Home/Encounter, Evangelize/Article

ആഗ 16, 2023 267 0 Father Joseph Alex
Encounter, Evangelize

ഏതവസ്ഥയിലും ശാന്തത സ്വന്തമാക്കാന്‍

ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്‍റെ ശരീരത്തിന്‍റെയും ജീവന്‍റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്‍ മനസിലാക്കിക്കഴിഞ്ഞു.

ഒരു ദിവസം അദ്ദേഹം നടന്നുപോകുമ്പോള്‍ വഴിയിലൊരു സിഗരറ്റ്കുറ്റി കിടക്കുന്നത് കണ്ടു. പെട്ടെന്നുണ്ടായ ഒരു പ്രേരണപോലെ അദ്ദേഹം കൈ ഉയര്‍ത്തി കുരിശ് വരച്ച് ആശീര്‍വദിച്ചിട്ട് മനസ്സില്‍ പറഞ്ഞു, “ഈശോയേ, ഇത് വലിച്ചയാളെ വീണ്ടെടുക്കണേ…”
ഇങ്ങനെ ചെയ്തപ്പോള്‍ അച്ചന് കിട്ടിയ വിടുതല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിന്നെയങ്ങോട്ട് പുകവലിക്കുന്ന ആളുകളെ കാണുമ്പോഴും ഇത് തുടര്‍ന്നു, “ഈശോയേ, അവരെ വീണ്ടെടുക്കണേ…” മനസ്സില്‍ അസ്വസ്ഥതയോ രോഷമോ ഇല്ലാതാവുന്നതും പകരം ദൈവികശാന്തത വന്നുനിറയുന്നതും ആ വൈദികന്‍ അനുഭവിക്കാന്‍ തുടങ്ങി.

ഈ വൈദികനെ നമുക്കും മാതൃകയാക്കാം. എല്ലാ നൂറ്റാണ്ടുകളിലും യുദ്ധങ്ങളുടെയും നാശങ്ങളുടെയും സംഭവങ്ങള്‍ അരങ്ങ് വാണുകൊണ്ടിരിക്കും. ഇതൊന്നും കണ്ട് ഹൃദയം ഉലയാതിരിക്കാന്‍ ശ്രദ്ധിക്കണം. “നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്” (മത്തായി 24/6) എന്ന് ഈശോ ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ.

ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയുമ്പോള്‍ “അപ്പാ, ‘ശ്യാംജിത്തി’ന്‍റെമേലും ‘വിഷ്ണുപ്രിയ’യുടെമേലും കരുണയായിരിക്കണേ, അവരുടെ കുടുംബാംഗങ്ങളെ വീണ്ടെടുക്കണേ…’

‘അപ്പാ, ഭിന്നതയിലായിരിക്കുന്ന കേരളസഭയുടെമേല്‍ കരുണയായിരിക്കണേ, അവരുടെ മുറിവുകളെ സുഖമാക്കണേ…’

ഇങ്ങനെയൊക്കെ ഹൃദയത്തില്‍ പറഞ്ഞ് നോക്കിയാല്‍ കിട്ടുന്ന വിടുതലുണ്ട്. അതനുഭവിച്ച് തുടങ്ങിയാല്‍ ജീവിതം എന്ത് സുന്ദരമാകുമെന്നോ? ഏതൊക്കെ രീതിയില്‍ തിന്മ ഉയര്‍ന്ന് പൊന്തിയാലും ഈശോയുടെ വിശുദ്ധ കുരിശ് നിസാരമായി അതിനെ തോല്പിക്കും.

വിശുദ്ധ മരിയ ഗൊരേത്തിയിലൂടെ അലക്സാണ്ടറിനെയും വിശുദ്ധ കൊച്ചുത്രേസ്യായിലൂടെ ഹെന്‍റി പ്രന്‍സീനിയെയും സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ ഈശോയുടെ വിശുദ്ധ സ്ലീവായ്ക്ക് സാധിച്ചുവെന്നത് നമ്മെ ബലപ്പെടുത്തട്ടെ.

പിതാവ് നീതിമാനായതുകൊണ്ട് ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ശിക്ഷ കൃത്യമായി വന്നുചേരും. അതില്‍ സംശയമില്ല. അലക്സാണ്ടറിനും പ്രന്‍സീനിക്കും ശിക്ഷ കിട്ടിയിരുന്നു. എന്നാല്‍, അവരുടെ ആത്മാക്കളെ നാശത്തില്‍നിന്നും രക്ഷിക്കാന്‍ ഈശോയുടെ വിശുദ്ധ കുരിശിന് സാധിക്കുമെന്നതാണ് സുവിശേഷം. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക (സങ്കീര്‍ത്തനങ്ങള്‍ 46/10) എന്ന അവിടുത്തെ ശാന്തഗംഭീരമായ സ്വരം ശ്രവിച്ചാല്‍ എല്ലായ്പോഴും എവിടെയും ശാന്തത കൈവരിക്കാന്‍ കഴിയും. ډ

Share:

Father Joseph Alex

Father Joseph Alex

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles