Trending Articles
പഠനത്തിനായി ജര്‍മ്മനിയില്‍ പോയ ഡോണല്‍, താമസ സൗകര്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് വിളിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ‘ബ്രദറേ, പ്രാര്‍ത്ഥനയ്ക്ക് നന്ദി, എനിക്ക് ഒരു സൂപ്പര്‍ സ്ഥലം കിട്ടീട്ടോ’ എന്ന മെസ്സേജും അയച്ചു.
”ഇതൊരു നല്ല സ്ഥലമാണ്. ഇവിടെ തൊണ്ണൂറ് വയസ്സുള്ള ഒരു അപ്പൂപ്പനുണ്ട്, ഒപ്പം മകനും. മകന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അപ്പൂപ്പനെ ഒന്ന് ശ്രദ്ധിക്കണം. ഈ കരാറിലാണ് നല്ല സൗകര്യമുള്ള വീട് വെറും നൂറ് യൂറോയ്ക്ക് എനിക്ക് കിട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ മുന്നൂറ് യൂറോയെങ്കിലും ഇങ്ങനെ ഒരു സ്ഥലത്തിന് വേണ്ടിവരും. കര്‍ത്താവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!”
ഇത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ ”എനിക്ക് എന്‍റെ ഈശോയ്ക്ക് നന്ദി പറയണം” എന്നാണ് ഡോണല്‍ പറഞ്ഞത്. ”തീര്‍ച്ചയായും നീ നന്ദി പറയണം,” ഞാനും പറഞ്ഞു.
”എങ്കില്‍ നീയൊരു കാര്യം ചെയ്യൂ. ആ അപ്പൂപ്പനോട് രോഗീലേപനം (Anointing of the Sick) സ്വീകരിക്കാന്‍ പറയണം. മകനോട് അനുവാദം വാങ്ങിയിട്ട് അതിനായി ശ്രമിച്ചുനോക്കൂ. കത്തോലിക്കാ വിശ്വാസമുള്ള ആ അപ്പൂപ്പന്‍ ഇന്നലെവരെ എങ്ങനെയായിരുന്നു എന്നത് നോക്കണ്ടാ. ഒരു പുതിയ ആത്മീയ ഉണര്‍വ് നീമൂലം അപ്പൂപ്പന് ഉണ്ടാകട്ടെ.”
ഇതിലും വലിയ നന്ദിപ്രകടനം ഈശോയും ആഗ്രഹിക്കുന്നുണ്ടാകില്ല. സത്യത്തില്‍ ഞാന്‍ ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പറഞ്ഞതായിരുന്നില്ല. സംസാരത്തിനിടക്ക് കര്‍ത്താവ് എന്നെക്കൊണ്ട് പറയിപ്പിച്ചതായിരുന്നു.
ഏതായാലും ഡോണല്‍ ആ ദൗത്യം ഏറ്റെടുത്തു. പ്രാര്‍ത്ഥിച്ച് ഒരുങ്ങിയശേഷം അപ്പൂപ്പനോടും അദ്ദേഹത്തിന്‍റെ മകനോടും രോഗിലേപനം എന്ന കൂദാശയുടെ പ്രാധാന്യം പറഞ്ഞുകൊടുത്തു. അവര്‍ യാതൊരു മടിയും കാണിക്കാതെ സമ്മതിച്ചു. അവരുടെ അമ്മൂമ്മയ്ക്ക് ഇങ്ങനെ ചെയ്തിരുന്നുവെന്ന കാര്യം ഓര്‍ത്തെടുത്ത് അവര്‍ സന്തോഷത്തോടെ രോഗിലേപനം സ്വീകരിക്കാന്‍ പെട്ടെന്നുതന്നെ തയ്യാറായി. മാത്രമല്ല, മകനും കുമ്പസാരിച്ച് പള്ളിയില്‍ പോകാനും സമ്മതിച്ചു. ഇതൊക്കെ നടന്നതിന്‍റെ ത്രില്ലില്‍ ഡോണല്‍ തന്‍റെ ഒപ്പം നാട്ടില്‍നിന്നും വന്നിരിക്കുന്ന മറ്റ് കൂട്ടുകാരോടും ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാനും തുടങ്ങി. അവരില്‍ പലരും ആശുപത്രിയില്‍ കെയര്‍ നഴ്‌സായും മറ്റും ജോലി ചെയ്യുകയാണ്.
നമ്മുടെ ഒരു തലമുറ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ ആണല്ലോ. അതില്‍ നമ്മുടെ മക്കളും സുഹൃത്തുക്കളും ജീവിതപങ്കാളിയും കുടുംബവും ഉണ്ട്. കര്‍ത്താവാണ് നിങ്ങള്‍ക്ക് അതെല്ലാം തന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നന്ദി പറയണം. നമ്മുടെ നന്ദി കുറച്ച് വാക്കുകളിലോ, സാമ്പത്തിക സഹായങ്ങളിലോ ഒതുങ്ങിനിന്നാല്‍ പോരാ. ശരിക്കും ഈശോയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ നന്ദി ആത്മാക്കളെ നേടി കൊടുക്കുക എന്നതാണ്. ഇതിലും വലിയ പ്രത്യുപകാരം വേറെ എന്താണുള്ളത്?
ഒരാത്മാവിന് പകരം വയ്ക്കാന്‍ ഭൂമിയില്‍ മറ്റൊന്നുംതന്നെ ഇല്ലാത്തതിനാല്‍- നശിച്ചുപോകുന്ന, നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെ തങ്ങളാല്‍ ആകുംവിധം ഈശോയിലേക്ക് അടുപ്പിച്ച്, കൂദാശകളിലേക്കും വചനത്തിലേക്കും കൊണ്ടുവന്ന് ഈശോയോടുള്ള നമ്മുടെ നന്ദിപ്രകടനം നടത്തണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഓര്‍ക്കുക, കഴിഞ്ഞ നാളുകളില്‍ അവിടുന്ന് നടത്തിയ വഴികള്‍. പകരം ഞാന്‍ എന്ത് ചെയ്യണം? ഇങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഇത് ചെയ്യുക.
വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പ് പോലെയുള്ള സ്ഥലങ്ങളില്‍ നമുക്ക് കൊണ്ടുവരാവുന്ന ആത്മീയ ഉണര്‍വ്വിനെക്കുറിച്ച് ചിന്തിക്കാതെ പോകരുത്. ആത്മാക്കളെക്കുറിച്ചുള്ള ദാഹത്താല്‍, തീക്ഷ്ണതയോടെ എരിയുന്ന യുവസുഹൃത്തുക്കളേ, നമ്മള്‍ സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സാകുന്ന ക്രിസ്തുവിലേക്ക് ഇനിയും വളരണം. നമ്മുടെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതാകാതെ ആത്മാവിന്‍റെ വെളിപ്പെടുത്തലുകള്‍ ആകണം (1 കോറിന്തോസ് 2/4).
യേശുവിന് നമ്മുടെ ശുശ്രൂഷ ആവശ്യമുണ്ട്. തിരുസഭയ്ക്ക് നമ്മളെ ഓരോരുത്തരെയും വേണം. ഉണര്‍ന്ന് പ്രവര്‍ത്തിക്കുക. ”വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2). യേശുവിന് സാക്ഷിയായി, ഉത്തമ കത്തോലിക്കാ വിശ്വാസിയായി ക്രിസ്തുവിന്‍റെ പരിമളമാകാന്‍ പരിശുദ്ധാത്മാവ് നമ്മെ ഏവരെയും സഹായിക്കട്ടെ.
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Want to be in the loop?
Get the latest updates from Tidings!