Home/Encounter/Article

മാര്‍ 27, 2024 78 0 ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Encounter

സജ്ജീക്യതരായ അപ്പസ്‌തോലരാകുക!

ഞാന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സമയം. ജോലി കഴിഞ്ഞ് രാത്രി ഹോസ്റ്റല്‍ റൂമില്‍ എത്തിയാല്‍ അല്‍പ്പസമയം ബൈബിള്‍ വായിക്കും. കുറച്ചുകൂടി സമയമുണ്ടെങ്കില്‍ യൂട്യൂബില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വചനപ്രഘോഷണം കേള്‍ക്കുകയും ചെയ്യും. ഒരു ദിവസം അങ്ങനെ വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കും ഇതുപോലെ വചനം പ്രസംഗിക്കണമെന്ന അതിയായ ആഗ്രഹം തോന്നി. വചനം പ്രസംഗിക്കാന്‍ എന്തെന്നില്ലാത്ത താത്പര്യം. പക്ഷേ എന്ത് ചെയ്യും? ആരോട് പ്രസംഗിക്കും? വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെക്കുറിച്ച് കേട്ട ഒരു സംഭവം ഓര്‍മവന്നു. വചനം പ്രസംഗിക്കാന്‍ ആഗ്രഹവുമായി മാര്‍പ്പാപ്പയോട് അനുവാദം ചോദിച്ചപ്പോള്‍ പോയി പന്നികളോട് പ്രസംഗിക്കാന്‍ പറയുകയുണ്ടായത്രേ.

ഞാന്‍ വേഗം ഓടി ടെറസ്സില്‍ കയറി. ആരും കാണാന്‍ സാധ്യതയില്ലാത്ത ഒരു ഭാഗത്തേക്ക് മാറിനിന്നു. എന്നിട്ട് അവിടെ നിന്നുകൊണ്ട് മനസ്സില്‍ വന്ന ആശയവും അന്നേരം ഓര്‍മയില്‍ കിട്ടിയ വചനങ്ങളും വച്ച് പ്രസംഗിച്ചു. എന്റെ കണ്ണില്‍പ്പെട്ട കെട്ടിടത്തെ വലിയ ഒരു ജനക്കൂട്ടമായും താഴെ കാണുന്ന വാഹനങ്ങള്‍ വചനം കേള്‍ക്കാന്‍ വന്നിരിക്കുന്ന ജനമായും കണ്ട് പ്രസംഗം തുടര്‍ന്നു. അന്നേരം അനുഭവിച്ച ആത്മീയ അനുഭൂതി മനസ്സിലാക്കി ഇടയ്ക്കിടയ്ക്ക് ടെറസ്സില്‍ കയറി പ്രസംഗിക്കുന്നത് ഞാന്‍ ശീലമാക്കി. ആരും കാണാതെ, ആരും കേള്‍ക്കാതെ….
ഉടനെതന്നെ ശരിക്കും വചനം പ്രസംഗിക്കാന്‍ ഈശോ എനിക്ക് അവസരം തരുന്ന അനുഭവങ്ങളാണ് ഉണ്ടായത്. ആയിടെ പങ്കെടുക്കാന്‍ സാധിച്ച ഗ്രൂപ്പ് മീറ്റിംഗുകളിലൊക്കെ യാതൊരു സാധ്യത ഇല്ലാതിരുന്നിട്ടും എനിക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുകയും അതെല്ലാം വചനം പങ്കുവയ്ക്കാനായി മാറ്റുകയും ചെയ്തു.

അങ്ങനെ യാത്രയയപ്പ് പരിപാടികള്‍, റിട്ടയര്‍മെന്റ് പ്രോഗ്രാമുകള്‍, വിവാഹാഘോഷ വേദികള്‍, ഓഫീസ് പ്രോഗ്രാമുകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല സന്ദര്‍ഭങ്ങളിലും എനിക്ക് രണ്ടുവാക്ക് പറയാന്‍ കര്‍ത്താവ് അവസരം ഒരുക്കും. അവിടെയൊക്കെ ഈശോയുടെ സുവിശേഷത്തിന്റെ ചൈതന്യം സന്ദേശമായി സംസാരിക്കാന്‍ കര്‍ത്താവ് എന്നെ നിര്‍ബന്ധിക്കുകയും ചെയ്യും. പക്ഷേ ഇതിന്റെയെല്ലാം തുടക്കം ഹോസ്റ്റലിലെ ആ ടെറസ്സില്‍ നിന്നാണ് കേട്ടോ. ഞാന്‍ പറഞ്ഞു വരുന്നത് ഇത്തരം നല്ല ആഗ്രഹങ്ങള്‍ കളയരുത് എന്നാണ്. നടക്കില്ലെന്ന് കണ്ട് ഉപേക്ഷിക്കരുത് എന്നുമാണ്. രഹസ്യത്തിലെങ്കിലും ഭാവനയില്‍ കണ്ട് ദൈവികമായ ആഗ്രഹങ്ങള്‍ നിറവേറ്റുക. വചനം പങ്കുവയ്ക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഈശോയോടുള്ള സ്‌നേഹത്തെപ്രതി മടികാണിക്കാതെ വിനിയോഗിക്കുക.

ബെനഡിക്ട് പാപ്പ ഇതിനെക്കുറിച്ച് ലോക യുവജന സമ്മേളനത്തില്‍ പറഞ്ഞത് എന്താണെന്നോ? ‘ക്രിസ്തുവിന്റെ വചനത്തോട് അവഗാഢം ബന്ധിച്ചിരിക്കുന്ന, നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളോട് പ്രത്യുത്തരിക്കാന്‍ കഴിവുള്ള, എല്ലായിടത്തും സുവിശേഷം വ്യാപിപ്പിക്കാന്‍ സജ്ജീകൃതരായ അപ്പസ്‌തോലന്മാരുടെ പുതിയ തലമുറ ജനിക്കണമെന്ന് ഒരു അടിയന്തരാവശ്യമുണ്ട് എന്നാണ് (ബനഡിക്ട് 16ാമന്‍ മാര്‍പാപ്പാ, ഏപ്രില്‍ 6, 2006.)
നമ്മുടെ ബസ് യാത്രകള്‍, ഫോണ്‍ കോളുകള്‍, തൊഴില്‍ കൂട്ടായ്മകള്‍, കൊച്ചുകൊച്ചു മീറ്റിംഗുകള്‍, ആഘോഷ പരിപാടികള്‍ എന്നിങ്ങനെ മനസ്സുവച്ചാല്‍ എത്രയെത്ര അവസരങ്ങളാണ് വചനം കൊടുക്കാന്‍ നമുക്ക് ചുറ്റും കര്‍ത്താവിന് ഒരുക്കിത്തരാനുള്ളത്! നമ്മള്‍ ഒരുങ്ങിയാല്‍ അല്ലേ അവിടുത്തേക്ക് അയക്കാനാവൂ.

വചനം പഠിക്കുകയും പ്രാര്‍ത്ഥിക്കുകയും അതിയായി ആഗ്രഹിച്ച് ഈശോയില്‍ ആശ്രയിക്കുകയും ചെയ്യുക. ഒന്നുംതന്നെ പാഴാവുകയോ വ്യര്‍ത്ഥമായി പോവുകയോ ചെയ്യില്ല. വചനം പങ്കുവയ്ക്കാനുള്ള നേരിയ ഒരു നെടുവീര്‍പ്പ് പോലും, ഉറപ്പ്! ”സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല” (1 കോറിന്തോസ് 15/1,2)

Share:

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles