Home/Enjoy/Article

നവം 16, 2024 7 0 ജസ്റ്റിന്‍ പുളിക്കല്‍
Enjoy

നഷ്ടത്തിനുപകരം സ്‌പെഷ്യല്‍ വരുന്നുണ്ട് !

ഈ സംഭവം നടക്കുന്നത് 2007-ലാണ്. ആ സമയത്ത് കേരളത്തിന്‍റെ തെക്കുവശത്തുള്ള ഒരു പട്ടണത്തില്‍ ഒരു സ്ഥാപനത്തിന്‍റെ ബ്രാഞ്ച് മാനേജരായി ഞാന്‍ ജോലി ചെയ്യുകയാണ്. ആ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത് 2005-കളിലാണ്. കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടിയതിനുശേഷം അവിടുന്ന് എനിക്ക് നല്‍കിയ ഒരു സമ്മാനമായി ആ ജോലി എനിക്ക് അനുഭവപ്പെട്ടു. വിജയകരമായി ജോലി ചെയ്തുകൊണ്ടിരിക്കവേ, പെട്ടെന്ന് ആ സ്ഥാപനത്തിന്‍റെ റീജിയണല്‍ മാനേജരായി കര്‍ത്താവ് എന്നെ ഉയര്‍ത്തി. യേശുവിനെ കര്‍ത്താവായി സ്വീകരിച്ചതിനുശേഷം എന്തുമാത്രം അത്ഭുതങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്നെന്നെ ഓര്‍മ്മിപ്പിച്ച ഒരു അനുഭവം! സങ്കീര്‍ത്തനങ്ങള്‍ 40/5- ”ദൈവമായ അങ്ങ് എത്ര അത്ഭുതങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു.”

ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തും അകത്തുമുള്ള ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം മധ്യകേരളത്തിലെ ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ പെട്ടെന്ന് ജനറല്‍ മാനേജര്‍ വിളിക്കുകയാണ്. ഇന്ന് മൂന്നുമണിക്ക് കോട്ടയത്ത് പ്രധാനപ്പെട്ട ഒരു മീറ്റിങ്ങ് ഉണ്ട്. കമ്പനിയുടെ ചെയര്‍മാന്‍ വിദേശത്തുനിന്ന് വരുന്നു. അതില്‍ പങ്കെടുക്കണം. ഞാന്‍ സമയം നോക്കിയപ്പോള്‍ ആ സമയത്തുതന്നെ കോട്ടയംവഴിയുള്ള ഒരു ട്രെയിനുണ്ട്. അതുകിട്ടിയാല്‍ സമയത്തിന് സ്ഥലത്തെത്താം. ആ ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാകും.

ഞാന്‍ തിടുക്കത്തില്‍ പ്രാര്‍ത്ഥനയോടെ ഒരു ഓട്ടോ വിളിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയാണ്. ഉള്ളില്‍ ഒരു ഉത്കണ്ഠ: ‘പുതിയ പോസ്റ്റ്, ചെയര്‍മാന്‍ വരുന്നു. ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ എങ്ങനെ മീറ്റിങ്ങില്‍ എത്തും?’ ഞാന്‍ ഓട്ടോയില്‍ ഇരുന്ന് ശക്തിയോടെ പ്രാര്‍ത്ഥിച്ചു. ഓട്ടോക്കാരന്‍ തിരിഞ്ഞുനോക്കി. കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ ആ വ്യക്തി കൂടുതല്‍ വേഗത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എന്നെ എത്തിച്ചു. എന്‍റെ ഹൃദയം ശക്തിയോടെ മിടിക്കുന്നുണ്ട്. ട്രെയിന്‍ പോയിരിക്കുമോ, ഇല്ല പോയിട്ടില്ല. പെട്ടെന്ന് വലിയ ശബ്ദത്തോടെ ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേക്ക് വന്നു. ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല. ഞാന്‍ ഓടി ഒരു നിലയ്ക്ക് ടിക്കറ്റ് എടുത്ത് പ്‌ളാറ്റുഫോമിലേക്ക് ഓടുകയാണ്. ഓടുമ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്, ”ദൈവമേ, എന്നെ ഇപ്പോള്‍ സഹായിക്കണം.

ട്രെയിന്‍ പോയാല്‍ ഞാന്‍ എങ്ങനെ മീറ്റിങ്ങിന് എത്തും? അധികാരികള്‍ വളരെ പ്രതീക്ഷയോടെയാണ് ഈ പോസ്റ്റ് എനിക്ക് നല്‍കിയിട്ടുള്ളത്.” ഞാന്‍ ഒരു ചെറിയ നിലവിളിയോടെ ട്രെയിന്‍ ലക്ഷ്യമാക്കി ഓടുമ്പോള്‍ പെട്ടെന്ന് ട്രെയിന്‍ മുന്നോട്ടെടുത്തു. ഒരു ഉത്സവസീസണ്‍ ആയിരുന്നതുകൊണ്ട് ട്രെയിനില്‍ നല്ല തിരക്കാണ്. സ്റ്റെപ്പില്‍പ്പോലും നിറയെ ജനങ്ങള്‍. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. എനിക്ക് എങ്ങനെയെങ്കിലും ആ ട്രെയിനില്‍ കയറണം. ട്രെയിനിന്‍റെ വേഗത കൂടി. സ്റ്റെപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ ഓടുന്ന എന്നെ നോക്കി പറഞ്ഞു, ”ഇനി കയറരുത്. കയറിയാല്‍ നിങ്ങളുടെ ജീവന്‍പോലും ചിലപ്പോള്‍ അപകടത്തിലാകും.”

ഞാന്‍ ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു. പക്ഷേ പിടുത്തം കിട്ടിയില്ല. ട്രെയിന്‍ അകന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ എന്‍റെ പ്രതീക്ഷകളും സ്വപ്നങ്ങളും അകന്നുപോകുന്നതുപോലെ എനിക്ക് തോന്നി. ട്രെയിന്‍ മിസായി. വലിയ ഒരു വേദനയും ശൂന്യതയും എന്‍റെ മനസില്‍ നിറഞ്ഞു. പെട്ടെന്ന് ഞാന്‍ ഓര്‍ത്തു, ഞാന്‍ ഇന്ന് പ്രഭാതത്തില്‍ പ്രാര്‍ത്ഥിച്ചു, വിശുദ്ധ കുര്‍ബാനയും സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു. ഇത്രയും ചിന്തിച്ച് തീര്‍ന്നില്ല, പെട്ടെന്ന് പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു, ”ട്രെയിന്‍ ലഭിക്കാത്തതിനെ ഓര്‍ത്ത് നന്ദി പറയുക. വെറുതെ നന്ദി പറയുകയല്ല, ആ പ്‌ളാറ്റ്‌ഫോമില്‍ മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി നന്ദി പറയുക.”

എനിക്ക് ആദ്യം ലജ്ജ തോന്നി. എങ്കിലും ഞാന്‍ പരിശുദ്ധാത്മാവിനെ അനുസരിച്ച് അപ്രകാരംതന്നെ ചെയ്തു. കാരണം അവിടുത്തേക്ക് എന്തോ ഉന്നതമായ ഒരു പദ്ധതി ഇതിലൂടെ ചെയ്യാനുണ്ടെന്ന് എനിക്ക് മനസിലായി. ഞാന്‍ കണ്ണുകള്‍ അടച്ച് മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി ആ പ്‌ളാറ്റ്‌ഫോമില്‍നിന്ന് നന്ദിപറയാന്‍ തുടങ്ങി. ഹല്ലേലൂയ്യ, ഹല്ലേലൂയ്യാ. യേശുവേ നന്ദി, യേശുവേ മഹത്വം.
ഇടയ്ക്ക് പകുതി കണ്ണുതുറന്നു നോക്കി ആരെങ്കിലും പരിചയക്കാര്‍ ഉണ്ടോ എന്ന്. ചുറ്റും ജനങ്ങള്‍ കൂടി അത്ഭുതത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. ആരോ പറഞ്ഞുപോകുന്നുണ്ട്, ‘ഏതോ ഒരു ഹിന്ദിക്കാരന് വട്ട് പിടിച്ചിരിക്കുകയാണ്.’ ചിലര്‍ അത്ഭുതത്തോടെ എന്നെ നോക്കുന്നു, മറ്റു ചിലര്‍ പരിഹസിക്കുന്നു. പെട്ടെന്ന് ആത്മാവ് എന്നോട് പറഞ്ഞു, ”ഇപ്പോള്‍ എന്‍ക്വയറിയില്‍പോയി അന്വേഷിക്കുക.”

സാധാരണയായി അപ്പോള്‍ വേറെ ട്രെയിന്‍ ഇല്ലെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും പരിശുദ്ധാത്മാവ് പറഞ്ഞതല്ലേ. ഞാന്‍ ചെന്ന് ആ റെയില്‍വേ ഉദ്യോഗസ്ഥയോട് ചോദിച്ചു, ”ഇനി കോട്ടയംവഴി ഇപ്പോള്‍ ട്രെയിന്‍ ഉണ്ടോ?”
ആ സഹോദരി വളരെ ഉത്സാഹത്തോടെ പറഞ്ഞു, ”ഇപ്പോള്‍ പഞ്ചാബിലെ അമൃത്‌സറില്‍നിന്ന് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ വരുന്നുണ്ട്.” അധികം താമസിയാതെ, മനോഹരമായ ഒരു പുതിയ ട്രെയിന്‍ വന്നു. ഞാന്‍ അതില്‍ കയറി. കയറിയ കമ്പാര്‍ട്ടുമെന്റില്‍ ഞാന്‍മാത്രം. ആ ട്രെയിനിന്‍റെ ആദ്യ ഓട്ടം ആണെന്നു തോന്നുന്നു. നല്ല വൃത്തിയുള്ള ഇരിപ്പിടങ്ങള്‍. ഞാന്‍ തുള്ളിച്ചാടി എന്‍റെ കര്‍ത്താവിനെ മഹത്വപ്പെടുത്തി. സങ്കീര്‍ത്തനങ്ങള്‍ 118/15 ”ഇതാ നീതിമാന്മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു. കര്‍ത്താവിന്‍റെ വലത്തുകൈ കരുത്തു പ്രകടമാക്കി.” ആരും എന്നെ ശല്യപ്പെടുത്തിയില്ല. ട്രെയിന്‍ പെട്ടെന്ന് എറണാകുളത്ത് എത്തി. ഞാന്‍ നോക്കിയപ്പോള്‍ എനിക്ക് കയറാന്‍ കഴിയാതെപോയ ട്രെയിന്‍ അവിടെ പിടിച്ചിട്ടിരിക്കുകയാണ്. എന്‍റെ സ്‌പെഷ്യല്‍ ട്രെയിന്‍ ആ ട്രെയിനിനെയും മറികടന്ന് ആഗ്രഹിച്ചതിലും നേരത്തേ എന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

ജീവിതത്തില്‍ ഉണ്ടാകുന്ന നഷ്ടപ്പെടലുകളെ ഓര്‍ത്ത് നിരാശപ്പെടരുത്. നിരന്തരം കര്‍ത്താവിനെ ആശ്രയിക്കുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് എല്ലാം ശുഭമായിരിക്കും. നഷ്ടപ്പെട്ടുപോയ എല്ലാത്തിനെയും ഓര്‍ത്ത് കര്‍ത്താവിനെ സ്തുതിക്കുക. അതിനുപകരം നമുക്കുവേണ്ടി നമ്മുടെ ദൈവം ഒരു ‘സ്‌പെഷ്യല്‍’ അനുഗ്രഹം അയച്ചിട്ടുണ്ട്, അത് സ്വീകരിക്കുക. ”കര്‍ത്താവിന്‍റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം, അത് ക്ഷണനേരംകൊണ്ട് പൂവണിയുന്നു” (പ്രഭാഷകന്‍ 11/22).

Share:

ജസ്റ്റിന്‍ പുളിക്കല്‍

ജസ്റ്റിന്‍ പുളിക്കല്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles