: കുടുംബത്തിന് സ്വന്തം വീട് വേണം, വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ അനുജന് സാധിക്കണം. ഈ രണ്ട് ആവശ്യങ്ങളും താമസിയാതെ നിറവേറി. സ്വന്തമായി വീട് ലഭിച്ചു; അനുജന് വിദേശത്ത് ജോലിയുമായി. അതോടെ എനിക്ക് വൈദികനാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. ആദ്യം അനുജന്‍ ലിന്റോയോടാണ് ഇക്കാര്യം പറഞ്ഞത്. അവന്‍ പൂര്‍ണ പിന്തുണ തന്നു. ശേഷം അപ്പനും അമ്മയും അനുജത്തിയുമെല്ലാം അടങ്ങുന്ന കുടുംബത്തോടും കാര്യം അവതരിപ്പിച്ചു. എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്നം മറ്റൊന്നായിരുന്നെങ്കിലും ആരും എതിര്‍ത്തില്ല; എന്‍റെ ആഗ്രഹത്തിന് ഒപ്പം നിന്നു.
എനിക്ക് ലഭിച്ച ദൈവവിളിയെ സംബന്ധിച്ച് പറയുമ്പോള്‍ 1കോറിന്തോസ് 1/26-29 വചനങ്ങളാണ് ഓര്‍മ വരിക: ”സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍. ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.” അതിന്‍റെ കാരണവും തുടര്‍ന്നുള്ള വചനത്തില്‍ പറയുന്നു, ”ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്.”
അങ്ങനെ കര്‍ത്താവിന്‍റെ തിരഞ്ഞെടുപ്പ് മുഖാന്തിരം 31-ാം വയസില്‍ ഞാന്‍ വൈദികവിദ്യാര്‍ത്ഥിയായി. 2024 ഏപ്രില്‍ പത്തിന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് വൈദികനായി ജീവിക്കുമ്പോള്‍ തിരുപ്പട്ടസ്വീകരണദിനത്തില്‍ പറഞ്ഞ തിരുവചനം ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ”അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/6).
ഫാ. ലിജോ വര്‍ഗീസ് പതിപ്പറമ്പന്‍
Want to be in the loop?
Get the latest updates from Tidings!