Home/Engage/Article

നവം 18, 2023 283 0 Father Rinto Payyapilly
Engage

വെള്ളയുടുപ്പിലേക്ക് ഒരു സ്കൂട്ടര്‍ യാത്ര

മഴക്കാലത്തെ വെള്ളച്ചാട്ടമായ അരീക്കത്തോട് കഴിഞ്ഞ് താരുചേട്ടന്‍റെ പീടിക എത്താറായപ്പോള്‍ ആ ഒന്നാം ക്ലാസുകാരന്‍റെ തൊട്ടു പിന്നില്‍ ചേര്‍ത്തു നിര്‍ത്തിയൊരു സ്കൂട്ടര്‍! തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍റെ വികാരിയച്ചനാണ്…

“ടാ കേറ്.. സ്കൂളീ കൊണ്ടാക്കിത്തരാം.” അങ്ങനെ ജീവിതത്തിലാദ്യമായി അവന്‍ സ്കൂട്ടറില്‍ കയറി. മുന്‍വശം ഒഴിഞ്ഞു കിടന്ന അച്ചന്‍റെ ചേതക് സ്കൂട്ടറിന്‍റെ മുന്‍പില്‍ നിന്നുകൊണ്ട് സ്കൂളില്‍ ചെന്നിറങ്ങിയപ്പോഴുണ്ടായ സന്തോഷവും അത് കണ്ടു നിന്ന കൂട്ടുകാരുടെ കണ്ണുകളിലെ കൗതുകവും ആ ഒന്നാം ക്ലാസുകാരന്‍റെ ഉള്ളില്‍ എവിടെയോ ഒരു വെള്ളയുടുപ്പിലേക്കുള്ള വിത്തു പാകി.

മഴയും വെയിലും മഞ്ഞുമെല്ലാം പല തവണ വന്നുപോയി. ആ പയ്യന്‍റെയുള്ളില്‍ അച്ചനിലൂടെ വിതയ്ക്കപ്പെട്ട വിത്ത് വളര്‍ന്നുവന്നു. അങ്ങനെ അവന്‍ സെമിനാരിയുടെ പടവുകള്‍ ചവിട്ടിക്കയറി. പിന്നീട് ആ പയ്യനും അച്ചനും കണ്ടുമുട്ടിയത് പ്രായമായ അച്ചന്മാരുടെ ഇടത്തിലെ മുറികളിലൊന്നില്‍ വച്ചാണ്.

അപ്പോഴേക്കും അച്ചന്‍റെ ജീവിതത്തെ മാറ്റിമറിച്ച ചിലതെല്ലാം സംഭവിച്ചിരുന്നു. ഒരു അപകടം.. അത് ബാക്കി വച്ച പാതി തളര്‍ന്ന ശരീരവുമായി ആ പഴയ വൈദികന്‍… പക്ഷേ മുഖത്ത് വല്ലാത്ത പ്രസാദമുണ്ടായിരുന്നു. സങ്കടപ്പെട്ട് കടന്നുവരുന്നവനെപ്പോലും സന്തോഷിപ്പിക്കുന്ന പുഞ്ചിരിയും.

പിന്നെയും പലവട്ടം അവര്‍ കണ്ടുമുട്ടി. സുവിശേഷം നിറഞ്ഞു നില്‍ക്കുന്ന ഡിവൈനിന്‍റെ മുറിയില്‍. പുറത്തെ പൊട്ടിയൊലിക്കുന്ന മാംസത്തിന്‍റെ വേദനയുമായി ആശുപത്രിയുടെ മുറികളില്‍…

പക്ഷേ ശരീരം കുത്തിക്കീറുന്ന വേദനയ്ക്കും പാതി തളര്‍ന്ന ശരീരത്തിനും ആ മുഖത്തെ പുഞ്ചിരിയെ തോല്‍പ്പിക്കാനായില്ല! അതങ്ങനെതന്നെ നിന്നു, നീണ്ട പതിനേഴു വര്‍ഷത്തോളം…

മതബോധനത്തിന്‍റെ പാഠപുസ്തകങ്ങളില്‍ സഹനദാസി അല്‍ഫോന്‍സാമ്മയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. പക്ഷേ നേരിട്ട് കണ്ടിട്ടില്ല. എങ്കിലും നേരിട്ട് കണ്ടിട്ടുള്ള ഒരു പാഠപുസ്തകമാണ് സഹനത്തെ പുഞ്ചിരികൊണ്ട് തോല്‍പ്പിച്ച ചിറ്റിലപ്പിള്ളിയച്ചന്‍, ഫാ. ജോസ് ചിറ്റിലപ്പിള്ളി.

സഹനങ്ങളുടെ കാസ അവസാനമട്ടുവരെ കുടിച്ചു തീര്‍ത്ത് പറുദീസയുടെ പടി കയറുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആ പഴയ ഒന്നാം ക്ലാസുകാരന്‍റെ പ്രണാമം. വൈദികജീവിതത്തിലേക്ക് അവനെ ആകര്‍ഷിച്ച അന്നത്തെ സ്കൂട്ടര്‍യാത്രയെപ്രതി നന്ദി!

Share:

Father Rinto Payyapilly

Father Rinto Payyapilly

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles