Trending Articles
അലക്സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: പാര്മെനിയോക്ക് ആവശ്യത്തിലും അധികം ഇപ്പോള്‍ത്തന്നെ കൊടുത്തുകഴിഞ്ഞു. അപ്പോള്‍ അലക്സാണ്ടര്‍ പറഞ്ഞു: ശരിയായിരിക്കാം, എന്നാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഇത് നിസാരമാണ്. ചക്രവര്‍ത്തിയുടെ സമ്പത്തും പദവിയുമനുസരിച്ചാണ് ഞാന്‍ സമ്മാനം നല്‍കുന്നത്.”
അങ്ങനെയെങ്കില്‍ സകലത്തിന്റെയും ഉടയവനും സര്‍വശക്തനുമായ ദൈവം നമുക്കു നല്കുന്ന
സമ്മാനങ്ങള്‍ എത്ര വിശിഷ്ടമായിരിക്കും!
“സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!” (എഫേസോസ് 1/3)
Shalom Tidings
പ്രാചീനകാലത്ത്, വിജയശ്രീലാളിതനായ സൈന്യാധിപന്റെ രഥത്തിന് പിന്നില്‍ ഒരു ദൂതന് ഇരിക്കും. അയാള്‍ വിളിച്ചുപറയും, "നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് ഓര്‍മിക്കുക!" വിജ്ഞാനികളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തിരുന്നത്. അഹങ്കാരത്താല്‍ സൈന്യാധിപന് അന്ധനായിത്തീരാതിരിക്കാനായിരുന്നു ഈ ക്രമീകരണം. വിനയത്തില്‍ വളര്‍ന്നാല്‍മാത്രമേ ഇനിയും വിജയിയാകാന്‍ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു അത്. "വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്" (സുഭാഷിതങ്ങള്‍ 22/4).
By: Shalom Tidings
Moreധനികനായ ഒരു മനുഷ്യന് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സ്വത്തെല്ലാം ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അതുകണ്ട ഒരു സ്നേഹിതന് എന്തിനാണ് ഇപ്രകാരം ദാരിദ്ര്യത്തിലായത് എന്ന് അയാളോട് ചോദിച്ചു. അദ്ദേഹം തന്റെ സുവിശേഷഗ്രന്ഥം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു, "എന്റെ സ്വത്തെല്ലാം ഇത് കവര്‍ന്നെടുത്തതുകൊണ്ടാണ്!" "സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവന് അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു" (മത്തായി 13/44)
By: Shalom Tidings
Moreയേശു ഉള്ള പള്ളിയും ഇല്ലാത്ത പള്ളിയും തിരിച്ചറിയുന്ന മുസ്ലീം യുവതി, നിക്കി കിംഗ്സ്ലി പങ്കുവയ്ക്കുന്ന അസാധാരണ ജീവിതകഥ ആ വര്‍ഷത്തെ ഡിസംബര്‍മാസമെത്തി, ക്രിസ്മസ് കാലം. മറിയം എന്നെ യേശുവിലേക്ക് തിരിച്ചതിനുശേഷം എനിക്ക് യേശുവിനെ തിരസ്കരിക്കാന്‍ സാധിക്കുന്നില്ലായിരുന്നല്ലോ. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയധികമായി യേശുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് യേശുവില്‍നിന്നുതന്നെ ഉത്തരം കിട്ടാനായി ശ്രമിച്ചു. ദൈവാലയമാണല്ലോ യേശുവിന്റെ ഭവനം. അതിനാല്‍ വീടിനടുത്തുള്ള ദൈവാലയത്തില്‍ പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. തന്റെ ദൈവാലയത്തിലേക്ക് എന്നെ ക്ഷണിച്ച ക്രിസ്ത്യന്‍ കൂട്ടുകാരിയോട് ഇക്കാര്യം പറയാന്‍ പോയില്ല. യേശുവിന് എന്നില്‍നിന്ന് എന്താണ് വേണ്ടത് എന്നറിയണം, അതോടെ എല്ലാം അവസാനിക്കുമല്ലോ. പിന്നെ സ്വസ്ഥമായി പഴയതുപോലെ ജീവിക്കാം; അതാണ് എന്റെ ആവശ്യം. അത്രയും ഞാന്‍ മടുത്തിരിക്കുകയാണ്. ക്രിസ്മസ് പാതിരാ ശുശ്രൂഷകളുടെ സമയത്താണ് ഞാന്‍ ആ ദൈവാലയത്തിലേക്ക് പോയത്. മനോഹരമായ അനുഭവം. എല്ലാവരും വളരെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ള നല്ല മനുഷ്യര്‍... പക്ഷേ യേശുവിന്റെ സാന്നിധ്യം എനിക്ക് അവിടെ കിട്ടിയില്ല, ശൂന്യതയാണ് അനുഭവപ്പെട്ടത്. കാരണം ആ സാന്നിധ്യം എനിക്ക് കൃത്യമായി മനസിലാവുമായിരുന്നു. ഞാന്‍ നിരാശതയോടെ പറഞ്ഞു, "നീ നിന്റെ വീട്ടില്‍പ്പോലുമില്ല!" അടുത്ത ദിവസങ്ങളില്‍ത്തന്നെ ഇക്കാര്യം ഞാന്‍ കൂട്ടുകാരിയോട് പങ്കുവച്ചു. ഞാന്‍ ഏത് ദൈവാലയത്തിലാണ് പോയതെന്നായിരുന്നു അപ്പോള്‍ അവള് അന്വേഷിച്ചത്. എന്റെ വീടിന് സമീപത്തുള്ള ദൈവാലയമാണെന്ന് കേട്ടപ്പോള്‍ വീണ്ടും, അവളുടെ ദൈവാലയത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു. "ഞാന്‍ നിന്റെ ദൈവാലയത്തില്‍ വരാം, അവിടെ യേശു ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് മനസിലാവും," എന്നായിരുന്നു എന്റെ മറുപടി. എന്തായാലും ഇനിയൊരു ശുശ്രൂഷാസമയത്ത് ഞാന്‍ ദൈവാലയത്തില്‍ പോകുകയില്ല. അത്ര സമയം അതിനായി ചെലവഴിക്കാന്‍ വയ്യ എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സാധാരണ ദിവസം രാവിലെ മറ്റാരുമില്ലാത്ത സമയത്ത് ഞാന്‍, കൂട്ടുകാരി പറഞ്ഞ ദൈവാലയത്തില്‍ ചെന്നു. ആദ്യചുവടുവച്ച് ശ്വാസം ഉള്ളിലേക്കെടുത്തപ്പോഴേ എനിക്ക് മനസിലായി, യേശു അവിടെ ജീവിക്കുന്നു! അവന് അവിടെ ഉണ്ട്!! യേശുവിന്റെ സാന്നിധ്യം ശാരീരികമായിത്തന്നെ വ്യക്തമായി അനുഭവപ്പെട്ടു. എനിക്കാണെങ്കില്‍ വിവിധസഭകളെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല. സാവധാനം മനസിലായി അതൊരു കത്തോലിക്കാദൈവാലയമാണെന്ന്. ഞാനവിടെ ഇരുന്നുകൊണ്ട് ഉരുവിട്ടു, "ഓ യേശുവേ, ഞാനൊടുവില്‍ നിന്റെ ഭവനം കണ്ടെത്തിയിരിക്കുന്നു. ഇനി പറയണം, നിനക്കെന്താണ് എന്നില്‍നിന്ന് വേണ്ടത്, എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?" പ്രത്യേകിച്ച് മറുപടിയൊന്നും ലഭിച്ചതായി തോന്നിയില്ല. എന്തായാലും അന്നുമുതല്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ ആ ദൈവാലയത്തില്‍ സ്ഥിരമായി പോകാന്‍ തുടങ്ങി. അവിടെ പിന്നിലെ നിരയിലിരുന്ന് ക്രൂശിതരൂപത്തിലെ ഈശോയോട് തര്‍ക്കിക്കും, "നീ ദൈവത്തിന്റെ പുത്രനല്ല. കാരണം, ദൈവത്തിന് പുത്രനില്ല. എന്താണ് നിനക്ക് വേണ്ടത്? എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?" ഇതെല്ലാം കഴിഞ്ഞ് അന്നത്തെ എന്റെ കാര്യങ്ങളെല്ലാം പറയും. ടീനേജറായ മകളെക്കുറിച്ച്, എന്റെ പ്രതിസന്ധികളെക്കുറിച്ച്... അങ്ങനെ എല്ലാമെല്ലാം... ദൈവാലയത്തില്‍ നിറയെ ആളുകളുണ്ടാകുമെന്നതിനാല്‍ ഞായറാഴ്ചകളില്‍മാത്രം പോവുകയില്ല. ഇങ്ങനെ മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം, ഞാന്‍ പതിവുപോലെ എന്റെ സംസാരം തുടങ്ങി. പെട്ടെന്ന്, അത്രയും ദിവസം ഉണ്ടാകാത്ത ഒരു അനുഭവം! ഒരു സ്വരം അവിടെ പ്രതിധ്വനിച്ചു, "ഞാന്‍ ആരാണ് എന്നും ആരല്ലായെന്നും പറയാന്‍ നീയാര്?!! നിനക്ക് സത്യം അറിയണമെങ്കില്‍ പോവുക, എന്നിട്ട് കേള്‍ക്കാന്‍ തയാറുള്ള ഒരു കുഞ്ഞിനെപ്പോലെ മടങ്ങിവരുക. ഞാന്‍ നിന്നോട് സത്യമെന്താണെന്ന് പറഞ്ഞുതരാം." അത് ശരിയായിരുന്നു... അവന് ദൈവമാണെങ്കില്‍ അവനാരാകണം, ആരാകരുത് എന്നൊക്കെ പറയാന്‍ ഞാനാരുമല്ലല്ലോ. യേശു എനിക്ക് തന്നത് ഒരു വ്യവസ്ഥയാണ്, സത്യം അറിയണമെങ്കില്‍ അവന് പറഞ്ഞതുപോലെ ചെയ്യാം. അത് ഒരു ക്ഷണമോ നിര്‍ബന്ധമോ ഒന്നുമല്ല, വ്യവസ്ഥമാത്രം. നമുക്ക് സ്വാതന്ത്ര്യമുണ്ട്. തീരുമാനം എടുക്കേണ്ടത് ഞാനായിരുന്നു. അന്നെനിക്ക് നാല്പത് വയസുണ്ട്. അതുവരെ ഞാന്‍ പഠിച്ചുവച്ചിട്ടുളളതെല്ലാം മനസില്‍നിന്ന് നീക്കി അവന് പറഞ്ഞുതരുന്നത് കേള്‍ക്കാനായി മനസ് തുറക്കുക എന്നത് പ്രയാസകരമായ കാര്യമായിരുന്നു. പക്ഷേ എനിക്ക് സത്യമറിയണം. അതിനാല്‍ മനസ് ശൂന്യമാക്കി, അവന്റെ മുന്നിലിരുന്ന സമയം! ആ ക്രൂശിതരൂപത്തില്‍നിന്ന് ഒരു മിന്നല്‍വെളിച്ചം എന്നിലേക്ക് വന്നു! ഞാന്‍ വിറച്ച് മുട്ടില്‍ വീണുപോയി. കാരണം യേശു എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. "എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്ന് കര്‍ത്താവ് ശപഥപൂര്‍വം അരുളിച്ചെയ്യുന്നു" (റോമാ 14/11). ക്രിസ്തുവിശ്വാസത്തിന്റെ രഹസ്യങ്ങളെല്ലാം ആ നിമിഷം ഞാനറിഞ്ഞെന്ന് തോന്നി. കരഞ്ഞുകൊണ്ട് 'ഞാന്‍ വിശ്വസിക്കുന്നു! ഞാന്‍ വിശ്വസിക്കുന്നു!' എന്ന് പറയാനല്ലാതെ മറ്റൊന്നും അപ്പോള്‍ എനിക്ക് ചെയ്യാനാകുമായിരുന്നില്ല. മുട്ടില്‍ വീണ് ഞാന്‍ യേശുവിനെ സ്വീകരിച്ച നിമിഷം... മുമ്പ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്ന മതില് കണ്മുന്നില് തകര്‍ന്നുവീണു. എന്റെ പിതാവായ ദൈവത്തെ ഞാന്‍ കണ്ടു. അതൊരു ഫിലോസഫിയോ ആശയസംഹിതയോ ഒന്നുമായിരുന്നില്ല; സത്യമായിരുന്നു! നാളുകളായി എന്നെ കാത്തിരുന്ന സ്നേഹനിധിയായ പിതാവ്; അവിടുത്തെ ഞാന്‍ കണ്ടു. എന്റെ 'ബാബാ,' അങ്ങനെയാണ് വ്യക്തിപരമായി ഞാനവിടുത്തെ വിളിക്കുന്നത്. പുത്രനിലൂടെയല്ലാതെ പിതാവിലേക്കെത്താന്‍ കഴിയുകയില്ലല്ലോ. "യേശു പറഞ്ഞു, വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല" (യോഹന്നാന് 14/6). മുമ്പും ഞാന്‍ ദൈവത്തെ സ്നേഹിച്ചിരുന്നു. പക്ഷേ അത് കൊട്ടാരത്തിനുപുറത്ത് ജീവിക്കുന്ന ഒരു അടിമയെപ്പോലെയായിരുന്നു എന്ന് തോന്നുന്നു. യേശുവാകുന്ന വാതിലിലൂടെ പ്രവേശിച്ചപ്പോള്‍ എനിക്ക് ദൈവപിതാവിന്റെ മകളാകാനും അവിടുത്തെ സമീപിക്കാനും കഴിഞ്ഞു. വാസ്തവത്തില്‍ മുമ്പ് ഇന്റര്‍നെറ്റ് സേര്‍ച്ച് ചെയ്യാതിരുന്നതെല്ലാം നന്നായി എന്ന് തോന്നി. കാരണം യേശുതന്നെ എന്നെ ഒരു നിമിഷംകൊണ്ട് വിശ്വാസരഹസ്യങ്ങള്‍ പഠിപ്പിച്ചുതന്നു. അതിനാല്‍ത്തന്നെ മറ്റ് അകത്തോലിക്കാസഭകളിലേക്ക് തെല്ലും ആകര്‍ഷിക്കപ്പെടാന്‍ ഇടയായില്ല. ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളോട് എങ്ങനെ പറയാതിരിക്കും? മനസുകൊണ്ട് ഒരു തികച്ചും കത്തോലിക്കാവിശ്വാസിയായിട്ടും പിന്നെ കപടജീവിതം നയിക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഞാന്‍ കത്തോലിക്കയാകാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ അവര്‍ നിര്‍ദേശിച്ചത് 'ദൈവാലയത്തില്‍ പോയിക്കൊള്ളുക, പക്ഷേ കത്തോലിക്കയാവാനൊന്നും നില്‍ക്കേണ്ട' എന്നായിരുന്നു. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു, "ഞാന്‍ സത്യം അറിഞ്ഞു. ഇനി അതിനനുസരിച്ച് ജീവിക്കണം. അവന് വന്നത് നമ്മെ സത്യത്താല്‍ സ്വതന്ത്രരാക്കാനാണ്. അവനെ നിഷേധിച്ചാല്‍ അവന് നമ്മെയും നിഷേധിക്കും." ഇത് ബൈബിളില്‍ നല്‍കിയിട്ടുള്ള വചനമാണെന്നൊന്നും അന്ന് എനിക്കറിയുമായിരുന്നില്ല. പിന്നീട് ബൈബിള്‍ വായിച്ചപ്പോള്‍ ഇതെല്ലാം എനിക്കറിയാമായിരുന്നല്ലോ എന്ന് തോന്നി. മാമ്മോദീസ സ്വീകരിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് 13 വര്‍ഷമാകുന്നു. പക്ഷേ എത്ര ആവര്‍ത്തിക്കപ്പെട്ടിട്ടും ദിവ്യകാരുണ്യത്തോടും വിശുദ്ധബലിയോടുമുള്ള സ്നേഹം വര്‍ധിക്കുന്നതേയുള്ളൂ. എന്റെ രണ്ട് മക്കളും സ്വമനസാലെ മാമ്മോദീസ സ്വീകരിച്ചു. എന്റെ ഒരു സഹോദരി സ്വന്തം മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ എനിക്കുപിന്നാലെ രണ്ട് വര്‍ഷത്തിനുശേഷം സഭയിലേക്ക് വന്നു. മറ്റ് പല ബന്ധുക്കളും ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഞാന്‍ കരുതിയത്; ഞാന്‍ സഭയിലേക്ക് വന്നു, അതോടെ കഴിഞ്ഞു എന്നാണ്. പക്ഷേ ദൈവത്തിന് വലിയ പദ്ധതികളുണ്ടായിരുന്നു എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. മറിയം എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ അവള് എന്നെ പുത്രനിലേക്കാണ് എപ്പോഴും നയിക്കുന്നത്. അവളെ നിങ്ങള്‍ സ്നേഹിച്ചാല്‍ അവള് നിങ്ങളുടെ കൈകള്‍ പുത്രന്റെ കൈകളിലേക്ക് ചേര്‍ത്തുവയ്ക്കും.
By: Shalom Tidings
Moreഅപരിചിതമായ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തേണ്ടവര്‍ വൈകി. പക്ഷേ അന്നുണ്ടായത് മറക്കാനാവാത്ത അനുഭവം! സ്പെയിനിലെ ബാഴ്സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ്റലിയില്‍നിന്ന് സ്പെയിനിലെ ബാഴ്സിലോണയിലേക്കുള്ള ടിക്കറ്റ് എടുത്തുതന്നതും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിച്ചതുമെല്ലാം ധ്യാനം ഏര്‍പ്പാടാക്കിയ സിസ്റ്റേഴ്സ് ആണ്. അവര്‍ നല്കിയ നിര്‍ദേശപ്രകാരം നിശ്ചിതദിവസം ഞാന്‍ ഇറ്റലിയില്‍നിന്ന് യാത്ര തിരിച്ച് ബാഴ്സിലോണയിലെ എയര്‍പോര്‍ട്ടിലെത്തി. ഇറങ്ങിയ ഉടനെ എന്നെ സ്വീകരിക്കാന്‍ അവിടെ ആരെങ്കിലും വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആരെയും കണ്ടില്ല. അവരുടെ ഫോണ്‍ നമ്പറാകട്ടെ ഞാന്‍ കൈയില്‍ സൂക്ഷിക്കാന്‍ മറന്നു. എന്റെ ഇറ്റാലിയന്‍ ഫോണ്‍ നമ്പര്‍ സ്പെയിനില്‍ ഉപയോഗയോഗ്യവുമല്ല. അതിനാല്‍ അവര്‍ ഇങ്ങോട്ട് വിളിച്ചാല്‍ ലഭിക്കില്ല. മാത്രവുമല്ല കൈയില്‍ പണവും കുറവായിരുന്നു. ഈയവസ്ഥയില്‍ ഞാനെന്നെത്തന്നെ പഴിക്കാന്‍ തുടങ്ങി. ഫോണ്‍ നമ്പറോ സൂക്ഷിച്ചില്ല, അല്പം പണമെങ്കിലും കരുതണമായിരുന്നു. മനസ് വളരെ അസ്വസ്ഥം. പിന്നെ ചിന്തിച്ചു, ഞാന്‍ മറ്റുള്ളവരെ ഏറെ ഉപദേശിക്കാറുണ്ട്, പ്രതിസന്ധിയിലാകുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്ന്. എന്നാല്‍ എന്റെ സ്വന്തം കാര്യം വന്നപ്പോള്‍ അതൊന്നും പ്രായോഗികമാകുന്നില്ലല്ലോ. എങ്കിലും സാവധാനം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സിസ്റ്റേഴ്സിനുവേണ്ടിയും ആ സാഹചര്യത്തെപ്രതിയും എല്ലാം... പക്ഷേ ഒന്നും സംഭവിച്ചില്ല. എന്നോടൊപ്പം ആ ഫ്ളൈറ്റില്‍ വന്നവരെല്ലാം സ്വീകരിക്കാന്‍ വന്നവരോടൊപ്പം പോയിക്കഴിഞ്ഞിട്ടും ഞാന്മാത്രം അവിടെ ശേഷിച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കടന്നുപോയി. ആ സമയത്ത് ഒത്ത വലിപ്പമുള്ള ഒരു സ്പാനിഷുകാരന് എന്നെ സമീപിച്ചു. അദ്ദേഹം ചോദിച്ചു, "നിങ്ങള്‍ ഷിബു സെബാസ്റ്റ്യന്‍ അല്ലേ?" അതെയെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു, "നീണ്ടപാറയാണ് നാട് അല്ലേ? അതായത് കേരളമാണ് സ്വദേശം?" അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മറുപടി നല്കി. കാരണം ഷിബു സെബാസ്റ്റ്യന്‍ എന്നാണ് പാസ്പോര്‍ട്ടിലുള്ള എന്റെ പേര്. മറ്റ് വിശദവിവരങ്ങളും പാസ്പോര്‍ട്ടിലുള്ളതുതന്നെ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടി അത്തരം വിശദവിവരങ്ങളെല്ലാം സിസ്റ്റേഴ്സിന് നല്‍കിയിരുന്നു. അതിനാല്‍ അദ്ദേഹം സിസ്റ്റേഴ്സ് പറഞ്ഞുവിട്ട ആളായിരിക്കുമെന്ന് എനിക്ക് തോന്നി. മറക്കാനാവാത്ത അനുഭവം പക്ഷേ തുടര്‍ന്ന് അദ്ദേഹം വ്യത്യസ്തമായ ഒരു കാര്യമാണ് പറഞ്ഞത്, "ഷിബൂ, നിങ്ങളുടെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ട്!" അതുകേട്ട് ഞാനൊന്ന് ഞെട്ടി. ഉണ്ടെന്ന് മറുപടി നല്കി തലയുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. അല്പനേരത്തേക്ക് ഞാന്‍ സ്തബ്ധനായി. പിന്നെ, പെട്ടെന്ന് ഒരു വെളിച്ചം കിട്ടിയതുപോലെ ഞാനക്കാര്യം തിരിച്ചറിഞ്ഞു, അത് യേശുവാണ്! അപ്പോഴേക്കും അതാ ഒരു സിസ്റ്റര്‍ ഓടിവരുന്നു. അവരുടെ വസ്ത്രം ധരിച്ച് നടക്കാന്‍പോലും സാവധാനമേ സാധിക്കൂ. എന്നിട്ടും അവര്‍ ഓടിയാണ് വരുന്നത്. ഞാന്‍ വൈദികര്‍ ധരിക്കുന്ന കോളര്‍ ധരിച്ചിരുന്നതിനാല്‍ വേഗം എന്നെ തിരിച്ചറിഞ്ഞു. അടുത്തെത്തിയതേ അവര്‍ എന്നോട് ക്ഷമ ചോദിക്കാന്‍ തുടങ്ങി. "ക്ഷമിക്കണം അച്ചാ, ക്ഷമിക്കണം. ഞങ്ങള്‍ ആവൃതിയിലുള്ളവരാണ്. ഞങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ലാന്‍ഡ് ഫോണില്‍നിന്ന് അച്ചന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു, പക്ഷേ കിട്ടിയില്ല. ഞങ്ങള്‍ ഒരു ഡ്രൈവറെ കൂട്ടി വന്നതാണ്. അദ്ദേഹത്തിനാണെങ്കില്‍ ഈ എയര്‍പോര്‍ട്ട് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ അന്വേഷിച്ച് നേരത്തേതന്നെ ഈ എയര്‍പോര്‍ട്ടിലെത്തി. എങ്കിലും എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നറിയാതെ ഏറെസമയം ചുറ്റേണ്ടിവന്നു. അങ്ങനെ വൈകിപ്പോയതാണ്. സോറി അച്ചാ, ക്ഷമിക്കണം, ക്ഷമിക്കണം!" ഞാന്‍ പറഞ്ഞു, "സിസ്റ്റര്‍ ദയവുചെയ്ത് സോറി പറയരുത്. വൈകി വന്നതിന് നന്ദി!!" ആ വാക്കുകള്‍ കേട്ട് അവര്‍ തെല്ലൊന്ന് അമ്പരന്നുകാണണം. എന്നാല്‍, അവര്‍ വൈകിയതുകൊണ്ട് സ്പാനിഷുകാരന്റെ രൂപത്തില്‍ എന്നെ സമീപിച്ച യേശുവിനെ കാണാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ തുടര്‍ന്ന് വിശദീകരിച്ചു. ഈശോ പറഞ്ഞത്... അവിടെവച്ച് ഈശോ എന്നോട് പറഞ്ഞതെന്താണ്? "മോനേ, ഞാനിവിടെ നിന്നോടുകൂടെയുണ്ട്. ഞാന്‍ നിന്നെ നന്നായറിയുന്നു. നിന്റെ ഓമനപ്പേര് എനിക്കറിയാം. നിന്റെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ടെന്നും അറിയാം." കൈയൊടിഞ്ഞു എന്നത് എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നത്? അത് ആര്‍ക്കും അധികം അറിഞ്ഞുകൂടാത്ത ഒരു സംഭവമാണ്. എന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഒരനുഭവം. ഞാന്‍ സെമിനാരിയിലായിരുന്നപ്പോള്‍ ഒരിക്കല്‍ എന്റെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു. ആ പ്ലാസ്റ്ററുംകൊണ്ട് ഞാന്‍ വീണ്ടും വീണു. പ്ലാസ്റ്ററുള്‍പ്പെടെ എന്റെ കൈ വീണ്ടും ഒടിഞ്ഞു. 'സഭയുടെ പൈസ കുറേ പോകുമല്ലോ?' എന്നൊരു അഭിപ്രായം ആ സംഭവത്തെക്കുറിച്ച് കേള്‍ക്കേണ്ടിയും വന്നു. ഒരു സെമിനാരി വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്റെ ചികിത്സാചെലവുകള്‍ സന്യാസസഭയാണല്ലോ വഹിക്കുന്നത്. അതിനാല്‍ത്തന്നെ എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കിയ വാക്കുകളായിരുന്നു അത്. ആ സംഭവമാണ് ഈശോ ഓര്‍മിപ്പിച്ചത്. അവിടുന്ന് എല്ലാം അറിയുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ആ കരുതലിന്റെ അടയാളവും. പ്രഭാഷകന്‍ 23/19 വചനം ഓര്‍മിപ്പിക്കുന്നുണ്ട്, കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഏത് പ്രതിസന്ധിയും അവിടുന്ന് കാണുന്നുണ്ട്. അവിടുന്ന് നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊള്ളും. അതായിരുന്നു ആ ദൈവാനുഭവത്തിലൂടെ ഈശോ എനിക്ക് തന്ന ബോധ്യം.
By: Fr Antony Parankimalil VC
Moreഒരിക്കല്‍ ഒരാള്‍ എന്നോടിപ്രകാരം ചോദിച്ചു. "സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാത്തവിധം ചെറുപ്പംമുതല്‍ നിങ്ങള്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയില്‍ വളര്‍ന്നുവന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ അടിമത്തചങ്ങലകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ എന്തുകൊണ്ടാണ് ഇനിയെങ്കിലും നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നത്?" ഇതിനുള്ള എന്റെ മറുപടി ഇതായിരുന്നു: ഒരു ആഴിയുടെ നടുവില്‍ ഒരു ദ്വീപ് ഉണ്ടായിരുന്നു. അവിടത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച് സാമോദം വിഹരിച്ചിരുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭീമാകാരമായ കോട്ടകള്‍ ആ ദ്വീപിനെ വലയം ചെയ്തിരിക്കുന്നു. ഒരു ദിവസം ഏതാനും ആളുകള്‍ ചെറുതോണികളില്‍ അവിടെ വന്നെത്തി. ആരാണ് ആ കനത്ത ഭിത്തികള്‍ പണിതുണ്ടാക്കിയതെന്ന് അവര്‍ ചോദിച്ചു. അവ ആ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ആകയാല്‍ അതിനെ അതിവേഗം നശിപ്പിക്കണമെന്നും അവര്‍ ഉപദേശിച്ചു. കുട്ടികള്‍ അത് നശിപ്പിക്കുകതന്നെ ചെയ്തു. പക്ഷേ അതിന്റെ ഫലമോ, ഇന്ന് നാം ആ സ്ഥലം സന്ദര്‍ശിക്കുന്നെങ്കില്‍ കാണാം. അവിടത്തെ കുട്ടികളെല്ലാം ഭയവിഹ്വലരായി ദ്വീപിന്റെ നടുവില്‍ കൂട്ടം കൂടി പതുങ്ങിയിരിക്കുന്നത്. എന്താണതിനു കാരണം? മറ്റൊന്നുമല്ല, അവര്‍ക്ക് പാടുന്നതിനും കളിക്കുന്നതിനും വര്‍ധിച്ച ഭയം. അതെ, കടലില്‍പ്പെട്ട് നശിക്കുമെന്ന ഭയം അവരെ വല്ലാതെ ബാധിച്ചിരിക്കുന്നു. നമ്മുടെ ദിവ്യനാഥന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായത്? "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹന്നാന് 8/32)
By: Fulton J. Sheen
Moreവര്‍ധിച്ചുവരുന്ന സാത്താന് ആരാധനകള്‍, ക്രിസ്തുവിനെ അവഹേളിക്കുന്ന സിനിമകളുടെയും പുസ്തകങ്ങളുടെയും പെരുപ്പം, സഭയെയും പൗരോഹിത്യത്തെയും സന്യാസത്തെയും അവഹേളിക്കുന്ന മാധ്യമങ്ങള്‍, സ്വവര്‍ഗ വിവാഹത്തിന് ലഭിക്കുന്ന സ്വീകാര്യത-ഇതെല്ലാം ന്യൂ ഏജ് എന്ന പുതിയ പ്രസ്ഥാനം എത്രമാത്രം സമൂഹത്തെ കീഴടക്കിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. "അന്തിക്രിസ്തുവിന്റെ ഭരണകാലം സമീപിക്കുമ്പോള്‍ കപടമായ ഒരു മതം പ്രത്യക്ഷപ്പെടും. ദൈവത്തിന്റെ ഏകത്വത്തിനും അവിടുത്തെ സഭയ്ക്കും അത് എതിരായിരിക്കും. ലോകം ഒരിക്കലും ദര്‍ശിക്കാത്തവിധം ഭീകരമായ വിശ്വാസത്യാഗമുണ്ടാകും. അവസാനകാലം സമീപിക്കുംതോറും സാത്താന്റെ അന്ധകാരം ഭൂതലമെങ്ങും കൂടുതല്‍ കൂടുതല്‍ വ്യാപിക്കും. നാശത്തിന്റെ സന്തതികളുടെ എണ്ണം കൂടുകയും അതിനാനുപാതികമായി നീതിയുടെ മക്കള്‍ ചുരുക്കമാവുകയും ചെയ്യും" (സിസ്റ്റര്‍ ജിന്‍ ലേ റോയര്‍ 1731-1798). ലോകം മുഴുവനിലും ദൈവവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു മതത്തിന്റെ ആവിര്‍ഭാവം പ്രത്യക്ഷത്തില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ കപടമായ ശാസ്ത്രത്തിന്റെയും റിലാക്സേഷന് ടെക്നിക്കുകളുടെയും ഹോളിസ്റ്റിക് ചികിത്സാരീതികളുടെയും പൗരസ്ത്യ ധ്യാനരീതികളുടെയും മുഖംമൂടിയണിഞ്ഞ് എല്ലാ ജനതകളെയും വഞ്ചിച്ചുകൊണ്ട് ഒരു പുതിയ മതം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. വലിയ ബിസിനസ് കോര്‍പ്പറേഷനുകളുടെ നേതൃത്വത്തിലുള്ളവരും ഹോളിവുഡിലെ സെലിബ്രിറ്റീസും മുതല്‍ ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളിലുള്ളവര്വരെയാണ് ഈ പുതിയ മതത്തിന്റെ ആചാര്യന്മാരും പ്രചാരകരും. അവര്‍ ഉപയോഗിക്കുന്ന പദാവലികളൊന്നും സാധാരണ മതജീവിതവുമായി ബന്ധപ്പെടുന്നവയല്ലാത്തതിനാല് അവര്‍ ഒരു മതം പ്രചരിപ്പിക്കുകയാണെന്ന് ആര്‍ക്കും തോന്നുകയില്ല. വിദ്യാഭ്യാസം, ബിസിനസ്, വൈദ്യശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ എന്നീ മേഖലകളില്‍, നേരിട്ടു ബന്ധമില്ലാത്തതും എന്നാല്‍ ആന്തരികമായി ആഴമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിരവധി സംഘടനകള്‍ മുഖേന ഇവര്‍ സകല മേഖലകളിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. എങ്ങനെ തിരിച്ചറിയാം ഈ നവയുഗ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ പൊതുവായി അറിയപ്പെടുന്നത് ന്യൂ ഏജ് മൂവ്മെന്റ് എന്നാണ്. ന്യൂ ഏജ് മ്യൂസിക്, ന്യൂ ഏജ് തിങ്കിംഗ്, ന്യൂ ഏജ് മെഡിസിന്, ന്യൂ ഏജ് റിലീജിയന്‍ എന്നൊക്കെ നാം ധാരാളമായി കേള്‍ക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവയെന്താണെന്ന് നാം ഗൗരവമായി ചിന്തിക്കാറില്ല. വ്യവസ്ഥാപിതമായ ദൈവസങ്കല്പങ്ങളെയും ധാര്‍മികതയെയും ലോകക്രമത്തെത്തന്നെയും തകിടം മറിച്ചുകൊണ്ടിരിക്കുന്ന കപടമായ ഒരു മതത്തിന്റെ വഞ്ചനാപരമായ പേരാണ് ന്യൂ ഏജ് മൂവ്മെന്റ്. ന്യൂ ഏജ് സോഷ്യോളജിസ്റ്റായ മര്ലിന് ഫെര്ഗൂസണ് 1980-ല്‍ പ്രസിദ്ധീകരിച്ച "ദി അക്വേറിയന്‍ കോണ്‍സ്പിറസി" എന്ന ഗ്രന്ഥം ന്യൂ ഏജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്. ഒരു ലോകമതം, ലോക ഗവണ്മെന്റ്, രാഷ്ട്രങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഉപരിയായ 'വിശ്വപൗരത്വം' തുടങ്ങിയ സങ്കല്പങ്ങള് കേള്‍ക്കാന്‍ ഇമ്പമുള്ളവയെങ്കിലും 'കമ്യൂണിസം' എന്ന ഉട്ടോപ്യന്‍ ആശയംപോലെതന്നെ അപ്രാപ്യമായ ഒന്നാണത്. ഭൂമിയില്‍ സ്വര്‍ഗരാജ്യം പണിയാം എന്ന സ്വപ്നത്തിന്റെ ചെലവില്‍ അനേകലക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ശാരീരികമായി കൊല ചെയ്യപ്പെട്ടു. സ്വര്‍ഗസമാനമായ നവയുഗനിര്മിതിയുടെ പേരിലിന്ന് അനേകലക്ഷങ്ങളുടെ ആത്മാക്കള്‍ ന്യൂ ഏജ് പ്രസ്ഥാനംവഴി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ഈ പുതിയ മതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങള്‍ എന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലുള്ള ഗൂഢശക്തികള്‍ ആരാണെന്ന് നമുക്ക് വ്യക്തമാവുക. പുതിയ മതത്തിന്റെ പ്രത്യേകതകള്‍ യഹൂദ-ക്രൈസ്തവ വിശ്വാസത്തിലുള്ള, മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ഒരു ദൈവത്തെ ന്യൂ ഏജ് നിരാകരിക്കുന്നു. ക്രൈസ്തവവിശ്വാസത്തില്‍ ദൈവമാണ് എല്ലാത്തിന്റെയും കേന്ദ്രവും ഉറവിടവും. എന്നാല്‍ ന്യൂ ഏജ് ചിന്തയില്‍ മനുഷ്യനാണ് എല്ലാത്തിന്റെയും കേന്ദ്രമായി വരുന്നത്. നവയുഗ ദര്‍ശനത്തില്‍ ഓരോ വ്യക്തിയും ദൈവമാണത്രേ. കാരണം പ്രാപഞ്ചികശക്തിയുമായി അവന് ഒന്നുചേര്ന്നിട്ടുണ്ടെന്നും തന്നിലുള്ള ഈ അനന്തമായ ദൈവികതയെ തിരിച്ചറിഞ്ഞ് വളര്‍ത്തിയാല്‍ മതിയെന്നും ഇത് പഠിപ്പിക്കുന്നു. (1) എല്ലാം ഒന്നാണ്. അതിനാല്‍ സകലതും ദൈവവും ആണ് (All is one; therefore all is God). ഈ അദ്വൈതസിദ്ധാന്തം തന്നെയാണ് ന്യൂ ഏജ് മതത്തിന്റെയും അടിസ്ഥാനദര്‍ശനം. ഇവിടെ ദൈവം ഒരു വ്യക്തിയല്ല, ശക്തിമാത്രം. സൃഷ്ടിയില്‍നിന്നും വ്യത്യസ്തമായ ഒരു സ്രഷ്ടാവില്ല. സൃഷ്ടി അതില്‍തന്നെ ദൈവമാണ്. അതിനാല്‍ നന്മയും തിന്മയും ജീവനും മരണവും പിശാചും ദൈവവും എല്ലാം ഒന്നാണ്. സൂര്യനും മലകളും കന്നുകാലികളും എല്ലാം ദൈവം. പിശാചിനെ ആരാധിച്ചാലും ദൈവാരാധനതന്നെ. പുനര്ജന്മം, ജ്യോതിഷം എല്ലാം ന്യൂ ഏജ് ആത്മീയതയുടെ അവിഭാജ്യഘടകംതന്നെ. ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വശക്തനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ തത്വചിന്ത നിഷിദ്ധമാണ് എന്നത് നിസംശയമാണല്ലോ. ഞാന്‍ എന്ന ദൈവം (2) മനുഷ്യന്, മറ്റെല്ലാ സൃഷ്ടികളെപ്പോലെയുംതന്നെ ദൈവത്വം ഉള്ളവനാണെന്ന് ഈ നവമതം പറയുന്നു. അവനില്‍ അനന്തമായ സാധ്യതകളും ശക്തിയും നിറഞ്ഞിരിക്കുന്നു. ഈ ന്യൂ ഏജ് ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മനുഷ്യനും പറയാം - "ഞാന്‍ ദൈവമാണ്." ദൈവമെന്ന നിലയില്‍ എന്റെ ശരിയും തെറ്റും ഞാനാണ് തീരുമാനിക്കേണ്ടത്. പാപം, പുണ്യം എന്നിവയൊന്നും കേവലമായ അര്‍ത്ഥത്തില്‍ പ്രസക്തങ്ങളല്ല. മനുഷ്യനില്‍ അനന്തമായ ശക്തി കുടികൊള്ളുന്നതിനാല്‍ അവന്റെ ഭാവി അവനുതന്നെ രൂപപ്പെടുത്താം. അവന്റെ സ്വപ്നവും ചിന്തയും ഭാവനയും അതിനനുസരിച്ച് ക്രമപ്പെടുത്തിയാല്‍ മതി. അവന് എന്താഗ്രഹിച്ചാലും അവന് അതായിത്തീരാന്‍ കഴിയും. ഓരോ വ്യക്തിയിലും ദൈവത്വമുള്ളതിനാലും അവനവന്‍തന്നെ സ്വന്തം ലോകത്തെ സൃഷ്ടിക്കുന്നതിനാലും മനുഷ്യന് യാതൊരു നിയമത്തിനും കീഴിലല്ല - തന്നോടുതന്നെയല്ലാതെ മറ്റാരോടും അവന് അവന്റെ ജീവിതത്തെക്കുറിച്ച് ഉത്തരം കൊടുക്കേണ്ടതുമില്ല. ശരിയും തെറ്റും എല്ലാം നിര്‍വചിക്കേണ്ടത് അവനവന്‍തന്നെ എന്ന തെറ്റായ പഠനം ഇതു നല്കുന്നു. (3) മനുഷ്യവംശത്തിന്റെ അടിസ്ഥാനപ്രശ്നം അവന്റെ 'ദൈവത്വ'ത്തെക്കുറിച്ചുള്ള അജ്ഞതയും സൃഷ്ടപ്രപഞ്ചത്തെയും താനുമായുള്ള ഒരുമയെക്കുറിച്ചുള്ള ബോധ്യമില്ലായ്മയുമാണെന്നാണ് ഇവരുടെ ചിന്ത. പാപമല്ല മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. അതിനാല്‍ 'ബോധോദയം' വഴി അജ്ഞത ദുരീകരിച്ചാല്‍ മനുഷ്യന് പരിപൂര്‍ണതയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഈ ആന്തരിക നവോത്ഥാനത്തിലൂടെ രൂപാന്തരീകരിക്കപ്പെട്ട വ്യക്തികളുടെ വ്യാപനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കും എന്ന മിഥ്യാധാരണ ഇവര്‍ നല്കുന്നു. കെണിയിലാക്കുന്ന തന്ത്രങ്ങള്‍ (4) ഈ നവയുഗ ആത്മീയ നവോത്ഥാനത്തില്‍ ചില ടെക്നിക്കുകളും ഉണ്ട്- വിവിധ യോഗാ ടെക്നിക്കുകള്‍, ഹിപ്നോട്ടിസ്, സെല്‍ഫ് ഹിപ്നോട്ടിസ്, സൈക്കോ ഡ്രാമാ, മന്ത്രോച്ചാരണം, ബയോഫീഡ്ബാക്ക്, സെന്‍സറി ഓവര്‍ലോഡ് (റോക്ക്-മെറ്റല്‍ മ്യൂസിക് പോലുള്ളവ), ഇന്ഡ്യൂസീവ് സെന്‍സറി ഐസോലേഷന് (മനസിനെ ശൂന്യവല്ക്കരിക്കാനുള്ള ടെക്നിക്ക്), നിയന്ത്രണ രഹിതമായ ഡാന്‍സ് പ്രോഗ്രാമുകള്‍, മന്ത്രവിദ്യകള്, ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ സെമിനാര്‍സ്, സില്വാ മൈന്‍ഡ് കണ്ട്രോള്, റീബെര്‍ത്ത് തെറാപ്പി, അതീന്ദ്രിയധ്യാനം, തിയോസഫി, ഫ്രീമേസണ്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം തുടങ്ങിയവ. കൃത്രിമമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉറക്കം നിഷേധിക്കുക, ഡബ്ല്യുഎസ്ഡി പോലുള്ള മയക്കുമരുന്നുകള്‍, ഭൂതാവേശിതരായ മീഡിയാസിന്റെ സഹായം തേടല്‍, ജനിച്ചു വളര്‍ന്ന സാഹചര്യം മനസില്‍ സൃഷ്ടിച്ചിരിക്കുന്ന ധാര്‍മിക സങ്കല്പങ്ങള്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ബോധപൂര്‍വം ചെയ്യുക തുടങ്ങിയവയും ചിലര്‍ അനുവര്‍ത്തിക്കുന്നു. (5) പാപ-പുണ്യ-ദൈവികനിയമങ്ങളുടെ ബന്ധനത്തില്‍നിന്ന് വിമോചിതരായ വ്യക്തികളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ ഒരു 'വിശ്വപരിവര്‍ത്തനം' സംഭവിക്കും. അങ്ങനെയുണ്ടാകുന്ന സുവര്‍ണയുഗത്തില്‍ 'ദൈവങ്ങള്‍'മാത്രം ജീവിക്കുന്ന ആ ലോകത്തില്‍ ഒരു ഗവണ്മെന്റ്, ഒരു മതം, ഒരു കറന്‍സി, ഒരു മനസ്, ഒരു ചിന്ത ഇവമാത്രമേ ഉണ്ടാവുകയുള്ളൂ എന്ന തെറ്റായ ധാരണയും ഇവര്‍ വളര്‍ത്തുന്നു. ന്യൂ ഏജ് ചിന്തകള്‍ പഠിക്കുന്ന ഏതൊരു സാധാരണ ക്രൈസ്തവ വിശ്വാസിക്കും ഒരു കാര്യം വ്യക്തമാകും. ഇതില്‍ പുതിയതായി ഒന്നുമില്ല. ഉല്പത്തിപുസ്തകത്തിലെ പിശാചിന്റെ വഞ്ചനാപരമായ ആ പഴയ ഉപദേശം തന്നെയാണ് ന്യൂ ഏജ് ഫിലോസഫി. (സോഫിയ ബുക്ക്സ് പ്രസിദ്ധീകരിച്ച കാലത്തിൻ്റെ അടയാളങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)
By: Shevelier Benny Punnathara
Moreവിശുദ്ധ ബര്‍ണദീത്തക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച സമയം. കേവലം ബാലികയായ അവള് എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്‍ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്‍ശനം ലഭിക്കുന്ന ഗ്രോട്ടോയില്‍ പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്‍പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര്‍ അവളെ തടവിലിടാന്‍ തീരുമാനിച്ചു. ചുറ്റും പ്രശ്നങ്ങള്‍മാത്രം. പക്ഷേ അവള് ആവര്‍ത്തിച്ചുപറഞ്ഞത് പരിശുദ്ധ ദൈവമാതാവ് തനിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുതന്ന കാര്യങ്ങള്‍മാത്രം. ഒരിക്കലും അവള് വാക്കുമാറ്റി പറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ പ്രശ്നങ്ങളില്‍നിന്നെല്ലാം മോചിതയാകുമായിരുന്നു എന്നറിഞ്ഞിട്ടും ഒരിക്കലും അവളതിന് തയാറായില്ല. നാളുകള്‍ കഴിഞ്ഞാണ് തിരുസഭ ലൂര്‍ദിലെ ദര്‍ശനങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചത്. ഇന്ന് ദൈവാലയങ്ങളോടുചേര്‍ന്ന് നാം ലൂര്‍ദിലെ ദര്‍ശനത്തിന്റെ മാതൃകയില്‍ ഗ്രോട്ടോകള്‍ പണിയുന്നു. അമലോത്ഭവയായ മാതാവിനെ വണങ്ങുന്നു. എന്നാല്‍ അന്ന് താന്‍ തികച്ചും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലും സ്വന്തം സുരക്ഷ നോക്കാതെ ദൈവം നല്കിയ ബോധ്യത്തില്‍ ഉറച്ചുനിന്ന ബര്‍ണദീത്തയെ ഓര്‍ക്കുക. വാസ്തവത്തില്‍ ദൈവവചനം ജീവിച്ചുകാണിക്കുകയായിരുന്നു അവള്. മത്തായി 5/37- "നിങ്ങളുടെ വാക്കുകള്‍ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്ന് വരുന്നു."
By: Shalom Tidings
Moreവിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്‍ക്കുശേഷം ഡോണ്‍ ബോസ്കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ്‍ ബോസ്കോ അപ്പോള്‍ ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു. അവര്‍ ഇരുവരും ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഡോണ്‍ ബോസ്കോ ചോദിച്ചു, "ജീവിതകാലത്ത് നീ അനേകപുണ്യങ്ങള്‍ അഭ്യസിച്ചിരുന്നല്ലോ. മരണവേളയില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്?" സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്, "അങ്ങ് എന്ത് വിചാരിക്കുന്നു?" "ശുദ്ധത?" "അതുമാത്രമല്ല" "പ്രത്യാശ?" "അതുമല്ല." "നിന്റെ സുകൃതങ്ങള്‍?" "നല്ലതുതന്നെ, പക്ഷേ ഏറ്റവും ഉപകാരപ്രദമായത് അതൊന്നുമല്ല." "പിന്നെ എന്തായിരുന്നു?" "സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്റെ അമ്മയുമായ മറിയത്തിന്റെ സഹായമാണ് മരണസമയത്ത് എന്നെ ഏറ്റവുമധികം സഹായിച്ചത്."
By: Shalom Tidings
Moreതാമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല 2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്! ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: "നിങ്ങള്‍ താമസിക്കുന്ന വീടിന് ലോണ്‍ ഉണ്ട്. വീടിന്റെ ഉടമ വളരെ ദൂരെയുള്ള ആളാണ്. നിങ്ങള്‍ തരുന്ന വീട്ടുവാടക സ്ഥിരമായി ബാങ്കില്‍ അടയ്ക്കാന്‍ വേറെ ഒരു വ്യക്തിയെ ഏല്പിച്ചിരുന്നു. ആ വ്യക്തി നാളുകളായി ബാങ്കില്‍ അടയ്ക്കാത്തതുകൊണ്ടാണ് ജപ്തി വന്നിരിക്കുന്നത്." ഇതൊന്നുംകൂടാതെ ഞങ്ങളെ ഏറെ വിഷമത്തിലാക്കുന്ന ഒരു കാര്യംകൂടി അദ്ദേഹം അറിയിച്ചു, "ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ആ വീട്ടില്‍നിന്ന് താമസം മാറണം!" "എത്ര കഷ്ടപ്പെട്ടാണ് ദൈവമേ ഈ വീടുതന്നെ കിട്ടിയത്?" ഭാര്യ ആത്മഗതം ചെയ്തു. അടുത്ത ദിവസം അതാ എന്റെ വീട്ടില്‍നിന്ന് പപ്പാ വിളിച്ചു പറയുന്നു, "ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്!" ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുന്ന ദിവസവും വീട് മാറേണ്ട അവസാന ദിവസവും ഒന്നാണ്. അതുകൂടി ശ്രദ്ധിച്ചപ്പോള്‍ ആകെ അസ്വസ്ഥതയായി. ഞങ്ങള്‍ രണ്ടുപേരും പരിചയമുള്ള എല്ലാവരോടും വീട് അന്വേഷിച്ചു. മൂന്നാഴ്ചയോളം അന്വേഷിച്ചിട്ടും കിട്ടിയില്ല, ആകെ സങ്കടം. ഇനി ഒരാഴ്ചമാത്രമേയുള്ളൂ വീടിന് കാലാവധി. എന്തായാലും അതിനുശേഷം വന്ന ഞായറാഴ്ച പതിവുപോലെ ദൈവാലയത്തില്‍ പോയി. അന്ന് അവിടത്തെ ഇടവകദൈവാലയത്തില്‍ വാര്‍ഷിക ധ്യാനത്തിന്റെ അവസാന ദിവസമായിരുന്നു. ഞങ്ങള്‍ ആ ദിവസത്തെ ധ്യാനമേ കൂടിയുള്ളൂ. തിരിച്ചുവന്നതിനുശേഷം ഒരു അങ്കിള്‍ പറഞ്ഞതിന്‍പ്രകാരം ഒരു വീട് കാണാന്‍ പോകണം. അങ്കിള്‍ ആ വീട് കിട്ടുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പില്‍ ഞങ്ങള്‍ സമാധാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചപ്പോള്‍ അങ്കിള്‍ പറഞ്ഞു, "എടാ ആ വീട് കിട്ടില്ല." അത് കേട്ടപ്പോള്‍ത്തന്നെ ധ്യാനംകൂടിയ എല്ലാ സന്തോഷവും പോയി. ആകെ നിരാശപ്പെട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു. അന്നത്തെ ധ്യാനപ്രസംഗം മാതാവിനെക്കുറിച്ചായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ' എന്ന് നമ്മള് പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അതുകൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ല, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ മാതാവിനോട് ശക്തമായി മാധ്യസ്ഥ്യം അപേക്ഷിക്കണം. ധ്യാനഗുരു പറഞ്ഞ ഈ ഭാഗം ഞങ്ങളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഉടനെതന്നെ ഭാര്യയുടെ താല്പര്യപ്രകാരം മാതാവിന്റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി വീട് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ കരഞ്ഞ് ജപമാല ചൊല്ലി. ഈ സാഹചര്യത്തില്‍ മാതാവ് ഞങ്ങളെ കൈവിടില്ല എന്നുള്ള വിശ്വാസത്തില്‍നിന്നുള്ള നിലവിളിയായിരുന്നു. പിന്നീട് ഞാന്‍ ശാന്തമായി കിടന്നു. വൈകുന്നേരം വീണ്ടും വീട് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ട ഒരു ചെറിയ കടയിലെ വ്യക്തിയോട് അന്വേഷിക്കാന്‍ തോന്നി. ഞാന്‍ അവിടെച്ചെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, "ഇവിടെ അടുത്തുതന്നെ ഒരു വീട് ഉണ്ട്. ഇന്ന് ഒരു വീടിന്റെ കാര്യം ഒരാള്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് ഉടനെ താമസക്കാരെ വേണമെന്ന്!" അവര്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ അയാള്‍ വിളിച്ച് സംസാരിച്ചു. വീട് ഏര്‍പ്പാടാക്കി. മൂന്ന് ആഴ്ച പലരിലൂടെ അന്വേഷിച്ചിട്ട് നടക്കാത്ത കാര്യം മാതാവിനോടുള്ള മാധ്യസ്ഥ്യം വഴി ഏതാനും മണിക്കൂറുകള്‍ക്കകം നടന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി, മാതാവ് ഇത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടതിന്. ഉടനെതന്നെ പറഞ്ഞ വീട് പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത ദിവസം വാടകച്ചീട്ട് എഴുതാനും സാധിച്ചു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലിയെന്ന് പറഞ്ഞാലും ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്നും മാതാവ് ഇത്രയും വേഗത്തില്‍ ഇടപെടുമെന്നും അന്നാണ് അത്രയും ബോധ്യം വന്നത്. ആദ്യം താമസിച്ചിരുന്ന വീടിനെക്കാള്‍ നല്ലതും വാടക കുറവും ഉള്ള വീട് ആയിരുന്നു അത്. നാട്ടില്‍നിന്ന് മാതാപിതാക്കള്‍ വരുന്ന അന്നുതന്നെ ഞങ്ങള്‍ക്ക് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു. ഈ സംഭവത്തിനുശേഷം എനിക്ക് ജപമാല പ്രാര്‍ത്ഥനയോടുള്ള വിരസത മാറി. ജപമാല പ്രാര്‍ത്ഥന വേഗത കുറച്ച് സ്ഫുടതയോടെ ചൊല്ലാന്‍ തുടങ്ങി. ലുത്തിനിയയുടെ വേഗതയും കുറച്ചു. അന്ന് വീട് ലഭിക്കാനുണ്ടായ താമസം മാതാവിന്റെ ഇടപെടല്‍ അറിയാന്‍ കാരണമായി. ഇന്നും ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ജപമാല ചെല്ലും. ചില കാര്യങ്ങളില്‍ മാതാവ് പെട്ടെന്ന് ഇടപെടും, ചിലതില്‍ സാവകാശവും. ഉത്തരം കിട്ടുന്നതു വരെ കാത്തിരിക്കാനുള്ള കൃപയും മാതാവിലൂടെ ഈശോ തന്നു. താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം തിന്മയാണന്ന് കരുതാതെ അതില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കും എന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. "അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവന് കഴിവില്ല" (സഭാപ്രസംഗകന്‍ 3/11).
By: Joby George Kongandushalakal
Moreഏത് വലിയ പ്രതിസന്ധികൾക്കു മുകളിലും നമ്മെ ശിരസുയർത്തി നിർത്തുന്ന ക്രിസ്തുവിന്റെ ഉത്ഥാനശക്തി സ്വന്തമാക്കാനുള്ള മാർഗങ്ങൾ\ ഉത്ഥാനത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യത്തോടെ നാം കാണേണ്ടത് നമുക്ക് ഉത്ഥാനരഹസ്യം നല്കുന്ന പ്രത്യാശയാണ്. 1 കോറിന്തോസ് 15/12 വചനം ഇപ്രകാരം പറയുന്നു, "ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല ഞങ്ങള്‍ ദൈവത്തിന് കപടസാക്ഷ്യം വഹിക്കുന്നവരായി തീരുന്നു. എന്തെന്നാല്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചുവെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി." പൗലോസ് അപ്പസ്തോലന് ആദിമ സഭയ്ക്ക് നല്കിയ വലിയ സാക്ഷ്യമാണ് ആദ്യവാചകങ്ങളില്‍ നാം കാണുന്നത്. അവിടുന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം, വിശ്വാസവും വ്യര്‍ത്ഥം. നമ്മുടെ വിശ്വാസത്തിന്റെ ആധാരശില യേശുവിന്റെ ഉയിര്‍പ്പാണ്. ആ ഉയിര്‍പ്പിന്റെ ആഘോഷമാണ് നമ്മുടെ ജീവിതം മുഴുവനും. ആരാണ് യേശുവിന്റെ ഉത്ഥാനം ആദ്യമായി അനുഭവിച്ചത്? ആര്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്? അത് അപ്പസ്തോലന്മാരില് പ്രമുഖനായ പത്രോസ് ശ്ലീഹായ്ക്കല്ല, താന്‍ ഏറ്റവും സ്നേഹിച്ചിരുന്ന യോഹന്നാനും അല്ല. അത് മഗ്ദലേന മറിയത്തിനായിരുന്നു. മഗ്ദലേന മറിയം യേശുവിനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് അവള് യേശുവിനെ അന്വേഷിച്ച് അതിരാവിലെ കല്ലറയിങ്കലേക്ക് പോകുകയാണ്. അവള്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആ കാലഘട്ടത്തില്‍ യേശുവിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നതിന് തടസമായി യഹൂദര്‍ പറഞ്ഞിരുന്ന കാര്യം 'ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ യേശുവിനെ അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി' എന്നുള്ളതായിരുന്നു. പൊളിച്ചടുക്കിയ കള്ളങ്ങള്‍ എന്നാല്‍ ഈ കള്ളസാക്ഷ്യം ഒരിക്കലും നിലനില്‍ക്കുന്നതല്ല. യേശുവിന്റെ ഉത്ഥാനം ഒരു കള്ളപ്രചരണമായിരുന്നെങ്കില് അപ്പസ്തോലന്മാരില് ഒരാള്‍ക്ക് അല്ലെങ്കില്‍ പത്രോസ് ശ്ലീഹായ്ക്ക് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് സുവിശേഷത്തില്‍ എഴുതിച്ചേര്ക്കാമായിരുന്നല്ലോ. പ്രസംഗിക്കാമായിരുന്നല്ലോ. എന്നാല്‍ ഇതൊന്നുമല്ല എഴുതപ്പെട്ടത്, പ്രസംഗിക്കപ്പെട്ടത്. കാരണം ധീരതയോടെ എല്ലാ എതിര്‍പ്പുകളെയും തകര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിച്ചത് ഉത്ഥാനത്തെക്കുറിച്ചുള്ള അവരുടെ ആഴമായ ബോധ്യമാണ്, വ്യക്തിപരമായ ഉത്ഥാനാനുഭവമാണ്. ശൂന്യമായ ഒരു കല്ലറ അവിടെ നിലനില്ക്കുന്നു. യേശു ഉത്ഥാനം ചെയ്തുവെന്ന് ശക്തിയോടുകൂടി പ്രഘോഷിക്കുമ്പോള്‍ ആ കല്ലറ പരിശോധിക്കാനുള്ള അവസരം എല്ലാവര്ക്കും ഉണ്ടല്ലോ. ആദ്യകാലഘട്ടത്തിലെ യഹൂദര്‍ ഈ അപ്പസ്തോലന്മാര് പറയുന്നത് സത്യമാണോ എന്നറിയുന്നതിനുവേണ്ടി കല്ലറ പരിശോധിച്ചിട്ടുണ്ടാകും. അവരാരും അത് നിഷേധിച്ചിട്ടില്ല എന്നു മാത്രമല്ല, ഇപ്പോഴും അനേകായിരങ്ങള്‍ ആ കല്ലറയിങ്കല്‍ തടിച്ചുകൂടുന്നു. എത്രയോ വലിയ ശക്തിയാണ് അതിലൂടെ ലഭിക്കുന്നത്. ഉത്ഥാനത്തില്‍ അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന ഈ വിശ്വാസം യേശുവിനെ നേരിട്ട് കാണുകപോലും ചെയ്യാത്ത പൗലോസ് അപ്പസ്തോലന് പ്രഘോഷണത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് എന്തുകൊണ്ടാണ്? ആ കാലഘട്ടത്തില്‍ സഭയെ എതിര്‍ത്ത വ്യക്തിയായിരുന്നല്ലോ അദ്ദേഹം. യേശു ഉത്ഥാനം ചെയ്തിട്ടില്ല എന്ന കള്ളപ്രചരണത്തില്‍ ഒരു തരിയെങ്കിലും സത്യമുണ്ടെങ്കില്‍ ധിഷണാശാലിയും ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ മിസ്റ്റിക്കുമായ പൗലോസ് അപ്പസ്തോലന് അത് പ്രചരിപ്പിക്കുമായിരുന്നോ? ആ സ്നേഹത്തില്‍നിന്ന് ആര്‍ക്കെന്നെ വേര്‍പെടുത്താനാവും- ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ (റോമാ 8/35) എന്ന് പറയുമായിരുന്നോ? യേശുവിന്റെ ഉത്ഥാനം ഒരു അനുഭവമായി യേശുതന്നെ പൗലോസ് അപ്പസ്തോലന് വെളിവാക്കിക്കൊടുത്തു. ആ ബോധ്യമാണ് സുവിശേഷം പ്രസംഗിക്കുവാന്‍ അപ്പസ്തോലനെ ശക്തിപ്പെടുത്തിയത്. ഞാന്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ കുരിശില്‍ ഞാന്‍ അഭിമാനിക്കും. മറ്റെവിടെയും അഭിമാനിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട്, തീക്ഷ്ണതയോടെ സുവിശേഷം പങ്കുവയ്ക്കാന്‍ അപ്പസ്തോലന് സാധിച്ചത് ഈ ക്രിസ്ത്വാനുഭവത്തിലൂടെയാണ്. ഇത്തരത്തില്‍, അവിടുത്തെ ഉത്ഥാനത്തെ സംബന്ധിച്ച് ധാരാളം തെളിവുകള്‍ നിരത്താന്‍ സാധിക്കും. തിരിച്ചുപോയത് എന്തുകൊണ്ടണ്ടണ്ട്? ഉയിര്പ്പുതിരുനാളിനൊരുങ്ങുമ്പോള് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം ധ്യാനിക്കേണ്ടതുണ്ട്. അവര്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചു, അവര്‍ക്ക് സുഖസൗകര്യങ്ങളുണ്ടാകുമെന്ന് കരുതി. ക്രിസ്തു സ്ഥാപിക്കുന്ന രാജ്യം റോമന്‍ സാമ്രാജ്യത്തെ തകര്ത്തുകളയുന്നതായിരിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. അവിടെ സുപ്രധാന സ്ഥാനങ്ങള്‍ കിട്ടും എന്നുകരുതിയ അപ്പസ്തോലന്മാര്ക്ക് എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോയ അവസ്ഥയാണുണ്ടായത്. അതിനാല്‍ അവര്‍ പ്രത്യാശ നഷ്ടപ്പെട്ട് എമ്മാവൂസിലേക്ക് തിരികെ പോകുകയാണ്. എന്നാല്‍ യേശുതന്നെ കൂടെ നടന്ന് തന്റെ ഉത്ഥാനരഹസ്യം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയാണ്. അവരോടൊപ്പം ഭക്ഷണത്തിനിരുന്ന അവസരത്തില്‍ യേശു അപ്പമായിത്തീര്‍ന്ന് അവരുടെ കണ്ണുകള്‍ തുറന്നുകൊടുത്തു. പിന്നീടവര്‍ എമ്മാവൂസില്‍ ഒരു നിമിഷംപോലും തങ്ങുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടുപോയവര്‍ക്ക് ഉത്ഥാനത്തിന്റെ അനുഭവം ലഭിച്ചപ്പോള്‍ തിരികെ ജറുസലേമിലേക്ക് പോകുകയാണ്. അവിടെ ശത്രുക്കള്‍ മാത്രം, സ്ഥാനമാനങ്ങളോ സുഖസൗകര്യങ്ങള്‍ക്കുള്ള സാധ്യതകളോ ഒന്നുമില്ല. അതെ, ശത്രുക്കളുടെ ഇടയിലേക്ക് തിരികെ പോകാന്‍ അവര്‍ക്ക് ശക്തി നല്‍കിയത് ഉത്ഥാന അനുഭവമാണ്. ദുഃഖങ്ങളിലും സന്തോഷിക്കാന്‍ നമ്മുടെ വിശ്വാസജീവിതത്തില്‍ ഏറ്റവും ആവശ്യമായിട്ടുള്ളതും ഇതുതന്നെ. അനുദിന ജീവിതം പരിശോധിക്കുമ്പോള്‍ നമ്മിലാര്‍ക്കാണ് സങ്കടങ്ങള്‍ ഇല്ലാത്തത്? തോല്‍വികള്‍ ഇല്ലാത്തത്? എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ നമുക്കതിനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയും. ഇന്നത്തെ താത്കാലിക തിരിച്ചടികള്‍ നാളെ ഉത്ഥാനത്തിലേക്ക് നമ്മെ നയിക്കുമെന്നുള്ള പ്രത്യാശ നമ്മില്‍ സൂക്ഷിച്ചാല്‍ നാം എന്നും സന്തോഷമുള്ളവരായിരിക്കും. ഉത്ഥാനാനുഭവം നമുക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ഫിലിപ്പി 4/4 ഹൃദയത്തിലോര്ക്കുക. "നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ സന്തോഷിക്കുവിന്‍." ദുഃഖങ്ങളും വേദനകളും കഷ്ടപ്പാടുകളും എപ്പോഴും ഉണ്ടാകും. എന്നാല്‍ നമുക്ക് സന്തോഷമുണ്ടോ? ഉത്ഥാനത്തില്‍ പ്രത്യാശ ഉണ്ടെങ്കില്‍ നമുക്ക് സന്തോഷമുണ്ടാകും. കാത്തിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴേ ഈ ഉത്ഥാനാനുഭവം നമുക്ക് ലഭിക്കുകയുള്ളൂ. പിതാവായ ദൈവത്തിന്റെ വലിയ കൃപയാണ് ഇത്. അവിടുന്ന് അത് മഗ്ദലനാ മറിയത്തിന് നല്കി. വ്യത്യസ്തമായ സാഹചര്യങ്ങളില്‍, ദിവസങ്ങളില്‍, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അവിടുന്ന് അത് നമുക്കും നല്‍കും. മഗ്ദലേനാ മറിയത്തിന് ലഭിച്ചതില്‍നിന്ന് വ്യത്യസ്തമായിരുന്നല്ലോ അപ്പോസ്തോലന്മാര്ക്ക് ലഭിച്ച അനുഭവം. അവര്‍ ഭയവിഹ്വലരായി കതകടച്ച് ഇരിക്കേ സമാധാനം നല്‍കിക്കൊണ്ട് അവര്‍ക്കിടയിലേക്ക് ഈശോ കടന്നുവന്നു. തിരുമുറിവുകളിലെ ഉത്ഥാനശോഭ കാണിച്ചുകൊടുത്തു. പീഡകള്‍ അതില്‍ത്തന്നെ അവസാനിക്കുന്നവയല്ല, ഉത്ഥാനത്തിലേക്ക് നയിക്കുന്നവയാണെന്ന മഹത്വത്തിന്റെ സന്ദേശം നല്‍കുകയായിരുന്നു അവിടുന്ന്. പ്രതിസന്ധികളെ ഇങ്ങനെ വിജയിക്കാം 2 മക്കബായര്‍ 8/18-ല്‍ യൂദാസ് മക്കബേയൂസ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. ടോളമി തന്റെ ക്രൂരനായ സൈന്യാധിപന് നിക്കാനോറിനെ ഇസ്രായേലിനെ തകര്‍ക്കാന്‍ അയച്ചിരിക്കുന്നു എന്നറിഞ്ഞ ഇസ്രായേല്‍ക്കാരും യൂദാസ് മക്കബേയൂസിന്റെകൂടെ സൈന്യത്തിലുണ്ടായിരുന്ന ആളുകളും ഓടിയൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം ഉറച്ച ബോധ്യത്തോടെ പറഞ്ഞു, "അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ." യൂദാസ് ഈ ആഴമായ ദൈവാശ്രയബോധ്യത്തില്‍ ഉറച്ചുനിന്നപ്പോള്‍ ക്രൂരസൈന്യാധിപന് പരാജയപ്പെട്ടുപോയി. ഇപ്രകാരം, പ്രത്യാശയില്ലാതാക്കുന്ന, സന്തോഷമില്ലാതാക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കുകയും വചനത്തില്‍ ആഴപ്പെട്ടുകൊണ്ട് സന്തോഷത്തില്‍ ജീവിക്കാന്‍ പരിശ്രമിക്കുകയും വേണം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്ക്ക്, തോമാശ്ലീഹായ്ക്ക്, സഭയെ പീഡിപ്പിച്ച സാവൂളിന്, ഇവര്‍ക്കെല്ലാം ലഭിച്ച ആ ഉത്ഥാനാനുഭവം നമുക്കും ലഭിക്കും. ആ പ്രത്യാശയുണ്ടായാല് മതി. അതിനായി നമ്മെ സഹായിക്കുന്നത് പ്രാര്‍ത്ഥനയാണ്. ദിവസവും അരമണിക്കൂറെങ്കിലും വചനം വായിക്കുന്നതിനായി കണ്ടെത്തിയാല്‍ ആ വചനത്തിലൂടെ ഉത്ഥാനാനുഭവം കര്‍ത്താവ് നമുക്ക് നല്‍കും. എത്ര തിരക്കാണെങ്കിലും ദിവ്യബലിയില്‍ ദിവസവും മുടങ്ങാതെ പങ്കെടുക്കാന്‍ സാധിച്ചാല്‍ ഉത്ഥാനാനുഭവം സ്വന്തമാക്കാന്‍ അത് മുഖാന്തിരമാകും. ജപമാല കൃത്യതയോടെ ചൊല്ലിയാല്‍ അതിലൂടെയും ഉത്ഥാനാനുഭവം ലഭ്യമാകും. അങ്ങനെയെങ്കില്‍ ഏത് പ്രതിസന്ധിയുടെ മുന്നിലും നാം പരാജയപ്പെടുകയില്ല. എമ്മാവൂസിലേക്ക് യാത്ര ചെയ്യുന്ന നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍, ഭയപ്പെടരുത്. കര്‍ത്താവ് നമ്മുടെകൂടെയുണ്ട്. മരുഭൂമിയില്‍ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ ഞാന്‍ നിന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്ന് താത്പര്യപൂര്‍വം പരിചരിച്ച് കണ്ണിലുണ്ണിയായി സൂക്ഷിച്ചു (നിയമാവര്‍ത്തനം 32/10) എന്ന് പറഞ്ഞുകൊണ്ട് കഴുകന് തന്റെ കുഞ്ഞുങ്ങള്‍ക്കായി ചിറകുവിരിക്കുന്നതുപോലെ സ്നേഹത്തിന്റെ ചിറക് നമുക്കായി അവിടുന്ന് വിരിക്കും, ഈ ഉത്ഥാനാനുഭവം അനുദിനജീവിതത്തില്‍ ലഭിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം.
By: Mar Remigios Inchananiyil
Moreഎന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു. വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍. ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്റെ പ്രത്യേക കരുതല്നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. തളരാതിരുന്നതിനുപിന്നില്…. ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്ബാനയര്പ്പിക്കുമ്പോള് അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.” ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ വലത്തേ കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന് എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈശോ ഉത്തരം പറഞ്ഞില്ല… തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്റെ തിരുശരീരം വച്ച് ഇതെന്റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല. ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി. അനിശ്ചിതത്വം… അശരീരി… ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി. തിരുപ്പട്ടത്തിന്റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്. തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്. ഉത്തരം കിട്ടിയ ദിവസം ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്റെ തിരുപ്പട്ടത്തിന്റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്. വൈദികനായതിനുശേഷം പിതാവിന്റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്ടേഴ്സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു! അല്പനാളുകള് കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്റെ വലത്തെ കണ്ണിന്റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. ബെഷെറ്റ്സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു. കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്റെ പൗരോഹിത്യം. ”കര്‍ത്താവിന്റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക! തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.
By: ഫാ. പോള്‍ കള്ളികാടന്‍
Moreഞാനും എന്റെ കുടുംബവും ശാലോം ടൈംസ് മാസിക വായിക്കുന്നുണ്ട്. ഞങ്ങള്‍ ശാലോം ടി.വിയെ സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും താങ്ങുന്ന ശാലോം പീസ് ഫെലോഷിപ് (എസ്.പി.എഫ്) അംഗങ്ങളുമാണ്. 12 വര്‍ഷമായി ഞങ്ങള്‍ വാങ്ങിയ കൃഷിസ്ഥലത്ത് കുടിവെള്ളത്തിന് യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. പലരെയും കൊണ്ടുവന്ന് സ്ഥാനം നോക്കി മൂന്ന് കുഴല്‍കിണറുകള്‍ കുത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ മാസികയില്‍ വായിച്ച 2 രാജാക്കന്മാര് 3/16-20 വചനഭാഗം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചൊല്ലി പ്രാര്‍ത്ഥിക്കുകയും വെള്ളം ലഭിച്ചാല്‍ സാക്ഷ്യമറിയിക്കാമെന്ന് നേരുകയും ചെയ്തു. ആ സമയത്ത് ഒരു ദിവസം വീട്ടില്‍ ജോലിക്ക് വന്ന ആള് വെള്ളത്തിന് സ്ഥാനം കാണുകയും കുളം കുഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുളം കുഴിക്കുന്നതിന്റെ തലേ ദിവസം പ്രാര്‍ത്ഥിച്ച് വചനം എടുത്തപ്പോള്‍ ”അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി” എന്ന സങ്കീര്‍ത്തനങ്ങള്‍ 114/8 വചനം ലഭിച്ചു. അതില്‍ വിശ്വസിച്ച് കുളം കുഴിച്ചപ്പോള്‍ സമൃദ്ധമായി വെള്ളം കിട്ടി. ഈശോ ഞങ്ങള്‍ക്ക് ചെയ്തുതന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു.
By: ഷിബു പന്യാംമാക്കല്‍
Moreഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു. എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല. രാജാധിരാജാവിന്റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള ഉത്ഘടസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്റെ ഉറവിടം. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന് ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര് ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം. ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള് നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്റെ പേടകം ഓബദ് ഏദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’
By: ആന്സിമോള് ജോസഫ്
Moreചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്നമാക്കാറില്ല. നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…” അതായത്, നന്മകള് ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില് ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും. ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്ത്താവിന് അര്‍ഹമായ മഹത്വം നമ്മള് കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന് അല്പാല്പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക. ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്ത്ഥനകള്കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്റെ ബലഹീനത നിനക്കുള്ള എന്റെ ദാനമാണ്. നിന്റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്റെ കാഴ്ച സ്വീകരിച്ച് അതിനെ എന്റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്ത്ത് എന്റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220). വൈദികര്‍ക്ക് വേണ്ടിയും സമര്പ്പിതര്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
More