Home/Engage/Article

ജനു 02, 2020 1904 0 Sr Mary Mathew
Engage

മാതാവേ, വീട്ടില്‍ പോകാം

ചാപ്പലിന്‍റെ വാതിലുകളും ജനാലകളും ചാരിയിട്ട് പരിശുദ്ധ അമ്മയുടെ രൂപത്തിന് മുമ്പില്‍ ജപമാല ചൊല്ലി തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹിമയുടെ രഹസ്യം ചൊല്ലാന്‍ ആരംഭിച്ച നേരത്ത് ഒരു കൊച്ചുകുഞ്ഞിന്‍റെ സ്വരം, ‘മാവാവേ… വീറ്റില്‍ പോ…വ്വാ…’ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും കരയുകയും ചെയ്യുന്ന ആ കുഞ്ഞിന്‍റെ അരികിലേക്ക് ഞാന്‍ ചെന്നു. അമ്മയുടെ കൈയിലിരിക്കുന്ന ആ കുഞ്ഞ് അമ്മ തുറന്ന ജനാലയിലൂടെയാണ് മാതാവിനെ ക്ഷണിക്കുന്നത്.

“എന്താ മോളേ കരയുന്നത്?” കുഞ്ഞ് ഒന്നും ശ്രദ്ധിക്കുന്നില്ല. ശാഠ്യം പിടിച്ച് മാതാവിനെ വിളിക്കയാണ്. ഞാന്‍ വീണ്ടും ചാപ്പലിനകത്തുനിന്ന് ജനാലയിലൂടെ ആ കുഞ്ഞുകൈകളില്‍ പിടിച്ചുകൊണ്ട് ചോദിച്ചു: “മോള്‍ മാതാവിനെ കൊണ്ടുപോയാല്‍ പിന്നെ സിസ്റ്റര്‍ക്ക് ആരാ ഉള്ളത്?”

“തമ്പാച്ചന്‍!” പെട്ടെന്നായിരുന്നു കുഞ്ഞിന്‍റെ ഉത്തരം. “ശരി, എന്നാ മോള് വീട്ടില്‍ ചെല്ലുമ്പോഴേ, മാതാവ് വീട്ടില്‍ ഉണ്ടായിരിക്കും കേട്ടോ. കുറച്ചു കഴിയുമ്പോള്‍ ഇങ്ങോട്ട് വേഗം പറഞ്ഞു വിടണേ.” കുഞ്ഞ് കുടുകുടാ ചിരിച്ച് റ്റാറ്റാ പറഞ്ഞ് കടന്നുപോയി.

ഞാന്‍ തിരിച്ചുചെന്ന് ജപമാലയിലെ മഹിമയുടെ രഹസ്യം ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ മനസിലേക്ക് ഒരു വചനഭാഗം വന്നു. “യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്ക്കുന്നുണ്ടായിരുന്നു. യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തുനില്ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്‍റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അമ്മയെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹന്നാന്‍ 19:25-27).

എത്രയോ പ്രാവശ്യം വായിച്ചിട്ടുള്ള വചനഭാഗം. പക്ഷേ ഇന്ന് ആ വചനഭാഗത്തിന് പുതിയൊരു അര്‍ത്ഥമുള്ളതുപോലെ തോന്നി. സ്വന്തം ഭവനത്തില്‍ അമ്മയെ സ്വീകരിക്കുന്ന ശിഷ്യന്‍ എന്നത് ശിശുവിന്‍റെ നൈര്‍മല്യത്തിന്‍റെ ഭാവമാണ്. അമ്മയുടെ കൈയില്‍ സുരക്ഷിതമായിരുന്ന കുഞ്ഞ് പരിശുദ്ധ ദൈവമാതാവിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശാഠ്യം പിടിക്കുന്നത്, കുരിശിന്‍ ചുവട്ടിലെ യോഹന്നാന്‍റെ നിഷ്കളങ്കതയെ, ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു.

അമ്മയെ വണങ്ങുകയും ആദരിക്കുകയും പ്രകീര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നതില്‍ നാം ഒരുപാട് വളര്‍ന്നിട്ടുണ്ട് എന്നതില്‍ സംശയമില്ല. എത്രയെത്ര മരിയവണക്കങ്ങളാണ് കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്നത്. അമലോത്ഭവം മുതല്‍ സ്വര്‍ഗാരോപണംവരെയുള്ള തിരുനാളുകളെത്രയുണ്ട്. അമലോത്ഭവമാതാവ്, നിത്യസഹായമാതാവ്, കര്‍മലമാതാവ്, പ്രസാദവരമാതാവ്, കുരുക്കഴിക്കുന്ന മാതാവ്, ഫാത്തിമാമാതാവ്, ലൂര്‍ദ്മാതാവ് തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര പേരുകളാല്‍ അലംകൃതയാണ് അമ്മ. അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഗാനങ്ങളും പുസ്തകങ്ങളും നിലയ്ക്കാത്ത നീരൊഴുക്കുപോലെയാണ്. എല്ലാമെല്ലാം ഒന്നിച്ചാലും ആ കുഞ്ഞിന്‍റെ നിഷ്കളങ്കമായ വിളിയും കരച്ചിലും ശാഠ്യവും തുടര്‍ന്നുള്ള ചിരിയുംപോലെ…. എന്‍റെ വീട്ടില്‍ അമ്മയെ ക്ഷണിക്കുന്നില്ലെങ്കില്‍, എന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ അമ്മയെ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍… എന്തു പ്രയോജനം?

കാരണം പരിശുദ്ധ ദൈവമാതാവ് രാജ്ഞിപദം ചൂടി കഴിയുന്ന അസാധാരണ പ്രതിഭാസമൊന്നുമല്ല. പിന്നെയോ എന്‍റെ സമഗ്രതയെ പുല്‍കുന്ന അനിതര സാധാരണയായ അമ്മയാണ്. മാതാവേ വീട്ടില്‍ പോകാം എന്ന് ഞാന്‍ എത്ര പ്രാവശ്യം ദൈവമാതാവിനോട് അപേക്ഷിച്ചിട്ടുണ്ട്?

“ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാന്‍ 14:3). സത്യത്തില്‍ ഇതല്ലേ നന്മരണത്തിനൊരുങ്ങല്‍ എന്നു പറയുന്നത്. എനിക്കെന്‍റെ വീട്ടില്‍ എത്തണമെന്ന ആത്മാവിന്‍റെ ദാഹം. പരിശുദ്ധ അമ്മയുടെ കൂടെയാണ് ഞാനാകുന്ന പൈതലെന്ന നിരന്തരമായ അവബോധത്തില്‍ നിന്നുമാത്രമല്ലേ ഈ വീട്ടില്‍പോകലിന്‍റെ ദൈവശാസ്ത്രം ഉടലെടുക്കുക.

എന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ നന്മരണജപം ചൊല്ലിക്കൊണ്ടാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. വര്‍ഷങ്ങളായി ഇങ്ങനെ ഒരുങ്ങി സഞ്ചരിച്ചിട്ടും ഈ കൊച്ചുകുഞ്ഞിനെപ്പോലെ ഒരു നൈര്‍മല്യം നിറഞ്ഞ ‘അമ്മയെ ക്ഷണിക്കല്‍’ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരിശുദ്ധ അമ്മയെക്കുറിച്ച് എത്രമാത്രം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. എങ്കിലും അവയൊന്നും അമ്മയെന്ന മഹാസാഗരത്തിന്‍റെ ഒരു തുള്ളിപോലും ആയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ ഈ തെളിനീരാഴിയിലേക്ക് എടുത്തുചാടി ‘എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ’ എന്ന് ഉരുവിട്ട് ആഴ്ന്നിറങ്ങുന്നതാണ് അഭികാമ്യം. ആ മാതൃവാത്സല്യമാണ് പുത്രനിലേക്കും പിതാവിലേക്കും പരിശുദ്ധാത്മാവിലേക്കും നമ്മെ നയിക്കുന്നത്. ആ കൊച്ചുകുഞ്ഞിനെപ്പോലെ ലളിതമായി പ്രാര്‍ത്ഥിക്കാം:

പിതാവായ ദൈവത്തിന്‍റെ മകളും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ മണവാട്ടിയുമായ മാതാവേ…. വരൂ, വീട്ടില്‍ പോകാം.

Share:

Sr Mary Mathew

Sr Mary Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles