Home/Encounter/Article

ഏപ്രി 29, 2024 73 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

ഉടനെ ചെയ്യാന്‍ ഈശോ പറഞ്ഞപ്പോള്‍…

2019 ഏപ്രില്‍ ഒന്ന്. രോഗ ലക്ഷണമായ നടുവേദന ആരംഭിച്ചിട്ട് രണ്ടു മാസം. നട്ടെല്ലില്‍ ബെല്‍റ്റ് ഇട്ടുകൊണ്ട് പരസഹായത്തില്‍ ജീവിക്കാന്‍ തുടങ്ങിയ നാളുകള്‍. അന്ന് വേദന മൂലം ഇന്‍ജെക്ഷന്‍ എടുത്തു മുറിയില്‍ കിടക്കുകയാണ്. അതിനാല്‍ അവധിയെടുത്തു. വിശുദ്ധ ഗ്രന്ഥം നെഞ്ചില്‍ വച്ചുകൊണ്ടാണ് കിടപ്പ്. വേദന സംഹാരികള്‍ക്കൊന്നും എന്‍റെ വേദനയെ ശമിപ്പിക്കാന്‍ പലപ്പോഴും സാധിച്ചിരുന്നില്ല. ഈശോയോടു കലപില പറഞ്ഞുകൊണ്ട് സമയം തള്ളി നീക്കി. ഏകദേശം മൂന്നുമണി ആയി. ഈശോ ആജ്ഞപോലെ ഒരു കാര്യം പറഞ്ഞു, ”സബിതക്ക് വേണ്ടി എന്തെങ്കിലും ഉടനെ ചെയ്യുക.” ശരീരം മുഴുവന്‍ തണുത്തുറഞ്ഞ പോലെ… എന്തിനെന്നില്ലാതെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.

ഫേസ്ബുക്ക് തുറന്ന് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചു, ”നമ്മുടെ സ്‌കൂള്‍ ബാച്ച് സുഹൃത്തുക്കളെ കണ്ടെത്തി ഗ്രൂപ്പ് ഉണ്ടാക്കണം. സബിതക്ക് വേണ്ടി എന്തെങ്കിലും പെട്ടെന്ന് ചെയ്യണം.” ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ സഹപാഠിയും സ്‌കൂളിന്‍റെ അഭിമാനവും സ്വപ്‌നവും ഒക്കെ ആയിരുന്നു സബിത. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വളരെ വിങ്ങലോടെയാണ് ഉള്‍ക്കൊണ്ടത്.

മനസ്സില്‍ വല്ലാത്തൊരു ഭാരം. ഇത്രയും വര്‍ഷം ഞാന്‍ എന്തുകൊണ്ട് സബിതയെ അന്വേഷിച്ചില്ല എന്ന ചോദ്യം മുള്‍മുനപോലെ എന്നെ കുത്തിനോവിക്കാന്‍ തുടങ്ങി. ഈശോയുടെ മുന്‍പില്‍ വലിയൊരു ഭാരവും പേറി ഞാന്‍ നിന്നു. മുന്നോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല അവള്‍ക്കുവേണ്ടി. ദൈവകരുണയുടെ പ്രഘോഷകയായിരുന്നു അന്നാളുകളില്‍ ഞാന്‍. പ്രവൃത്തിയില്ലാത്ത പ്രഘോഷണങ്ങള്‍ ആയിരുന്നു അവയെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. എന്തായാലും ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു ചികിത്സക്ക് വേണ്ടി. പെട്ടെന്നുതന്നെ പഴയകാല സഹപാഠികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. ‘എ ഡേ വിത്ത് സബിത’ അതായിരുന്നു ഗ്രൂപ്പിന്‍റെ പേര്.

സബിതയെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. നഴ്‌സറിമുതല്‍ പല ക്ലാസ്സുകളിലും ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചിട്ടുള്ളത്. വീടിനടുത്തുള്ള കൂട്ടുകാരി. പഠനത്തില്‍ മിടുക്കി. ക്ലാസ് ലീഡര്‍ ആയും സ്‌കൂള്‍ ലീഡര്‍ ആയും എപ്പോഴും എല്ലാവരുടെയും അഭിമാനമായിരുന്നു. നല്ല കയ്യക്ഷരം. ആരോടും വഴക്കിടാത്ത എല്ലാവരോടും സമാധാനപരമായി ഇടപെടുന്ന ഒരു പാവം പെണ്‍കുട്ടി. പഠന വിഷയങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം അവള്‍ക്കുണ്ടായിരുന്നു. പരീക്ഷയടുക്കുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ സബിതക്ക് ചുറ്റും കുട്ടികള്‍ നിറയുമായിരുന്നു. അവള്‍ പറയുന്ന ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ വരുമെന്ന ഒരു വിശ്വാസത്തില്‍. പലപ്പോഴും അത് സംഭവിച്ചിട്ടുണ്ട്. അക്രൈസ്തവയാണെങ്കിലും അവളുടെ പ്രാര്‍ത്ഥിക്കുന്ന മുഖം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ക്ലാസ് മുടങ്ങിയാല്‍ വളരെ വിഷമിക്കുന്ന കുട്ടിയായിരുന്നു. അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ അവള്‍ ക്ലാസ് മുടങ്ങിയിട്ടുള്ളൂ. അവളുടെ നോട്ട് ബുക്കുകള്‍ നോക്കിയാണ് പലപ്പോഴും ഞാന്‍ എന്‍റെ നോട്ട് ബുക്ക് പൂര്‍ത്തീകരിച്ചിരുന്നത്. ചെറുപ്പം മുതലേ നിത്യരോഗിയായിരുന്നു ഞാന്‍. ഒരു കാലഘട്ടം വരെയും വളരെ കുറച്ചുമാത്രമേ സ്‌കൂളില്‍ പോകാന്‍ പറ്റിയിരുന്നുള്ളൂ.

ഏകദേശം നൂറുപേര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ഏപ്രില്‍ പതിമൂന്നിന് അവളുടെ വീട്ടില്‍ ഞങ്ങളുടെ ഒരു സംഗമം ക്രമീകരിച്ചു. അവളെ പഠിപ്പിച്ച കുറച്ച് അധ്യാപകരെയും ക്ഷണിച്ചു. ചികിത്സയുടെ ഭാഗമായി ഒത്തിരി ചെലവുകള്‍ അവള്‍ക്കുണ്ടായിരുന്നു. ചെറിയൊരു സഹായം എല്ലാവരും കൈകോര്‍ത്തു നല്‍കി. ഇരുപതു വര്‍ഷമായി ഒരു വീടിനുള്ളില്‍ മാത്രമായിരുന്നു അവളുടെ ലോകം. സ്വന്തമെന്നു പറയാന്‍ ഒരു സുഹൃത്തുപോലും ഇല്ലാതെ; ആരോടും അവളുടെ വേദനകള്‍ പങ്കുവയ്ക്കാനില്ലാതെ, ജീവിതം പോരാടി ജയിക്കുകയായിരുന്നു സബിത.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പനിയുടെ രൂപത്തില്‍ അവളുടെ ജീവിതത്തിലേക്ക് സഹനം വാതില്‍ തുറന്നു.

പിന്നീട് ശ്വാസകോശങ്ങളിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും ഇന്‍ഫെക്ഷന്‍ ആവുകയും മാസങ്ങള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചു കഴിയുകയും ചെയ്തു. ഒരു നാടും സ്‌കൂള്‍ മുഴുവനും അവളുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരുന്നു. പക്ഷേ മറ്റൊരു സബിതയായിട്ടായിരുന്നു അവളുടെ തിരിച്ചുവരവ്. അവളുടെ കഴിവുകള്‍ പലതും നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മകള്‍ മങ്ങിപ്പോയി. പഠിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാ സ്വപ്‌നങ്ങളുടെയും ചിറകുകള്‍ അറുത്തെടുത്തപോലെ കുറെ മരുന്നുകള്‍കൊണ്ടുമാത്രം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരാള്‍.

പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ എല്ലാവരും പുതിയ വഴികളിലേക്ക് ചേക്കേറി. ഒരുപക്ഷേ ജീവിതത്തിന്‍റെ വ്യഗ്രതയില്‍ എല്ലാവരും അവളെ പതിയെ മറന്നു പോയിക്കാണണം. ആരെയും കണ്ടെത്താന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല. കാരണം അവളുടെ ലോകം അത്രയും ചുരുങ്ങപ്പെട്ടിരുന്നു.
സബിതയുടെ വീട്ടുകാരെ വിളിച്ചറിയിച്ചു, അവളോടൊപ്പമുള്ള ഞങ്ങളുടെ ഒരു ദിനത്തെക്കുറിച്ച്. പ്രിയ കൂട്ടുകാരിക്ക് എന്ത് കൊടുക്കും എന്ന ചിന്തയില്‍ ഞാന്‍ മുഴുകി. ”നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3/27)

എന്നാണല്ലോ വചനം പറയുന്നത്. അവള്‍ക്കു ഞങ്ങളോടൊക്കെ വീഡിയോ കോളില്‍ സംസാരിക്കാല്ലോ എന്നോര്‍ത്ത് ഒരു മൊബൈല്‍ വാങ്ങി. ഒപ്പം ഒരു ചുരിദാര്‍ തയ്ക്കാനുള്ള തുണിയും.
ഏപ്രില്‍ പതിമൂന്നിന് ഞങ്ങള്‍ എല്ലാവരും അവള്‍ക്കു ചുറ്റും കൂടി. പലരെയും അവള്‍ക്ക് മനസ്സിലായില്ല. പക്ഷേ അധ്യാപകരെയെല്ലാം അവള്‍ തിരിച്ചറിഞ്ഞു, എന്നെയും. അവളെക്കൊണ്ട് സംസാരിപ്പിച്ചു. മതിയാകുവോളം. കേക്ക് മുറിപ്പിച്ചു. അവള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഇരുപതു വര്‍ഷത്തെ ഏകാന്തതയില്‍ അവള്‍ പൊട്ടിച്ചിരിച്ച ഒരു ദിവസം.

അവളെ വീഡിയോ കോള്‍ വിളിക്കാനൊക്കെ പഠിപ്പിച്ചു കൊടുത്തു. എല്ലാവരുടെയും നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്തു. കുറച്ചു സുഹൃത്തുക്കള്‍ തൊട്ടടുത്ത മാസത്തില്‍ അവളെ കാണാന്‍ വരുമെന്ന് ഉറപ്പും നല്‍കി. ഹൃദയം നിറഞ്ഞ സന്തോഷത്തില്‍ അവള്‍ ഞങ്ങള്‍ക്ക് നന്ദി പറഞ്ഞു യാത്രയാക്കി. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവളുടെ മുഖത്ത് പൂര്‍ണ്ണചന്ദ്രന്‍റെപോലെ ഈശോ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഈശോയുടെ മുഖം പോലെ തോന്നി അപ്പോള്‍.

രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തിരിച്ചു പോന്നു. വീണ്ടും തിരക്കുകളുടെ ലോകത്തേക്ക്… പലരും അവളെ ഫോണില്‍ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. ജൂണ്‍ മാസം ആദ്യത്തില്‍ എനിക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം ഒരു സുഹൃത്തില്‍നിന്ന് ലഭിച്ചു. ‘സബിത ആശുപത്രിയില്‍ ആണ്. അല്പം സീരിയസ് ആണ്.’ ആ വാര്‍ത്ത എന്നെ അസ്വസ്ഥയാക്കി. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവള്‍ വെന്റിലേറ്ററില്‍ ആണ് എന്നറിഞ്ഞു. ആ അമ്മയുടെ കരച്ചില്‍ താങ്ങാന്‍ കഴിയുമായിരുന്നില്ല. ആശുപത്രിയിലേക്ക് പോകും മുന്‍പ് രണ്ടു ദിവസങ്ങളില്‍ അവള്‍ പല തവണ എന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്നും മരിയയോട് സംസാരിക്കണം എന്ന് പറഞ്ഞെന്നും അമ്മ പറഞ്ഞു. എന്‍റെ ഹൃദയം പൊട്ടിപ്പോകുംപോലെ തോന്നി. നിയന്ത്രിക്കാന്‍ കഴിയാതെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകികൊണ്ടേയിരുന്നു,

പെയ്‌തൊഴിയാത്ത മഴ പോലെ…

വീണ്ടും ഞങ്ങള്‍ എല്ലാവരും അവളുടെ ജീവനുവേണ്ടി ദൈവസന്നിധിയില്‍ യാചിച്ചു. പക്ഷേ പ്രതീക്ഷക്കു വകയൊന്നും ഉണ്ടായിരുന്നില്ല. ജൂണ്‍ ഇരുപത്തി ഒന്ന് രാവിലെ ഞങ്ങളുടെ വെള്ളരിപ്രാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. ജീവിതത്തില്‍ ഇന്നോളം അനുഭവിക്കാത്ത ഒരു ശൂന്യതയും നിരാശയും ദുഖവും ഞങ്ങള്‍ എല്ലാവരും അനുഭവിച്ചു. വിവിധ സ്ഥലങ്ങളില്‍ ആയിരുന്നിട്ടുകൂടി ഞങ്ങള്‍ എല്ലാവരുടെയും ഭവനങ്ങള്‍ ഒരു മരണവീടായി.
ഇനി അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഏറ്റവും സുന്ദരിയാക്കി അവളെ യാത്രയാക്കുക. അവള്‍ക്ക് സമ്മാനിച്ചിരുന്ന ചുരിദാര്‍ തുണി രണ്ടു മണിക്കൂറില്‍ തയ്‌ച്ചെടുത്ത് അണിയിച്ചു. ചുവന്ന ഒരു പട്ടു തുണിയില്‍ അവളെ പൊതിഞ്ഞു. മുല്ലപ്പൂവുകള്‍ കൊണ്ട് അവളെ മൂടി. ജീവനറ്റ അവളുടെ ശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും അവസാനമായി ഒരു നോക്ക് കാണാന്‍ ഹൃദയം തുടിച്ചു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വിളിച്ച് അവളുടെ ശരീരത്തിനടുത്തു വച്ചു. എന്‍റെ നിലവിളി അവളുടെ കാതുകളിലും മുഴങ്ങിക്കാണണം. ഒരേ ഒരു ചോദ്യം മാത്രം എന്നില്‍ അവള്‍ക്കായി അവശേഷിച്ചിരുന്നു, ”സബിത നീ ഞങ്ങളോട് ക്ഷമിക്കില്ലേ?”

സബിതക്കുവേണ്ടി എന്തെങ്കിലും ഉടനെ ചെയ്യണം എന്ന് ഈശോ പറഞ്ഞത് അവളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടതുകൊണ്ടാണ്. ആ കൂടിച്ചേരലിനു ശേഷം അറുപത്തെട്ട് ദിവസങ്ങള്‍മാത്രമേ അവളുടെ ജീവിതത്തില്‍ അവശേഷിച്ചിരുന്നുള്ളൂ. ഈ ലോകത്തിന്‍റെ വേദനകളില്‍നിന്ന്, കപടതയില്‍നിന്ന്, ദൈവം അവളെ കൊണ്ടുപോയി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

അവളുടെ വേര്‍പാടിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് കൊറോണക്കാലത്ത് പഠനത്തിന് സാമ്പത്തികവിഷമമുള്ള ഒരു കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഞങ്ങള്‍ ടി.വി നല്‍കി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവളുടെ വേദനക്ക് ഒരല്പം ആശ്വാസം നല്കാന്‍…. ഇന്നും അവള്‍ അനേകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു
പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ ചില ദൈവികമായ പ്രേരണകള്‍ നല്‍കും. പ്രാര്‍ത്ഥനയോടെ ആ പ്രചോദനങ്ങളെ വിവേചിച്ചറിയാന്‍ നാം പരിശ്രമിക്കണം. ”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നി ന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോവുക” (ഏശയ്യ 30/21). ഒരുപക്ഷേ അവന്‍റെ സ്വരം കേള്‍ക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ പിന്നീടൊരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും. എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു (യോഹന്നാന്‍ 10/27) എന്ന് അരുളിച്ചെയ്ത ഈശോയെ നമുക്ക് അനുഗമിക്കാം. അവന്‍ മേയ്ക്കുന്ന മേച്ചില്‍പ്പുറങ്ങളാണ് നാം കണ്ടെത്തുന്ന ചതുപ്പുനിലങ്ങളെക്കാള്‍ അഭികാമ്യം.

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles