Home/Engage/Article

ഫെബ്രു 21, 2024 278 0 Shalom Tidings
Engage

ആത്മീയവരള്‍ച്ചയില്‍…?

ആത്മാവിന്‍റെ മാനസാന്തരത്തിന്‍റെ ആരംഭത്തില്‍ ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്‍കും. പക്ഷേ ആ അവസ്ഥ ഏറെ നാള്‍ തുടരുകയില്ല.

വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക, “ദൈവസ്നേഹവും ക്രിസ്തീയ പൂര്‍ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരിക അനുഭൂതികളിലും അനുഭവവേദ്യമാകുന്ന ആശ്വാസങ്ങളിലുമല്ല; മറിച്ച് നമ്മുടെ ആത്മസ്നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതിലുമാണ്.”

പൂര്‍ണത പ്രാപിക്കാനായി, ആത്മീയ വരള്‍ച്ച മുഖേന ദൈവം സവിശേഷമായ ഒരു രീതിയില്‍ അവിടുന്ന് സ്നേഹിക്കുന്ന ആത്മാക്കളുമായി തന്നെത്തന്നെ ഗാഢമാംവിധം ഒന്നിപ്പിക്കുന്നു. ക്രമാതീതമായ ലൗകിക പ്രവണതകളോടുള്ള ഉറ്റബന്ധമാണ് ദൈവത്തോട് യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടുന്നതില്‍നിന്നും നമ്മെ തടസപ്പെടുത്തുന്നത്.

അതിനാല്‍, ദൈവം ഒരു ആത്മാവിനെ അവിടുത്തെ സമ്പൂര്‍ണ സ്നേഹത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവളെ ആദ്യം സൃഷ്ടികളുമായുള്ള സകലവിധ ഉറ്റബന്ധങ്ങളില്‍നിന്നും സ്വതന്ത്രയാക്കാന്‍ പ്രയത്നിക്കുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി അവിടുന്ന് അവളില്‍നിന്നും ധനം, സല്‍പ്പേര്, ബന്ധുക്കള്‍, ശാരീരികാരോഗ്യം എന്നിങ്ങനെ ഭൗതികമായവ അല്പാല്‍പമായി എടുത്തുമാറ്റുന്നു. തുടര്‍ന്ന് എല്ലാവിധത്തിലുമുള്ള വൈരുധ്യങ്ങളും അപമാനങ്ങളും വന്നെന്നിരിക്കും. ആത്മാവിന് തന്നോടുതന്നെയും സൃഷ്ടികളോടുമുള്ള സകല ഉറ്റബന്ധങ്ങളും ഇല്ലാതാക്കുവാന്‍ കര്‍ത്താവ് ഉപയോഗപ്പെടുത്തുന്ന അസംഖ്യം മാര്‍ഗങ്ങളാണിവ.

ദൈവത്തിന്‍റെ അതിശ്രേഷ്ഠരായ ദാസരുടെയും വിശുദ്ധരുടെയും ജീവിതങ്ങളില്‍ ആശ്വാസങ്ങളുടെ ‘പാല്‍’ പീഡനങ്ങളുടെ കൂടുതല്‍ ‘കട്ടിയായ ആഹാര’ത്തിന് വഴിമാറുന്നത് നാം കാണുന്നു. കാല്‍വരി മലയിലേക്കുള്ള യാത്രയില്‍ കുരിശിന്‍റെ ഭാരം താങ്ങാന്‍ അവരെ പ്രാപ്തരാക്കുന്നത് ഇതാണ്. ആത്മീയ വരള്‍ച്ച സഹിച്ച വളരെ വിശുദ്ധനായ ഒരു വ്യക്തിക്ക് കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ ഇങ്ങനെ എഴുതി: “ഇപ്പോഴത്തെക്കാള്‍ കൂടുതല്‍ നല്ലൊരു അവസ്ഥയില്‍ നിങ്ങള്‍ മുമ്പ് ഒരിക്കലും ആയിരുന്നിട്ടില്ല. കാരണം, ഈയൊരു നിമിഷത്തിലെന്നതുപോലെ നിങ്ങള്‍ ഒരിക്കലും ഇത്രയും എളിമപ്പെട്ടിട്ടില്ല. ഈ ലോകത്തോട് നിങ്ങള്‍ മുമ്പൊരിക്കലും ഇത്രയും വിരക്തനായിരുന്നിട്ടില്ല. ഈ നിമിഷത്തിലെന്നതുപോലെ നിങ്ങളുടെ ദുരവസ്ഥ ഇത്രയും നന്നായി നിങ്ങള്‍ മുമ്പ് ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ ഒരിക്കലും ഇത്രയും നിസംഗനായിരുന്നിട്ടില്ല. ഇതിനുമുമ്പൊരിക്കലും നിങ്ങള്‍ ഇത്രയും നിസ്വാര്‍ത്ഥനായിരുന്നിട്ടില്ല.”

ആത്മീയ വരള്‍ച്ചയുടെ മധ്യേയുള്ള പ്രത്യാശയുടെയും സമര്‍പ്പണത്തിന്‍റെയും പ്രകരണങ്ങള്‍ ദൈവത്തിന്‍റെ ഹൃദയത്തിന് എത്ര പ്രിയപ്പെട്ടതാണെന്നോ! അതിനാല്‍, വിശുദ്ധ ത്രേസ്യ പറയുന്നതുപോലെ, നമ്മുടെ അതിരറ്റ പ്രത്യാശ നാം നമ്മെത്തന്നെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ നമ്മെ സ്നേഹിക്കുന്ന ദൈവത്തില്‍ അര്‍പ്പിക്കാം.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles