Engage
സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ?
ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന് ദൈവത്തോട് അതിരുകവിഞ്ഞ ഒരു അകലം പാലിച്ചാണ് നിന്നിരുന്നത്. ദൈവത്തെ ശുശ്രൂഷിക്കുക എന്നത് വരേണ്യവര്‍ഗത്തിന്റെ മാത്രം ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്ന നാളുകള്‍. അതിനായി വേര്‍തിരിക്കപ്പെട്ടവര്‍തന്നെയുണ്ടായിരുന്നു. ദൈവസമ്പര്‍ക്കമില്ലെന്ന് അവര്‍ കരുതിയ സാധാരണ മനുഷ്യരെ അവര്‍ പരമപുച്ഛത്തോടെ കാണുകയും അവരെ പാപികളെന്ന് മുദ്ര കുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവപുത്രന്റെ വരവോടെ ചിത്രം മാറി. പരമ്പരാഗതമായ ദൈവസങ്കല്പങ്ങളെ പൊളിച്ചെഴുതിയ യേശുക്രിസ്തു, ദൈവം ആഢ്യവര്‍ഗത്തിന്റെമാത്രം സ്വത്തല്ലെന്നും ഏത് സാധാരണക്കാരനും ദൈവസന്നിധിയില്‍ സ്വീകാര്യനാണെന്നും പ്രഖ്യാപിച്ചു. ആചാരങ്ങളില്‍നിന്ന് ആന്തരികസത്തയിലേക്കുള്ള ഒരു പ്രയാണമാണ് പ്രധാനപ്പെട്ടത് എന്ന് യേശു പഠിപ്പിച്ചു.
സാധാരണക്കാരായ നമുക്ക് ദൈവികദര്‍ശനം സാധ്യമാണെങ്കില്‍ അതിനുവേണ്ടി നാമെന്താണ് ചെയ്യേണ്ടത്? ഉത്തരം ലളിതമാണ്. പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധിക്ക് ചേര്‍ന്നൊരു ജീവിതത്തെ സ്വന്തമാക്കുക. എന്നാല്‍ എന്താണ് വിശുദ്ധി? അതിന് ചില പടികള്‍ കര്‍ത്താവുതന്നെ സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്തേത് വായുടെ അല്ലെങ്കില്‍ അധരങ്ങളുടെ വിശുദ്ധിയാണ്. ബാഹ്യമായ ക്ഷാളനത്തിന് പ്രാധാന്യം നല്കിയിരുന്നവരെ തിരുത്തിക്കൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്” (മത്തായി 15/11).
വിശുദ്ധിയില്‍ ജീവിക്കുവാനാഗ്രഹിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ട ആദ്യത്തെ കാര്യം അവന്റെ അധരങ്ങളെ മാലിന്യമുക്തമാക്കുക എന്നതത്രേ. അതുകൊണ്ടാണല്ലോ ദൈവികദര്‍ശനത്തിന് യോഗ്യതയില്ലാത്ത അശുദ്ധമായ അധരങ്ങളുള്ള ഒരു ദുര്‍ഭഗനാണ് താനെന്ന് വിലപിച്ച ഏശയ്യായുടെ അടുത്തേക്ക് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി സെറാഫുകളിലൊന്നിനെ ദൈവം അയച്ചത്. ഏശയ്യായുടെ അധരങ്ങളെ തീക്കനല്‍കൊണ്ട് വിശുദ്ധീകരിക്കുന്ന ആ സെറാഫ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: “ഇത് നിന്റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു.”
നാവിന്റെ ദുരുപയോഗമാണ് പലപ്പോഴും നമ്മെ അശുദ്ധിയിലേക്ക് നയിക്കുന്നത്. അത് ആത്മപ്രശംസയില്‍നിന്നാരംഭിച്ച് പരദൂഷണത്തിലേക്കും അശുദ്ധ ഭാഷണത്തിലേക്കും എത്തിക്കുന്നു. ഇതുവഴി എത്രയോ പേരുടെ സല്പേര് നശിച്ചിട്ടുണ്ട്. സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇതിനാല്‍ നരകതുല്യമായി മാറിയിട്ടുണ്ട്. ‘നാവ് തീയാണ്’ എന്ന് വിശുദ്ധ യാക്കോബ് നമ്മെ അനുസ്മരിപ്പിക്കുന്നു. തീ നല്ലതാണ്, അതിന് പല നല്ല ഗുണങ്ങളുമുണ്ട്. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ അത് വലിയ നാശത്തിന് കാരണമാകും. ഇതുപോലെതന്നെയാണ് നാവും. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ അത് വലിയ അനുഗ്രഹത്തിന് നിദാനമാകും. എന്നാല്‍ ദുരുപയോഗിച്ചാലോ വലിയ വിപത്തിലേക്ക് നയിക്കുകയും ചെയ്യും.
ശരീരം മുഴുവനെയും മലിനമാക്കുവാന്‍ നാവിന് സാധിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉചിതമായ മൗനം പാലിക്കുവാന്‍ ശീലിക്കുന്നവനാണ് മുനി. അങ്ങനെയുള്ള ഒരാളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇപ്രകാരമാണ് പറയുന്നത്: “സംസാരിക്കേണ്ടത് എപ്പോഴെന്ന് അറിയാവുന്നതുകൊണ്ട് മൗനം പാലിക്കുന്നവനുമുണ്ട്. ഉചിതമായ സമയം വരെ ബുദ്ധിമാന് മൗനം പാലിക്കും” (പ്രഭാഷകന്‍ 20/7). സമയനോട്ടമില്ലാതെ സംസാരിക്കുന്നവന് പൊങ്ങച്ചക്കാരനും ഭോഷനുമാണെന്ന് ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.
അതിനാല്‍ മിതഭാഷണം ഒരു ജീവിതശൈലിയാക്കുക. അത് ഒരു വ്യക്തിയെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കും. കാരണം ദൈവം പറയുന്നത് കേള്‍ക്കുവാനും ദൈവത്തോട് സംസാരിക്കുവാനും അവന് സമയം കണ്ടെത്തുവാന്‍ സാധിക്കുന്നു. അങ്ങനെ ദൈവത്തിനായി സമയം നല്കി കാത്തിരിക്കുന്ന ഒരാളെ ദൈവം തന്റെ ജ്ഞാനത്താല്‍ അനുഗ്രഹിക്കും. ജ്ഞാനത്തെക്കുറിച്ച് ഇപ്രകാരം ദൈവവചനം അറിയിക്കുന്നു: “അത്യുന്നതന്റെ നാവില്‍നിന്ന് പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു” (പ്രഭാഷകന്‍ 24/3).
ഭൂമിയെ ആവരണം ചെയ്യുന്ന ജ്ഞാനം ആരില്‍ വിശ്രമസങ്കേതം കണ്ടെത്തണമെന്ന് ആലോചിക്കുന്നു. അപ്പോള്‍ ദൈവം കല്പന കൊടുക്കുന്നു: “യാക്കോബില്‍ വാസമുറപ്പിക്കുക, ഇസ്രായേലില്‍ നിന്റെ അവകാശം സ്വീകരിക്കുക” (പ്രഭാഷകന്‍ 24/8). മറ്റുള്ളവരെക്കാള്‍ ദൈവത്തിന് പ്രഥമസ്ഥാനം നല്കുന്ന, ദൈവത്തിന്റെ സ്വന്തമായ ഇസ്രായേലായി മാറുന്ന ഒരുവനിലാണ് ദൈവികജ്ഞാനം വസിക്കുന്നതും വളരുകയും ചെയ്യുന്നത്. ആ വ്യക്തിക്ക് ക്രമാനുസൃതമായ ഒരു വളര്‍ച്ച ജ്ഞാനം നല്‍കുന്നുണ്ട്: “ഞാന്‍ എന്റെ ഉപവനം നനയ്ക്കുകയും തോട്ടം കുതിര്‍ക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞു. ഇതാ, എന്റെ തോട് നദിയായി, എന്റെ നദി സമുദ്രമായി” (പ്രഭാഷകന്‍ 24/31). തോട് നദിയായും നദി സമുദ്രമായും മാറുന്നതുപോലെയുള്ള ഒരു അതിശയകരമായ ആത്മീയവളര്‍ച്ച ദൈവത്തിനായി സമയം നീക്കിവയ്ക്കുന്ന ഒരു വ്യക്തിക്ക് സംലഭ്യമാകും, തീര്‍ച്ചതന്നെ.
ഈ ബാഹ്യനിശബ്ദത ഒരു ആന്തരികനിശബ്ദതയുടെ അടയാളമായിരിക്കണം. ദൈവികദര്‍ശനത്തിന് കുറെക്കൂടെ ആഴമായ ഒരു പരിവര്‍ത്തനത്തിലേക്ക് ദൈവം നമ്മെ നയിക്കുന്നുണ്ട്. അത് ഹൃദയത്തിന്റെ തലത്തിലുള്ള ഒരു സമൂലമായ രൂപാന്തരീകരണമാണ്. ഹൃദയത്തിലുള്ളതാണ് അധരങ്ങളിലൂടെ പുറത്തുവരുന്നത്. “എന്നാല്‍ വായില്‍നിന്ന് വരുന്നത് ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നത്. ദുഷ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നത്” (മത്തായി 15/18-19).
യഹൂദപ്രമാണികള്‍ ബാഹ്യമായ വിശുദ്ധി മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഹൃദയത്തിന്റെ തലത്തിലുള്ള ഒരു മാറ്റത്തിന് അവര്‍ ഒരിക്കലും തയാറാകാതിരുന്നതിനാല്‍ അവര്‍ക്ക് യഥാര്‍ത്ഥ ദൈവികദര്‍ശനം അന്യമായി. അതിനാല്‍ ക്രിസ്തുവിന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നവയുഗ ദൈവമക്കള് ഒരു ആന്തരികമാറ്റത്തിനായി അനുദിനം തീവ്രമായി അഭിലഷിക്കേണ്ടതുണ്ട്. ദൈവത്തിന്റെ കൃപ സമൃദ്ധമായി ലഭിച്ചാലേ ഈ ആന്തരികപരിണാമം നടക്കുകയുള്ളൂ. കാരണം പാപത്തില്‍ ജനിക്കുകയും പാപസാഹചര്യങ്ങളില്‍ വസിക്കുകയും ചെയ്യുന്ന നമുക്ക് അശുദ്ധിയിലേക്ക് ഒരു ചായ്ച്ചിലുണ്ട്. അതിനാല്‍ ദൈവപുത്രന് തന്നെ അതിന് മുന്‍കൈ എടുക്കണമേയെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുക. “യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹന്നാന് 13/8).
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പാപപങ്കിലമായ നമ്മുടെ ഹൃദയത്തെ പ്രതിഷ്ഠിക്കാം. അമ്മയുടെ അതിശക്തമായ മധ്യസ്ഥംവഴി രക്ഷകനായ യേശുവും അവിടുത്തെ പരിശുദ്ധാത്മാവും നമ്മെ അനുദിനം വിശുദ്ധീകരിക്കുമ്പോള്‍ അവിടുത്തെ സ്വപ്നം പൂവണിയും: “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും” (മത്തായി 5/8).
നമുക്ക് പ്രാര്‍ത്ഥിക്കാം
“പരിശുദ്ധാരൂപിയേ, എന്റെ ഹൃദയത്തിലേക്ക് വരണമേ. അതിനെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കണമേ. അങ്ങനെ ഞാന്‍ ദൈവത്തിന്റെ കാര്യങ്ങള്‍ കാണട്ടെ. പരിശുദ്ധാരൂപിയേ, എന്റെ മനസിലേക്ക് വരണമേ, ഞാന്‍ ദൈവത്തെപ്പറ്റി അറിയട്ടെ. പരിശുദ്ധാരൂപിയേ, എന്റെ ആത്മാവിലേക്ക് വരണമേ; അങ്ങനെ ഞാന്‍ ദൈവത്തിന്റേത് മാത്രമായിരിക്കട്ടെ. ഞാന്‍ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം വിശുദ്ധീകരിക്കണമേ. അവയെല്ലാം ദൈവമഹത്വത്തിനായി ഭവിക്കട്ടെ.
ഓ, മറിയമേ, എന്റെ ഹൃദയത്തെ അവിടുത്തേതുപോലെ രൂപപ്പെടുത്തണമേ” (വിമലഹൃദയപ്രതിഷ്ഠാപ്രാര്‍ത്ഥനയില്‍നിന്നും).
Related Articles
മാര്‍ 20, 2024
Evangelize
മാര്‍ 20, 2024
മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു...
നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.
അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന് ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു.
ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു.
വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ.
"സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം" ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല.
മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്റെ മുന്‍പേജിലെ വചനം ഇതായിരുന്നു: "ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു" (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി.
"ഈ വചനം നമുക്ക് ഉള്ളതാണ്!" ഞാന്‍ ഭാര്യയോട് പറഞ്ഞു.
അതുകേട്ട് അവള് മറുപടി നല്കി, "ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്."
പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു.
കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി."
മാര്‍ 20, 2024
Engage
മാര്‍ 20, 2024
ആ ദുര്‍ദിനങ്ങള്‍ വന്നെത്തുംമുമ്പ് നാം ചെയ്യേണ്ട ചില അത്യാവശ്യ കാര്യങ്ങള്‍
അവധികഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അമ്മ വഴിയിലിറങ്ങി നില്ക്കുന്ന കാഴ്ച വല്ലാത്ത ഒന്നുതന്നെയാണ്. അങ്ങനെ ഒരു ദിവസം. ഒരാഴ്ചയായി ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ഇനി വരിക. വീട്ടില്‍നിന്നും ബസ്സ്റ്റോപ്പ് വരെ ഏകദേശം അഞ്ഞൂറ് മീറ്റര്‍ കാണും. അവിടെയെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നടന്നു പോകുന്നതും നോക്കി അമ്മ റോഡിലിറങ്ങി നില്‍ക്കുകയാണ്. പണ്ട് ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴും അമ്മ ഇങ്ങനെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴാകട്ടെ, എനിക്ക് പ്രായമായി, പഠനമൊക്കെ കഴിഞ്ഞു ജോലിയായി. എന്നിട്ടും അമ്മയ്ക്ക് ഞാന്‍ ഇന്നും ആ പഴയ കുഞ്ഞുതന്നെ. അമ്മ അവിടെയുണ്ടെന്ന് അറിഞ്ഞിട്ടും അതുവരെ തിരിഞ്ഞുനോക്കാതിരുന്നിട്ട് എത്താറാകുമ്പോള്‍ തിരിഞ്ഞുനോക്കി ഒരു റ്റാറ്റാ കൊടുക്കലുണ്ട്. അതില്‍ ഇനിയുള്ള രണ്ടുമാസത്തെ സ്നേഹം നിറച്ചു വച്ചിട്ടുണ്ട്.
'സൃഷ്ടിക്ക് തന്റെ സ്രഷ്ടാവിനെ സാന്ത്വനിപ്പിക്കാമെന്നും ഒരു നിസാര സൃഷ്ടിയുടെ, തന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരുവന്റെ, സാന്ത്വനം ദൈവം ആഗ്രഹിക്കുന്നു എന്നും വളരെക്കുറച്ച് ആത്മാക്കള്‍ക്കാണ് അറിവുള്ളത്.' ഇത് ഞാന്‍ വായിച്ചത് ഇന്‍ സിനു ജേസു എന്ന പുസ്തകത്തില്‍നിന്നാണ് (പേജ് 285).
നമ്മുടെ ഈ ജീവിതത്തില്‍ നാം എത്രയെത്ര കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്? എത്ര തിക്കും തിരക്കുമാണ് നമ്മള് കൂട്ടുന്നത്? ഇതിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം, ഒരു സാന്ത്വനിപ്പിക്കല്‍; ജീവിതത്തിന്റെ നടന്നുകൊണ്ടിരിക്കുന്ന ഈ വഴി കഴിയും മുന്‍പ് നാം കൊടുക്കേണ്ടണ്ടതില്ലേ?
ഒരിക്കല്‍ പ്രായമായ ഒരു വല്ല്യപ്പന്റെ മരണക്കിടക്കയില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. മൂന്ന് സങ്കടങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവച്ചത്. നല്ല പ്രായത്തില്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞില്ല. ദൈവത്തിനുവേണ്ടി ഒന്നും ചെയ്തില്ല. ദൈവത്തെ ഒട്ടുംതന്നെ സ്നേഹിച്ചുമില്ല. നമ്മുടെ അനുതാപം, ഉറച്ച തീരുമാനം, ദൈവത്തോട് സ്നേഹത്തോടെയുള്ള സംഭാഷണം, ദൈവത്തെ ഏറ്റുപറയുന്നത് ഇവയെല്ലാം ആ തിരിഞ്ഞുനോട്ടത്തില്‍ വരും.
അമ്മ വഴിയിലിറങ്ങി നില്ക്കുന്നതുപോലെ, സൂക്ഷിച്ചു നോക്കുന്നതുപോലെ പിതാവായ ദൈവം നമ്മെ നോക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ ഭാഗത്തുനിന്നും ഒരു തിരിഞ്ഞുനോട്ടം, അതിനെക്കുറിച്ചാണ് പറയുന്നത്. നമ്മള് അത്ഭുതവും അനുഗ്രഹവും അവിടെനിന്നും സ്വീകരിച്ചതുകൊണ്ട് മാത്രമാകുന്നില്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമാകരുത്. നമ്മള് ദൈവത്തെ ദൈവമായിത്തന്നെ കണ്ടുകൊണ്ടു എങ്ങനെ അവിടുത്തെ സ്നേഹിക്കുന്നു എന്നതാണ് സര്‍വ്വപ്രധാനം. പിതാവ് ലോകത്തിലേക്ക് അയച്ച യേശുവില്‍ പൂര്‍ത്തിയായത് ആ സ്നേഹമല്ലേ? അതിനൊരു പ്രതിസ്നേഹം നമ്മള് കാണിക്കുന്നുണ്ടോ?
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദിവസങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ്, ഈ യൗവ്വനത്തില്‍ത്തന്നെ നമ്മള് കര്‍ത്താവിനെക്കുറിച്ചു ചിന്തിക്കണം. അവനെ അറിയാന്‍ ശ്രമിക്കണം. അവനെ സ്നേഹിക്കണം. അവനുവേണ്ടി ജീവിക്കണം. അതിനുവേണ്ടി നീ നിന്റേതായ രീതി കണ്ടെത്തിക്കൊള്ളുക. നിനക്ക് യോജ്യമായ വിധത്തില്‍ അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ മറ്റെന്തിനെക്കാളും ആരെക്കാളും സ്നേഹിക്കുകയും ചെയ്യുക. സ്നേഹിക്കുക! അതില്‍ അടങ്ങിയിട്ടുണ്ട് എല്ലാം!
"തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്" (പ്രഭാഷകന്‍ 34/19).
By: Brother Augustine Christy PDM
More
സെപ് 30, 2023
Engage
സെപ് 30, 2023
ഒരു ദിവസം ഒരു സന്യാസി പ്രാര്‍ത്ഥിച്ചുകൊണ്ട് ജോലി ചെയ്യുന്നത് വിശുദ്ധ ബര്‍ണാര്‍ഡ് കണ്ടു. അദ്ദേഹം പറഞ്ഞു, "എന്റെ സഹോദരാ, ഈ രീതിയില്‍ത്തന്നെ ജീവിതം തുടരുക; മരണശേഷം നിങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലം ഉണ്ടായിരിക്കുകയില്ല." നമ്മുടെ കൈകള്‍ ബാഹ്യമായ തൊഴിലുകളില്‍ വ്യാപൃതമായിരിക്കുമ്പോള്‍ത്തന്നെ ഹൃദയം ദൈവത്തില്‍ ഉറപ്പിക്കാനാകും. ജോലി ചെയ്യുമ്പോള്‍ നാം വയ്ക്കുന്ന നല്ല നിയോഗങ്ങള്‍ ദൈവദൃഷ്ടിയില്‍ ജോലികളെ ശുദ്ധീകരിക്കുകയും അതിനെ ഒരു പ്രാര്‍ത്ഥനയാക്കുകപോലും ചെയ്യുന്നു. കാരണം, പ്രാര്‍ത്ഥന എന്നത് 'മനസും ഹൃദയവും ദൈവത്തിലേക്ക് ഉയര്‍ത്തല്‍' ആണ്.
സെപ് 06, 2023
Engage
സെപ് 06, 2023
ആലോചിച്ചുനോക്കൂ, ദൈവം നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്കിയിട്ടുാേ?
നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്?
ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ.
രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ.
മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ.
നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ.
അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ.
ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും.
ഒരു അടുത്ത സ്നേഹിതനോട് എന്ന പോലെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, പാളിപ്പോയ തീരുമാനങ്ങളെപ്പറ്റിയൊക്കെ ദൈവത്തോടു പറയുന്നതും പ്രാര്‍ത്ഥന തന്നെയാണ്. അതെപ്പോഴും സ്റ്റേഷനറി കടയില്‍ കൊടുക്കുന്ന ഒരു നീണ്ട ലിസ്റ്റു പോലെ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക സമര്‍പ്പണം തന്നെയാകണമെന്നില്ല. ഹൃദയം തുറന്നു മിണ്ടാത്തതു കൊണ്ട് തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ഒന്നാമത്തേത് ദൈവവുമായുള്ള ബന്ധം തന്നെയാണ്, തീര്‍ച്ച.
ഒരുമിച്ചു ചെലവഴിക്കുന്ന സമയവും സാമീപ്യവും പ്രധാനമാണ്. അതിന് പള്ളിയകം തന്നെ വേണമെന്നുണ്ടോ? വീട്ടിലെ തിരുഹൃദയരൂപത്തിന്റെ മുമ്പില്‍ മാത്രമേ ആകാവൂ എന്നാണോ? എപ്പോഴൊക്കെ തനിയെയാകുന്നോ അപ്പോഴെല്ലാം ഹൃദയം കൊണ്ട് ഒപ്പമാകാവുന്നതേയുള്ളൂ. ഒരിറ്റ് പ്രൈവസി കിട്ടിയാല്‍ അപ്പോഴേ ഫോണ്‍ എടുത്ത് 'കമ്യൂണിക്കേറ്റ്' ചെയ്യാന്‍ തത്രപ്പെടുന്നവരില്‍ നിന്നും പഠിക്കാവുന്ന പാഠം.
അബദ്ധം പറ്റിപ്പോയിയെന്ന്, തെറ്റു പറ്റിയെന്ന്, എന്റെ എടുത്തു ചാട്ടവും മുന്‍ ശുണ്ഠിയുമാണ് കാരണമെന്ന്, ഞാന്‍ കുറെക്കൂടി മാറാനുണ്ട് എന്ന്, എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെന്ന് ഏറ്റുപറയുന്ന നിമിഷം മറ്റെയാള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ അയാളുടെ മുമ്പില്‍ കൊമ്പുകുത്തിയെന്ന് കരുതിയാണ് എന്നു ചിന്തിച്ചാല്‍ തെറ്റി. നിങ്ങള്‍ സ്വയം തിരിച്ചറിയുന്നതിലും സ്വയം ശുദ്ധീകരിക്കാന്‍ കാട്ടുന്ന സന്നദ്ധതയിലുമുള്ള സന്തോഷമാണവിടെയുള്ളത്. തന്റെ മുമ്പില്‍ മുട്ടുകുത്തുന്ന മനുഷ്യനല്ല, തന്റെ മുമ്പില്‍ രൂപാന്തരപ്പെടുന്ന മനുഷ്യനാണ് ദൈവത്തിന്റെ സ്വപ്നം.
പരാതി പറച്ചിലാണ് ഒരു ബന്ധത്തെ അടിമുടി തകര്‍ക്കുക. എനിക്കു കിട്ടിയില്ല എന്ന നിരന്തരമായ ആവലാതിയും, തന്നേ തീരൂ എന്ന പിടിവാശിയും. പെരുന്നാള്‍ പറമ്പിലെ ചിന്തിക്കടകള്ക്കു മുമ്പില്‍ ഓരോ കളിപ്പാട്ടത്തിനു വേണ്ടിയും കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞ് അപ്പനിലുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അപ്പോഴുമയാള്‍ തിരയുന്നത് ഇതിനെക്കാള്‍ വിലയുളള ഒന്ന് കുഞ്ഞിനു നല്കാനുണ്ടോ എന്നു തന്നെയാവില്ലേ? ചിലപ്പോള്‍ ദൈവം മൗനിയാകുന്നത് കൂടുതല്‍ മെച്ചപ്പെട്ടതൊന്ന് കണ്ടെത്തി നല്കുന്നതിനു വേണ്ടിയാകണം. സമീപകാലത്ത് പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗ് വിശ്വാസിക്കും ബാധകമാണ്, 'ക്ഷമ വേണം, സമയമെടുക്കും.'
സമ്മാനം സമ്മാനമാകുന്നത് അതിന്റെ വിലയും വലിപ്പവും കൊണ്ടല്ല. അതുണ്ടാക്കുന്ന സര്‍പ്രൈസ് കൊണ്ടാണ്. നാളിതുവരെയുള്ള ദൈവബന്ധത്തില്‍, പിന്തിരിഞ്ഞു നോക്കിയാല്‍ ദൈവം എനിക്കു സര്‍പ്രൈസ് തന്നിട്ടില്ലേ? കുറഞ്ഞത് ഒരു തവണയെങ്കിലും? ഞാനോ? തിരികെ എന്തു സര്‍പ്രൈസാണ് നല്‍കിയിട്ടുള്ളത്? വരുമാനം കൊണ്ട്, ആരോഗ്യം കൊണ്ട്, കഴിവുകൊണ്ട്, ഒക്കെ സമ്പന്നനായ ഞാന്‍ ദൈവത്തിന്റെ ഹൃദയത്തെ തൊടും വിധം എന്തു സമ്മാനമാണൊരുക്കിയത്?
പ്രണയിക്കാം ദൈവത്തെ. അവിടുത്തേക്ക് സമ്മാനങ്ങള്‍ നല്കുകയുമാവാം. "കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/14)
By: Joy Mathew Planthra
More
സെപ് 06, 2023
Encounter
സെപ് 06, 2023
നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും.
ഈജിപ്തിലെ വിശുദ്ധ ആന്റണി
ആഗ 28, 2023
Enjoy
ആഗ 28, 2023
മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: "കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?"
അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: "പിന്നല്ലാതെ, മറിയത്തിന്റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു."
"ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു" (1 പത്രോസ് 5/5).
ആഗ 16, 2023
Enjoy
ആഗ 16, 2023
യേശുവിന്റെ മധുരനാമം എന്റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ.
നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ.
ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ.
ഓ മറിയമേ, യേശുവിന്റെ അമ്മേ, ഈശോക്കൊപ്പം എന്റെ കൂടെയായിരിക്കണമേ. നമ്മെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹത്തിന്റെ ബന്ധം ഒരിക്കലും അയഞ്ഞുപോകാതിരിക്കട്ടെ.
ആമ്മേന്‍
ഏപ്രി 27, 2023
Enjoy
ഏപ്രി 27, 2023
ഒരു സുഹൃത്ത് എന്നോട് പങ്കുവച്ച സംഭവം കുറിക്കട്ടെ. ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ഷാജി എന്ന കുടുംബനാഥന്റെ ജീവിതത്തിലുണ്ടായ സംഭവമാണിത്. കഴുത്ത് തിരിക്കാനും കൈകള്‍ ചലിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാകുന്ന എല്ലുകളെ ബാധിക്കുന്ന പ്രത്യേക അസുഖം അദ്ദേഹത്തെ ബാധിച്ചു. ജോലിക്ക് പോകാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പല മരുന്നുകളും കഴിച്ചെങ്കിലും രോഗത്തിന് കുറവില്ലാത്ത അവസ്ഥ.
അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം അങ്ങാടിയില്‍ പോയി മടങ്ങുമ്പോള്‍ അവിടെയുള്ള കോണ്‍വെന്റിന്റെ മതിലില്‍ എഴുതിവച്ചിരിക്കുന്ന ദൈവവചനം ശ്രദ്ധിച്ചു. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 16/31- "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". ആ മനുഷ്യന് അപ്പോള്‍ ഉള്ളില്‍ തോന്നിയതനുസരിച്ച് അദ്ദേഹം മതിലിനോട് ചേര്‍ന്നുനിന്ന് ആ ദൈവവചമതിലില് തെളിഞ്ഞ സൗഖ്യംനത്തില് കൈകള്‍ ചേര്‍ത്ത് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. വചനത്തില്‍ കൈകള്‍ ചേര്‍ത്ത നിമിഷംതന്നെ ഏതോ ഒരു ശക്തി തന്നെ മുന്നോട്ട് തള്ളുന്നതായി അനുഭവപ്പെട്ടു. ആസമയം മുതല്‍ അദ്ദേഹം സൗഖ്യമുള്ളവനായി മാറി.
ഈ സൗഖ്യം അക്രൈസ്തവനായ അദ്ദേഹത്തെ ചിന്തിപ്പിച്ചു. പിന്നീട് അയാള്‍ മാമോദീസ സ്വീകരിച്ച് സഭയിലെ അംഗമായി മാറി. നമ്മുടെ വാഹനങ്ങളിലും മതിലുകളിലും വീട്ടിലുമെല്ലാം വചനം പ്രദര്‍ശിപ്പിച്ചുകൊണ്ട് നമ്മുടെ ഈശോയെ കൊടുക്കാന്‍ കഴിയില്ലേ?
ഏപ്രി 26, 2023
Enjoy
ഏപ്രി 26, 2023
ഞാന്‍ അപ്പോള്‍ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പല വിശുദ്ധരോടും ഞാന്‍ നൊവേന നടത്തി. എന്നാല്‍ സഹനങ്ങള്‍ കൂടിവരികയാണു ചെയ്തത്. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വിശുദ്ധ ത്രേസ്യയോടു പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരില്‍ ഒരു നൊവേന ഞാന്‍ ആരംഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം ഞാന്‍ വിശുദ്ധ ത്രേസ്യായെ സ്വപ്നം കണ്ടു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നപോലെയാണ് കണ്ടത്.
ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു: "ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്. ' എന്നാല്‍ ഞാനത് വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു: "നീ ഒന്നും സഹിച്ചെന്ന് എനിക്ക് തോന്നുന്നില്ല." എന്നാല്‍ അവള് വളരെ സഹിച്ചെന്ന് എനിക്കു ബോധ്യമാകുന്നവിധത്തിൽ സംസാരിച്ചു. അവള് എന്നോടു പറഞ്ഞു "സിസ്റ്റര്‍, മൂന്നു ദിവസത്തിനുള്ളില്‍ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.' എന്നാല്‍ ഞാന്‍ അവരെ വിശ്വസിക്കായ്കയാല്‍ അവള് ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: 'നീ ഒരു വിശു ദ്ധയാണോ?' "അതെ" അവള് മറുപടി പറഞ്ഞു. "ഞാന്‍ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ക്കു തീരുമാനമാകും." ഞാന്‍ ചോദിച്ചു: "ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?' അവള് മറുപടി പറഞ്ഞു: "ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.'
"കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?' അവള് പറഞ്ഞു: "ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍ നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.' പിന്നീട് എന്റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ എന്നു ഞാന്‍ ചോദിച്ചു. അവര്‍ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു: "എന്റെ സഹോദരിമാരും സഹോദരന്മാരും സ്വര്‍ഗത്തില്‍ പോകുമോ?' അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ അവള് ആവശ്യപ്പെട്ടു. വ്യക്തമായ ഒരു മറുപടി തന്നില്ല. അവര്‍ക്കു വളരെ പ്രാര്‍ത്ഥന ആവശ്യമാണെന്ന് എനിക്കു മനസിലായി. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
By: Saint Maria Faustina Kowalska
More
ജനു 25, 2023
Enjoy
ജനു 25, 2023
പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാന്‍ സഹായിക്കുന്ന ഈ ധ്യാനം എപ്പോഴും നമുക്ക് ആവശ്യമാണ്.
മംഗലപ്പുഴ സെമിനാരിയുടെ ക്ളാസുകളൊന്നിലാണ് അദ്ധ്യാപകന്റെ ചോദ്യം. നമുക്ക് നമ്മുടെ മരണത്തെ ഒന്ന് ധ്യാനിച്ചാലോ.... ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആ സ്ഥാനത്ത് നിങ്ങളെ ഓര്‍ത്താല്‍ മതി!"
ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പിന്നെ എല്ലാവരും പതിയെ കണ്ണുകളടച്ചു.
കനത്ത നിശബ്ദതയില്‍ ആ ഗുരുവിന്റെ വാക്കുകളിലൂടെയായി പിന്നെ മനസിന്റെ യാത്ര...
"തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതാ നിങ്ങള്‍ക്കൊരു അപകടമുണ്ടാവുകയാണ്... ആരൊക്കെയോ നിങ്ങളെയെടുത്തു ഹോസ്പിറ്റലിലേക്കോടുന്നു. നിങ്ങളെ പ്രവേശിപ്പിച്ച തീവ്രപരിചരണമുറിയുടെ മുന്നിലേക്കോടിയെത്തുന്ന നിങ്ങളുടെ പ്രിയപ്പെട്ടവര്‍... രക്ഷിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ട് ശ്വാസം നിലച്ച നിങ്ങളുടെ ശരീരത്തിന് മുകളിലേക്ക് ആ വെള്ളത്തുണി ഇട്ടിട്ട് നിസ്സഹായതയോടെ ഡോക്ടര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂട്ടനിലവിളിയുയരുന്നുണ്ട്....
അന്നുവരെ ഓടിക്കളിച്ച വീടിന്റെ മുറ്റത്ത് നിങ്ങള്‍ക്കായൊരു പന്തലുയരുകയാണ്. മരണത്തിന്റെ ഗന്ധമുള്ള ആംബുലന്‍സില്‍നിന്ന് നിങ്ങളുടെ മരവിച്ച ശരീരമെടുത്ത് ഓര്‍മ്മകള്‍ തളം കെട്ടിനില്‍ക്കുന്ന വീടിന്റെ അകത്തേക്ക് ഒരു മഞ്ചലിലേക്കെടുത്തു വയ്ക്കുന്നു.
ചിലര്‍ മരണക്കുറി അടിക്കാന്‍ നിങ്ങളുടെ ഫോട്ടോ തപ്പുന്നു. കേട്ടറിഞ്ഞ് നിങ്ങളുടെ മൃതദേഹത്തെ കാണാന്‍ ആളുകളെത്തുന്നു. ചിലര്‍ വീടിന്റെ പുറത്ത് വട്ടം കൂടി നിങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തൊക്കെയായിരിക്കും ആ ഓര്‍മ്മകള്‍? അങ്ങനെ ഓര്‍മ്മിക്കാന്‍മാത്രം നല്ല ഓര്‍മ്മകള്‍ പരിചയമുള്ളവര്‍ക്ക് കൊടുത്തിട്ടുണ്ടോ...
രാവേറുവോളം നീളുന്ന ആളുകളുടെ വരവ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൃതദേഹത്തിന്റെ അടുത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍.
പിറ്റേന്ന് പുലരിയില്‍ മുറ്റത്തെ പന്തലിലേക്ക് എടുത്ത് വച്ച നിങ്ങളുടെ മൃതദേഹം കാണാന്‍ റീത്തുമായി എത്തുന്ന ചിലര്‍. സംസ്കാരശുശ്രൂഷയ്ക്കായി എത്തുന്ന വൈദികന്. ഇടയിലെ പ്രസംഗം, എന്തായിരിക്കും പ്രസംഗത്തില്‍ പറയുക?
ഒടുവില്‍ അത്രയും നാള് ജീവിച്ച വീട്ടില്‍നിന്നും ഇനിയൊരിക്കലും തിരികെ വരാത്ത യാത്ര, നിങ്ങള്‍ എന്നും കിടന്നുറങ്ങിയ മുറി, ഇട്ട വസ്ത്രങ്ങള്‍, എപ്പോഴും കൂടെ കൂട്ടിയ മൊബൈല്‍ ഫോണ്‍. വിട... വെറും കയ്യോടെ യാത്ര...
മനസ്സില്‍ ഒരുപാട് ദേഷ്യം ഉണ്ടായിരുന്നവരൊക്കെ അന്ത്യയാത്രക്ക് വന്നിട്ടുണ്ട്. ഒരവസരം കിട്ടിയിരുന്നെങ്കില്‍ അവരോടൊക്കെ ഒന്ന് ക്ഷമ ചോദിക്കാമായിരുന്നു...
സെമിത്തേരിയില്‍ നിങ്ങള്‍ക്കായി ഒരുക്കിയ കുഴിയുടെ അടുത്തു കൊണ്ടുവന്നു വച്ച മൃതദേഹം. അന്ത്യചുംബനത്തിന്റെ നിമിഷങ്ങള്‍... ആ നിമിഷങ്ങളില്‍ പ്രിയപ്പെട്ടവരുടെ മനസിലൂടെ കടന്നു പോവുന്നതെന്തായിരിക്കും?
കുഴിയിലേക്കിറക്കിയ നിങ്ങളുടെ ദേഹത്തില്‍ വന്നു വീഴുന്ന മണ്ണ്. ഈ ലോകത്തേക്കുള്ള കാഴ്ച അവസാനിക്കുകയാണ്. നിങ്ങള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, സാധിക്കുന്നില്ല. അവസാനപിടി മണ്ണും വാരിയിട്ട് എല്ലാവരും മടങ്ങുകയാണ്..."
കുറച്ചേറെ നിശബ്ദതയ്ക്കു ശേഷം വീണ്ടും ഗുരുവിന്റെ വാക്കുകള്‍ ക്ലാസില്‍ മുഴങ്ങി, "ഇനി കണ്ണുതുറന്നോളൂ!"
വല്ലാത്തൊരനുഭവമായിരുന്നത്, ചിലരുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു...
ആരോ പറഞ്ഞത് ശരിയാണ്, ഏറ്റവും നല്ല ധ്യാനകേന്ദ്രം സെമിത്തേരി തന്നെ. ഏറ്റവും നല്ല ധ്യാനം മരണത്തെക്കുറിച്ചുള്ളതും. പ്രഭാഷകവചനം പറയുന്നു, "ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം. എന്നാല്‍, നീ പാപം ചെയ്യുകയില്ല" (പ്രഭാഷകന്‍ 7/36). പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് തിരുവചനം നിര്‍ദേശിക്കുന്നത്. അതിലൂടെ നന്മരണമെന്ന അനുഗ്രഹത്തിലേക്ക് വഴിതുറക്കും.
വാസ്തവത്തില്‍ നന്മരണം ലഭിക്കാനല്ലേ നാം ജീവിക്കുന്നതുതന്നെ. ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, "ഒരുവന് ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന് സ്വന്തം ആത്മാവിന് പകരമായി എന്തുകൊടുക്കും?" (മത്തായി 16/26). അനശ്വരമായ ആത്മാവ് സന്തോഷപൂര്‍വം ദൈവത്തിലേക്ക് മടങ്ങാനുള്ളതാണ്. ശരീരമാകട്ടെ പൊടിയിലേക്ക് തിരികെപ്പോകാനുള്ളതും. അതിനാല്‍ നമ്മുടെ ആത്മാവിന് അതിന്റെ മൂല്യത്തിനനുസരിച്ച് പ്രഥമപരിഗണന കൊടുക്കാം. മരണം യഥാര്‍ത്ഥത്തില്‍ അവസാനമല്ലല്ലോ നിത്യജീവന്റെ ആരംഭമല്ലേ? നിത്യജീവിതത്തിനായുള്ള യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. അസ്സീസ്സിയിലെ പുണ്യാളന് പറഞ്ഞുവയ്ക്കുന്നു: "മരിക്കുമ്പോഴാണ് നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.'
By: Father Rinto Payyapilly
More