Home/Encounter/Article

ആഗ 21, 2024 59 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

“ഈശോ ഉണ്ടെങ്കിൽ ബോധ്യപ്പെടുത്തിത്തരണം!”

ചാച്ചനും അമ്മച്ചിയും അനുജനും ഞാനും ഉള്‍പ്പെടുന്നതായിരുന്നു എന്‍റെ കുടുംബം. ഞാന്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മറക്കാനാവാത്ത ഒരു ദുഃഖാനുഭവം ഉണ്ടായി, ബൈക്ക് ആക്‌സിഡന്റില്‍പ്പെട്ട് ചാച്ചന്‍റെ മരണം. ആ മരണം എനിക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഒട്ടും സാധിച്ചില്ല. അതോടെ ഈശോയിലുള്ള വിശ്വാസവും സ്‌നേഹവും പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പള്ളിയില്‍ പോകാതായി,. പ്രാര്‍ത്ഥിക്കില്ല, ആരോടും വലിയ സംസാരവുമില്ല. ഇത് എന്ത് ജീവിതമാണ് എന്നൊക്കെയുള്ള ചിന്തയായിരുന്നു മനസില്‍. കാരണം ചാച്ചന്‍ എവിടെ പോകുന്നതിനു മുമ്പും ക്രൂശിതരൂപത്തിന്‍റെ മുമ്പില്‍ വന്നുനിന്ന് കുരിശുവരച്ച് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് പോകാറുള്ളത്. ‘എന്നിട്ടും ചാച്ചന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഈശോ ശരിക്കും ഉണ്ടോ?’ ഇതൊക്കെയായിരുന്നു മനസിലെ ചോദ്യങ്ങള്‍.

ചാച്ചന്‍ ഇല്ലാതായതോടെ പഠിക്കാനും താത്പര്യമില്ലാതായി. ഞാന്‍ മോശം കൂട്ടുകെട്ടുകളിലൊക്കെപ്പെട്ട് പഠനത്തില്‍ പിന്നിലാണെന്ന് എന്‍റെ അമ്മച്ചി അറിഞ്ഞു. അമ്മച്ചിക്കത് വളരെ വിഷമമായി. ആ സമയത്ത് ഞാന്‍ ചാച്ചന്‍റെ പെങ്ങളുടെ വീട്ടില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. വലിയ സങ്കടത്തോടെ അമ്മച്ചി തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍പോയി എട്ട് വെള്ളിയാഴ്ച എനിക്കുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു.

സങ്കടക്കടലില്‍ കൈപിടിച്ച അമ്മ

അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ പഴയ നാളുകളെക്കുറിച്ച് ചിന്തിച്ചു. ചാച്ചന്‍ ഉണ്ടായിരുന്ന ദിവസങ്ങളെക്കുറിച്ചും അന്നത്തെ സ്‌കൂള്‍ദിനങ്ങളെക്കുറിച്ചും. എല്ലാ ദിവസവും സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ജപമാല ചൊല്ലണമെന്ന് അമ്മച്ചി പറഞ്ഞുതന്നിരുന്നു. അതിനാല്‍ത്തന്നെ സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ജപമാല ചൊല്ലിത്തീര്‍ക്കാന്‍വേണ്ടി ആരോടും മിണ്ടാറില്ല. ദിവസവും നാലു ജപമാല വീതം ചൊല്ലുമായിരുന്നു.

അന്നൊക്കെ എനിക്ക് എന്തൊരു സന്തോഷമായിരുന്നു എന്ന് ഞാനോര്‍ത്തു. ഇപ്പോഴാണെങ്കില്‍ എന്‍റെ ഉള്ളില്‍ വലിയ സങ്കടമാണ്. സങ്കടംകൊണ്ട് മരിക്കുമോ എന്നുവരെ തോന്നിയിട്ടുണ്ട്. പെട്ടെന്ന് പഴയതുപോലെ ജപമാല ചൊല്ലാന്‍ തുടങ്ങാം എന്നൊരു ചിന്ത. പിന്നീട് ആ ചിന്ത ശക്തിപ്പെട്ട് അന്ന് ഉച്ചയ്ക്കുശേഷം മുതല്‍ ഞാന്‍ ജപമാല ചൊല്ലിത്തുടങ്ങി. ഓരോ നന്മനിറഞ്ഞ മറിയവും ഏറെ കരഞ്ഞാണ് പ്രാര്‍ത്ഥിച്ചത്, അതുകൊണ്ട് കുറെ സമയമെടുക്കുമായിരുന്നു.

കാടും കോട്ടയും കടന്ന്…

ഈശോ ഉണ്ടെങ്കില്‍ അതെന്നെ ബോധ്യപ്പെടുത്തിത്തരണം എന്നതുമാത്രമായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചതിന്‍റെ ലക്ഷ്യം. എന്നും തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥന തുടര്‍ന്ന ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തില്‍ ഞാന്‍ കൊടുംവനത്തിലൂടെ പോവുകയാണ്. നടുവിലൂടെ ഒരു അരുവി ഒഴുകുന്നു. ഞാന്‍ അതിന്‍റെ അരികിലൂടെ നടന്നുനടന്ന് ആ കാടിന്‍റെ നടുവിലുള്ള വലിയൊരു കോട്ടയിലെത്തി. പുരാതന അവശിഷ്ടങ്ങളൊക്കെയുള്ള പഴയൊരു കോട്ട. എല്ലായിടത്തും ചെടികളൊക്കെ വളര്‍ന്നുനില്‍ക്കുന്നു. ഞാന്‍ അതെല്ലാം മാറ്റിമാറ്റി നോക്കിയപ്പോള്‍ അതിനുള്ളില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു – ഉന്നതി, അഭ്യുന്നതി എന്ന്. എനിക്കൊന്നും മനസിലായില്ല. പെട്ടെന്ന് ആ സ്വപ്നം തീര്‍ന്നു.

പിറ്റേദിവസം അമ്മച്ചി ഫോണ്‍ വിളിച്ച് പറഞ്ഞു: ”തൃശൂരില്‍ പത്താംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് ധ്യാനം നടക്കുന്നുണ്ട്, നീ ആ ധ്യാനം കൂടണം.” അടുത്ത ദിവസങ്ങളില്‍ത്തന്നെ അമ്മച്ചി വന്ന് എന്നെ ആന്റിയുടെ വീട്ടില്‍നിന്ന് കൊണ്ടുപോയി. അമ്മച്ചിയുടെ വീടിന് സമീപമുള്ള തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍ എന്നെ ധ്യാനത്തിന് വിട്ടു. സ്തുതിപ്പിനെക്കുറിച്ച് ധ്യാനഗുരുവായ ഫാ. ഡേവിസ് പട്ടത്ത് സി.എം.ഐ പറഞ്ഞതെല്ലാം കേട്ടപ്പോള്‍ സര്‍വശക്തിയുമെടുത്ത്, കൈ വിരിച്ചുപിടിച്ച് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. ”എന്‍റെ ഈശോയേ, നീ ഉണ്ടെങ്കില്‍ എന്‍റെയടുത്തൊന്ന് വരണേ. എന്നെ ബോധ്യപ്പെടുത്തിത്തരണേ” എന്നൊക്കെയാണ് അതിനിടെ ഞാന്‍ പറഞ്ഞിരുന്നത്.

സ്വര്‍ഗം ഇങ്ങനെയാണോ?

പെട്ടെന്ന് ഒരു അനുഭവം! ധ്യാനിച്ചുകൊണ്ടിരിക്കുന്ന ആ ഹാളും സ്വര്‍ഗവും ഒന്നാകുന്നതുപോലെ… ഞാന്‍ സ്വര്‍ഗത്തില്‍ നില്‍ക്കുന്നതുപോലെയും തോന്നി. ചുറ്റും കുട്ടികളല്ല വെള്ളയണിഞ്ഞ കുറെ ആളുകള്‍. അള്‍ത്താരയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ചവിട്ടുപടികള്‍. ആ പടികള്‍ അവസാനിക്കുന്നത് ഏറ്റവും മുകളിലാണ്. മൂന്നു സിംഹാസനങ്ങളാണ് അവിടെ ഉണ്ടായിരുന്നത് – സ്വര്‍ഗീയ പിതാവും ഈശോയും ഓരോ സിംഹാസനങ്ങളില്‍ ഇരുന്നിരുന്നു. മൂന്നാമത്തെ സിംഹാസനത്തില്‍ ആരെയും കണ്ടില്ല. വീണ്ടും നോക്കിയപ്പോഴതാ ഈശോ എന്നെ നോക്കുന്നു! അവിടുന്ന് ആ പടികള്‍ ഇറങ്ങിയിറങ്ങിവന്ന് അള്‍ത്താരയിലേക്ക് എത്തി.

തുടര്‍ന്ന് അവിടെനിന്നിറങ്ങി ധ്യാനഹാളിന്‍റെ മധ്യത്തിലൂടെ നടന്ന് ഞാന്‍ നില്‍ക്കുന്ന നിരയുടെ മുന്നില്‍വന്നു. എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു ആലിംഗനം! ഹൃദയം നിറയ്ക്കുന്ന ഒരു സ്‌നേഹാനുഭവമായിരുന്നു അത്!! ആ സ്‌നേഹം അനുഭവിച്ചപ്പോള്‍ ഈശോയോട് ചോദിച്ചു, ”ഞാന്‍ എന്താ ഈശോയേ ചെയ്യേണ്ടത്?”
ഈശോ മറുപടി പറയാതെ, ഞാന്‍ ഒരു സന്യാസ വസ്ത്രം ധരിച്ചുനില്ക്കുന്നതായി എനിക്ക് കാണിച്ചുതന്നു. തുടര്‍ന്ന് കണ്ടത് സന്യാസിനിയായി ഞാന്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ മാതാവും എന്‍റെകൂടെ ജപമാല ചൊല്ലുന്ന ദൃശ്യമാണ്. ഞാനൊരു സന്യാസിനി ആകണമെന്നാണ് ഈശോയുടെ ആഗ്രഹമെന്ന് എനിക്ക് ഉറപ്പായി. ധ്യാനത്തിന്‍റെ അവസാനം സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള സമയത്ത് ഞാനെന്‍റെ അനുഭവങ്ങള്‍ പറഞ്ഞു.

അമ്മച്ചിയുടെ കണ്ണീരും മഠവും

അന്ന് ഏതാനും കുട്ടികള്‍ എന്‍റെ അടുത്തെത്തി, ഏത് കോണ്‍ഗ്രിഗേഷനിലാണ് പോകുന്നത് എന്നു ചോദിച്ചു. സ ന്യാസാര്‍ത്ഥിനികളായ അവര്‍ അവരുടെ സന്യാസവസ്ത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എന്നെ ഈശോ കാണിച്ചുതന്ന സന്യാസവസ്ത്രവുമായി സാമ്യമുള്ളതുപോലെ തോന്നി. ധ്യാനംകഴിഞ്ഞ് എന്നെ കൊണ്ടുപോകാന്‍ അമ്മച്ചി വന്നയുടന്‍ ഞാനെന്‍റെ സന്തോഷം പങ്കുവച്ചു, ”അമ്മച്ചീ, ഞാന്‍ ഈശോയെ കണ്ടു. ഈശോയ്ക്ക് നമ്മളോട് വലിയ സ്‌നേഹമാണ്. ഞാന്‍ അതുകൊണ്ട് സിസ്റ്ററാകാന്‍ തീരുമാനിച്ചു!”

അതുകേട്ട് അമ്മച്ചി ഒറ്റക്കരച്ചില്‍. ”അതിനുവേണ്ടിയാണോ ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നേ, നിനക്കറിയാവുന്നതല്ലേ എനിക്കിനി വാവയും നീയും മാത്രമേ ഉള്ളൂവെന്ന്! പിന്നെന്താ നീ ഇങ്ങനെ പറയുന്നേ” എന്നൊക്കെ ചോദിച്ചുകൊണ്ട് കരയുകയാണ്. ഞാന്‍ അമ്മച്ചിയെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു: ”നമുക്ക് ഇവരുടെകൂടെ പോയി, ഇവരുടെ കോണ്‍വെന്റൊക്കെ കണ്ട്, ഞാന്‍ കണ്ടതുപോലെയാണോ എന്ന് നോക്കാം.” ഒട്ടും മനസില്ലെങ്കിലും എന്‍റെ ആഗ്രഹമായതിനാല്‍ അമ്മച്ചി എന്‍റെകൂടെ വന്നു. അവിടെ ചെന്നപ്പോള്‍ ഈശോ എനിക്ക് കാണിച്ചുതന്ന സന്യാസവസ്ത്രവും രീതികളുമൊക്കെയാണ് കണ്ടത്. അതുകണ്ട് ഞാന്‍ അമ്മച്ചിയോട് പറഞ്ഞു, ”ഞാനിവിടെ ഒരു സിസ്റ്ററാകണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്.” അമ്മച്ചിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ഞങ്ങള്‍ എന്‍റെ നാടായ പാലായിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഞാന്‍ സിസ്റ്ററാകാന്‍ തീരുമാനിച്ച കാര്യം എല്ലാവരോടും പറഞ്ഞു. പക്ഷേ ആര്‍ക്കും സ്വീകാര്യമല്ലായിരുന്നു. ചാച്ചന്‍റെ ഒരു അനുജന്‍മാത്രമാണ് താത്പര്യം കാണിച്ചത്. അതിനാല്‍ത്തന്നെ എന്നെ പിന്തിരിപ്പിക്കാന്‍ അവര്‍ കുറെ ശ്രമിച്ചു. പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ വാങ്ങിത്തന്നു. അവര്‍ക്ക് എന്നോടുള്ള സ്‌നേഹംകൊണ്ടാണ് അങ്ങനെയെല്ലാം ചെയ്യുന്നത് എന്നെനിക്ക് അറിയാമായിരുന്നു. പക്ഷേ അതിനെക്കാള്‍ ഉപരി ഈശോയ്ക്ക് എന്നോടുള്ള സ്‌നേഹം ഓര്‍ത്തപ്പോള്‍ എനിക്ക് പോകാതെവയ്യാത്ത അവസ്ഥ.

ഈശോയോട് മത്സരിച്ച ബന്ധുക്കള്‍

മഠത്തില്‍ പോയാല്‍ അവിടെ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്, പുറമെ കാണുന്നതുപോലെയൊന്നുമല്ല സന്യാസജീവിതം എന്നായിരുന്നു ചില ബന്ധുക്കളുടെ അഭിപ്രായം. പക്ഷേ എനിക്ക് ഈശോയോടുള്ള സ്‌നേഹത്തെപ്രതിയും ഈശോയ്ക്ക് എന്നോടുള്ള സ്‌നേഹത്തെപ്രതിയും മാത്രമാണ് ഞാന്‍ മഠത്തില്‍ പോകുന്നത് എന്നു ഞാന്‍ അവരോടു പറഞ്ഞു. എന്നാലും എന്‍റെ അമ്മച്ചിക്കും അനുജനുമൊക്കെ വളരെ വിഷമമായിരുന്നു. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അവന് ആരുമില്ല എന്നു പറഞ്ഞ് അനുജന്‍ ഒരുപാട് കരഞ്ഞു.

”ഞാന്‍ ഈശോയ്ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാനല്ലേ പോകുന്നത്. അതിനാല്‍ നമുക്കൊരു കുറവും വരികയില്ല. നിങ്ങളുടെ കാര്യം ഈശോ നോക്കിക്കോളും” എന്നെല്ലാം പറഞ്ഞ് ഞാന്‍ അവനെ ആശ്വസിപ്പിച്ചു. എങ്കിലും ആരും എന്നെ കോണ്‍വെന്റില്‍ വിടാന്‍ തയാറല്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു, എന്തു വന്നാലും ഒരു മാസത്തിനുള്ളില്‍ ഞാന്‍ മഠത്തില്‍ പോയിരിക്കുമെന്ന്. അത് യാഥാര്‍ത്ഥ്യമായി, ഒരു മാസത്തിനുള്ളില്‍ അത്ഭുതകരമായി അമ്മച്ചിതന്നെ എന്നെ മഠത്തില്‍ എത്തിച്ചു. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സമയത്ത് പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിലൂടെയാണ് ഞാന്‍ ഈശോയുടെ സ്‌നേഹത്തിലേക്ക് നയിക്കപ്പെട്ടത്. അമ്മയുടെ അടുത്ത് ചെല്ലുന്നവരെയെല്ലാം അമ്മ ഈശോയിലേക്ക് നയിക്കും. ഈശോയുടെ സ്‌നേഹാനുഭവത്തിനുശേഷം അമ്മയുടെ നാമത്തിലുള്ള മേരിമക്കള്‍ സന്യാസസഭയിലേക്കുതന്നെ നയിക്കപ്പെട്ടു എന്നതും എനിക്ക് ലഭിച്ച അനുഗ്രഹമാണ്.

വിശുദ്ധരാകണോ? ഇതാ വഴി

നാം എല്ലാവരെക്കുറിച്ചും ഈശോയ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്, സ്വപ്നങ്ങളുണ്ട്. ഈശോയ്ക്ക് എന്നെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന് നാം ഓരോരുത്തരും ഈശോയോടുതന്നെ ചോദിക്കണം. അപ്പോള്‍ ഈശോ നമുക്കത് പറഞ്ഞുതരും. ഓരോരുത്തരെയും ഈശോ വിളിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എല്ലാറ്റിനും ഉപരി എനിക്ക് ഈശോയെ സ്‌നേഹിക്കണം, ഈശോയോടുള്ള സ്‌നേഹത്തെപ്രതി ധാരാളം ആത്മാക്കളെ നേടണം, ഈശോയോടുള്ള സ്‌നേഹത്തില്‍ മറ്റുള്ളവരെ ശുശ്രൂഷിക്കണം എന്നു ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ആ തോന്നലിലൂടെ നിങ്ങളെ ഈശോ വിളിക്കുന്നതായിരിക്കാം. ”സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും” (മര്‍ക്കോസ് 8/35) എന്നല്ലേ തിരുവചനം പറയുന്നത്.
ആര്‍ക്കെങ്കിലും വിശുദ്ധനായ ഒരു വൈദികനാകണം, സിസ്റ്ററാകണം എന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ പരിശുദ്ധ അമ്മയോടുചേര്‍ന്ന് പ്രാര്‍ത്ഥിക്കണം. പരിശുദ്ധ അമ്മയോട് നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ ബാക്കിയുള്ളവ പിന്നെ പരിശുദ്ധ ദൈവമാതാവ് നോക്കിക്കൊള്ളും. അതാണ് എന്‍റെ അനുഭവം.

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles