Home/Engage/Article

ആഗ 05, 2020 2035 0 Shalom Tidings
Engage

ദൈവമാതാവ് ചെയ്യുന്നതെന്ത് ?

അന്ന് കൊന്ത ചൊല്ലുവാനായി ഇരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചിട്ട് വചനപ്പെട്ടിയില്‍ നിന്ന് ഒരു വചനം എടുത്തു. അത് ഇങ്ങനെയായിരുന്നു: “കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.” (മത്തായി 7:21)

എനിക്ക് എന്നില്‍ത്തന്നെ യാതൊരു പ്രതീക്ഷക്കും വക ഇല്ലായിരുന്നു. ഞാന്‍ മടിയുള്ളവളാണ്. തുടക്കമിടും, പൂര്‍ത്തിയാക്കില്ല. ഇങ്ങനെ ബലഹീനയും പാപിയുമായ ഒരുവള്‍ക്ക് എങ്ങനെ പിതാവിന്‍റെ ഹിതം നിറവേറ്റാനാകും ? ഞാന്‍ തല ഉയര്‍ത്തി മാതാവിനോട് ചോദിച്ചു, “എനിക്ക് എന്‍റെ പിതാവിന്‍റെ ഹിതം നിറവേറ്റാന്‍ സാധിക്കുമോ?” മാതാവ് പറഞ്ഞു, “ഇല്ല” എന്‍റെ ആശങ്ക അസ്ഥാനത്തായില്ല എന്നെനിക്ക് മനസ്സിലായി. ഞാന്‍ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ട് മാതാവ് പറഞ്ഞു: “സാരമില്ല, പിതാവിന്‍റെ ഹിതം ഞാന്‍ നിന്നില്‍ നിറവേറ്റി തരാം.” ഞാന്‍ ചോദിച്ചു, “എങ്ങനെ?” മാതാവ് പറഞ്ഞു, “നിന്‍റെ മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കു ന്നു. അവനെ സ്കൂളില്‍ ചേര്‍ത്തതും അവനു വേണ്ടുന്നതെല്ലാം മേടിച്ചു കൊടുത്തതും ആരാണ്? കൊച്ചിന്‍റെ അപ്പന്‍. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് മേടിക്കണമെന്നാണ് അപ്പന്‍റെ ആഗ്രഹം. മകന് ഇത് അറിയാമെങ്കിലും അവന്‍ എപ്പോഴും കളിച്ചു നടക്കുന്നു. പഠിക്കാന്‍ വളരെ മടിയാണ്. അമ്മയ്ക്ക് ഇത് അറിയാം. അപ്പോള്‍ കൊച്ചിന്‍റെ അമ്മയായി നീ എന്ത് ചെയ്യും?

നീ നല്ല നുള്ളും അടിയും ഒക്കെ കൊടുത്ത് പിടിച്ചിരുത്തി പഠിപ്പിക്കും. അവസാനം പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും അവന് എ പ്ലസ് ലഭിച്ചു. അങ്ങനെ അപ്പന്‍റെ ആഗ്രഹം മകന്‍ സാധിച്ചുകൊടുത്തു സത്യത്തില്‍ ഇവരില്‍ ആരാണ് അപ്പന്‍റെ ഹിതം നിറവേറ്റാന്‍ കഷ്ടപ്പെട്ടത്? കൊച്ചിന്‍റെ അമ്മയായ നീ. ഇതുപോലെയാണ് അമ്മയായ ഞാന്‍ പിതാവിനോട് ഹിതം നിറവേറ്റാന്‍ നിന്നെ സഹായിക്കുന്നത്.” പിന്നീട് ഞാന്‍ എല്ലാ ദിവസവും വിമലഹൃദയപ്രതിഷ്ഠ ചൊല്ലി കഴിയുമ്പോള്‍ അമ്മേ മാതാവേ, പിതാവിന്‍റെ ഹിതം അങ്ങ് എന്നില്‍ നിറവേറ്റിതരണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

ഇന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ദൈവം ആഗ്രഹിക്കുന്ന പല കാര്യങ്ങളും എനിക്ക് ചെയ്യാന്‍ സാധിച്ചത് പരിശുദ്ധ അമ്മയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്ന്. എഴുതാന്‍ വളരെ മടിയുള്ള വ്യക്തിയാണ് ഞാന്‍. ദൈവം ആഗ്രഹിക്കുന്നത് എഴുതാന്‍ എന്നെ നിര്‍ബന്ധിക്കുന്ന ശക്തി എന്‍റെ അമ്മയാണ്. എഴുതാന്‍ മടിയുള്ള ഞാന്‍ 180 പേജുള്ള ഒരു ബുക്ക് എഴുതി പൂര്‍ത്തിയാക്കണമെങ്കില്‍ എന്തുമാത്രം അതിനായി പരിശ്രമിക്കണം എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും ഞാനത് എഴുതി പൂര്‍ത്തിയാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇപ്പോഴും എഴുത്ത് എനിക്ക് മടി തന്നെയാണ്. പക്ഷേ പരിശുദ്ധ അമ്മ എന്നോട് പറയുന്ന ഒരു വാക്കുണ്ട് “നീ പിതാവിന്‍റെ മനസ്സ് അറിയാന്‍ എപ്പോഴും ശ്രമിക്കണം. അപ്പോള്‍ പിതാവ് എന്താണ് നിന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്ന് അറിയാന്‍ കഴിയും.”

സകല വിശുദ്ധരുടെ ലുത്തിനിയ ചെല്ലുമ്പോഴും പിതാവിന്‍റെ ഹിതം നിറവേറ്റാന്‍ എന്നെ സഹായിക്കണമേ എന്ന് അപേക്ഷിക്കാം. എപ്പോഴും പിതാവിന്‍റെ ഹിതം നിറവേറ്റാന്‍ പരിശ്രമിക്കുന്നവരാകാം. അങ്ങനെ നമുക്ക് ദൈവത്തെ പ്രസാദിപ്പിക്കാം. അപ്പോള്‍ ദൈവം നമ്മെ നോക്കി പറയും, ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു (മത്തായി 3:17).

പ്രാര്‍ത്ഥന

പരിശുദ്ധ അമ്മേ മാതാവേ, പിതാവിന്‍റെ ഹിതമെന്നില്‍ നിറവേറ്റി തരണമേ. വിശുദ്ധ അല്‍ഫോന്‍സാമ്മേ, പിതാവിന്‍റെ ഹിതം നിറവേറ്റാന്‍ എന്നെ സഹായിക്ക ണമേ. വിശുദ്ധ കൊച്ചുത്രേസ്യയേ, പിതാവിന്‍റെ ഹിതം നിറവേറ്റാന്‍ എന്നെ സഹായിക്കണേ.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles