Home/Evangelize/Article

ഫെബ്രു 21, 2024 280 0 ആന്‍ മരിയ ക്രിസ്റ്റീന
Evangelize

അസൂയപ്പെടുത്തിയ ഡയറികുറിപ്പുകൾ

ഇത്തരത്തിലുള്ള അസൂയ ആത്മീയവളര്‍ച്ചക്ക് നല്ലതാണ്!

ഏകദേശം ഒരു വര്‍ഷത്തോളം അലമാരക്കുള്ളിലായിരുന്നു ആ ഡയറിയുടെ സ്ഥാനം. നട്ടെല്ലിലേക്ക് ഈശോയുടെ സ്നേഹം ആഴ്ന്നിറങ്ങിയ എന്‍റെ രോഗാവസ്ഥയുടെ ആദ്യനാളുകളില്‍ ദിവസത്തിന്‍റെ ഏറിയപങ്കും കട്ടിലില്‍ മാത്രമായി തീര്‍ന്നു. അപ്പോള്‍ ഉടലെടുത്ത ഉള്‍പ്രേരണയാല്‍ ആദ്യമായി അത് കയ്യിലെടുത്തു. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. ഐസ്ക്രീമും ചോക്കലേറ്റും ആര്‍ത്തിയോടെ കഴിക്കുന്ന കുഞ്ഞിനെപ്പോലെ ഞാനും വായിക്കാന്‍ തുടങ്ങി. എന്‍റെ അന്തരാത്മാവില്‍ മുന്‍പെങ്ങും അനുഭവിക്കാത്ത ഒരു ദാഹം. ഒരു മാസക്കാലം മറ്റ് പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. ഡയറിയിലൂടെ പലപ്പോഴും ഞാന്‍ നടന്നു പോകുന്ന പോലെ ഒരു തോന്നല്‍… ശരിക്കും അതെന്നെ അസൂയപ്പെടുത്തി.

പോളണ്ടില്‍ ഗ്ലോഗോവിയെക് എന്ന ഗ്രാമത്തില്‍ ഭക്തരായിരുന്ന നിര്‍ധന കര്‍ഷകകുടുംബത്തിലെ പത്തു മക്കളില്‍ മൂന്നാമത്തവള്‍ ആയിരുന്നു ഹെലന്‍. ഭക്തിയിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അനുസരണയിലും വളര്‍ന്ന അവള്‍ കുടുംബത്തിന്‍റെ ദാരിദ്ര്യം മൂലം പതിനാലാമത്തെ വയസ്സില്‍ പട്ടണങ്ങളില്‍ വീട്ടുവേല ചെയ്തു.

സന്യാസ ജീവിതം പുല്‍കാനുള്ള ആഗ്രഹം മാതാപിതാക്കളുടെ എതിര്‍പ്പുമൂലം ഉള്ളില്‍ ഒതുക്കി. പിന്നീട് മഠത്തില്‍ ചേരാന്‍ പല മഠങ്ങളുടെ പടിവാതിലുകള്‍ മുട്ടിയെങ്കിലും ആരും അവളെ സ്വീകരിച്ചില്ല. ഒടുവില്‍ വാര്‍സോയിലെ കരുണയുടെ മാതാവിന്‍റെ മിണ്ടാമഠത്തില്‍ എത്തി. സിസ്റ്റര്‍ മരിയ ഫൗസ്റ്റീന എന്ന പുതിയ പേര് സ്വീകരിച്ച് ആ സന്യാസ സമൂഹത്തില്‍ അംഗമായിത്തീര്‍ന്നു. ഈ സന്യാസ സമൂഹത്തിന്‍റെ പല മഠങ്ങളിലും കുശിനിക്കാരിയായും തോട്ടക്കാരിയായും വാതില്‍ സൂക്ഷിപ്പുകാരിയുമായാണ് അവള്‍ക്കു നിയമനം ലഭിച്ചത്.

അവളുടെ അസാധാരണമായ മിസ്റ്റിക് ജീവിതത്തെപ്പറ്റി ആര്‍ക്കും മനസ്സിലാക്കുക സാധ്യമായിരുന്നില്ല. സന്യാസജീവിതത്തിന്‍റെ എല്ലാ നിയമങ്ങളും വിശ്വസ്തതയോടെ പാലിച്ച് കാരുണ്യത്തോടെ, നിസ്വാര്‍ത്ഥസ്നേഹത്തോടെ അവള്‍ സദാ വ്യാപരിച്ചിരുന്നു. തന്‍റെ ജീവിതം ദൈവത്തോട് ഗാഢമായി ഐക്യപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമത്തിലും ആത്മാക്കളുടെ രക്ഷക്കായി യേശുവിനോടൊത്തു സ്വയം ബലിയാകുന്നതിലും അവള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

വളരെ ശ്രദ്ധാപൂര്‍വ്വം ഡയറിക്കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ ദൈവവുമായുള്ള അവളുടെ ആത്മൈക്യത്തിന്‍റെ തീവ്രത മനസ്സിലാകും. മാത്രമല്ല അവളുടെ ആത്മാവില്‍ അനുഭവിച്ചിരുന്ന ദൈവസാന്നിധ്യത്തിന്‍റെ ആഴവും ക്രിസ്തീയ പരിപൂര്‍ണ്ണതക്കു വേണ്ടിയുള്ള അവളുടെ പരിശ്രമങ്ങളും പോരാട്ടങ്ങളും കണ്ടെത്താന്‍ കഴിയും.

കര്‍ത്താവ് വലിയ കൃപകളാല്‍ അവളെ നിറച്ചു. ധ്യാനസായൂജ്യം, ദൈവകരുണയെക്കുറിച്ചുള്ള ആഴമായ അറിവ്, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, അദൃശ്യമായ പഞ്ചക്ഷതങ്ങള്‍, പ്രവചനവരം, പരഹൃദയജ്ഞാനം. വരദാനങ്ങളാല്‍ ജീവിതം സമ്പന്നമായിരുന്നെങ്കിലും അവള്‍ ഇപ്രകാരം എഴുതുന്നു….

“കൃപകളോ ആനന്ദ പാരവശ്യങ്ങളോ മറ്റെന്തെങ്കിലും ദാനങ്ങളോ ഒരാത്മാവിനെയും പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നില്ല. ദൈവവുമായുള്ള ഗാഢമായ ഐക്യം മാത്രമാണ് അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നത്. എന്‍റെ വിശുദ്ധിയുടെയും പരിപൂര്‍ണ്ണതയുടെയും അടിസ്ഥാനം ദൈവഹിതവുമായി എന്‍റെ മനസ്സിനെ പൂര്‍ണ്ണമായി ഐക്യപ്പെടുത്തുന്നതിലാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1107)

സ്നേഹത്തിന്‍റെ ഏറ്റവും കൂടിയ രൂപമായ ദൈവകരുണ എന്ന മഹാരഹസ്യം മറ്റാര്‍ക്കും വെളിപ്പെടുത്താതെ ഈശോ വിശുദ്ധ ഫൗസ്റ്റീനക്ക് വെളിപ്പെടുത്തി എന്ന് വായിച്ചപ്പോള്‍ എനിക്ക് അസൂയ തോന്നി. കാരണം അവള്‍ ഈശോയെ എത്രമാത്രം സ്നേഹിച്ചിരുന്നിരിക്കണം?!!

ഡയറി വായിക്കാന്‍ തുടങ്ങിയത് മുതല്‍ വിശുദ്ധ ഫൗസ്റ്റീനയോടു ഒരു പ്രത്യേകസ്നേഹം ഉടലെടുക്കാന്‍ തുടങ്ങി. സ്നേഹം കൂടിയപ്പോള്‍ പേരൊന്നു ചുരുക്കി ‘ഫൗസ്റ്റു’ എന്നാക്കി. ഡയറിക്കുറിപ്പുകള്‍ അനേകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ രണ്ടര വര്‍ഷത്തോളം കടന്നുപോയി. ഒരു ദിവസം ഞാന്‍ ഫൗസ്റ്റുവിനോട് ചോദിച്ചു, “ഞാന്‍ ചെയ്യുന്നതൊന്നും കാണുന്നില്ലേ? എനിക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് തന്നുകൂടേ?” എന്തായാലും വിശുദ്ധയുടെ തിരുസ്വരൂപമോ തിരുശേഷിപ്പോ ഒന്നും കയ്യില്‍ ഇല്ല. അടുത്ത ഫീസ്റ്റ് ദിനത്തിന് മുന്‍പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഡയറിക്കുറിപ്പുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയേക്കുമെന്ന് ഒരു ഭീഷണിയും മുഴക്കി.

വിശുദ്ധയുടെ ഇടപെടലുകള്‍

ആയിടെയാണ് ഫേസ്ബുക്കിലൂടെ ഒരു വൈദികന്‍ മെസ്സേജ് ചെയ്യുന്നത്. എന്‍റെ അഡ്രസ്സ് ചോദിച്ചു. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയം ഇല്ല. ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്ന ഡയറിക്കുറിപ്പുകള്‍ വായിക്കാറുണ്ടെന്നും വിശുദ്ധ ഫൗസ്റ്റീനയോടുള്ള സ്നേഹത്തെപ്രതി ഒരു സമ്മാനം അയച്ചു നല്‍കാനാണെന്നും പറഞ്ഞു. തൊട്ടടുത്ത ദിനങ്ങളില്‍ പോളണ്ടില്‍നിന്നും കൊണ്ടുവന്ന വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ഒരു ജപമാലയും വിശുദ്ധയുടെ തിരുസ്വരൂപവും അയച്ചു കിട്ടി.

വിശുദ്ധയുടെ തിരുനാള്‍ദിനത്തിന് മുന്‍പായി വലിയൊരു അത്ഭുതവും ഉണ്ടായി. എന്‍റെ സഹോദരസ്ഥാനീയനായ ഒരു വ്യക്തി ‘ഹെഡ് ഇഞ്ചുറി’ ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തലയില്‍ മൂന്ന് സ്ഥലങ്ങളിലായി ഇന്‍റേണല്‍ ബ്ലീഡിംഗ് ഉണ്ട്. വളരെ ചെറുപ്പം. ആശുപത്രിയില്‍ കടന്നു ചെന്നപ്പോള്‍ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പ് രോഗിയുടെ ശിരസ്സില്‍ വച്ച് മണിക്കൂറുകളോളം ദൈവകരുണക്കായി പ്രാര്‍ത്ഥിച്ചു. ആറ് മണിക്കൂറുകള്‍ക്കുശേഷം എടുക്കുന്ന സ്കാനില്‍ ബ്ലീഡിങ് കൂടിയാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ ശക്തമായ ഇടപെടല്‍മൂലം തുടര്‍ന്നുള്ള സി.ടി സ്കാനില്‍ ബ്ലീഡിങ് പുതുതായി കണ്ടില്ല. പിറ്റേന്ന് രാവിലെ എം.ആര്‍.ഐ എടുത്തതിലും ബ്ലീഡിങ് കൂടിയില്ല. ഏതാണ്ട് മൂന്നു ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

വിശുദ്ധ ഫൗസ്റ്റീന തന്‍റെ ജീവിതം പാപികള്‍ക്കുവേണ്ടി ഒരു ബലിയായി സമര്‍പ്പിച്ചു. തന്മൂലം നിരവധിയായ സഹനങ്ങളെ അവള്‍ നേരിടേണ്ടി വന്നു. സഹനങ്ങള്‍ പാപികളുടെ ആത്മരക്ഷക്കായി കാഴ്ചവച്ചു. ജീവിതത്തിന്‍റെ അവസാന നാളുകളില്‍ ദഹനേന്ദ്രിയങ്ങളെയും ശ്വാസകോശത്തെയും ക്ഷയരോഗം ബാധിച്ചു. പരിപൂര്‍ണ്ണ വിശുദ്ധിയില്‍ പതിമൂന്നു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച് മുപ്പത്തിമൂന്നാം വയസില്‍ അവള്‍ തന്‍റെ മണവാളനരികിലേക്കു പോയി. 1938 ഒക്ടോബര്‍ 5-നാണ് അവള്‍ ദൈവത്തില്‍ നിത്യമായി അലിഞ്ഞുചേര്‍ന്നത്.

വിശുദ്ധ ബൈബിള്‍ കഴിഞ്ഞാല്‍ നാമെല്ലാവരും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി എന്നാണ് എന്‍റെ തോന്നല്‍. ‘ഈശോയേ, അങ്ങയെ സ്നേഹിക്കുന്നതില്‍ എന്നെ പുറകിലാക്കാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല’ എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കും ഈശോയെ സ്നേഹിക്കാം.

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles