Trending Articles
പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവരെ പൊതുവില്‍ നിരുന്മേഷരാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഒരു ഖേദചിന്തയുണ്ട്. ദൈവത്തെ കണ്ടുമുട്ടി ദൈവത്തോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എങ്കിലും ആഗ്രഹിച്ചതുപോലെയുള്ള ഒരു ആത്മീയവളര്‍ച്ച നേടുവാന്‍ സാധിച്ചില്ലല്ലോ എന്നതാണത്. അത് ശരിയാകാം. എന്നാല്‍ ചിലപ്പോള്‍ ആ ചിന്ത വരുന്നത് ആത്മീയവളര്‍ച്ചയെപ്പറ്റിയുള്ള നമ്മുടെ തെറ്റായ ധാരണകള്‍കൊണ്ടാകാം.
സ്റ്റേജില്‍നിന്ന് ഉജ്വലമായ വചനപ്രഘോഷണം നടത്തുക, കൗണ്‍സലിങ്ങ് നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കപ്പെടുന്ന ആളുടെ കഴിഞ്ഞകാല, വര്‍ത്തമാന, വരുംകാല ജീവിതങ്ങള്‍ ഒരു കണ്ണാടിയിലെന്നപോലെ വ്യക്തമായി വെളിപ്പെടുന്ന വരങ്ങള്‍ സ്വായത്തമാക്കുക, അത്ഭുത രോഗശാന്തികള്‍ നല്‍കുക ഇവയൊക്കെ അതിന്‍റെ അടയാളങ്ങളായി നാം കണ്ടേക്കാം. ഇവയൊക്കെ നല്ലതും ആവശ്യവുമാണെങ്കിലും ദൈവതിരുസന്നിധിയില്‍ ഇവയൊന്നും ആത്മീയവളര്‍ച്ചയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നില്ല. പിന്നെന്താണ് ആത്മീയ പരിപൂര്‍ണതയിലേക്കുള്ള വഴി?
കര്‍ത്താവില്‍നിന്ന് വ്യക്തമായ നിര്‍ദേശങ്ങളും അതിശയകരമായ വെളിപാടുകളും സ്വീകരിക്കുവാന്‍ കൃപ ലഭിച്ച വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനായുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ നിശ്ചയമായും ഒരു ചൂണ്ടുപലകയാണ്. തന്‍റെ ഡയറിയില്‍ വിശുദ്ധ ഇപ്രകാരം എഴുതുന്നു: ”കൃപകളോ വെളിപാടുകളോ ആനന്ദപാരവശ്യങ്ങളോ മറ്റെന്തെങ്കിലും ദാനങ്ങളോ ഒരാത്മാവിനെയും പരിപൂര്‍ണതയില്‍ എത്തിക്കുന്നില്ല. ദൈവവുമായുള്ള ഗാഢമായ ഐക്യം മാത്രമാണ് അതിനെ പരിപൂര്‍ണതയില്‍ എത്തിക്കുന്നത്. എന്‍റെ വിശുദ്ധിയുടെയും പരിപൂര്‍ണതയുടെയും അടിസ്ഥാനം ദൈവഹിതവുമായി എന്‍റെ മനസിനെ പൂര്‍ണമായി ഐക്യപ്പെടുത്തുന്നതിലാണ്” (ഡയറി 1107).
ഈ വാക്കുകള്‍ തികച്ചും ശ്രദ്ധേയമാണ്. കാരണം പലവിധ അപൂര്‍വവരങ്ങളാലും ആത്മീയാനുഭവങ്ങളാലും- പ്രവചനവരം, പരഹൃദയജ്ഞാനം, ദൈവകരുണ എന്ന മഹാരഹസ്യത്തെക്കുറിച്ചുള്ള ആഴമായ അറിവ്, വളരെ വിരളമായി ലഭിക്കുന്ന ആത്മീയവിവാഹം – സമ്പന്നയായ ഒരു വ്യക്തിയാണ് ഇക്കാര്യം പറയുന്നത്. മേല്‍പറഞ്ഞവയൊന്നും പരിപൂര്‍ണതയുടെ അടയാളങ്ങളല്ല. എല്ലാക്കാര്യത്തിലും – ഏറ്റവും ചെറിയ കാര്യത്തില്‍പോലും ദൈവഹിതം ആരായുകയും അതിനു വിധേയപ്പെട്ട് ജീവിക്കുകയുമാണ് പരിപൂര്‍ണതയിലേക്കുള്ള വഴി. ഒറ്റനോട്ടത്തില്‍ നിസാരമെന്നു തോന്നുന്ന ഒരു കാര്യമാണ്. പക്ഷേ ആത്യന്തികമായി സുപ്രധാനമായ കാര്യം ഇതുതന്നെയാണ് എന്ന് വിശുദ്ധയുടെ വാക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
ഇതിന് നാമെന്താണ് ചെയ്യേണ്ടത്? ദൈവഹിതം അന്വേഷിക്കുവാനുള്ള ഒരു മനസ് രൂപപ്പെടുന്ന വിധത്തില്‍ മാനസാന്തരം നല്‍കണമേയെന്ന് ദൈവത്തോടുതന്നെ പ്രാര്‍ത്ഥിക്കുക. എപ്പോഴും അപ്പന്‍റെ ഹിതം അന്വേഷിക്കുക. അത് ഒരു ശിശുവിന്‍റെ സ്വഭാവമാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ എപ്പോഴും ദൈവഹിതം അന്വേഷിക്കുവാനും അത് നിറവേറ്റുവാനും സാധിക്കുകയുള്ളൂ. അതുകൊണ്ടാണല്ലോ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്തത്: ”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (വിശുദ്ധ മത്തായി 18/3). അതിനാല്‍ പരിപൂര്‍ണതയിലേക്കുള്ള വഴിയില്‍ നടക്കുകയെന്നു പറഞ്ഞാല്‍ നിരന്തരം മാനസാന്തരപ്പെട്ട് ശിശുവിന്‍റെ മനസുള്ളവരായിത്തീരുക എന്നതാണ്. പ്രായമേറുന്തോറും ആത്മാവിന്‍റെ തലത്തില്‍ കൂടുതല്‍ ചെറുതായിക്കൊണ്ടിരിക്കുക. ”ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (വിശുദ്ധ മത്തായി 18/4).
എല്ലായ്‌പ്പോഴും ദൈവഹിതം അന്വേഷിച്ച് നിര്‍ത്തിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. കാരണം പ്രായം കൂടുന്തോറും ബുദ്ധിയുടെ പ്രേരണകളെയാണ് നാം ആശ്രയിക്കുന്നത്. ഒറ്റനോട്ടത്തില്‍ അവ കൂടുതല്‍ നല്ലതും ആകര്‍ഷകവുമായിത്തോന്നും. അപ്പോള്‍പോലും ദൈവതിരുമനസ് അന്വേഷിക്കുന്ന ഒരു മനസുണ്ടാവുകയെന്നതാണ് പ്രധാനം. ഒരു ഉദാഹരണം പറയട്ടെ. ശാലോം ടെലിവിഷന്‍റെ ആദ്യനാളുകള്‍. ചാനല്‍ കൂടുതല്‍ ആളുകളിലെത്തിക്കണമെന്ന ചിന്തയോടെ ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന റെയില്‍വേ സ്റ്റേഷനുകളിലും സിനിമാ തിയേറ്ററുകളിലും ശാലോം ടെലിവിഷന്‍റെ പരസ്യം നല്‍കണമെന്ന ആശയം ഉയര്‍ന്നുവന്നു. അതിനായി ആകര്‍ഷകമായ പരസ്യഗാനവും ഒരുക്കി.
എല്ലാക്കാര്യങ്ങളിലും കര്‍ത്താവിന്‍റെ ഹിതം അന്വേഷിക്കുക എന്നതാണ് ശാലോമിന്‍റെ രീതി. കാരണം ഇത് കര്‍ത്താവിന്‍റെ സ്വന്തം ശുശ്രൂഷയാണ് എന്നതുതന്നെ. കര്‍ത്താവിന്‍റെ തിരുവിഷ്ടം അന്വേഷിച്ചപ്പോള്‍ ആ പരസ്യവഴി വേണ്ടാ എന്ന് മനസിലായി, അത് ഉപേക്ഷിച്ചു. എന്നാല്‍ കര്‍ത്താവ് ശാലോം ടെലിവിഷന് ഒരു കുറവും വരുത്തിയില്ല. എന്നുമാത്രമല്ല അവിടുത്തെ വഴിയിലൂടെത്തന്നെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അവിടുത്തെ ചാനലിനെ കര്‍ത്താവുതന്നെ എത്തിച്ചു. ദൈവഹിതം അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന് ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നില്ലേ? മാനുഷികമായി അങ്ങനെയുള്ള തീരുമാനങ്ങള്‍ ആകര്‍ഷകമല്ല എന്നു തോന്നിയാല്‍ത്തന്നെയും അവസാനം അവയാണ് ശരിയെന്നും നല്ലതെന്നും തിരിച്ചറിയുവാന്‍ സാധിക്കും.
ഇത് ഇടുങ്ങിയ വഴിയാണ്. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അങ്ങനെയുള്ളതാകയാല്‍ ആ വഴിയിലൂടെത്തന്നെ നടക്കുവാന്‍ നമുക്ക് തീവ്രമായി ആഗ്രഹിക്കുകയും ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
കര്‍ത്താവേ, അങ്ങയുടെ തിരുഹിതം അന്വേഷിക്കുന്നതും അതിനോട് ഐക്യപ്പെട്ട് ജീവിക്കുന്നതുമാണ് പൂര്‍ണതയിലേക്കുള്ള മാര്‍ഗമെന്ന് ഞങ്ങളെ ഓര്‍മിപ്പിച്ചതിന് നന്ദി. അതിനായി ഒരു ശിശുവിന്‍റെ മനസ് എന്നില്‍ രൂപപ്പെടുത്തിയാലും. മാനുഷികമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങളല്ല, അങ്ങ് നല്ലതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ നയിക്കുവാന്‍ അനുവദിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവതിരുമനസ് എപ്പോഴും അന്വേഷിക്കുവാനും അതിന് കീഴ്‌പ്പെടുവാനും എനിക്കായി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍
K J Mathew
Want to be in the loop?
Get the latest updates from Tidings!