Home/Evangelize/Article

ജനു 21, 2020 1761 0 Christy Jose
Evangelize

മാലാഖയുടെ അസൂയയും മാണിക്യവും

നീല പുറംചട്ടയുള്ള ആ പുസ്തകത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് വിവരിച്ചിരുന്നത്. വായന അല്പം മുന്നോട്ടുപോയതേയുള്ളൂ; പരിശുദ്ധ കുര്‍ബാനയ്ക്ക് അവശ്യം വേണ്ട വസ്തുക്കളെക്കുറിച്ചും അവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗമെത്തി. പരിപാവനബലിക്കായി ഉപയോഗിക്കുന്ന തുണികളുടെ കൂട്ടത്തില്‍ അത്ര പരിചിതമല്ലാത്തൊരു പേര്, മാനിപ്പിള്‍. അതിപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നും ആ വരികളില്‍ എഴുതിയിരിക്കുന്നു. മാനിപ്പിളിനെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും പെട്ടെന്ന് ഓര്‍മ്മയിലെത്തി. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണ് മാനിപ്പിള്‍?

വിക്കിപീഡിയയുടെ വിവരണമനുസരിച്ച് പരിശുദ്ധ കുര്‍ബാന അര്‍പ്പണവേളയിലെ പുരോഹിതന്‍റെ തിരുവസ്ത്രത്തിന്‍റെ ഭാഗമായിരുന്നു മാനിപ്പിള്‍. വിവരണത്തോടൊപ്പം മാനിപ്പിള്‍ ധരിക്കുമ്പോള്‍ ഉരുവിടുന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു: “ഓ കര്‍ത്താവേ, ദുഃഖത്തിന്‍റെയും കരച്ചിലിന്‍റെയും മാനിപ്പിള്‍ ധരിക്കുവാന്‍ എന്നെ യോഗ്യനാക്കിയാലും. അതുവഴി എന്‍റെ കര്‍മ്മത്തിനുള്ള പ്രതിഫലം ആനന്ദത്തോടെ സ്വീകരിക്കുവാന്‍ ഞാന്‍ യോഗ്യനായിത്തീരട്ടെ.”

അതോടു ചേര്‍ന്ന് വിശുദ്ധ അല്‍ ഫോണ്‍സ് ഡി ലിഗോരിയുടെ വാക്കുകളും നല്കിയിരുന്നു. മനം കവരുന്ന ആ വാക്കുകള്‍ മാനിപ്പിളിനെ മനോഹരമായി ചിത്രീകരിക്കുന്നു- “ദിവ്യബലിയര്‍പ്പണവേളയില്‍ പുരോഹിതന്‍റെ കണ്ണുനീര്‍ തുടയ്ക്കാനുള്ളതാണ് മാനിപ്പിള്‍ എന്നത് അറിയപ്പെടുന്ന കാര്യമാണ്. എന്തെന്നാല്‍, മുന്‍കാലങ്ങളില്‍ പരിശുദ്ധബലിയര്‍പ്പിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍നിന്ന് ധാരയായി കണ്ണുനീര്‍ വീഴുമായിരുന്നു.”

മാനിപ്പിളിനെക്കുറിച്ച് ആധികാരികമായ അറിവൊന്നും അന്ന് കിട്ടിയില്ലെങ്കിലും ആ വാക്കുകള്‍ ഹൃദയത്തോടുതന്നെയാണ് സംസാരിച്ചത്. ദൈവസാന്നിധ്യത്തിന് കണ്ണീരിന്‍റെ ആര്‍ദ്രത….

പട്ടു ധരിച്ചവനൊപ്പം
നിന്നിഹ വേണ്ടുന്നോര്‍ക്കായ്
പട്ടക്കാരന്‍ മാണിക്യങ്ങളെ
വിതറീടുന്നു
വാനവരിടയിലസൂയാദോഷം
പാടുണ്ടെങ്കില്‍
മാനുഷസുതരോടാ
ക്രോബേന്‍മാര്‍ക്കുണ്ടതു നൂനം…..


മലങ്കര സുറിയാനി ആരാധനാക്രമത്തില്‍ പരിശുദ്ധ കുര്‍ബാന സ്വീകരണവേളയില്‍ പാടാറുള്ള ആ ഗീതം എവിടെനിന്നോ കാതുകളെ തഴുകുന്നതുപോലെ…. മാലാഖമാര്‍ക്ക് അസൂയയുണ്ടായിരുന്നെങ്കില്‍ കര്‍ത്താവിന്‍റെ ശരീരവും രക്തവുമാകുന്ന മാണിക്യം സ്വീകരിക്കുന്ന മനുഷ്യരോട് അവര്‍ നിശ്ചയമായും അസൂയപ്പെടും.

വിശുദ്ധ ഫൗസ്റ്റീന തന്‍റെ ഡയറിയില്‍ കുറിച്ചത് വെറുതെയല്ല… “ഇന്ന് വിശുദ്ധ ബലിയുടെ നേരത്ത് ദൈവത്തിന്‍റെ അനന്തമഹിമയില്‍ ഞാന്‍ അലിഞ്ഞുചേര്‍ന്നു. ദൈവസ്നേഹം എന്‍റെ ആത്മാവിലേക്ക് നിറഞ്ഞൊഴുകി. എനിക്കായി ദൈവം എത്രമാത്രം താണിറങ്ങുന്നുവെന്ന് ആ നിമിഷം ഞാന്‍ വ്യക്തമായി മനസിലാക്കി. രാജാധിരാജാവായ അങ്ങയുടെ മുന്‍പില്‍ ഞാനെന്താണ്!” ഓരോ വിശുദ്ധ കുര്‍ബാനയിലും എന്നിലേക്ക് താണിറങ്ങുന്ന രാജാധിരാജന്‍റെ സ്നേഹം മിഴികള്‍ നിറച്ചിരുന്നെങ്കില്‍…. എന്‍റെ തൂവാലയും ഒരു മാനിപ്പിള്‍പോലെ നനഞ്ഞിരുന്നെങ്കില്‍…

Share:

Christy Jose

Christy Jose

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles