Home/Enjoy/Article

നവം 24, 2021 545 0 Father Biju Maramkuzhakkal S.V.D
Enjoy

ചില വേദനകള്‍ അവഗണിക്കാനുള്ളതല്ല

ആഫ്രിക്കയില്‍ ഒരുതരം പുരയെലിയുണ്ട്. ചെറിയ ഈ എലി വീടുകളില്‍ എങ്ങനെയെങ്കിലും കയറികൂടുന്നു. രാത്രി മനുഷ്യര്‍ കിടന്നുറങ്ങുമ്പോള്‍, ഈ എലി പതിയെ തന്‍റെ ജോലി ആരംഭിക്കും. അത് വന്ന് ഉറങ്ങിക്കിടക്കുന്ന മനുഷ്യന്‍റെ വിരല്‍ കാര്‍ന്നുതിന്നാന്‍ തുടങ്ങും. ചെറിയ വേദന തോന്നുന്ന മനുഷ്യന്‍ കാല്‍ അല്പം അനക്കും. അപ്പോള്‍ എലി അല്പം മാറിനില്ക്കും. എന്നിട്ട് താനുണ്ടാക്കിയ മുറിവിലേക്ക് ഊതും. മുറിവിലേക്ക് കാറ്റ് കിട്ടുമ്പോള്‍, കിടന്നുറങ്ങുന്ന വ്യക്തിക്ക് ഒരു പ്രത്യേകസുഖം. ആ സുഖത്തില്‍ അയാള്‍ വീണ്ടും മയങ്ങുന്നു. അങ്ങനെ മയങ്ങുന്ന മനുഷ്യന്‍റെ വിരല്‍ ആ എലി വീണ്ടും കാര്‍ന്നുതിന്നാന്‍ തുടങ്ങും. വേദനിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ വീണ്ടും കാലനക്കുന്ന മനുഷ്യന്‍. ആ മനുഷ്യന്‍റെ മുറിവിലേക്ക് എലി വീണ്ടും ഊതുന്നു… നല്ലൊരു സുഖം. ആ സുഖത്തില്‍ വീണ്ടും നന്നായി കിടന്നുറങ്ങുന്ന മനുഷ്യന്‍. പിറ്റേ ദിവസം ഉണരുമ്പോള്‍ തന്‍റെ വിരലില്‍ കുറേ ഭാഗം എലി കാര്‍ന്നുതിന്നതായി ആ വ്യക്തി മനസ്സിലാക്കുന്നു. ഉറക്കത്തില്‍നിന്ന് ബോധപൂര്‍വ്വം ഒന്ന് എഴുന്നേറ്റിരുന്നുവെങ്കില്‍, വേദന അനുഭവപ്പെട്ട കാലിലൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന ഒരു വലിയ മുറിവ്. ബുദ്ധിയുള്ള എലി. മുറിവിലെ വേദനകാരണം എപ്പോഴൊക്കെ മനുഷ്യന്‍ ഉണര്‍ന്നോ അപ്പോഴൊക്കെ ആ വേദനയ്ക്ക് തന്‍റെ ശ്വാസത്തിലൂടെ ഒരു സുഖം കൊടുത്ത എലി.

ഒരു നിമിഷത്തെ ആത്മീയജാഗ്രതക്കുറവ്, വലിയ ആത്മീയവീഴ്ചയ്ക്ക് കാരണമായേക്കാം. അലസതമൂലം പാപത്തെ ഗൗനിക്കാതെ, ലോകത്തില്‍ മയങ്ങിയതുമൂലം ജീവിതത്തില്‍ നഷ്ടപ്പെട്ട വിശുദ്ധി, ഉണ്ടായ വലിയ മുറിവുകള്‍…

എല്ലാ പാപത്തിനും ഒരു നൈമിഷികസുഖം ഉണ്ട്. ആ സുഖം ശാശ്വതമല്ല. അതറിയാവുന്ന സാത്താന്‍ വിവിധങ്ങളായ തന്‍റെ കുടിലതന്ത്രത്തിലൂടെ നമ്മെ അതിലേക്ക് വീണ്ടും വീണ്ടും കീഴ്പ്പെടുത്തുന്നു. ആ സുഖം വേണ്ട എന്നുവച്ചാല്‍ നമ്മുടെ ആത്മാവിനെ രക്ഷിക്കാന്‍ സാധിക്കും. നിദ്രവിട്ട് ഉണരേണ്ട ആ നിമിഷങ്ങളില്‍ ഉണരാന്‍ നാം ബോധപൂര്‍വം തീരുമാനമെടുക്കാതെ അത് സാധ്യമാവുകയില്ല. പാപത്തിലൂടെ സംജാതമാകുന്ന സുഖം നമ്മെ നിത്യമരണത്തിലേക്ക് നയിക്കുന്നു. പാപം ചെയ്യുമ്പോള്‍ നമ്മുടെ ആത്മാവിന് വേദനിക്കുന്നു. ആ വേദന മറക്കാനായി നമ്മുടെ ഇന്ദ്രിയങ്ങളിലേക്ക്, ശരീരത്തിലേക്ക് ഉള്ള പിശാചിന്‍റെ ഊതലില്‍ കിട്ടുന്ന ഒരു സുഖമാണ് ആ നൈമിഷികസുഖം. ആ സുഖത്തില്‍ മയങ്ങിയാല്‍, ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം ഒരുവന്‍റെ നിത്യജീവന്‍ അപകടത്തിലാക്കപ്പെടും.

കഴുകന്‍ ശവത്തിന്‍റെ സ്വാദ് അനുഭവിച്ച് അത് തിന്നാന്‍ തുടങ്ങിയാല്‍ അതിനെ അവിടെനിന്ന് ഓടിക്കുക എളുപ്പമല്ല. കഴുകന്‍ ശവത്തിന്‍റെ കണ്ണാണ് ആദ്യം കുത്തിപ്പറിച്ച് തിന്നുക. അതുപോലെ, നമ്മുടെ ഇന്ദ്രിയങ്ങളില്‍ കണ്ണാണ് സാധാരണ പിശാച് ആദ്യം അവന്‍റേതായി സ്വന്തമാക്കുക. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും (മത്തായി 6:22-23) എന്ന് പറയുന്നത് അതിനാലല്ലേ. നമ്മുടെ കണ്ണിനെ സ്വന്തമാക്കിയാലോ പിന്നെ നമ്മെ വിഴുങ്ങുക സാത്താന് എത്രയോ എളുപ്പം.

മത്സ്യത്തെ ചൂണ്ടയിട്ട് പിടിക്കുന്നത് നോക്കൂ. ചൂണ്ടയില്‍ ഇരകൊളുത്തി വെള്ളത്തിലിട്ടശേഷം വളരെ ക്ഷമയോടെ കാത്തിരിക്കുന്ന വ്യക്തി. എത്ര നേരമെങ്കിലും താന്‍ ലക്ഷ്യമിടുന്ന ഇരക്കായി കാത്തിരിക്കുവാന്‍ അയാള്‍ തയ്യാറാണ്. മത്സ്യത്തെ ആകര്‍ഷിക്കുവാന്‍, അവന്‍ തന്‍റെ ചൂണ്ട പതിയെ അനക്കികൊണ്ടിരിക്കും. അവസാനം മത്സ്യം ചൂണ്ടയില്‍ കൊത്തുന്നു. പെട്ടെന്ന് അവന്‍റെ ക്ഷമ അവസാനിച്ചു. ഭാവം മാറി. സ്വതന്ത്രമായി നടന്ന മത്സ്യത്തിന് ആകര്‍ഷകമെന്ന് തോന്നിയ ചൂണ്ടയില്‍ കൊത്തിയിരുന്ന ആ ഇരയെ സ്വന്തമാക്കാന്‍ ശ്രമിച്ചതിനാല്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ …

നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു (1 പത്രോസ് 5/8). നമ്മുടെ ഇന്ദ്രിയങ്ങളെ വശീകരിക്കാന്‍ പറ്റിയ പലവിധത്തിലുള്ള ഇരകള്‍ തന്‍റെ ചൂണ്ടയില്‍ കൊത്തി, ദൈവമക്കളെ വശീകരിക്കുവാന്‍ പരമാവധി പരിശ്രമിക്കും. അവന്‍റെ ചൂണ്ടയില്‍ ഇട്ടിരിക്കുന്ന, നമ്മുടെ കണ്ണിന് ആകര്‍ഷകമാകുന്ന ഇരയില്‍ നാം കൊത്തിയാല്‍ നാം അവന്‍റേതായി മാറും. നമ്മെ സ്വന്തമാക്കുന്നതുവരെ, നമ്മുടെ ഓരോ ചലനങ്ങളും നോക്കി ക്ഷമയോടെ എത്രനാളും നമ്മെ പിടിക്കുവാനായി കാത്തിരിക്കുവാന്‍ അവന്‍ തയ്യാറാണ്. നമ്മുടെ ഇന്ദ്രിയങ്ങളെ മോഹിപ്പിക്കുന്ന ഇര തന്‍റെ ചൂണ്ടയില്‍ വച്ചുകൊണ്ട്, ജീവിതത്തിന്‍റെ വിവിധതീരങ്ങളില്‍, നമ്മെ പ്രചോദിപ്പിച്ചുകൊണ്ട് പിശാച് സദാ കാത്തിരിക്കുന്നു.

അതിനാല്‍ പിശാചിന്‍റെ കെണിയില്‍നിന്ന്, സര്‍പ്പത്തിന്‍റെ ദംശനത്തില്‍നിന്നെന്നപോലെ നാം ഓടി അകലണം. ഇന്ദ്രിയങ്ങള്‍ക്ക് സുഖം നല്‍കുന്നതെല്ലാം നമ്മുടെ നിത്യജീവന് ഉപകാരപ്രദമായിരിക്കണമെന്നില്ല. പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ട് എന്ന് ഓര്‍ക്കണം. അത് നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു (ഉല്പത്തി 4/7). പെട്ടെന്ന് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടല്ല പിശാച് നമ്മെ താന്‍ ഒരുക്കിയിരിക്കുന്ന കെണിയില്‍ നമ്മെ വീഴ്ത്തുക. പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ട് (2 കൊറിന്തോസ് 11/14). അതിനാല്‍ ഒരുവന്‍റെ ആത്മീയ ജാഗ്രതക്കുറവുമൂലം ചില ബന്ധങ്ങള്‍പോലും ബന്ധനങ്ങളായിതീരുകയും തന്മൂലം നിത്യജീവന്‍ അപകടത്തില്‍ ആവുകയും ചെയ്തേക്കാം.

കര്‍ത്താവ് പറഞ്ഞു. സദാ ജാഗരൂകരായിരിക്കുവിന്‍. മുഴുവന്‍ സമയവും ജാഗരൂകത ആവശ്യമാണ്. നമ്മുടെ ജീവിതത്തില്‍ പിശാച് ഒരുക്കുന്ന കെണികള്‍ തിരിച്ചറിയാതെ പോയാല്‍, ജാഗ്രതയില്‍ ഇരിക്കേണ്ട സമയത്ത്, ഒരു നിമിഷം ഈലോകത്തിന്‍റെ നശ്വരസുഖത്തില്‍ ഒന്ന് മയങ്ങിയാല്‍ ഒരുപക്ഷേ ആര്‍ക്കും രക്ഷിക്കാന്‍ പറ്റാത്തവിധം നമ്മുടെ നിത്യജീവന്‍ അപകടത്തില്‍ ആയേക്കാം.

Share:

Father Biju Maramkuzhakkal S.V.D

Father Biju Maramkuzhakkal S.V.D

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles