Home/Encounter/Article

ജൂണ്‍ 10, 2024 29 0 Deepak Chellappan
Encounter

ആരോ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ട്!

അന്ന് എനിക്ക് ഏതാണ്ട് പതിനേഴ് വയസ് പ്രായം, എന്‍ജിനീയറിംഗ് പഠനം നടത്തുന്നു. കോളേജില്‍വച്ച് നടത്തിയ ഒരു മെഡിക്കല്‍ ചെക്കപ്പില്‍ ഡോക്ടര്‍ പറഞ്ഞു, ”നിങ്ങളുടെ ഹൃദയത്തിന് എന്തോ തകരാറുണ്ട്, കാര്‍ഡിയോളജിസ്റ്റിനെ കാണണം.” ഞാന്‍ ആകെ വിഷമത്തിലായി. കാരണം ചെറുപ്പംമുതല്‍ പലപ്പോഴും നെഞ്ചുവേദന വരാറുള്ളതാണ്. അപ്പോഴൊക്കെ ആരും കാണാതെ വേദന സഹിച്ച് കരയുകയാണ് പതിവ്. കാരണം എഹോസ്റ്റലിലായിരുന്ന ദിവസം ഞാനൊരു സ്വപ്നം കണ്ടു. ഒരു കുന്നിന്‍റെ മുകളില്‍ ഒരു വിശുദ്ധന്‍റെ കൂടാരം. ആളുകള്‍ അവിടെ വരുന്നു. കിളിവാതിലുകള്‍മാത്രമുള്ള ആ കൂടാരത്തിനുള്ളിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നു. ഞാനും ഒരു കിളിവാതിലിലൂടെ നോക്കി, വിശുദ്ധന്‍റെ രൂപത്തിന്‍റെ ഒരു വശമാണ് ഞാന്‍ കണ്ടത്. എന്‍റെ മനസ് പറഞ്ഞു അത് സെയ്ന്റ് ആന്റണി ആണെന്ന്. പെട്ടെന്ന് ആ രൂപത്തിന് ജീവന്‍ വച്ചു. അദ്ദേഹം എന്നോട് ചോദിച്ചു, ”നിനക്കെന്തുവേണം?” ആറാമത്തെ വയസില്‍ വിദേശത്തുവച്ച് ഒരു അപകടത്തില്‍ അച്ഛന്‍ മരിച്ചു. അന്നാളുകള്‍മുതല്‍ കുടുംബത്തിന്‍റെ സ്ഥിതിയും മോശമായതാണ്. അതിനാല്‍ സ്വതവേ ദുഃഖത്തിലായിരിക്കുന്ന അമ്മയെയും കുടുംബാംഗങ്ങളെയും കൂടുതല്‍ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് അത്രയും നാള്‍ രഹസ്യമായി സഹിച്ചത്.

അതുവരെയും ഞങ്ങളുടെ വിശ്വാസപ്രകാരം ക്ഷേത്രങ്ങളില്‍ പോകുമ്പോഴെല്ലാം ഹൃദയമുരുകി പ്രാര്‍ത്ഥിച്ചിരുന്നു, കുഴപ്പമൊന്നുമുണ്ടാകല്ലേ എന്ന്. പക്ഷേ ഞാന്‍ ഭയപ്പെട്ടിരുന്നതുതന്നെ നേരിടേണ്ടിവന്നിരിക്കുകയാണ്. പക്ഷേ വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കും ഒരു ഞെട്ടല്‍ കണ്ടില്ല. സാവധാനമാണ് കാര്യം മനസിലായത്, എനിക്ക് ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടുപിടിച്ചിരുന്നു എന്ന്. ഓപ്പറേഷന്‍ നിര്‍ദേശിച്ചിരുന്നതാണ്. പിന്നീട് മറ്റൊരു ഡോക്ടര്‍ പറഞ്ഞതുപ്രകാരം എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ നോക്കാം എന്ന തീരുമാനത്തില്‍ മുന്നോട്ടുപോയി എന്നേയുള്ളൂ.

ഇങ്ങനെ ഏറെ വേദനയോടെ ഇരിക്കുന്ന സമയം. ഒരു ദിവസം പുറത്തുപോയ സമയത്ത് മതിലില്‍ ഒരു വചനം ഞാനിങ്ങനെ കാണുകയാണ്, ”എന്‍റെ അടുത്ത് വരിക, ഞാന്‍ നിന്നെ സഹായിക്കാം.” അതെന്നെ വളരെ സ്പര്‍ശിച്ചു. പക്ഷേ മതിലില്‍ വചനം എഴുതിവയ്ക്കുന്നത് മതപരിവര്‍ത്തനത്തിനുവേണ്ടിയാണെന്നെല്ലാം ചിന്തിച്ചതുകൊണ്ട് അത് അത്ര കാര്യമാക്കിയില്ല. പിറ്റേ ദിവസം വീണ്ടും അതിലേ പോകാന്‍ ഇടവന്നു. പക്ഷേ നോക്കിയപ്പോള്‍ ആ മതിലില്‍ വചനം കാണുന്നില്ല! പകരം പഴകി അടര്‍ന്നുതുടങ്ങിയ വിധത്തിലുള്ള ഒരു പെയിന്റ് പരസ്യമാണ് കണ്ടത്. അപ്പോള്‍ എനിക്ക് തോന്നി, ‘ആരോ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ട്!’

ഹോസ്റ്റല്‍ മുറിയിലെ സ്വപ്നം

ഹോസ്റ്റലിലായിരുന്ന ദിവസം ഞാനൊരു സ്വപ്നം കണ്ടു. ഒരു കുന്നിന്‍റെ മുകളില്‍ ഒരു വിശുദ്ധന്‍റെ കൂടാരം. ആളുകള്‍ അവിടെ വരുന്നു. കിളിവാതിലുകള്‍മാത്രമുള്ള ആ കൂടാരത്തിനുള്ളിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നു. ഞാനും ഒരു കിളിവാതിലിലൂടെ നോക്കി, വിശുദ്ധന്‍റെ രൂപത്തിന്‍റെ ഒരു വശമാണ് ഞാന്‍ കണ്ടത്. എന്‍റെ മനസ് പറഞ്ഞു അത് സെയ്ന്റ് ആന്റണി ആണെന്ന്. പെട്ടെന്ന് ആ രൂപത്തിന് ജീവന്‍ വച്ചു. അദ്ദേഹം എന്നോട് ചോദിച്ചു, ”നിനക്കെന്തുവേണം?”

എന്‍റെ മനസില്‍ ഒരേയൊരു ചിന്തയേ വന്നുള്ളൂ. എന്‍റെ അസുഖം മാറണം എന്ന് ആവശ്യപ്പെടാം. അത് പറയാനായി ഞാന്‍ വാ തുറന്നു. പക്ഷേ നാവില്‍നിന്ന് വീണത് ഇങ്ങനെയാണ്, ”വിശുദ്ധാ, എനിക്ക് ഈശോയുടെ പരിശുദ്ധാത്മാവിനെ വേണം.”
”നീ സ്വീകരിക്കുക,” അദ്ദേഹം എന്‍റെ ശിരസില്‍ കൈവച്ചു.
എന്‍റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ഭയങ്കരമായ ചൂട് തോന്നി, വിയര്‍ക്കാന്‍ തുടങ്ങി. കിടന്നിരുന്ന കട്ടിലും ഹോസ്റ്റല്‍ മുറിയുമെല്ലാം കറങ്ങുന്നതുപോലെ….
അദ്ദേഹം കൈയെടുക്കുന്ന നിമിഷം ഞാന്‍ പെട്ടെന്ന് ചോദിച്ചു, ”വിശുദ്ധാ, എന്‍റെ ഹൃദയത്തിന്‍റെ അസുഖം മാറ്റിത്തരുമോ?”
”നീ മാനുഷികമായി ചിന്തിക്കുന്നു” അതായിരുന്നു മറുപടി.

വചനം പറയുന്നു, ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്‍റെ അടുക്കല്‍ വന്ന് പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു” (ജറെമിയാ 29/11-14). അത് എന്‍റെ ജീവിതത്തിലും നിറവേറുകയായിരുന്നു. അങ്ങനെ പരിശുദ്ധാത്മാവിന്‍റെ ഒരു അഭിഷേകം എനിക്ക് ലഭിച്ചു.
പിറ്റേന്ന് രാവിലെ ഞാനറിയുന്നത് അമ്മയ്ക്ക് ഹൃദയത്തിന് എന്തോ അസ്വസ്ഥത തോന്നി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് എന്നാണ്. അതിനിടയില്‍ ഒരു സുഹൃത്ത് യാദൃച്ഛികമെന്നോണം ഒരു ബൈബിള്‍ സമ്മാനിച്ചിരുന്നു. അതുമായി ഞാന്‍ വീട്ടില്‍ പോയി. രണ്ടോ മൂന്നോ ദിവസം ഐ.സി.യുവില്‍ കഴിഞ്ഞ് അമ്മ വീട്ടില്‍ തിരിച്ചെത്തി.

ദൈവസ്വരം കേള്‍പ്പിച്ച ബൈബിള്‍

ആ സമയത്ത് ഞാന്‍ ആദ്യമായി മുട്ടുകുത്തിനിന്ന് ബൈബിള്‍ എടുത്തുവായിച്ചു. ”ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനുംവേണ്ടിയുള്ളതാണ്. (യോഹന്നാന്‍ 11/4) എന്ന വചനഭാഗമാണ് കിട്ടിയത്. വളരെ സന്തോഷം തോന്നി. എങ്കിലും ചോദിച്ചു, ”തലേന്ന് വരെ ഒരു കുഴപ്പവുമില്ലാതിരുന്ന അമ്മയ്ക്ക് ഇങ്ങനെയെല്ലാം പെട്ടെന്ന് വരാന്‍ കാരണമെന്താണ്?”

ഉത്തരത്തിനായി ബൈബിള്‍ തുറന്നപ്പോള്‍ യേശുക്രിസ്തു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം മലമുകളില്‍ സാത്താനാല്‍ പരീക്ഷിക്കപ്പെടുന്ന ഭാഗമാണ് ലഭിച്ചത് (മത്തായി 4/1-11). പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തി പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടതാണ്. അതുകഴിഞ്ഞാല്‍ അമ്മ സുഖം പ്രാപിക്കും എന്നൊരു ബോധ്യം മനസില്‍ നിറഞ്ഞു. പക്ഷേ മാനുഷികബലഹീനതെയന്നോണം വിശ്വാസം ആടിയുലയുന്ന അനുഭവങ്ങളുണ്ടായി. കാരണം വീണ്ടും രണ്ട് പ്രാവശ്യം അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട രീതിയില്‍ അവസ്ഥ മോശമായി.
രണ്ടാമത്തെ തവണ അങ്ങനെ സംഭവിച്ചപ്പോള്‍ പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറന്നനേരത്ത് കിട്ടിയ വചനം ഇതായിരുന്നു. ”നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും” (യോഹന്നാന്‍ 16/20). മൂന്നാമതാവട്ടെ, ”ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക, അവള്‍ സുഖം പ്രാപിക്കും” (ലൂക്കാ 8/50) എന്ന വചനം കിട്ടി.

പക്ഷേ മൂന്ന് വര്‍ഷം മുന്നോട്ടുപോയിട്ടും അമ്മയുടെ രോഗം കുറയുകയല്ല, കൂടുകയാണ് ചെയ്തത്. ഇടയ്ക്ക് വചനങ്ങള്‍ തന്ന് ഈശോ അതുവരെ നിലനിര്‍ത്തി. പക്ഷേ ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു, ”ഇനി ഇങ്ങനെ മുന്നോട്ടുപോയിട്ട് കാര്യമില്ല. സര്‍ജറി ചെയ്യാം.” അദ്ദേഹം അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അമ്മയുടെ ജീവിതം തീരുകയാണ് എന്നൊരു തോന്നല്‍ എല്ലായിടത്തും പരന്നു. ഏറെ ബന്ധുക്കള്‍ കാണാന്‍ വന്നു. രാത്രി അമ്മയുടെ മുറിയില്‍നിന്ന് കരച്ചിലാണ് കേട്ടത്. ഓടിച്ചെന്നപ്പോള്‍ അമ്മയും സഹോദരങ്ങളുമെല്ലാം കരയുകയാണ്.

ഹൃദയം നുറുങ്ങി എന്‍റെ മുറിയിലേക്ക് തിരികെ വന്ന് ഞാനും കരഞ്ഞു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഒരു നനുത്ത സ്വരം- ”അമ്മയുടെ രോഗത്തെക്കുറിച്ച് ഞാന്‍ തന്ന വചനങ്ങളെല്ലാം ഒരു പേപ്പറില്‍ എഴുതിവയ്ക്കുക. ഞാന്‍ വേഗം വചനങ്ങള്‍ പേപ്പറിലെഴുതി തിയതിയെഴുതി ഒപ്പിട്ട് ബൈബിളിനകത്ത് വച്ചു. പിന്നെ നേരെ കട്ടിലില്‍ കയറി കിടന്നു. ഉടനെ ഉറങ്ങിപ്പോയി. ഏതാണ്ട് 11.30 ആയപ്പോള്‍ വീണ്ടും ഒരു കരച്ചില്‍ കേട്ട് എഴുന്നേറ്റു. അമ്മയുടെ മുറിയില്‍നിന്ന് തന്നെയാണ്. അതോടെ വീണ്ടും സങ്കടമായി. ആ രാത്രിതന്നെ രണ്ടാമതും പ്രാര്‍ത്ഥനയോടെ ബൈബിള്‍ തുറന്നു, വാഗ്ദാനം ചെയ്യപ്പെട്ടതൊന്നും സംഭവിക്കാന്‍ സാധ്യതകളില്ലാതിരുന്നിട്ടും അബ്രാഹം വിശ്വസിച്ചതുപോലെ ചെയ്താല്‍ നീതീകരിക്കപ്പെടുമെന്ന് വിശദമാക്കുന്ന റോമാ 4/13-25 വചനഭാഗം കിട്ടി.

അപ്പോള്‍ എന്‍റെ ചോദ്യം ഇതായിരുന്നു, ”അബ്രാഹമിന് വാഗ്ദാനങ്ങള്‍ കിട്ടി. പക്ഷേ എനിക്കെന്ത് വാഗ്ദാനമാണ് കിട്ടിയത്?” നനുത്ത സ്വരം വീണ്ടും കേട്ടു, ”നിനക്ക് തന്ന വാഗ്ദാനങ്ങളാണ് നീ അല്പം മുമ്പ് പേപ്പറിലെഴുതിയത്.” പെട്ടെന്ന് ശരീരത്തില്‍ കറന്റടിക്കുന്ന അനുഭവം! അതോടെ ആകുലതകള്‍ നീങ്ങി ഞാന്‍ സ്വതന്ത്രനായി.
പിറ്റേന്ന് അമ്മയെ പരിശോധിച്ച വിദഗ്ധ ഡോക്ടര്‍ പറഞ്ഞു, ”ശക്തമായ ഹൃദ്രോഗമുണ്ട്. പക്ഷേ രണ്ട് കൊല്ലം മരുന്ന് കഴിക്കാം. കുറയുന്നില്ലെങ്കില്‍ സര്‍ജറി ചെയ്യാം.”

ഉദ്വേഗത്തിന്‍റെ നിമിഷങ്ങള്‍

ഡോക്ടറുടെ നിര്‍ദേശം കേട്ട് തിരികെ വന്നു. പക്ഷേ രണ്ട് വര്‍ഷമായിട്ടും അമ്മയുടെ രോഗത്തിന് കുറവൊന്നും വന്നില്ല. അതിനാല്‍ എറണാകുളത്തെ ആശുപത്രിയില്‍വച്ച് സര്‍ജറി ചെയ്യാന്‍ തീരുമാനമായി. സര്‍ജറിയുടെ തലേന്ന് രാത്രി മുട്ടുകുത്തി ഞാന്‍ ഈശോയോട് പറഞ്ഞു, ഇത്രമാത്രം ഡോക്ടര്‍മാരും വിദഗ്ധരുമെല്ലാം പറഞ്ഞിട്ടും അഞ്ച് വര്‍ഷമായി ഞാന്‍ അങ്ങ് തന്ന വാഗ്ദാനങ്ങള്‍ മുറുകെപ്പിടിച്ചിരിക്കുകയാണ്. പക്ഷേ ഞാനൊരു മനുഷ്യനല്ലേ, ഇനി 24 മണിക്കൂര്‍പോലുമില്ല അമ്മയുടെ ശരീരത്തില്‍ കത്തിവയ്ക്കാന്‍.”

മണിക്കൂറുകള്‍ക്കുശേഷം അത്ഭുതമൊന്നും കാണായ്കയാല്‍ വീണ്ടും പ്രാര്‍ത്ഥിച്ചു, ബൈബിള്‍ തുറന്നു. കിട്ടിയ വചനം ഇതായിരുന്നു: ”നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് പോവുക എന്ന് പറഞ്ഞാല്‍ അത് മാറിപ്പോകും” (മത്തായി 17/20). ഞാന്‍ ഹൃദയം തുറന്നുപറഞ്ഞു, ”മലയെ മാറ്റാനുള്ള വിശ്വാസം എനിക്കുണ്ട്, ഞാന്‍ വിശ്വസിക്കുന്നു.” പക്ഷേ പ്രത്യേകിച്ച് ഒന്നും അതുവരെയും സംഭവിച്ചില്ല.
അങ്ങനെ സര്‍ജറിയുടെ സമയമായപ്പോള്‍ ഞാന്‍ കായംകുളത്തെ വീട്ടില്‍നിന്ന് എറണാകുളത്ത് ആശുപത്രിയിലേക്ക് പോവുകയാണ്. ഫോണില്‍ ചേട്ടന്‍ വിളിച്ചു. തിയേറ്ററില്‍ കയറ്റുന്നതിനുമുമ്പ് ബ്ലോക്കിന്‍റെ പൊസിഷനെല്ലാം കൃത്യമായി അറിയാനായി ആന്‍ജിയോഗ്രാം ചെയ്യുകയാണ് എന്ന് പറഞ്ഞു. അമ്മയെ തിയറ്ററില്‍ കയറ്റി.

ഇനി നിമിഷങ്ങളേ ഉള്ളൂ സര്‍ജറിക്ക്. എങ്കിലും ഞാന്‍ വിശ്വസിക്കുന്നു എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. ട്രെയിന്‍ ചെങ്ങന്നൂരിലെത്തുന്നതിനുമുമ്പ് വീണ്ടും ചേട്ടന്‍റെ കോള്‍, ”ആന്‍ജിയോഗ്രാം ചെയ്തിട്ട് ഡോക്ടര്‍ പറയുന്നത് നിന്‍റെ അമ്മയുടെ ഹാര്‍ട്ടില്‍ ഒറ്റ ബ്ലോക്ക്‌പോലുമില്ല എന്നാണ്!” ”അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/5). സാവധാനം അമ്മ ആശുപത്രിയില്‍നിന്ന് മടങ്ങി. പിന്നീട് ഇന്നുവരെ ഹൃദ്രോഗത്തിന്‍റെ ഒരു മരുന്നും അമ്മ കഴിച്ചിട്ടില്ല. അമ്മയുടെ സൗഖ്യത്തിനായി കാത്തിരുന്ന അഞ്ചുവര്‍ഷം പല അത്ഭുതങ്ങളും ചെയ്ത് ഈശോ ജീവിക്കുന്ന ദൈവമാണെന്ന് തെളിയിച്ചിരുന്നു. ആ അനുഭവങ്ങള്‍ വിശ്വാസത്തോടെ കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. (ആ അനുഭവങ്ങള്‍ ഈ കുറിപ്പിനോടൊപ്പം നല്കിയിരിക്കുന്നു)

വിവാഹം, കുഞ്ഞ്, വീട്

അങ്ങനെ ജീവിതം തുടരവേ എനിക്ക് വിവാഹം കഴിക്കേണ്ട സമയമായി. ക്രൈസ്തവവിശ്വാസിയായ വധുവിനെ വേണമെന്ന് പത്രത്തില്‍ പരസ്യം ചെയ്തു. എങ്കിലും അങ്ങനെയൊരു വധുവിനെ ലഭിക്കുക പ്രയാസമാണെന്ന് എല്ലാവരും ചിന്തിച്ചിരുന്നു. പക്ഷേ എനിക്ക് ചേര്‍ന്ന വധുവിനെ ലഭിച്ചു. പിന്നീട് നാളുകള്‍ കഴിഞ്ഞും മക്കളുണ്ടാവുന്നില്ല. ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍, എന്‍റെ ഭാര്യ പ്രസവിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറന്നപ്പോള്‍ ”നിന്‍റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്ന് പേരിടണം” (ലൂക്കാ 1/13) എന്ന വചനഭാഗമാണ് കിട്ടിയത്. അത് വിശ്വസിച്ചു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അതിനുശേഷം പെട്ടെന്നുതന്നെ ഭാര്യ ഗര്‍ഭിണിയായി. ഞങ്ങള്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു.

കുടംബമായാല്‍ പിന്നത്തെ ആവശ്യം നല്ലൊരു വീടാണല്ലോ. അതിനായും പ്രാര്‍ത്ഥിച്ചു. കിട്ടിയത്, സ്വന്തം ദേശത്ത് അവര്‍ വസിക്കും, അവര്‍ വീടുപണിയുകയും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുകയും ചെയ്യും എന്ന വചനഭാഗമായിരുന്നു (എസെക്കിയേല്‍ 28/25-26). സിവില്‍ എന്‍ജിനീയറായതിനാല്‍ ഞാന്‍തന്നെ ഒരു പ്ലാന്‍ തയാറാക്കി. പഴ്‌സില്‍ അപ്പോള്‍ 500 രൂപയാണ് ഉണ്ടായിരുന്നത്. പക്ഷേ, വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ച് 2005 ജനുവരി ഒന്നിന് കല്ലിട്ട് വീടുപണി ആരംഭിച്ചു. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയായി.

ആദ്യപ്രശ്‌നത്തിലേക്ക്…

ആ നാളുകളിലൊന്നും എന്‍റെ ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. എന്നാല്‍ വയറിന് പ്രശ്‌നമുണ്ടായിരുന്നതുകൊണ്ട് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റിനെ കാണാന്‍ പോയി. ഹൃദയത്തിന്‍റെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അദ്ദേഹം ഒരു കാര്‍ഡിയോളജിസ്റ്റിന്‍റെ അടുത്തേക്ക് എന്നെ അയച്ചു. അന്നാണ് എന്‍റെ രോഗം എന്താണെന്ന് കൃത്യമായി നിര്‍ണയിക്കപ്പെട്ടത്, ബൈകുസ്പിഡ് അയോര്‍ട്ടിക് വാല്‍വ്. മൂന്ന് ഇതളുകളുണ്ടാവേണ്ട അയോര്‍ട്ടിക് വാല്‍വിന് ജന്മനാ രണ്ട് ഇതളുകളേയുള്ളൂ. അത് ഹൃദയത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്ന അവസ്ഥയാണ്.

അതുവരെയും രോഗമെന്താണെന്നോ അതിന്‍റെ ഗുരുതരാവസ്ഥ എന്താണെന്നോ അറിഞ്ഞ് ഭയപ്പെടാതെ എന്നെ ദൈവം നടത്തി. വിശ്വാസത്തില്‍ വളര്‍ത്തിയതിനുശേഷംമാത്രമാണ് ഈശോ രോഗം നിര്‍ണയിക്കാന്‍ അനുവദിച്ചത്. എന്തായാലും ആ സമയത്ത് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ട ആവശ്യമുണ്ടായിരുന്ന ഞാന്‍ അവിടെ വെട്ടുകാട് ക്രിസ്തുരാജാ ദൈവാലയത്തിലിരിക്കുമ്പോള്‍ ശരീരം കുഴയുന്നതുപോലെ അനുഭവപ്പെട്ടു. ഭാര്യ കാറില്‍ ബി.പി അപ്പാരറ്റസ് എടുത്തിരുന്നു. അതുവച്ച് പരിശോധിച്ചപ്പോള്‍ പതിവില്ലാത്തവിധം വല്ലാതെ ഉയര്‍ന്ന ബി.പി! പെട്ടെന്ന് സമീപത്തുള്ള ഡോക്ടറെ കാണാന്‍ പോയി. ഹൃദയത്തിന് തകരാറുള്ളതിനാല്‍ പിറ്റേന്ന് എക്കോ ടെസ്റ്റ് ചെയ്യാനായികുന്നു ഡോക്ടറുടെ നിര്‍ദേശം. അന്നു രാത്രി വീട്ടില്‍വച്ച് ഈ രോഗം മാറാനായി പ്രാര്‍ത്ഥിക്കണമെന്ന് ശക്തമായ തോന്നല്‍. ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് ടെസ്റ്റ് സമയത്ത് എന്‍റെ സമീപം ഉണ്ടായിരിക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ അമ്മയോടും യാചിച്ചു.

എക്കോ ടെസ്റ്റിന് ചെന്നപ്പോള്‍ അസിസ്റ്റന്റ് ഡോക്ടറാണ് ടെസ്റ്റ് നടത്തിയത്. റിപ്പോര്‍ട്ടുമായി ചീഫ് ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് ആകെയൊരു സംശയം. അതിനാല്‍ അദ്ദേഹംതന്നെ കൂടുതല്‍ സമയമെടുത്ത് വിശദമായി ഒരു പ്രാവശ്യംകൂടി എക്കോ ടെസ്റ്റ് ചെയ്തു. തുടര്‍ന്ന് എന്നെ വിളിച്ചുപറഞ്ഞു, ”ദീപക്, നിങ്ങളുടെ ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വിന് ഇപ്പോള്‍ മൂന്ന് ഇതളുകളുമുണ്ട്!” ആ സൗഖ്യം സ്ഥിരീകരിക്കാനായി ദൈവം അനുവദിച്ച ശാരീരികാവസ്ഥയായിരുന്നു പ്രഷര്‍ വ്യതിയാനം. പിന്നീട് ഒരിക്കലും എനിക്ക് അത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടില്ല. ഈശോയെ കണ്ടെത്താനും വിശ്വസിക്കാനും അവിടുന്ന് ഉപയോഗിച്ച രോഗാവസ്ഥ സമയത്തിന്‍റെ പൂര്‍ത്തിയില്‍ അവിടുന്ന് സൗഖ്യമാക്കി. എന്തുകൊണ്ടാണ് അത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. കാരണം അത് ദൈവത്തിന്‍റെ അനന്തജ്ഞാനത്തില്‍ എന്‍റെ നന്മക്കായി ക്രമീകരിച്ചതാണ് എന്നെനിക്കറിയാം. പിന്നീട് സാമ്പത്തികമായും ദൈവം ഉയര്‍ത്തി. അപ്രകാരം ദൈവപരിപാലനയില്‍ ഇന്നും മുന്നോട്ടുപോകുന്നു.

 

Share:

Deepak Chellappan

Deepak Chellappan

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles