Home/Encounter/Article

നവം 06, 2024 3 0 സിജി ബിനു
Encounter

ദൈവത്തെ പലിശക്കാരനാക്കിയ ജോസേട്ടന്‍

ഏതാണ്ട് 40 വര്‍ഷങ്ങള്‍ പിന്നില്‍നിന്നാണ് ജോസേട്ടന്‍ ജീവിതകഥ പറയാന്‍ തുടങ്ങിയത്. അന്ന് ദൈവത്തോട് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തൃശൂര്‍ ഒല്ലൂരിലെ ഒരു സാധാരണ ക്രൈസ്തവകുടുംബത്തിലെ അംഗം. ബേക്കറി ഷോപ്പ് നടത്തുന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകും, പക്ഷേ പോകുന്നത് ഉറങ്ങാനാണ്. ഏറ്റവും പിന്നില്‍ പോയിരിക്കും. സാവധാനം ഉറങ്ങും. എല്ലാവരും പോകുന്നനേരത്ത് ആരെങ്കിലും തട്ടിവിളിക്കുമ്പോഴാണ് എഴുന്നേറ്റ് പുറത്തിറങ്ങുക. ഇതായിരുന്നു സ്ഥിതി.

ഭേദപ്പെട്ട വരുമാനവും കൂടിയുള്ളതിനാല്‍ ജീവിതം ‘സസുഖം’ മുന്നോട്ടുപോകുന്ന കാലം. മദ്യപാനവും പുകവലിയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. ബന്ധങ്ങളും കുടുംബജീവിതവുമെല്ലാം നന്നായി പോകുന്നുവെന്നുതന്നെ ജോസേട്ടന്‍ കരുതി.
ആയിടെ സഹോദരന് ഒരു അസുഖം. ബാംഗ്ലൂര്‍ ഉള്‍പ്പെടെ പലയിടത്തും ജോസേട്ടന്‍ കൂടപ്പിറപ്പിനെചികിത്സിപ്പിക്കാനായി കൊണ്ടുപോയി. പക്ഷേ ഒരു കുറവുമുണ്ടായില്ല. അപ്പോഴാണ് കുരിയച്ചിറയില്‍ കരിസ്മാറ്റിക് ധ്യാനം വന്നത്. അവിടത്തെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോയിത്തുടങ്ങിയപ്പോള്‍ സഹോദരന് അസുഖം വലിയ തോതില്‍ കുറഞ്ഞു. അതുകണ്ടപ്പോള്‍ തോന്നി, ‘അവിടെപ്പോയി നമുക്കും അസുഖമെല്ലാം മാറ്റിയാലോ’ എന്ന്. അതല്ലാതെ മറ്റ് ഉദ്ദേശ്യങ്ങളൊന്നും മനസിലുണ്ടായിരുന്നില്ല. എന്തായാലും ഈ ചിന്തയോടെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു.

ധ്യാനം എല്ലാം പൊളിച്ചു….

നന്നായി ജീവിക്കുന്നുവെന്നും ദാമ്പത്യജീവിതം നന്നായി പോകുന്നുവെന്നുമുള്ള ധാരണകളെല്ലാം പൊളിഞ്ഞുപോയത് ആ ധ്യാനത്തോടെയാണ്. തന്‍റെ ഭാഗത്ത് നിരവധി പിഴവുകളുണ്ടെന്നും അവയൊക്കെ തിരുത്തി നന്നായി ജീവിക്കണമെന്നും തോന്നിത്തുടങ്ങി. പനയ്ക്കലച്ചനാണ് കൗണ്‍സിലിംഗ് ചെയ്തത്. അച്ചന്‍ പറഞ്ഞു, ”സഹോദരനെ സഹോദരന്‍റെ ജീവിതത്തിലേക്ക് വിടുക. ജോസ് ജോസിന്‍റെ കച്ചവടത്തില്‍ ശ്രദ്ധിക്കുക.” ആ നിര്‍ദേശം ജോസേട്ടന്‍ അനുസരിച്ചു. സഹോദരന്‍റെ രോഗം സുഖപ്പെട്ടു. ജോസേട്ടനാകട്ടെ നല്ലൊരു മാനസാന്തരാനുഭവത്തിലേക്ക് വരുകയും ചെയ്തു.

ബൈബിള്‍ വായിക്കാന്‍ പിന്നെ ആവേശമായി. രാത്രി ഒന്നും രണ്ടും മണിവരെയൊക്കെ ബൈബിള്‍ വായിക്കും. കുരിയച്ചിറ പള്ളിയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോകാന്‍ ആരംഭിച്ചതും ധ്യാനത്തിനുശേഷമാണ്. എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങി. പള്ളിയില്‍ ഏറ്റവും മുന്നിലായിരുന്നു പിന്നീടുള്ള നില്‍പ്. തീര്‍ച്ചയായും ഇതിന്‍റെയെല്ലാം വ്യത്യാസം ജീവിതത്തില്‍ കാണുമല്ലോ. അത് സംഭവിച്ചു. ജോസേട്ടന് പണ്ടുമുതലേ നല്ലവണ്ണം അധ്വാനിക്കണം എന്നാണ് ചിന്ത. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം പതിനൊന്നു മണിവരെയൊക്കെ മടുപ്പില്ലാതെ അധ്വാനിക്കും. പണി കുറവാണെന്നുകണ്ടാല്‍ അപ്പനോട് മുഷിഞ്ഞുപറയും, ”ഇതെന്താ പണിയില്ലാത്തത്?”
”പണിയൊക്കെ ഇടയ്ക്ക് കുറയുമെടാ ചെക്കാ” എന്നായിരിക്കും അപ്പന്‍റെ മറുപടി.

വാസ്തവത്തില്‍ കഠിനമായി അധ്വാനിക്കണമെന്ന ചിന്തയില്‍നിന്നാണ് ജോസേട്ടന്‍റെ പരാതി ഉയര്‍ന്നിരുന്നത്. അതോടൊപ്പം മാനസാന്തരാനുഭവവും പ്രാര്‍ത്ഥനാശീലവും ചേര്‍ന്നപ്പോള്‍ ജീവിതമാകെ മാറുകയായിരുന്നു.
ലാഭത്തെക്കുറിച്ചൊന്നും വലിയ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നില്ല. നല്ലവണ്ണം ജോലിയുണ്ടാകണം, അത്രയേയുള്ളൂ ആശ. ആ ആശ നിറവേറുന്നവിധത്തില്‍ കടയില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. വരുന്നയാളുകള്‍ വിലപേശലില്ലാതെ ഉത്പന്നങ്ങള്‍ വാങ്ങും. പല സ്ഥലങ്ങളില്‍നിന്നാണ് ഓര്‍ഡര്‍ വരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. പിന്നീട് ദൈവകരത്തിന്‍റെ പ്രവൃത്തി മനസിലായി. നല്ല ലാഭമുണ്ടാകാന്‍ തുടങ്ങി.

പത്തുവച്ചപ്പോള്‍….

ഇതിലേക്ക് വളര്‍ന്നതിനുപിന്നില്‍ വേറൊരു രഹസ്യവുമുണ്ടായിരുന്നു. ആദ്യ ധ്യാനം കഴിഞ്ഞപ്പോള്‍ വീണ്ടും ധ്യാനം കൂടാന്‍ ആഗ്രഹമായി. അങ്ങനെ കടുത്തുരുത്തിയിലുള്ള ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനത്തില്‍ പങ്കെടുത്തു. അവിടെനിന്നാണ് ദശാംശം നല്കണം എന്ന് മനസിലായത്.
ആ ബോധ്യത്തിലേക്ക് വന്നപ്പോള്‍ അന്നുവരെ ദു:ശീലങ്ങള്‍ക്കായി ചെലവാക്കിയിരുന്ന ഇരുപത് രൂപ ഒരു ചെപ്പില്‍ മാറ്റിവയ്ക്കാന്‍ തുടങ്ങി. അങ്ങനെ നൂറ് രൂപയൊക്കെ ആയാല്‍ ഒരാള്‍ക്ക് കൊടുക്കും. അന്നത്തെ കാലത്ത് ഏറെപ്പേര്‍ക്കും ഓലപ്പുരയാണ് ഉള്ളത്. ഓല മാറ്റി മേയണമെങ്കില്‍ നൂറ് രൂപയോളമാണ് വേണ്ടിവരിക. അങ്ങനെ കുറേപ്പേരെ സഹായിക്കാന്‍ കഴിഞ്ഞു. അത് വലിയൊരു സന്തോഷമായി. തുടര്‍ന്നും ദശാംശം എന്ന പേരില്‍ മാറ്റിവയ്ക്കുന്ന തുക സഹായം അര്‍ഹിക്കുന്നവരെന്ന് തോന്നുന്നവര്‍ക്ക് കൊടുക്കും. കൂടാതെ ദൈവശുശ്രൂഷകള്‍ക്കായും നല്കും. അന്നത്തെ കാലത്ത് പ്രധാനമായും പുതിയ ധ്യാനകേന്ദ്രങ്ങളെയാണ് സഹായിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ജോസേട്ടന്‍റെ വരുമാനവും പതുക്കെ വര്‍ധിക്കാന്‍ തുടങ്ങി.

സഹായമായി നല്കിയ പണം ചിലര്‍ അനാവശ്യമായി ഉപയോഗിച്ചു. അക്കാര്യം പിന്നീടറിഞ്ഞപ്പോഴും ജോസേട്ടന്‍ ഖേദിച്ചില്ല. ‘യേശുനാമത്തിലാണ് നല്കുന്നത്, പിന്നെ ഖേദിക്കുന്നതെന്തിന്’ എന്നായിരുന്നു ജോസേട്ടന്‍റെ പക്ഷം. സഹായം നല്കുന്നത് തുടര്‍ന്നു.
”ആദ്യമൊക്കെ കൊടുക്കുമ്പോള്‍ കൈ അല്പം മുറുകിയിരിക്കും. കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ കൈ അയയും, കൊടുക്കാനുള്ള വിഷമം മാറും. അങ്ങനെ കൈയിന് ‘വ്യായാമം’ നല്കിയാണ് മുന്നോട്ടുപോയത്,” ജോസേട്ടന്‍ അല്പം തമാശ കലര്‍ത്തി പങ്കുവയ്ക്കും. മാത്രവുമല്ല, അര്‍ഹതയില്ലാത്തവരെ തിരിച്ചറിയാനും സാവധാനം നമുക്ക് സാധിക്കുമെന്ന് ജോസേട്ടന്‍ പറയുന്നു.

പ്രതിഫലം പ്രതീക്ഷിച്ചല്ല ദശാശം കൊടുക്കാന്‍ തുടങ്ങിയതെങ്കിലും പ്രതിഫലം ലഭിക്കാന്‍ തുടങ്ങി. ലാഭവും വരുമാനവും വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ അക്കാര്യം ജോസേട്ടന്‍ തിരിച്ചറിഞ്ഞു. അതോടെ ദശാംശമെന്ന പേരില്‍ മാറ്റിവയ്ക്കുന്ന പങ്കും വര്‍ധിപ്പിച്ചു. പിന്നെ അതൊരു മത്സരംപോലെയായി. ജോസേട്ടന്‍റെ ദശാംശച്ചെപ്പിലെ തുക വര്‍ധിക്കുന്നതനുസരിച്ച് വരുമാനവും കൂടാന്‍ തുടങ്ങി. അങ്ങനെ തുടര്‍ന്നപ്പോള്‍ കണക്ക് നോക്കാതെ കൂടുതല്‍ നല്കുന്നതും വര്‍ധിച്ചുവന്നു. അല്പനാള്‍ കഴിഞ്ഞപ്പോള്‍ മാസത്തില്‍ ദശാംശം എന്ന രീതി മാറ്റി. ഒരു നിശ്ചിതതുക എല്ലാ ദിവസവും ദശാംശത്തിലേക്ക് നീക്കിവയ്ക്കുമെന്നല്ലാതെ പിന്നെ എണ്ണാറില്ല. മാത്രവുമല്ല, ചെറിയ ചെപ്പൊന്നും പോരാ, ബാഗ് വേണമെന്ന അവസ്ഥയായി. അര്‍ഹതപ്പെട്ടവര്‍ ചോദിക്കുമ്പോള്‍ എണ്ണിനോക്കാതെ അത് മുഴുവന്‍ എടുത്തുനല്കും.

ചോദിക്കുന്നവര്‍ക്ക് അല്പാല്പം കൊടുക്കുന്നത് ജോസേട്ടന് ഇഷ്ടമല്ല. ‘കൊടുക്കുമ്പോള്‍ നിറച്ച് കൊടുക്കണം,’ ഇതാണ് അദ്ദേഹത്തിന്‍റെ സ്റ്റൈല്‍. ആ സമയത്തെല്ലാം പല ധ്യാനകേന്ദ്രങ്ങളും പുതുതായി ആരംഭിക്കുന്ന കാലമാണ്. അവര്‍ക്ക് ദൈവശുശ്രൂഷയ്ക്കായി പണം ആവശ്യമാണെന്ന് കാണുമ്പോഴും ഇങ്ങനെതന്നെ ചെയ്യും. പലപ്പോഴും വലിയ തുകകളായിരിക്കും സഞ്ചിയിലുണ്ടാകുക. പക്ഷേ എണ്ണിനോക്കാന്‍ പോകാറില്ല. ‘ദൈവത്തിനല്ലേ കൊടുക്കുന്നത്’ എന്നായിരുന്നു ജോസേട്ടന്‍റെ ചിന്ത. തിരികെ കര്‍ത്താവ് കൊടുക്കുന്നതും അങ്ങനെതന്നെയായിരുന്നു. അങ്ങനെ മുന്നോട്ടുപോകവേ, ഒരിക്കല്‍ വരുമാനം അല്പം കുറഞ്ഞു. പക്ഷേ, പതിവുപോലെ ദശാംശം മാറ്റിവയ്ക്കുന്നതിന് ഒരു കുറവും വരുത്തിയില്ല.

രസകരമായ പ്രാര്‍ത്ഥന

ജോസേട്ടന്‍ കര്‍ത്താവിനോട് പറഞ്ഞു, ”കര്‍ത്താവേ, ഇങ്ങനെ പോയാല്‍ ശരിയാകില്ലല്ലോ. എനിക്ക് വരുമാനം ഇരട്ടിയാക്കിത്തരണം.”
ജോസേട്ടന്‍ ഇങ്ങനെയാണ് കര്‍ത്താവിനോട് സംസാരിക്കുന്നത്. തനി തൃശൂര്‍ ശൈലിയിലുള്ള സംസാരം. വരുമാനം അധികം ചോദിക്കുന്നതിന് കര്‍ത്താവിനോട് ന്യായം പറയുന്നത് ഇങ്ങനെ, ”എനിക്ക് തരണോണ്ട് നെനക്ക് നഷ്ടമൊന്നുമില്ലല്ലോ. നിന്‍റെ മക്കളുടെ കൈയിലിക്കന്ന്യല്ലേ അതൊക്കെ പോണത്, പിന്നെന്താ…?”
അത് നന്നായി അറിയാവുന്നതുകൊണ്ട് ജോസേട്ടന് കൊടുക്കാന്‍ കര്‍ത്താവിനും സന്തോഷം.
തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ദശാംശം കൊടുക്കുന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കാറുണ്ട്, ‘പ്രതിഫലത്തിനുവേണ്ടിയല്ലാതെ, ദൈവത്തിനായി ദശാംശം നല്കുക. മറ്റ് കാര്യങ്ങള്‍ തനിയെ ക്രമീകരിക്കപ്പെട്ടുകൊള്ളും.’

ദശാംശം നല്കി അനുഗ്രഹിക്കപ്പെട്ടവരോട് അടുത്ത പടിയായി ജോസേട്ടന്‍റെ ഉപദേശം. ”ഇനി ദശാംശം നല്കരുത്!” വര്‍ഷങ്ങളായി ദശാംശം നല്കിയിട്ടും വലിയ സാമ്പത്തിക അഭിവൃദ്ധിയൊന്നും ലഭിച്ചില്ലെന്ന് പരാതി പറയുന്നവരോട് ചോദിക്കും, ”നിങ്ങള്‍ ഇപ്പോഴും ദശാംശം കൊടുക്കുന്നുണ്ടോ?” ഉവ്വെന്ന് മറുപടി കിട്ടിയാല്‍ അവരോടും പറയും, ”ഇനി ദശാംശം നല്കരുത്!”
കേള്‍ക്കുന്നവര്‍ അമ്പരന്നുനില്‍ക്കുമ്പോള്‍ ജോസേട്ടന്‍ തുടരും,”നിങ്ങള്‍ക്ക് ലജ്ജയില്ലേ, ഇപ്പോഴും ദശാംശംതന്നെ കൊടുത്തുകൊണ്ടിരിക്കാന്‍. അനുഗ്രഹിക്കപ്പെടുമ്പോള്‍ അതിനനുസരിച്ച് കര്‍ത്താവിന് കൊടുക്കുന്നതിന്‍റെ തോതും കൂടണ്ടേ?”
സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതാണ് ജോസേട്ടന്‍ അവരോടും പറയുന്നത്. ‘അങ്ങനെ വര്‍ധിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സാവധാനം നമുക്ക് ജീവിക്കാന്‍, നാം ദശാംശമായി മാറ്റിവയ്ക്കുന്ന തുക മതി എന്ന അവസ്ഥ വരും. ബാക്കിയെല്ലാം ആവശ്യക്കാര്‍ക്ക് കൊടുക്കാം.’

കര്‍ത്താവിനും പലിശ?

വല്ലപ്പോഴും അല്പം വരുമാനം കുറഞ്ഞെന്നു കണ്ടാലും ദശാംശത്തിന്‍റെ ബാഗില്‍ ഇടുന്നതിന് കുറവൊന്നും വരുത്തുകയില്ല. അതാണ് ജോസേട്ടന്‍റെ രീതി. ഇനി വല്ല അത്യാവശ്യവും വരികയാണെന്ന് കരുതുക. കര്‍ത്താവിന്‍റെ കയ്യില്‍നിന്ന് കടമെടുക്കും. ആവശ്യമായ തുക ദശാംശത്തിന്‍റെ ബാഗില്‍നിന്ന് കര്‍ത്താവിന്‍റെ അനുമതിയോടെ എണ്ണിയെടുക്കും. ബാങ്ക് പലിശയും ചേര്‍ത്തുള്ള തുകയായിരിക്കും തിരിച്ചു വയ്ക്കുക. അങ്ങനെ കര്‍ത്താവിനെ പലിശക്കാരനാക്കിയ വീരനാണ് ജോസേട്ടന്‍. അത് പങ്കുവയ്ക്കുമ്പോള്‍ ജോസേട്ടന് ഹൃദയം നിറഞ്ഞ ചിരി.
തന്‍റെ ബേക്കറിശൃംഖല ഇന്നും വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വളര്‍ച്ചയ്ക്കുപിന്നിലെ പ്രധാനരഹസ്യങ്ങള്‍ പ്രാര്‍ത്ഥനയും ദശാംശവുമാണെന്ന് ജോസേട്ടന്‍ വ്യക്തമാക്കുകയാണ്.

Share:

സിജി ബിനു

സിജി ബിനു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles