Home/Enjoy/Article

ജൂണ്‍ 11, 2024 198 0 Silvy Santosh
Enjoy

ആറുവയസുകാരനൊപ്പം എത്താനായില്ല!

സ്‌കൂള്‍ അവധിക്കാലം തുടങ്ങിയ ഉടന്‍ ഞങ്ങള്‍ അമ്മയെയും സഹോദരങ്ങളെയും കാണാന്‍ ഇന്ത്യയിലേക്ക് പോയി. ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍, രണ്ടു ദിവസത്തെ അവധിയെടുത്തതിനുശേഷം, ഇളയ മകന്‍ സോളമന് വേനല്‍ക്കാല സ്‌കൂള്‍ ആരംഭിക്കേണ്ടി വന്നു. അവന്റെ സഹോദരിമാര്‍ ഉറക്കമുണരുംമുമ്പേ, അവന്‍ എഴുന്നേറ്റ് സ്‌കൂളില്‍ പോകേണ്ടതിനാല്‍ എനിക്ക് സഹതാപം തോന്നി. പോകേണ്ട ദിവസം രാവിലെ അവനെ വിളിച്ചു. വളരെ പെട്ടെന്ന് അവന്‍ തന്റെ കട്ടിലില്‍നിന്ന് എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ തയ്യാറായി.

സ്‌കൂള്‍ ബസ് സ്റ്റോപ്പിലേക്ക് കാറില്‍ പോകാതെ നടക്കണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ വളരെ ഉത്സാഹത്തോടെ സമ്മതം മൂളി. ഒരു കിലോമീറ്റര്‍ ദൂരം നടക്കാനുണ്ട്. നടക്കുമ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു ‘സ്‌കൂളില്‍ പോകുന്നതിനെക്കുറിച്ച് നീ സന്തോഷവാനാണോ?’
അവന്റെ മറുപടി ഇതായിരുന്നു: ‘അതെ അമ്മേ, പക്ഷേ സോണിയയെ ഓര്‍ത്ത് (എൻ്റെ രണ്ടാമത്തെ മകള്‍) എനിക്ക് വളരെ സങ്കടമുണ്ട്.’ അത് എന്തുകൊണ്ടാണെന്ന് ഞാന്‍ അന്വേഷിച്ചു. അവന്‍ പറഞ്ഞു, ‘അവള്‍ ഉണരുമ്പോള്‍, എന്നെ കാണാത്തതില്‍ വളരെ സങ്കടപ്പെടും, ഞാന്‍ സ്‌കൂളില്‍ ധാരാളം സുഹൃത്തുക്കളുമായി കളിക്കുമ്പോള്‍ അവള്‍ക്ക് കൂടെ കളിക്കാന്‍ ആരുമുണ്ടാകില്ല.’ ഇത് പറഞ്ഞുകൊണ്ട് അവന്‍ തന്റെ ടോയ് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ച് എനിക്ക് മുന്‍പേ പോയി.

ഒരു വചനമാണ് പെട്ടെന്ന് മനസിലേക്ക് വന്നത്. ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.” (ഏശയ്യാ 55/8-9).
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ എപ്പോഴോ നിഷ്‌കളങ്കതയും, മറ്റുള്ളവരെ നമ്മെക്കാള്‍ കൂടുതലായി കരുതുവാനും സംരക്ഷിക്കുവാനുമുള്ള, നന്മകളും ഒന്നൊന്നായി കുറഞ്ഞു പോകുകയാണല്ലോ എന്നോര്‍ത്ത് ഞാനൊന്നു നെടുവീര്‍പ്പിട്ടു. അപ്പോള്‍ ഈശോ ഒരു കാര്യം പെട്ടെന്ന് ഓര്‍മിപ്പിച്ചു. ”ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (മത്തായി 18/4). അതെനിക്ക് ഒരു വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കി.
പെട്ടെന്ന് ഞാന്‍ നടത്തത്തിന് വേഗത കൂട്ടി, ഈ കുട്ടിമനസിനൊപ്പം എത്തണമെങ്കില്‍ എന്റെ മനസിന്റെ വേഗതയും കൂട്ടണമല്ലോ.

Share:

Silvy Santosh

Silvy Santosh

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles