Home/Evangelize/Article

ജനു 21, 2020 1759 0 Manoj Thomas
Evangelize

നിത്യയൗവനം സാധ്യം!

എനിക്ക് ആ കാലത്തെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല.” പത്തുവര്‍ഷത്തിനുശേഷം സംഭവിക്കുന്ന റിട്ടയര്‍മെന്‍റിനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്ന എന്‍റെ ഒരു സുഹൃത്തിന്‍റെ വാക്കുകളാണിത്. എന്നാല്‍, വേണ്ടവിധം വിനിയോഗിച്ചാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായി ആസ്വദിച്ച് കടന്നുപോകേണ്ട ഒരു കാലഘട്ടമാക്കി വാര്‍ധക്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കും. ചിലര്‍ ശരീരത്തിലെ യൗവനം നിലനിര്‍ത്താന്‍ അതിനെ കര്‍ശനമായി നിയന്ത്രിച്ച്, വ്യായാമമുറകളൊക്കെ ചെയ്ത് പ്രായത്തെ വെല്ലാന്‍ തക്കവിധം ശരീരത്തെ ഒരുക്കുന്നു. എന്നാല്‍ മരണംവരെ യൗവനത്തില്‍ തുടരാന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് ആ വ്യക്തിയുടെ ആത്മാവാണ്.

സങ്കീര്‍ത്തനങ്ങള്‍ 103: 4-5 വചനങ്ങള്‍ ജീവിതം മുഴുവന്‍ യൗവനമാക്കാനുള്ള രഹസ്യമാണ് പറയുന്നത്. “അവിടുന്ന് നിന്‍റെ ജീവനെ പാതാളത്തില്‍നിന്ന് രക്ഷിക്കുന്നു; അവിടുന്ന് സ്നേഹവും കരുണയുംകൊണ്ട് നിന്നെ കിരീടമണിയിക്കുന്നു. നിന്‍റെ യൗവനം കഴുകന്‍റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.” ജീവിതകാലം മുഴുവന്‍ സംതൃപ്തമായിരിക്കുമ്പോള്‍ നമ്മുടെ യൗവനത്തെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനാല്‍ ദൈവസ്നേഹത്തിന്‍റെയും ദൈവകരുണയുടെയും കിരീടം ധരിക്കണം. അപ്പോള്‍ നവീകരിക്കപ്പെട്ട ജീവിതം നമുക്ക് സ്വന്തമാകും.

എങ്ങനെ ഇത് സാധിക്കും? ദൈവസ്ഹേം സ്വീകരിക്കുക. ഈശോയുടെ തിരുഹൃദയമേ, അങ്ങെന്‍റെ സ്നേഹമായിരിക്കണമേ എന്ന പരിചിതമായ സുകൃതജപം ഉരുവിടുന്നത് അതിന് സഹായകമായിരിക്കും. ആരോഗ്യം ക്ഷയിച്ചു എന്നത് അവിടുത്തെ കരുണയില്‍ കൂടുതലായി ആശ്രയിക്കാനുള്ള അവസരമായി കാണാം. “ഞാന്‍ തീര്‍ത്തും അപൂര്‍ണയാണെന്നും ദൈവകരുണ എനിക്ക് അത്യധികം ആവശ്യമാണെന്നും ഓര്‍ക്കുന്നത് എനിക്കെത്ര സന്തോഷമാണെന്നോ!” എന്ന് പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴി അതുതന്നെയായിരുന്നു.

ഒരുപക്ഷേ ഭൗതികമായ ആവശ്യങ്ങള്‍ക്കായിമാത്രം അധ്വാനിക്കുകയും അതില്‍ ജീവിക്കുകയും ചെയ്തവരായിരിക്കാം നാം. പക്ഷേ ഇനിയും സമയമുണ്ട്, ജീവിതം കര്‍ത്താവിനായി ചെലവഴിച്ചുനോക്കൂ. എന്ത് കാര്യവും ദൈവത്തിനായി ചെയ്യുമ്പോള്‍ ദൈവികമായ പ്രതിഫലം ലഭിക്കും. അതിനെക്കാള്‍ ഉപരി, ആ പ്രതിഫലം ഈ ജീവിതത്തിനുശേഷം നിത്യജീവിതത്തിലും നമ്മെ അനുഗമിക്കുകയും ചെയ്യും. ചെയ്യുന്നതെല്ലാം യേശുവിനോടുള്ള സ്നേഹത്തെപ്രതി ചെയ്യാന്‍ തുടങ്ങുക. അങ്ങനെയെങ്കില്‍, ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കൊച്ചുപ്രവൃത്തികള്‍കൊണ്ടുതന്നെ ജീവിതം മാറ്റിമറിക്കാം.

യുവത്വം നിലനിര്‍ത്താന്‍ കുറുക്കുവഴികള്‍ദിനവും വിശുദ്ധബലി അര്‍പ്പിക്കുക.

* ആത്മീയ ലേഖനങ്ങള്‍ വായിക്കുകരോഗീസന്ദര്‍ശനം നടത്തുക.

* മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക.

* സാമൂഹ്യജീവിതത്തിലേക്ക് കടന്നുവരിക.

എനിക്ക് പരിചയമുള്ള ഒരു അമ്മച്ചിയുണ്ട്. ഏതാണ്ട് 86 വയസ് പ്രായം. കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ട് കുറേ വര്‍ഷമായി. ഇപ്പോള്‍ കേള്‍വിശക്തിയും കുറഞ്ഞു. ശാരീരികമായ മറ്റ് പല രോഗങ്ങളും അമ്മച്ചിക്കുണ്ട്. ഇങ്ങനെയൊക്കെ ലോകദൃഷ്ടിയില്‍ പരിമിതികള്‍ ഏറെയുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അവര്‍ ഒരു അത്ഭുതമാണ്. നാടിന്‍റെ പ്രകാശമാണ് അമ്മച്ചി. അനേകം പേര്‍ പ്രാര്‍ത്ഥനാസഹായം തേടി അമ്മച്ചിയുടെ അടുത്ത് വരും. ജപമാല ചൊല്ലി അമ്മച്ചി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അമ്മച്ചിയുടെ മുഖത്തെ പ്രകാശവും പ്രത്യാശയും എന്നുവേണ്ട ആ
സാമീപ്യംപോലും ആരെയും ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതൊരു ഉദാഹരണംമാത്രം. ഉള്ളില്‍ ദൈവാത്മാവ് നല്കുന്ന കരുത്തുള്ളപ്പോള്‍ വാര്‍ധക്യമില്ല, എന്നും യുവത്വമാണ്.

വ്യത്യസ്തമായ, വഴികള്‍ നിങ്ങള്‍ക്കും സ്വീകരിക്കാം. അതിന് സഹായകനായ പരിശുദ്ധാത്മാവിനോട് ചോദിച്ചാല്‍ മതി. പരിശുദ്ധാത്മാവേ, വാര്‍ധക്യത്തിലും ആത്മീയയുവത്വം നിലനിര്‍ത്താന്‍ ആവശ്യമായ ദൈവകൃപ എനിക്ക് നല്കിയാലും. എന്‍റെ ജീവിതപരിചയവും അനുഭവങ്ങളുമെല്ലാം ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍ അതിലൂടെ എനിക്ക് ഇടയാകട്ടെ.

Share:

Manoj Thomas

Manoj Thomas

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles