Home/Engage/Article

ആഗ 16, 2023 457 0 സ്റ്റെല്ല ബെന്നി
Engage

‘ഒറ്റ വാക്കുമതി സ്വര്‍ഗം പണിയാന്‍’

നാം ആയിരിക്കുന്നിടം സ്വര്‍ഗമാക്കുന്നതിന് തടസങ്ങളേവയെന്ന് പരിശോധിക്കാം.

ഒരൊറ്റ വാക്കുമതി ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍. ഒരൊറ്റ വാക്കുമതി കെട്ടുപിണഞ്ഞ പല പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍. പക്ഷേ മനുഷ്യനതു പറയുകയില്ല. ഒരൊറ്റ വാക്കു മതി ഭൂമിയില്‍ സമാധാനമുണ്ടാക്കാന്‍. പക്ഷേ തല പോയാലും മനുഷ്യന്‍റെ വായില്‍നിന്നും അത് വീഴുകയില്ല. ആ വാക്ക് ഏതാണെന്നോ? ‘സോറി’ എന്ന വാക്കാണത്. ‘എനിക്ക് തെറ്റിപ്പോയി എന്നോടു ക്ഷമിക്കണമേ’ എന്ന വാക്ക്. ദൈവത്തോടു മാത്രമല്ല, മനുഷ്യനോടും പറയേണ്ടിടത്ത് അനിവാര്യമായും നാമത് പറയേണ്ടിയിരിക്കുന്നു.

മനുഷ്യചരിത്രത്തിന്‍റെ ഉത്ഭവംമുതലേ ‘സോറി’ പറയാനുള്ള വിനാശകരമായ ഈ മടി മനുഷ്യന്‍റെ വ്യക്തിത്വത്തിലുണ്ട്. വിലക്കപ്പെട്ട കനി തിന്നതുമൂലം ദൈവത്തിന്‍റെ മുന്നില്‍നിന്നും ഓടിയൊളിച്ച മനുഷ്യനോട് ദൈവം ചോദിച്ചു, ‘ആദം നീ എന്താണ് ചെയ്തത്?’ ‘ദൈവമേ എനിക്ക് തെറ്റുപറ്റി. നീ തിന്നരുത് എന്നുപറഞ്ഞ കനി ഞാന്‍ തിന്നു. എന്നോടു ക്ഷമിക്കണമേ’ എന്നല്ല ആദം പറഞ്ഞത്. ‘നീ എനിക്ക് കൂട്ടിനായി തന്ന ഈ സ്ത്രീ എനിക്ക് പഴം പറിച്ചുതന്നു. ഞാന്‍ തിന്നുപോയി’ എന്നാണ്. ഇവിടെ പുരുഷന്‍ ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്വം സ്ത്രീക്കും സ്ത്രീയെ അവനു കൂട്ടിനായി കൊടുത്ത ദൈവത്തിനുമായി.

ദൈവം ഹവ്വയോടും ചോദിച്ചു, ‘നീ എന്താണ് ചെയ്തത്?’ അവളും ഭര്‍ത്താവിന്‍റെ വഴിതന്നെ പിന്തുടര്‍ന്നു. ‘ദൈവമേ എനിക്ക് തെറ്റിപ്പോയി, ഞാനൊരിക്കലും അത് ചെയ്യരുതായിരുന്നു’ എന്നല്ല അവള്‍ പറഞ്ഞത്. ‘സര്‍പ്പമെന്നെ വഞ്ചിച്ചതുകൊണ്ട് ഞാനതു ചെയ്തു’ എന്നാണ്. ഇവിടെയും ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്വം സര്‍പ്പത്തിനും സര്‍പ്പത്തെ സൃഷ്ടിച്ച ദൈവത്തിനും കൈമാറിക്കൊണ്ട് അവള്‍ തന്നെത്തന്നെ ന്യായീകരിച്ചു.

സ്വന്തം തെറ്റിനെക്കുറിച്ച് അനുതാപമോ തെറ്റു പറ്റിയതിലുള്ള തന്‍റെ വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമോ ഇല്ലാത്ത അവര്‍ ആ അവസ്ഥയില്‍ കൈനീട്ടി ജീവന്‍റെ വൃക്ഷത്തില്‍നിന്നും തിന്ന് കൂടുതല്‍ വിനാശകരമായ അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കുവാനാണ് ദൈവം അവരെ ഏദനില്‍നിന്നും പുറത്താക്കിയതും അവിടുന്ന് വാഗ്ദാനം ചെയ്ത രക്ഷകനുവേണ്ടി അനേകനാള്‍ കാത്തിരിക്കേണ്ടിവന്നതും.

കായേനിലും ഈ വിഷബീജം

അസൂയമൂലം സ്വന്തം സഹോദരനായ ആബേലിനെ കൊന്ന കായേനിലും സ്വയംന്യായീകരണത്തിന്‍റേതും തെറ്റുപറ്റിയതിലുള്ള സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നുമുള്ള ഒളിച്ചോടലിന്‍റേതുമായ ഈ വിഷവിത്ത് കാണാം. സഹോദരനെ കൊന്ന കായേനോട് ദൈവം ചോദിച്ചു, ‘കായേന്‍ നിന്‍റെ സഹോദരനായ ആബേലെവിടെ?’ ‘ദൈവമേ എനിക്കു തെറ്റുപറ്റി. ഞാനവനെ കൊന്നു, എന്നോടു ക്ഷമിക്കണമേ’ എന്നൊരു ഏറ്റുപറച്ചിലല്ല കായേന്‍ നടത്തിയത്. സ്വന്തം തെറ്റിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നും ഒരു ഒളിച്ചോട്ടം! അവന്‍ ദൈവത്തോടു ചോദിക്കുന്നു “ഞാനോണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍?” ഈ മറുചോദ്യമാണ് വലിയ ദുരിതങ്ങളുടെ നീര്‍ക്കയത്തിലേക്ക് കായേന്‍റെ ജീവിതത്തെ തള്ളിയിടുന്നത്. “ദൈവമേ, എനിക്ക് തെറ്റുപറ്റി, എന്നോടു ക്ഷമിക്കണമേ” എന്നായിരുന്നു കായേന്‍റെ പ്രതികരണമെങ്കില്‍ കായേന്‍റെ പിന്നീടുള്ള ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ?

തുടര്‍ചരിത്രത്തിലും ഇതുതന്നെ

പിന്നീടങ്ങോട്ടുള്ള മനുഷ്യന്‍റെ ചരിത്രത്തിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെടുന്നതായി ബൈബിളില്‍ നമുക്ക് കാണാന്‍ കഴിയും. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. “ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്നു നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് നിന്നെ ഞാന്‍ കുറ്റം വിധിക്കും” (ജറെമിയ 2/35).

സ്വന്തം തെറ്റിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ‘ഹൊ, ഞാനെന്താണ് ഈ ചെയ്തുപോയത്’ എന്ന് അനുതപിക്കുകയോ ചെയ്യാന്‍ കഴിയാത്ത മനുഷ്യന്‍റെ പാപാവസ്ഥയെക്കുറിച്ച് ദൈവം ഇപ്രകാരം അവനെ കുറ്റപ്പെടുത്തുന്നു. “അവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചുകേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്. എന്താണ് ഞാന്‍ ഈ ചെയ്തതെന്നു പറഞ്ഞ് ഒരുവനും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്ക് പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്‍റെ വഴിക്കു പോകുന്നു!” (ജറെമിയ 8/6). മനുഷ്യന്‍റെ ദുര്‍ഭഗസ്ഥിതി. ഇതാണ് എന്‍റെയും ഇതു വായിക്കുന്ന നിങ്ങളുടെയുമൊക്കെ രക്ഷയ്ക്കുള്ള വലിയ തടസം! ഈ ദുഷ്ടത നിറഞ്ഞ അവസ്ഥയാണ് ഒരിക്കലും പരിഹരിക്കപ്പെടാത്ത നൂലാമാലകളില്‍ നമ്മുടെ ജീവിതങ്ങളെ കുരുക്കിയിടുന്നത്. ദൈവത്തോടുള്ള ബന്ധത്തില്‍ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള നമ്മുടെ സഹജീവികളോടുള്ള നമ്മുടെ ബന്ധത്തിലും ഇതുതന്നെയാണ് അവസ്ഥ.

‘ചേട്ടാ, എനിക്കാണ് തെറ്റു പറ്റിയത്. ചേട്ടന്‍റെ ഹൃദയപരമാര്‍ത്ഥതയെയും എന്നോടുള്ള സ്നേഹത്തെയും മനസിലാക്കാന്‍ എനിക്ക് പറ്റിയില്ല, ക്ഷമിക്കണം’ എന്നു പറയാന്‍ ഒരു ഭാര്യയ്ക്ക് കഴിഞ്ഞാല്‍ അതൊരു വിജയമാണ്. ‘എന്‍റെ ഭാഗത്താ തെറ്റ്. ഞാനൊരിക്കലും നിന്നോടിങ്ങനെയൊന്നും പറയുകയും ചെയ്യുകയും ചെയ്യരുതായിരുന്നു. നീ എന്നോട് ക്ഷമിക്കണം’ എന്ന് ഒരു ഭര്‍ത്താവിന് ഭാര്യയോട് പറയാന്‍ കഴിഞ്ഞാല്‍ അതൊരു തകര്‍പ്പന്‍ വിജയമാ! ‘അപ്പാ, അപ്പനെന്നോട് ക്ഷമിക്കണം. ഞാനാണ് കുറ്റക്കാരന്‍’ എന്ന് മകന്‍ അപ്പനോടും, ‘അല്ല മോനേ, എനിക്കാണ് തെറ്റു പറ്റിയത്. ഞാന്‍ നിന്നോട് വല്ലാതെ കാര്‍ക്കശ്യം കാണിച്ചുപോയി’ എന്ന് അപ്പന്‍ മകനോടും പറഞ്ഞാല്‍ അതൊരു തകര്‍പ്പന്‍ വിജയമാ. അമ്മായിയമ്മ മരുമകളോടും മരുമകള്‍ അമ്മായിയമ്മയോടും ഹൃദയപൂര്‍വം ഇപ്രകാരം പറഞ്ഞാല്‍ ആ കുടുംബം സ്വര്‍ഗമാകും.

ദാവീദില്‍ എന്‍റെ ഹൃദയത്തിനിണങ്ങിയവന്‍

ജീവിതത്തിന്‍റെ ഒരു പ്രത്യേക ഘട്ടത്തില്‍ വ്യഭിചാരം, കൊലപാതകം, ചതിച്ചുകൊല്ലല്‍, അന്യന്‍റെ ഭാര്യയുടെ അപഹരണം അങ്ങനെ അനവധി തിന്മകള്‍ ഒറ്റയടിക്കു ചെയ്തുപോയിട്ടും യഥാര്‍ത്ഥമായ അനുതാപത്തിലൂടെ ദൈവസന്നിധിയിലേക്ക് കടന്നുവന്ന ദാവീദിലാണ് തന്‍റെ ഹൃദയത്തിനിണങ്ങിയവനെ ദൈവം കണ്ടെത്തിയത്. ക്രിസ്തുതന്നെയും ദാവീദിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുവാനാണ് ആഗ്രഹിച്ചതും വിളിക്കപ്പെട്ടതും. ഓശാനത്തിരുനാളില്‍ ഒത്തുകൂടിയ ജനം ആര്‍ത്തുവിളിച്ചത് ദാവീദിന്‍റെ പുത്രന് ഓശാന എന്നാണ്. അന്ധയാചകന്‍ യേശുവിനെ വിളിച്ചപേക്ഷിച്ചത് ‘ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ’ എന്നാണ്. യേശുതന്നെയും ദാവീദിന്‍റെ പുത്രനെന്ന വിളിയില്‍ അഭിമാനംകൊണ്ടിരുന്നു.

യഥാര്‍ത്ഥമായ അനുതാപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും തെറ്റു തിരുത്തലിന്‍റെയും ഉത്തമമായ ഉദാഹരണമായിരുന്നു ദാവീദ്. പ്രവാചകനായ നാഥാന്‍ ദാവീദിന്‍റെ അരമനയില്‍ കയറിച്ചെന്ന് രാജസിംഹാസനത്തിലിരുന്ന ദാവീദിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് ‘ആ മനുഷ്യന്‍ നീ തന്നെ’ എന്നു വിളിച്ചുപറഞ്ഞപ്പോള്‍, നാഥാന്‍റെ തലവെട്ടാന്‍ അവന്‍ തുനിഞ്ഞില്ല. പകരം തെറ്റു തിരിച്ചറിഞ്ഞ അവന്‍ തന്‍റെ രാജസിംഹാസനത്തില്‍നിന്നും എഴുന്നേറ്റ് നിലത്തിരുന്ന് ചാക്കുടുത്തും ചാരം പൂശിയും കണ്ണുനീരോടും വിലാപത്തോടും കൂടി തെറ്റ് ഏറ്റുപറഞ്ഞ് അനുതപിച്ച് ദൈവത്തിന്‍റെ കരുണ തേടുന്നത് നമുക്ക് കാണാന്‍ കഴിയും. ഇവിടെ ദാവീദ് ഒരു സ്വയംന്യായീകരണത്തിനും മുതിരുന്നില്ല. തന്‍റെ തെറ്റിന്‍റെ ഉത്തരവാദിത്വം മറ്റാരുടെമേലും കെട്ടിവയ്ക്കുന്നുമില്ല. ‘ദൈവമേ, ഞാന്‍ പാപി, മഹാപാപി. പാപിയായ എന്നില്‍ കരുണയായിരിക്കണമേ’ എന്ന് ദൈവത്തോട് യാചിക്കുകമാത്രം ചെയ്യുന്നു. ഈ ഘട്ടത്തില്‍ ദാവീദ് രചിച്ച അനുതാപ സങ്കീര്‍ത്തനമായ 51-ാം സങ്കീര്‍ത്തനം വായിച്ചാല്‍ ദാവീദിന്‍റെ അനുതാപത്തിന്‍റെ ആഴം നമുക്ക് മനസിലാക്കാനാകും. വചനം ഇതള്‍വിടര്‍ത്തുന്ന നീതിമാന്മാരില്‍ ആരിലുമല്ല യഥാര്‍ത്ഥമായ അനുതാപത്തിന്‍റെ പ്രതീകമായ ഈ ദാവീദിലാണ് ദൈവം തന്‍റെ ഹൃദയം തേടിയവനെ കണ്ടെത്തുന്നത്.

സോറി പറച്ചില്‍ ദൈവത്തോടു മാത്രമോ?

നമ്മുടെ സോറി പറച്ചില്‍ പലപ്പോഴും ദൈവത്തോടു മാത്രമാണെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ദൈവത്തോടും മനുഷ്യനോടും ഒരുപോലെ സോറി പറയുന്നവനേ അനുരഞ്ജനത്തിന്‍റെ പൂര്‍ണഫലം പുറപ്പെടുവിക്കാന്‍ കഴിയൂ.

കുമ്പസാരക്കൂട്ടിലെ വൈദികനെത്തേടി നാം അണയുകയും കൂടെക്കൂടെ തെറ്റ് ഏറ്റുപറയുകയും ചെയ്യാറുണ്ട്. പക്ഷേ ഈ ഏറ്റുപറച്ചില്‍ ഭാഗികം മാത്രമാണ്. നമ്മുടെ നാവുകൊണ്ടും നോട്ടംകൊണ്ടും അവഗണന നിമിത്തവും മുറിവേറ്റവരും തകര്‍ന്നവരുമായ അനേകരോട് ‘തെറ്റിപ്പോയി, ക്ഷമിക്കണമേ’ എന്നൊരു വാക്കു പറയാന്‍ തയാറാകാതെ കുമ്പസാരക്കൂട്ടില്‍മാത്രം ഏറ്റുപറയപ്പെടുന്ന പാപങ്ങള്‍ നമുക്കോ ലോകത്തിനോ യഥാര്‍ത്ഥ സമാധാനം നല്കുകയില്ല. ദൈവത്തോടുമാത്രം നടത്തുന്ന അനുരഞ്ജനം പൂര്‍ണമായ അനുരഞ്ജനമല്ല. അത് ഇടത്തും വലത്തും മുന്‍പിലും പുറകിലും നില്ക്കുന്ന നമ്മുടെ സഹോദരങ്ങളോടുമുള്ള അനുരഞ്ജനം കൂടി ആകുമ്പോഴേ പൂര്‍ണമാകൂ. അപ്പോഴേ അത് യഥാര്‍ത്ഥമായ നീതിയാകുന്നുള്ളൂ. “നീതി വിതക്കുവിന്‍. കാരുണ്യത്തിന്‍റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍. കര്‍ത്താവിനെ തേടാനുള്ള സമയമാണിത്. അവിടുന്ന് വന്ന് ഞങ്ങളുടെമേല്‍ രക്ഷ വര്‍ഷിക്കട്ടെ” (ഹോസിയ 10/12).

നോമ്പാചരണത്തിനുമുമ്പൊരു വാക്ക്

വലിയ നോമ്പാചരണത്തിന്‍റെ ദിവസങ്ങള്‍ നമ്മെത്തേടി എത്തുന്നു. പശ്ചാത്താപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും പരിഹാരപ്രവൃത്തികളുടെയും അരൂപിയിലൂടെ നയിക്കപ്പെടാനായി തിരുസഭ നമ്മെ ക്ഷണിക്കുമ്പോള്‍ കഴിഞ്ഞുപോയ പല നോമ്പാചരണങ്ങളിലെയും കുറവുകളിലേക്ക് നമ്മുടെ ചിന്തകള്‍ കടന്നുവരണം. കര്‍ത്താവിന്‍റെ വചനം നമ്മെ ഓര്‍മപ്പെടുത്തുന്നത് നമുക്ക് ശ്രവിക്കാം. “എഫ്രായിം ഞാന്‍ നിന്നോടെന്തു ചെയ്യും? യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും? നിന്‍റെ സ്നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്… ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം” (ഹോസിയ 6/4,6).

ദൈവത്തോട് പലവട്ടം നാം അനുരഞ്ജനപ്പെട്ടു. ഇന്നും ഇപ്പോഴും വീണ്ടുമതു ചെയ്യാന്‍, കുമ്പസാരക്കൂടിനെ സമീപിക്കാന്‍ നാം ഒരുക്കവുമാണ്. എന്നാല്‍ സഹോദരങ്ങളോടുള്ള നമ്മുടെ അനുരഞ്ജനമാണ് മിക്കപ്പോഴും വഴിമുട്ടിനില്ക്കുന്നത്. അതിന് നമ്മുടെ ‘ഈഗോ’ നമ്മെ അനുവദിക്കാറില്ല. നമ്മള്‍ തെറ്റു ചെയ്ത നമ്മുടെ കുടുംബാംഗങ്ങളോട്, നമുക്കുചുറ്റും നില്ക്കുന്ന നാം ദ്രോഹിച്ച നമ്മുടെ സഹോദരങ്ങളോട് ആത്മാര്‍ത്ഥമായി ഒരു സോറി പറയാന്‍ ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം. ഈ സോറിപറച്ചില്‍ ഒരു പരാജയമല്ല, വിജയമാണ്. നട്ടെല്ലുള്ളവനുമാത്രമേ ‘എനിക്ക് തെറ്റിപ്പോയി എന്നോട് ക്ഷമിക്കൂ’ എന്ന് നമുക്ക് ചുറ്റും നില്ക്കുന്ന, നമ്മളാല്‍ മുറിവേറ്റവരോട് പറയാന്‍ കഴിയൂ. ഈ വലിയ നോമ്പിലെ നമ്മുടെ പരിഹാരപ്രവൃത്തികള്‍ ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ളതായിരിക്കട്ടെ. അതു നമുക്കുചുറ്റുമുള്ളവരുടെ ജീവിതത്തിലും സമാധാനം വിതയ്ക്കും. ഇതുവരെ നാം പിന്‍ചെന്ന സ്വയംന്യായീകരണങ്ങളും അപരനെ പഴിചാരലുകളും നമുക്ക് ഉപേക്ഷിക്കാം. ‘നിന്‍റെ പിഴ, നിന്‍റെ പിഴ’ എന്നു ചൊല്ലിയിടത്ത്, ‘എന്‍റെ പിഴ, എന്‍റെ പിഴ’ എന്ന് ഏറ്റുചൊല്ലാനുള്ള ശക്തിക്കുവേണ്ടി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ‘ആവേ മരിയ.’

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles