Home/Engage/Article

ഡിസം 08, 2022 396 0 Monica Paul
Engage

ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ ദൈവമാതാവാണെന്ന് ഹൃദയത്തില്‍ അനുഭവപ്പെട്ടു.

സര്‍പ്പക്കാവുണ്ടായിരുന്ന ഞങ്ങളുടെ ഹൈന്ദവകുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് ദുഃസ്വപ്നങ്ങള്‍ എന്നെ പിന്തുടരുന്നത് എന്ന് അറിയാമായിരുന്നു. പക്ഷേ അതില്‍നിന്ന് മോചനം ലഭിച്ചിരുന്നില്ല. ഒടുവില്‍ പരിശുദ്ധ അമ്മയിലൂടെ കര്‍ത്താവ് ഇടപെടുകയായിരുന്നു. നാളുകളായുണ്ടായിരുന്ന ക്രിസ്തുവിശ്വാസം ആഴപ്പെടുത്തിയ ഒരു സംഭവംകൂടിയായിരുന്നു അത്. കുട്ടിക്കാലത്ത് ചില സഹോദരങ്ങള്‍ ദൈവവചനം പങ്കുവയ്ക്കുന്നത് കേട്ടനാള്‍മുതല്‍ വചനത്തോട് താത്പര്യം തോന്നിയതാണ്. പിന്നീട് സ്കൂള്‍ പഠനം മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരിയായ മോളിയില്‍നിന്നും അവരുടെ വീട്ടുകാരില്‍നിന്നും ബൈബിള്‍കഥകള്‍ കേള്‍ക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.

ഇതുകൂടാതെ ഇടയ്ക്ക് കലൂരിലുള്ള വിശുദ്ധ അന്തോണീസിന്‍റെ ദൈവാലയത്തില്‍ നൊവേനയ്ക്കും അതോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്കും പോകും. സത്യത്തില്‍ ഞാന്‍ പുണ്യാളനെ കാണാനാണ് പോയിരുന്നത്. ഈശോയോട് എനിക്ക് വ്യക്തിപരമായി അടുപ്പമൊന്നും ഉായിരുന്നില്ല എന്നുപറയാം. പക്ഷേ വിശുദ്ധ കുര്‍ബാനയ്ക്കിടയിലുള്ള വചനപ്രഘോഷണം വളരെ ഇഷ്ടമായിരുന്നു. നാളുകള്‍ അങ്ങനെ കടന്നുപോയതോടെ എനിക്ക് ഈശോയെ വ്യക്തിപരമായി കണ്ടുമുട്ടാനും സ്നേഹിക്കാനും സാധിച്ചു. വിശുദ്ധ അന്തോണീസുതന്നെ എന്നെ ഈശോയിലേക്ക് അടുപ്പിച്ചു എന്നതാണ് ശരി. ക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവം എന്ന് എനിക്ക് ബോധ്യമായിത്തുടങ്ങി.

നാളുകള്‍ അങ്ങനെ കടന്നുപോയി, ഞാന്‍ വിവാഹിതയായി. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതോടെ ആസ്ത്മ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങി. എപ്പോഴും മരുന്ന് കഴിക്കണമെന്ന അവസ്ഥ. ഈ രോഗത്തില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ ഭര്‍ത്താവിന്‍റെ അമ്മ എന്നെ ഞങ്ങളുടെ നാട്ടിലുള്ള ധ്യാനകേന്ദ്രത്തിലേക്ക് പറഞ്ഞുവിടുമായിരുന്നു. ആസ്ത്മയില്‍നിന്ന് പൂര്‍ണസൗഖ്യം ലഭിച്ചില്ലെങ്കിലും ഈശോയെ അനുഭവിച്ചറിയാന്‍ സാധിച്ചതിനാല്‍ അതെനിക്ക് വലിയ അനുഗ്രഹമായി. അമ്മയിലൂടെ കര്‍ത്താവ് എന്നെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. “ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71) എന്ന സങ്കീര്‍ത്തനവചനം എത്രയോ അന്വര്‍ത്ഥമാണ്! മാത്രവുമല്ല നാളുകള്‍ കഴിഞ്ഞപ്പോഴേക്കും ശരീരം ചൊറിഞ്ഞുതടിക്കുന്ന രോഗാവസ്ഥയില്‍നിന്ന് സൗഖ്യം ലഭിക്കുകയും ചെയ്തു.

കാലക്രമത്തില്‍ മൂന്ന് കുട്ടികള്‍കൂടി ജനിച്ചു. അവര്‍ക്കും ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചുകൊടുത്തു. കത്തോലിക്കാ സ്കൂളില്‍നിന്നും സ്കൂളിനോടുചേര്‍ന്നുള്ള ദൈവാലയത്തില്‍നിന്നുമൊക്കെ ലഭിച്ച ദൈവാനുഭവങ്ങളുംകൂടിയായതോടെ അവര്‍ വിശ്വാസത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു.

മുതിര്‍ന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ ചേരണമെന്ന ആഗ്രഹം മക്കളില്‍ തീവ്രമായി. രണ്ടാമത്തെ മകള്‍ പലപ്പോഴും പറയും, ‘ഞാന്‍ മാമ്മോദീസ സ്വീകരിക്കാന്‍ പോവുകയാണെ’ന്ന്. “എല്ലാവര്‍ക്കും ഒന്നിച്ച് മാമ്മോദീസ സ്വീകരിക്കാം, നീ കാത്തിരിക്ക്” എന്ന് ഞാന്‍ പറയും. എന്തായാലും ആഗ്രഹം തീവ്രമാകുന്നതനുസരിച്ച് മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നതിനുള്ള പ്രാര്‍ത്ഥനയുടെയും തീവ്രത കൂടി. യൗവനപ്രായത്തിലെത്തിയ മക്കള്‍ക്ക് ഏറ്റവും ആഗ്രഹം വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളാനായിരുന്നു.

അങ്ങനെ കുറച്ചുനാള്‍ കടന്നുപോയി. ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്ന മക്കള്‍ പഠനത്തിലും സ്വഭാവത്തിലുമൊക്കെ മിടുക്കരാകുന്നത് കണ്ട ഭര്‍ത്താവ് ക്രൈസ്തവ വിശ്വാസത്തിന്‍റെ മൂല്യം മനസിലാക്കിത്തുടങ്ങി. അതിനാല്‍ മാമ്മോദീസ സ്വീകരിക്കാന്‍ അദ്ദേഹം ഞങ്ങള്‍ക്ക് സമ്മതം തന്നു. സന്തോഷത്തോടെ മാമ്മോദീസയ്ക്കായി ഒരുങ്ങി. ഒടുവില്‍ നിശ്ചയിച്ച ദിവസം യാത്ര തുടങ്ങുന്ന നേരത്ത് പല തടസങ്ങളും ഉണ്ടായത് ഇന്നും ഞാനോര്‍ക്കുന്നു. കൈയിലുണ്ടായിരുന്ന പുതിയ സാരി തേച്ചുകൊണ്ടിരുന്നപ്പോള്‍ കത്തിപ്പോയി. പിന്നീട് മറ്റൊരു സാരിയുടുത്ത് യാത്ര തുടങ്ങിയപ്പോള്‍ എന്‍റെ ചെരുപ്പ് പൊട്ടി. ഇത്തരം തടസങ്ങളെല്ലാം അവഗണിച്ചായിരുന്നു ഞങ്ങളുടെ ആ യാത്ര. ഒടുവില്‍ അന്ന് ദൈവാലയത്തിലെത്തി മക്കളും ഞാനും മാമ്മോദീസ കൈക്കൊണ്ടു. 2007-ലാണ് അത്. ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ചപ്പോഴുണ്ടായ സന്തോഷം അളവറ്റതായിരുന്നു. പിന്നീടങ്ങോട്ട് ജീവിതം വളരെയധികം അനുഗൃഹീതമായി. വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ഭര്‍ത്താവും പൂര്‍ണമനസോടെ മാമ്മോദീസ സ്വീകരിച്ചു.

ഏകരക്ഷകനായ യേശുവില്‍ വിശ്വസിക്കാനും വിശുദ്ധ കുര്‍ബാനയില്‍ അവിടുത്തെ സ്വീകരിക്കാനും ഭാഗ്യം തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. നന്ദി യേശുവേ, നന്ദി!

Share:

Monica Paul

Monica Paul

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles