Home/Enjoy/Article

ജനു 25, 2023 312 0 Father Rinto Payyapilly
Enjoy

ഏറ്റവും നല്ല ധ്യാനം

പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാന്‍ സഹായിക്കുന്ന ഈ ധ്യാനം എപ്പോഴും നമുക്ക് ആവശ്യമാണ്.

മംഗലപ്പുഴ സെമിനാരിയുടെ ക്ളാസുകളൊന്നിലാണ് അദ്ധ്യാപകന്‍റെ ചോദ്യം. നമുക്ക് നമ്മുടെ മരണത്തെ ഒന്ന് ധ്യാനിച്ചാലോ…. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആ സ്ഥാനത്ത് നിങ്ങളെ ഓര്‍ത്താല്‍ മതി!”

ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പിന്നെ എല്ലാവരും പതിയെ കണ്ണുകളടച്ചു.

കനത്ത നിശബ്ദതയില്‍ ആ ഗുരുവിന്‍റെ വാക്കുകളിലൂടെയായി പിന്നെ മനസിന്‍റെ യാത്ര…

“തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതാ നിങ്ങള്‍ക്കൊരു അപകടമുണ്ടാവുകയാണ്… ആരൊക്കെയോ നിങ്ങളെയെടുത്തു ഹോസ്പിറ്റലിലേക്കോടുന്നു. നിങ്ങളെ പ്രവേശിപ്പിച്ച തീവ്രപരിചരണമുറിയുടെ മുന്നിലേക്കോടിയെത്തുന്ന നിങ്ങളുടെ പ്രിയപ്പെട്ടവര്‍… രക്ഷിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ട് ശ്വാസം നിലച്ച നിങ്ങളുടെ ശരീരത്തിന് മുകളിലേക്ക് ആ വെള്ളത്തുണി ഇട്ടിട്ട് നിസ്സഹായതയോടെ ഡോക്ടര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂട്ടനിലവിളിയുയരുന്നുണ്ട്….

അന്നുവരെ ഓടിക്കളിച്ച വീടിന്‍റെ മുറ്റത്ത് നിങ്ങള്‍ക്കായൊരു പന്തലുയരുകയാണ്. മരണത്തിന്‍റെ ഗന്ധമുള്ള ആംബുലന്‍സില്‍നിന്ന് നിങ്ങളുടെ മരവിച്ച ശരീരമെടുത്ത് ഓര്‍മ്മകള്‍ തളം കെട്ടിനില്‍ക്കുന്ന വീടിന്‍റെ അകത്തേക്ക് ഒരു മഞ്ചലിലേക്കെടുത്തു വയ്ക്കുന്നു.

ചിലര്‍ മരണക്കുറി അടിക്കാന്‍ നിങ്ങളുടെ ഫോട്ടോ തപ്പുന്നു. കേട്ടറിഞ്ഞ് നിങ്ങളുടെ മൃതദേഹത്തെ കാണാന്‍ ആളുകളെത്തുന്നു. ചിലര്‍ വീടിന്‍റെ പുറത്ത് വട്ടം കൂടി നിങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തൊക്കെയായിരിക്കും ആ ഓര്‍മ്മകള്‍? അങ്ങനെ ഓര്‍മ്മിക്കാന്‍മാത്രം നല്ല ഓര്‍മ്മകള്‍ പരിചയമുള്ളവര്‍ക്ക് കൊടുത്തിട്ടുണ്ടോ…

രാവേറുവോളം നീളുന്ന ആളുകളുടെ വരവ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൃതദേഹത്തിന്‍റെ അടുത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍.

പിറ്റേന്ന് പുലരിയില്‍ മുറ്റത്തെ പന്തലിലേക്ക് എടുത്ത് വച്ച നിങ്ങളുടെ മൃതദേഹം കാണാന്‍ റീത്തുമായി എത്തുന്ന ചിലര്‍. സംസ്കാരശുശ്രൂഷയ്ക്കായി എത്തുന്ന വൈദികന്‍. ഇടയിലെ പ്രസംഗം, എന്തായിരിക്കും പ്രസംഗത്തില്‍ പറയുക?

ഒടുവില്‍ അത്രയും നാള്‍ ജീവിച്ച വീട്ടില്‍നിന്നും ഇനിയൊരിക്കലും തിരികെ വരാത്ത യാത്ര, നിങ്ങള്‍ എന്നും കിടന്നുറങ്ങിയ മുറി, ഇട്ട വസ്ത്രങ്ങള്‍, എപ്പോഴും കൂടെ കൂട്ടിയ മൊബൈല്‍ ഫോണ്‍. വിട… വെറും കയ്യോടെ യാത്ര…

മനസ്സില്‍ ഒരുപാട് ദേഷ്യം ഉണ്ടായിരുന്നവരൊക്കെ അന്ത്യയാത്രക്ക് വന്നിട്ടുണ്ട്. ഒരവസരം കിട്ടിയിരുന്നെങ്കില്‍ അവരോടൊക്കെ ഒന്ന് ക്ഷമ ചോദിക്കാമായിരുന്നു…

സെമിത്തേരിയില്‍ നിങ്ങള്‍ക്കായി ഒരുക്കിയ കുഴിയുടെ അടുത്തു കൊണ്ടുവന്നു വച്ച മൃതദേഹം. അന്ത്യചുംബനത്തിന്‍റെ നിമിഷങ്ങള്‍… ആ നിമിഷങ്ങളില്‍ പ്രിയപ്പെട്ടവരുടെ മനസിലൂടെ കടന്നു പോവുന്നതെന്തായിരിക്കും?

കുഴിയിലേക്കിറക്കിയ നിങ്ങളുടെ ദേഹത്തില്‍ വന്നു വീഴുന്ന മണ്ണ്. ഈ ലോകത്തേക്കുള്ള കാഴ്ച അവസാനിക്കുകയാണ്. നിങ്ങള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, സാധിക്കുന്നില്ല. അവസാനപിടി മണ്ണും വാരിയിട്ട് എല്ലാവരും മടങ്ങുകയാണ്…”

കുറച്ചേറെ നിശബ്ദതയ്ക്കു ശേഷം വീണ്ടും ഗുരുവിന്‍റെ വാക്കുകള്‍ ക്ലാസില്‍ മുഴങ്ങി, “ഇനി കണ്ണുതുറന്നോളൂ!”
വല്ലാത്തൊരനുഭവമായിരുന്നത്, ചിലരുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു…

ആരോ പറഞ്ഞത് ശരിയാണ്, ഏറ്റവും നല്ല ധ്യാനകേന്ദ്രം സെമിത്തേരി തന്നെ. ഏറ്റവും നല്ല ധ്യാനം മരണത്തെക്കുറിച്ചുള്ളതും. പ്രഭാഷകവചനം പറയുന്നു, “ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം. എന്നാല്‍, നീ പാപം ചെയ്യുകയില്ല” (പ്രഭാഷകന്‍ 7/36). പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് തിരുവചനം നിര്‍ദേശിക്കുന്നത്. അതിലൂടെ നന്മരണമെന്ന അനുഗ്രഹത്തിലേക്ക് വഴിതുറക്കും.

വാസ്തവത്തില്‍ നന്മരണം ലഭിക്കാനല്ലേ നാം ജീവിക്കുന്നതുതന്നെ. ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിന് പകരമായി എന്തുകൊടുക്കും?” (മത്തായി 16/26). അനശ്വരമായ ആത്മാവ് സന്തോഷപൂര്‍വം ദൈവത്തിലേക്ക് മടങ്ങാനുള്ളതാണ്. ശരീരമാകട്ടെ പൊടിയിലേക്ക് തിരികെപ്പോകാനുള്ളതും. അതിനാല്‍ നമ്മുടെ ആത്മാവിന് അതിന്‍റെ മൂല്യത്തിനനുസരിച്ച് പ്രഥമപരിഗണന കൊടുക്കാം. മരണം യഥാര്‍ത്ഥത്തില്‍ അവസാനമല്ലല്ലോ നിത്യജീവന്‍റെ ആരംഭമല്ലേ? നിത്യജീവിതത്തിനായുള്ള യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. അസ്സീസ്സിയിലെ പുണ്യാളന്‍ പറഞ്ഞുവയ്ക്കുന്നു: “മരിക്കുമ്പോഴാണ് നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.’

 

 

 

 

 

 

Share:

Father Rinto Payyapilly

Father Rinto Payyapilly

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles