Home/Encounter/Article

ആഗ 02, 2024 21 0 ബ്രദര്‍ ഹെന്‍സണ്‍ കപ്പൂച്ചിന്‍
Encounter

ആ യുവാവിന് ‘നല്ല കാഴ്ച’ ഉണ്ടായിരുന്നു…

അന്ന്, സന്ദര്‍ശനമുറിയുടെ ഉത്തരവാദിത്വം എനിക്കായിരുന്നു. കോളിംഗ് ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ട് ആരെന്നറിയാന്‍ ചെന്നപ്പോള്‍, മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു യുവാവ്. ഞാന്‍ കാര്യം തിരക്കി. ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട്, മറ്റേ കണ്ണിന്‍റെ അല്‍പം കാഴ്ചയുമായിട്ടാണയാള്‍ നില്‍ക്കുന്നത്. ”അച്ചോ, വായിക്കാന്‍ എനിക്കൊരു ബൈബിള്‍ തരാമോ?”
”അതിനെന്താ തരാമല്ലോ’ ഞാന്‍ മറുപടി പറഞ്ഞു. ”അയ്യോ അച്ചാ, എനിക്ക്, അന്ധര്‍ക്കു വായിക്കാന്‍ പ്രത്യേകം തയാറാക്കിയ, അക്ഷരങ്ങള്‍ തൊട്ടുതൊട്ടു വായിക്കാന്‍ കഴിയുന്ന ബൈബിള്‍ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?” അയാള്‍ ചോദിച്ചു. ലോട്ടറിവില്‍പന നടത്തുന്ന ആ ചെറുപ്പക്കാരന് അത്തരമൊരു ബൈബിള്‍ വാങ്ങാന്‍ പണമില്ല. എറണാകുളത്തെവിടെയോ ആണ് ലഭിക്കുക!

സഹായിക്കാമോ’ അയാള്‍ ദയനീയമായി എന്നോടു ചോദിച്ചു. ഇതുപോലൊരു ബൈബിള്‍ എവിടെ ലഭിക്കും? ഞാന്‍ ഇന്റര്‍നെറ്റില്‍ തപ്പി, അടുത്തുള്ള ഡിവൈന്‍ ബുക്ക്‌ഷോപ്പില്‍ വിളിച്ചന്വേഷിച്ചു. വില കൂടുതല്‍ ആതിനാലും ആവശ്യക്കാര്‍ കുറവായതിനാലും അത്തരം ബൈബിള്‍ കിട്ടാനില്ലായിരുന്നു. ഒടുവില്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന ആ ചെറുപ്പക്കാരനോട് ‘ഇല്ല’ എന്നു പറയാന്‍ എനിക്ക് മനസുവന്നില്ല. അന്ന് പാവങ്ങളെ സഹായിക്കാനുള്ള പണം മുഴുവന്‍ നല്‍കി, ബൈബിള്‍ വാങ്ങാനുള്ള പണം അയാള്‍ക്ക് തയാറാക്കിക്കൊടുത്തു. വലിയൊരു നിധി കിട്ടിയതുപോലൊരു സന്തോഷം ആ മുഖത്ത് ഞാന്‍ കണ്ടു.

”അച്ചാ, ഒരുപാട് നന്ദി. ഞാന്‍ എന്നും വചനം കേള്‍ക്കാറുണ്ട്, ഈശോയെ കൂടുതല്‍ അനുഭവിക്കാറുണ്ട്, അച്ചനുവേണ്ടിയും പ്രാര്‍ത്ഥിക്കാം കേട്ടോ.” അയാള്‍ സന്തോഷം അടക്കാന്‍ കഴിയാതെ പറഞ്ഞു. പോകാന്‍ തുനിയുന്ന ആ യുവാവിനോട് എനിക്കുവേണ്ടി ഒരു വചനം പറയാമോ എന്ന് ഞാന്‍ ചോദിച്ചു. ‘അതിനെന്താ, അയാള്‍ രണ്ടു കണ്ണും അടച്ച് ഏശയ്യാ 45/2 ,3 എനിക്കുവേണ്ടി ഉരുവിട്ടു. ”ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്കു തരും.” ഈ വചനം പല ആവര്‍ത്തി കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആ വാക്കുകള്‍ അന്ന് എന്തോ എന്നെ വല്ലാതെ സ്പര്‍ശിക്കുന്നതുപോലെ തോന്നി. ”ദൈവം നമുക്കുമുമ്പേ പോയി നമുക്ക് വേണ്ടതൊക്കെ ചെയ്തുതരും അച്ചോ” അയാള്‍ എന്നെ നോക്കിപ്പറഞ്ഞു. ഞാന്‍ നിശബ്ദനായി തലയാട്ടി നിന്നു. വീണ്ടും നന്ദിപറഞ്ഞ് അയാള്‍ മെല്ലെ നടന്നകന്നു.

വാസ്തവത്തില്‍ ‘നല്ല കാഴ്ച’യുണ്ട് അയാള്‍ക്കെന്ന് തോന്നി. യഥാര്‍ത്ഥത്തില്‍ വചനം ജീവിക്കുന്ന അയാളെത്തന്നെ നോക്കി ഞാന്‍ അല്പനേരം അവിടെ നിന്നുപോയി. ”നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).

Share:

ബ്രദര്‍ ഹെന്‍സണ്‍ കപ്പൂച്ചിന്‍

ബ്രദര്‍ ഹെന്‍സണ്‍ കപ്പൂച്ചിന്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles