Home/Engage/Article

ഫെബ്രു 23, 2024 311 0 കെ.ജെ. മാത്യു
Engage

ഓരോ മിനിറ്റിനെയും ഒരു യുഗമാക്കുക!

സമയവും കഴിവുകളും നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ?

മരണത്തിന്‍റെ വക്കില്‍നിന്ന് ജീവനിലേക്ക് തിരിച്ചുനടക്കുവാന്‍ അപൂര്‍വമായ അവസരം ലഭിച്ചവരുണ്ട്. ജീവന്‍റെയും ജീവിതത്തിന്‍റെയും മൂല്യം തിരിച്ചറിയുവാന്‍ അവര്‍ക്കേ സാധിക്കൂ. അത്തരത്തിലുള്ള അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് ലോകപ്രശസ്ത സാഹിത്യകാരനായ ദസ്തയേവ്സ്കി. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണിത്. സാര്‍ ചക്രവര്‍ത്തിമാര്‍ റഷ്യ വാണിരുന്ന കാലം. വിമതപ്രവര്‍ത്തനങ്ങളൊന്നും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അങ്ങനെയൊരുനാള്‍ ദസ്തയേവ്സ്കിയുടെ ഊഴം വന്നു. 1849 നവംബര്‍ 16 ന് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഡിസംബര്‍ 22 നാണ് വധശിക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്. തടവുകാരെ സെമിയാനോവ് മൈതാനത്തിന്‍റെ ഒരറ്റം മുതല്‍ അണിനിരത്തി. ഫയറിങ്ങ് സ്ക്വാഡ് റെഡിയായി നില്‍ക്കുന്നു. മൂടിക്കെട്ടിയ കണ്ണുകളുമായി മരണത്തിന്‍റെ കാലൊച്ചയ്ക്കായി അവര്‍ കാത്തുനിന്നു. എന്നാല്‍ പെട്ടെന്നൊരു ആന്‍റിക്ലൈമാക്സ്. തടവുകാരുടെ കണ്ണുകളിലെ കെട്ടഴിച്ചു, അവര്‍ സ്വതന്ത്രരാണെന്ന് അറിയിച്ചു. കാരണം ചക്രവര്‍ത്തി തടവുകാര്‍ക്ക് മാപ്പു നല്‍കിയിരിക്കുന്നു.

ദസ്തയേവ്സ്കി പിന്നീട് എഴുതിയ രചനകളില്‍ ജീവിതത്തിന്‍റെ വിലയെക്കുറിച്ചള്ള സൂചനകള്‍ പലപ്പോഴായി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇഡിയറ്റിലെ ഒരു കഥാപാത്രം പറയുന്നു: “ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്.”

നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്. ഓരോ മിനിറ്റുപോലും വളരെ പ്രധാനപ്പെട്ടതാണ്. അതിന് ദൈവസന്നിധിയില്‍ ഒരു യുഗത്തിന്‍റെ വിലയുണ്ട്. നമ്മുടെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ആകെത്തുക ഓരോ മിനിറ്റും കൂടുന്നതാണല്ലോ. അത് എങ്ങനെ നാം ചെലവഴിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണിശമായ ഒരു ജാഗ്രത പുലര്‍ത്തുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒരു കാര്യമുണ്ട്. അത് ഓരോ മിനിറ്റും നാം എങ്ങനെ ചെലവഴിച്ചു എന്ന് കണക്കു കൊടുക്കേണ്ടിവരും എന്നതുതന്നെയാണ്.

നാളേക്ക് മാറ്റിവയ്ക്കുക എന്നത് സമയത്തെ ഗൗരവമായി കാണാത്തവരുടെ ഒരു പൊതുസ്വഭാവമാണ്. ‘ഇന്നുവേണ്ട, നാളെ ചെയ്യാം’ എന്ന് അവര്‍ തങ്ങളോടുതന്നെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാളെ കൂടുതല്‍ അനുകൂലമായ സാഹചര്യം വരും എന്ന ന്യായം അവര്‍ കണ്ടെത്തുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത് നമ്മുടെയെല്ലാം ഒരു പൊതുസ്വഭാവമാണ്. ഇംഗ്ലീഷില്‍ ഇതിന് ‘പ്രോക്രാസ്റ്റിനേഷന്‍’ എന്ന് പറയും. ഇതില്‍നിന്ന് മോചനം നേടുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.

സമയത്തിന്‍റെയും കഴിവുകളുടെയും ശരിയായ വിനിയോഗത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഈശോ നല്‍കിയ താലന്തുകളുടെ ഉപമ സുപരിചിതമാണ്. എത്ര കിട്ടി എന്നുള്ളതല്ല പ്രധാനപ്പെട്ടത്, എങ്ങനെ ഉപയോഗിച്ചു എന്നതാണ്. പക്ഷേ കൂടുതല്‍ കിട്ടിയവന് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍ കുറച്ചുകിട്ടിയവന്‍ അത് കുഴിച്ചുമൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല എന്നുതന്നെ. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇത് താലന്തുകളുടെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അത് പത്തുനാണയത്തിന്‍റെ ഉപമയാണ്. ഈ രണ്ട് ഉപമകളുടെയും പൊതുസ്വഭാവം, നല്‍കിയ യജമാനന്‍ കണക്ക് ചോദിക്കുന്നു എന്നതാണ്. താലന്ത് ഉപയോഗിക്കാതിരുന്നവന്‍ ശകാരിക്കപ്പെടുന്നു എന്നുമാത്രമല്ല, അവന് നല്‍കപ്പെട്ടത് അവനില്‍നിന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. കൂടാതെ അവന്‍ കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നതിന്‍റെ ഒരു സൂചന ഈ ഉപമയിലൂടെ നല്‍കുന്നു. വിശുദ്ധ മത്തായി ശ്ലീഹാ നല്‍കുന്ന ആമുഖവിവരണം ഇപ്രകാരമാണ്: “ഒരുവന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം” (വിശുദ്ധ മത്തായി 25/14). സമയത്തിന്‍റെയും കഴിവുകളുടെയും ദൈവഹിതാനുസാരമുള്ള ശരിയായ വിനിയോഗം ഭൗതികവിജയത്തിനു മാത്രമല്ല, ആത്മരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്.

നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, അവിടുന്ന് എനിക്ക് നല്‍കിയ സമയവും ആയുസും കഴിവുകളും അങ്ങയുടെ സൗജന്യദാനമാണല്ലോ. അങ്ങയുടെ മുമ്പില്‍ ഇവയുടെ കണക്ക് ബോധിപ്പിക്കേണ്ടതാണെന്ന ചിന്താഭാരത്താല്‍ എന്നെ നിറച്ചാലും. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശം ഈ മേഖലയില്‍ എനിക്ക് നല്‍കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കര്‍ത്താവിന്‍റെ പ്രീതിക്ക് പാത്രമാകുന്ന വിധത്തില്‍ ജീവിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Share:

കെ.ജെ. മാത്യു

കെ.ജെ. മാത്യു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles