Trending Articles
ഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. “പത്തുസെന്റും വീടും നിനക്കുള്ളതാണ്” അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന് കരുതി, “സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍…”
എന്നാല്‍ അവന് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, “സ്വത്ത് തുല്യമായി വീതിക്കണം.”
“ചേട്ടാ വീടെനിക്കുള്ളതല്ലേ…”
പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ?
“വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്” അവര്‍ ആവശ്യപ്പെട്ടു.
“വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്…? പകരം സ്ഥലം തരട്ടെ…” യാചനാപൂര്‍വം അനുജന് അവരോടഭ്യര്‍ത്ഥിച്ചു.
“വേണ്ട, വീടു പൊളിക്കണം” ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു.
വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു “നിനക്ക് കിടന്നുറങ്ങാമല്ലോ?”
വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന് പറഞ്ഞു, “അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു.”
ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: “അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല” (വിലാപങ്ങള്‍ 3/35-36).
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന് വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍… സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു “പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി” (സങ്കീര്‍ത്തനങ്ങള്‍ 107/17).
ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5).
നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. “തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും” (സുഭാഷിതങ്ങള്‍ 28/13).
Joey Pullolikal
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
Moreസെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreഎല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയാവാം, അല്ലെങ്കില്‍ ആരെങ്കിലും ഏല്പിച്ച ജോലിയാവാം. ചാടിക്കയറി അതങ്ങ് ചെയ്യുക എന്ന പ്രലോഭനം എനിക്കെപ്പോഴും ഉണ്ടാവാറുണ്ട്. ആ നേരത്ത് ഒരു കുഞ്ഞുപ്രാര്‍ത്ഥന ചൊല്ലി ഈശോയോട് ചേര്‍ന്ന് ചെയ്യുക എന്ന പരിപാടിയില്ല. എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതുപോലത്തെ ആശ്രയബോധം 'സെറ്റ്' ആക്കുകയെന്നതാണ്. സുവിശേഷദൗത്യത്തിലും ഈ പ്രലോഭനം കയറി വരാന്‍ സാധ്യതയുണ്ട്. കുറെ സോഷ്യല്‍ വര്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൂട്ടുക എന്നതല്ല സുവിശേഷദൗത്യം. മറിച്ച്, ഈശോയോടുള്ള സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുക, അത്രയേ ഉള്ളൂ. സ്നേഹത്തോടെ ആളുകളെ കാണുക, സ്നേഹത്തോടെ ആളുകളുമായി സംസാരിക്കുക സ്നേഹത്തോടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക "ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു"ڔ(ലൂക്കാ 9/2) എന്നുപറയുമ്പോള്‍ ഈശോ ശ്ലീഹരെ ഏല്പിച്ച ദൗത്യവും ഇതുതന്നെയാണ്. സ്നേഹത്തോടെ ചെയ്യുക എന്നതാണ് കാതല്‍. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെപ്പോലെ, വിശുദ്ധരുടെ പ്രത്യേകതയും വേറൊന്നായിരുന്നില്ല. ഫ്രാന്‍സിസ് അസ്സീസ്സി ഈശോയോടുള്ള സ്നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ച് ഭിക്ഷ തേടിക്കൊണ്ട് ആളുകളെ കാണുകയും സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അവിടെയെല്ലാം വിശുദ്ധിയുടെ പരിമളം പടര്‍ന്നു. നമുക്കും ഇപ്രകാരം നമ്മുടെ സുവിശേഷദൗത്യം ചെയ്യാം, പ്രാര്‍ത്ഥനയോടെയും സ്നേഹത്തോടെയും.
By: Father Joseph Gill
Moreഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍... പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു! ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന് പറയുകയാണ്, "അച്ചാ, ശരിക്കും ആ വൈദികന് ദൈവത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു." അവന് ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍. ആളുകളുടെ 'ക്വാളിറ്റി' അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്റെ 'ക്വാളിറ്റി'യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം. "നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല... അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും." (മത്തായി 7/17- 20).
By: Father Joseph Alex
Moreജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ 'ഒളിച്ചേ, കണ്ടേ' കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. "ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?" നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു. കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു... R . A . FACTOR. നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, "ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം." ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, "ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?" ഞാന്‍ ഡോക്ടറോട് പറഞ്ഞു, "ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?" എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു. ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, "ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക..." ഈശോയും ഞാനും ഭയങ്കര 'സെന്റി'യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ. ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു. ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ് 'എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും. ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി. "ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!" (ജ്ഞാനം 9/16-17). ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്. "അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായര്‍ 4/13).
By: Ann Maria Christeena
Moreഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ? ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന് ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ... അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ... അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന് ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി. സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിശ്വാസജീവിതം ആരംഭിച്ചത്. അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. "കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന് തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന് സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ. നിയമനിര്‍മാണത്തിലെ സ്വാധീനം രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു. ദുരനുഭവങ്ങള്‍ പേടിച്ച് പിന്മാറില്ല! എന്റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന് എന്റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും. ഇതിന്റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. ചതിയില്‍ പെട്ടതിങ്ങനെ... ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു. ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്. ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള് രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല. ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന് എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. "അവന് നുണയനും നുണയുടെ പിതാവുമാണ്" (യോഹന്നാന് 8/44). നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന് ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.
By: Serge Abad Gallardo
Moreചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും. പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് 'കൊണ്ടു' എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍. എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
By: Anu
More2020 കോവിഡ് -19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. കുറവിലങ്ങാട് മുത്തിയമ്മ പള്ളിയിലെ കാല്‍വിളക്കിനു ചുറ്റും ഒമ്പതു വെള്ളിയാഴ്ച എണ്ണയൊഴിക്കാന്‍ നേര്‍ച്ചനേര്‍ന്നു. ഒന്നാം വെള്ളിയാഴ്ച പള്ളിയില്‍നിന്ന് വരുന്നവഴി മഠത്തിന്റെ ഭിത്തിയില്‍ പരിശുദ്ധ വചനങ്ങള്‍ എഴുതിവച്ചതു വായിച്ചു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വചനം ഉണങ്ങിയ വാഴയിലകള്‍കൊണ്ട് മറഞ്ഞു കിടക്കുന്നത് കണ്ടു. അന്ന് എന്റെ മുന്നില്‍ മറഞ്ഞുകിടന്ന വചനമായിരുന്നു "ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു" (സുഭാഷിതങ്ങള്‍ 8/21) എന്നത്. ഒരുപാടു സന്തോഷവും സമാശ്വാസവും നല്കിയ വചനം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടം. തന്നെയുമല്ല കുടുംബസ്വത്ത് കുറച്ച് പണമായി ലഭിക്കാനും വീടുപണി തുടങ്ങാനുമായിരുന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നത്. ഒപ്പം ആയിരം തവണ ഈ വചനം ഒരു ബുക്കില്‍ എഴുതി ക്ഷമയോടെ കാത്തിരുന്നു. ചേട്ടനോട് ചോദിച്ചപ്പോള്‍ ഉടനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കൃഷിപ്പണി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്നൊന്നും പണം തരാന്‍ പറ്റുന്ന ഒരു അവസരം അല്ലായിരുന്നു. പ്രത്യാശയോടെ ഓരോ ആഴ്ചയിലും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ഒന്‍പതാമത്തെ വെള്ളിയാഴ്ച തിരി കത്തിച്ചു പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ പള്ളിയുടെ താഴെയെത്തി ആ വചനം കണ്ണീരോടെ ഒന്നുകൂടി വായിച്ചു. വചനത്തിലൂടെ കണ്ണോടിക്കവേ പെട്ടെന്ന് എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. നോക്കുമ്പോള്‍ ചേട്ടന്റെ മകന് വിളിക്കുന്നു. ഏറെ സങ്കോചത്തോടെ ഞാന്‍ ആ മൊബൈല്‍ ചെവിയില്‍ വച്ചപ്പോള്‍ അവന് എന്നോട് പറയുന്നു, "പാപ്പന് വിഷമിക്കേണ്ട, ലോണ്‍ എടുത്ത് കുറച്ചു പണം സംഘടിപ്പിക്കാം!" ഞാന്‍ ആവശ്യപ്പെട്ട തുക നല്കി തക്കസമയത്ത് അവന് എന്നെ സഹായിച്ചു. "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍" (ഫിലിപ്പി 4/19-20).
By: Johnson Thomas
Moreവിശുദ്ധരുടെ കഥകള്‍ പറഞ്ഞാണ് അമ്മ കുഞ്ഞിനെ ഉറക്കുന്നത്. ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്നുപേരില്‍ ഇളയവളായ ജസീന്തയുടെ കഥ കുഞ്ഞിനെ ഏറെ ആകര്‍ഷിച്ചു. ആടുമേയ്ക്കാന്‍ പോകുമ്പോള്‍ അമ്മ കൊടുത്തുവിടുന്ന ഭക്ഷണം ദരിദ്രര്‍ക്കു നല്കി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധയായ കുഞ്ഞുജസീന്ത! 'മോള്‍ക്കും ഇതുപോലെ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പറ്റും. ഈശോയോടുള്ള സ്നേഹത്തെപ്രതി ഇഷ്ടപ്പെട്ട ചില ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മിഠായി കിട്ടുമ്പോള്‍ അപ്പോള്‍ത്തന്നെ കഴിക്കാതിരിക്കുക. കുഞ്ഞ് എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ഒരു ദിവസം ഭക്ഷണം കഴിച്ചു പകുതിയായപ്പോള്‍, അവള്‍ക്കു മതിയായി. അവള് പറഞ്ഞു: "അമ്മേ ഞാനും ജസീന്തയെപ്പോലെ ഭക്ഷണം ഉപേക്ഷിച്ചു പരിത്യാഗപ്രവൃത്തി ചെയ്യാന്‍ പോകുകയാണ്!" കുരുന്നിന്റെ കുരുട്ടുബുദ്ധികേട്ട് അമ്മ അന്തംവിട്ടു. "ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുന്നു" (സുഭാഷിതങ്ങള്‍ 15/31)
By: Shalom Tidings
Moreരോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്‍കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിൻ്റെ വിശ്വാസം, കനാന്കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപൻ്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം. ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്‍കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തൻ്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക. കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്ത്ഥനകള്ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും. മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്ത്ഥനകളില് പങ്കെടുക്കാന്‍. ഓരോ രോഗശാന്തിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.
By: Mon. C.J. Varkey
Moreയു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന് ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിൻ്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ്. പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിൻ്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.
By: Shalom Tidings
Moreകുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്സായി ജോലി ചെയ്യുന്ന സമയം. നഴ്സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്. അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി. അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള് എന്നോടുള്ള നിഷ്കളങ്ക സ്നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്. ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള് സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു. നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്പില് ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്പില് വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു. പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്. ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്ക്. ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്കളങ്കസ്നേഹത്തിന് ഈശോ തന്ന സ്നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില് കേള്‍ക്കാം. അല്പസമയത്തിനുള്ളില്ത്തന്നെ അവള് എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള് മാറി മാറി നോക്കിക്കൊണ്ടു കണ്ണീര് വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള് എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള് ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു. ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള് ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള് ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.” ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5). യേശുവിന്റെ ശിഷ്യന്മാരില് പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന് മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54). യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ലെന്ന് സ്വന്തം ജീവന് കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.
By: Ann Maria Christeena
Moreപരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം പ്രാര്‍ത്ഥനയിലൂടെ ദൈവാശ്രയബോധത്തില്‍ ഉയര്‍ന്നുനിന്ന് ആത്മീയതലത്തില്‍ അവനെ നേരിടുക. അവിടെ പോരാട്ടം ദൈവം ഏറ്റെടുക്കും. നമുക്ക് വിജയം വരിക്കാനും സാധിക്കും. ”ദൈവത്തിന് വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്; അപ്പോള്‍ അവന് നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7)
By: Shalom Tidings
More