Home/Encounter/Article

ആഗ 07, 2024 179 0 ഫാ. ജെന്‍സണ്‍ ലാസലെറ്റ്
Encounter

ക്രിസ്തുവിനെ ശരിക്കും ഇഷ്ടമാണോ ?

പ്രൊവിന്‍ഷ്യാള്‍, ലാസലെറ്റ് മാതാ ഇന്ത്യന്‍ പ്രൊവിന്‍സ്
അന്ന് ശാലോം നൈറ്റ് വിജില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നില്‍ക്കവേ ഒരു സഹോദരന്‍ എന്നെ സമീപിച്ചു: ”അച്ചന്‍ രാത്രിതന്നെ പോകുമോ അതോ നാളെ രാവിലെയാണോ?”
പിറ്റേന്നാണ് പോകുന്നത് എന്ന് കേട്ടപ്പോള്‍ വിരോധമില്ലെങ്കില്‍ എന്നെ ബസ് സ്റ്റോപ്പില്‍ ഇറക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് രാവിലെ ഒന്നിച്ച് യാത്രയാരംഭിച്ചത്.
യാത്രയ്ക്കിടയില്‍ അദ്ദേഹം മനസ് തുറന്നു:

”’എന്‍റെ പേര് തോമസ്. വയനാട്ടിലെ തലപ്പുഴ ഇടവകക്കാരനാണ്. സര്‍ക്കാര്‍ ജോലിയുണ്ട്. ഭാര്യയും മക്കളുമായി സന്തോഷത്തോടെ കഴിയുന്നു. അച്ചന്‍ വയനാട്ടിലെ ലാസലെറ്റ് ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഏകദിന ശുശ്രൂഷകള്‍ക്ക് മുടങ്ങാതെ പങ്കെടുത്തിരുന്ന വ്യക്തിയാണ്.”’
അദ്ദേഹമത് പറഞ്ഞപ്പോഴാണ് എനിക്ക് ആളെ കൂടുതല്‍ മനസിലായത്.
അദ്ദേഹം തന്‍റെ ജീവിതകഥ തുടര്‍ന്നു, ”അച്ചനറിയുമോ, സ്ഥിരമായി ശാലോം മാസിക വായിച്ചു കൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. കോവിഡ് കാലത്ത് മാസിക ലഭിക്കാതിരുന്നപ്പോള്‍ മനസ് വല്ലാതെ വിഷമിച്ചു. ജീവിതത്തില്‍നിന്ന് ദൈവാനുഗ്രഹം ചോര്‍ന്നു പോകുന്നതു പോലെ തോന്നി. ഉള്ളില്‍ നിന്നും ലഭിച്ച പ്രചോദനത്താല്‍ ആ പ്രദേശത്ത് ശാലോം മാസിക വിതരണം ചെയ്യുന്ന വ്യക്തിക്ക് ഫോണ്‍ ചെയ്തു.

‘ഞാന്‍ രോഗബാധിതനാണ്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ വീടുവരെ വരാമോ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പലര്‍ക്കും കൊടുക്കാനുള്ള മാസികകളെല്ലാം കെട്ടഴിക്കാതെ വീട്ടിലിരിപ്പുണ്ട് എന്നും പറഞ്ഞു.’
പറഞ്ഞപ്രകാരം ചെന്ന് കണ്ടെങ്കിലും അധികം സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അന്ന് അദ്ദേഹം. പക്ഷേ ഞാന്‍ അദ്ദേഹത്തിന്‍റെ ശുശ്രൂഷ ഏറ്റെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നെ വീണ്ടും കാണാമെന്ന് പറഞ്ഞ് ഞാന്‍ മടങ്ങി. പിന്നീടറിയുന്നത് അദ്ദേഹം നിത്യതയിലേക്ക് പ്രവേശിച്ചു എന്ന വാര്‍ത്തയാണ്.
എന്തായാലും ദൈവാത്മാവിന്‍റെ പ്രേരണയാല്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ഭാര്യയില്‍നിന്നും മാസിക വരുത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ക്ക് വരിക്കാരെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.

എന്തായാലും അന്വേഷണം തുടര്‍ന്നു. പെരുവണ്ണാമൂഴിയിലെ ശാലോം ഓഫീസിലേക്ക് വിളിച്ചപ്പോള്‍ വരിക്കാരായ ഏതാനും പേരുടെ ഫോണ്‍ നമ്പര്‍ അവര്‍ തന്നു. ആ നമ്പറില്‍നിന്നും മറ്റുള്ളവരെക്കൂടി കണ്ടെത്തി.
അങ്ങനെയാണ് ഇടവകയില്‍ ഞാന്‍ മാസികയുടെ വിതരണ ശുശ്രൂഷ ആരംഭിക്കുന്നത്. 25 പേര്‍ക്ക് അവരുടെ വീടുകളില്‍ മാസിക എത്തിച്ചു. പിന്നീടത് അമ്പതായി, നൂറായി. ഇപ്പോള്‍ ഇരുന്നൂറ്റിയമ്പതില്‍ പരം വ്യക്തികളിലേക്ക് എല്ലാ മാസവും ശാലോം മാസിക എത്തിക്കാന്‍ കഴിയുന്നുണ്ട്. മാത്രമല്ല എന്‍റെ ഇടവക ഇന്ന് സമ്പൂര്‍ണ്ണ ശാലോം ഇടവകയാണ്.

അച്ചനറിയുമോ, ഇങ്ങനെയൊരു ശുശ്രൂഷയിലേക്ക്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എന്നെ ദൈവം ഉയര്‍ത്തുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. ദൈവത്തിന് എന്നെക്കുറിച്ച് ഇങ്ങനെയും ഒരു പദ്ധതിയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാസിക ഓരോ വ്യക്തികള്‍ക്ക് കൊടുക്കുമ്പോഴും അത് സ്വീകരിക്കുന്ന വ്യക്തിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. അക്രൈസ്തവര്‍ക്കും ഞാന്‍ മാസിക നല്‍കുന്നു. നിനക്കൊന്നും വേറൊരു പണിയുമില്ലേ എന്ന് ചോദിച്ചത് ചില ക്രൈസ്തവരാണെന്നത് വേദനാജനകം.

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതിന്‍റെ പേരില്‍ ജോലിസ്ഥലത്തുപോലും അവഗണനകളും കുത്തുവാക്കുകളും ഏറ്റിട്ടുണ്ട്. എന്നാല്‍ ഓരോ ദിവസവും അവയെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അപ്പോള്‍ ലഭിക്കുന്ന ആനന്ദം എത്ര വലുതാണെന്ന് വര്‍ണ്ണിക്കാനാകില്ല. ഞാനുമെന്‍റെ ഭാര്യയും അനുദിനം അല്പസമയമെങ്കിലും ഒരുമിച്ച് പ്രാര്‍ത്ഥിക്കും. കൂടാതെ എന്നും ബൈബിള്‍ വായിക്കാനും സമയം കണ്ടെത്തും. ദൈവത്തോട് സങ്കടങ്ങളും പരിഭവങ്ങളും ഏറ്റുപറയുമ്പോള്‍ മനസ് ശാന്തമാകും. എന്‍റെ കാര്യങ്ങള്‍ എല്ലാം യഥാസമയം ക്രമീകരിക്കുന്ന ആ ദൈവത്തെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ചെറിയ ശ്രമമെങ്കിലും നടത്തിയില്ലെങ്കില്‍ എന്‍റെ വിശ്വാസത്തിന് എന്തര്‍ത്ഥമാണുള്ളത്?”’

ദൈവരാജ്യ ശുശ്രൂഷയിലുള്ള ഇദ്ദേഹത്തിന്‍റെ തീക്ഷ്ണതയും ബോധ്യവും എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു.
നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിനെ ഇഷ്ടമാണ്. ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും ദൈവാലയത്തില്‍ പോകാനും താത്പര്യമുണ്ട്. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് ദൈവരാജ്യ പ്രഘോഷണത്തിനുവേണ്ടി ചെറിയ കാര്യങ്ങള്‍പോലും ചെയ്യാന്‍ പലപ്പോഴും കഴിയുന്നില്ലെന്നത് വാസ്തവമല്ലേ? അതിനായി ചെറിയ സഹനങ്ങളും അവഹേളനങ്ങളും ഏറ്റെടുക്കാനും നമ്മള്‍ ഒരുക്കമല്ല. ഇവിടെയാണ് ക്രിസ്തുമൊഴികള്‍ക്ക് മൂര്‍ച്ചയേറുന്നത്: ”മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും” (മത്തായി 10/32-33).
ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാത്ത ക്രിസ്തുവിശ്വാസികളാകാന്‍ നമുക്കും പരിശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതവും അനുഗ്രഹപ്രദമാകും.

Share:

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles