Home/Encounter/Article

ഒക്ട് 03, 2024 56 0 Shalom Tidings
Encounter

മനഃസാക്ഷിക്കും മുകളില്‍ മറ്റൊരാള്‍!

ദൈവം മനുഷ്യനു നല്‍കിയ വലിയൊരു അനുഗ്രഹമാണ് അവന്‍റെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മനഃസാക്ഷിയുടെ സ്വരം. തെറ്റേത് ശരിയേത് എന്ന് ഹൃദയത്തിന്‍റെ ഈ സ്വരം നമ്മെ ബോധ്യപ്പെടുത്തും. തിരുവചനങ്ങള്‍ ഇപ്രകാരം നമ്മളോട് പറയുന്നു ”നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക. അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിനുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോട് പ്രാര്‍ത്ഥിക്കുക” (പ്രഭാഷകന്‍ 37/14-15).

മനഃസാക്ഷിയുടെ ഈ സ്വരത്തോട് മറുതലിക്കാത്തവന് താന്‍ തിരഞ്ഞെടുക്കേണ്ട വഴി ഏതെന്ന് സാധാരണഗതിയില്‍ ദൈവം വെളിപ്പെടുത്തിക്കൊടുക്കും. തിരുവചനങ്ങള്‍ ഇപ്രകാരം പറയുന്നു ”താന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ മനഃസാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്” (റോമാ 14/22). എന്നാല്‍ ഇത് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പൊതുനിയമമാണ്. എന്നാല്‍ വളരെ അസാധാരണമാംവിധം ദൈവം തിരഞ്ഞെടുത്തുയര്‍ത്തുന്ന ചില വ്യക്തികളുടെ ജീവിതത്തില്‍ ഈ പൊതുനിയമങ്ങളെയെല്ലാം മറികടക്കുന്ന വിധത്തില്‍ ഉന്നതമായ സമര്‍പ്പണങ്ങള്‍ ദൈവം ആവശ്യപ്പെടാറുണ്ട്.

വിശുദ്ധ ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ ഈവിധത്തിലുള്ള വ്യക്തികളെ നമുക്ക് കണ്ടെത്തുവാന്‍ കഴിയും. ഹൃദയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന മനഃസാക്ഷിയുടെ സ്വരത്തെപ്പോലും അതിലംഘിക്കുന്ന രീതിയില്‍ ഉന്നതമായ സമര്‍പ്പണവും അനുസരണവും ഇവരില്‍നിന്നും ദൈവം ആവശ്യപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെയുള്ള ചില കാര്യങ്ങളില്‍ നമ്മുടെ ഹൃദയംപോലും നമ്മെ കുറ്റപ്പെടുത്തിയെന്നിരിക്കും. ”നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നുവെങ്കില്‍ത്തന്നെ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനും ആകയാല്‍ അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും” (1 യോഹന്നാന്‍ 3/20) എന്ന വചനം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

അബ്രഹാമിന്‍റെ ദൈവവിളി

വളരെ അസാധാരണമായ ഒരു ദൈവവിളി ലഭിച്ച ആളാണല്ലോ പിതാവായ അബ്രാഹം. അബ്രാഹമിന്‍റെ ജീവിതത്തില്‍ പലവട്ടം സ്വന്തം മനഃസാക്ഷിയുടെ സ്വരത്തെ മറികടക്കുന്ന വിധത്തിലുള്ള ആഴമായ സമര്‍പ്പണവും അനുസരണവും ദൈവം അദ്ദേഹത്തില്‍നിന്നും ആവശ്യപ്പെടുന്നത് നമുക്ക് കാണാന്‍ സാധിക്കും.
ദൈവം അബ്രാഹമിനോട് ഇപ്രകാരം പറഞ്ഞു ”ആകാശത്തേക്കു നോക്കുക. ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെ ആയിരിക്കും” (ഉല്‍പത്തി 15/5). പക്ഷേ അനേകവര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ വന്നപ്പോള്‍ അബ്രാഹമിന്‍റെ ഭാര്യ സാറായുടെ മനസില്‍ ഒരു മറുബുദ്ധി തോന്നി. അവളത് തന്‍റെ ഭര്‍ത്താവായ അബ്രാഹവുമായി പങ്കുവച്ചു.

അബ്രാഹമത് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അവള്‍ തന്‍റെ ദാസി ഹാഗാറിനെ അബ്രാഹത്തിന് ഭാര്യയായി കൊടുത്തു. തന്‍റെ ദാസിയായ ഹാഗാറില്‍ അബ്രാഹമിനുണ്ടാകുന്ന കുട്ടിയെ സ്വന്തം കുട്ടിയായി കരുതാമെന്നും അങ്ങനെ ദൈവത്തിന്‍റെ വാഗ്ദാനം പൂര്‍ത്തീകരിക്കാമെന്നുമായിരുന്നു സാറായുടെ പ്ലാന്‍. അങ്ങനെ ഹാഗാര്‍ ഗര്‍ഭിണിയായി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. അവര്‍ അവന് ഇസ്മായേല്‍ എന്നു പേരിട്ടു. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി അതായിരുന്നില്ല. സാറായുടെ ഉദരത്തില്‍ത്തന്നെ അബ്രാഹമിനു പിറക്കുന്ന കുഞ്ഞുവേണം തന്‍റെ വാഗ്ദാനത്തിന്‍റെ അവകാശി എന്നതായിരുന്നു ദൈവത്തിന്‍റെ തീരുമാനം. ആ പദ്ധതിപ്രകാരം സാറാ വാര്‍ധക്യത്തിലെത്തിയവളെങ്കിലും കര്‍ത്താവിന്‍റെ വലിയ കാരുണ്യത്താല്‍ അബ്രാഹമില്‍നിന്നും ഗര്‍ഭംധരിച്ചു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവര്‍ അവന് ഇസഹാക്ക് എന്നു പേരിട്ടു.

കുട്ടി മുലകുടി മാറി, കളിക്കാന്‍ പ്രായമായപ്പോള്‍ വലിയൊരു പ്രശ്‌നം ഉടലെടുത്തു. ദാസിയുടെ മകനായ ഇസ്മായേല്‍ യജമാനത്തിയും വാഗ്ദാനത്തിനവകാശിയുമായ താന്‍ പ്രസവിച്ച തന്‍റെ സ്വന്തം കുഞ്ഞായ ഇസഹാക്കിനോടൊപ്പം കളിക്കുന്നതു കണ്ടപ്പോള്‍ സാറായ്ക്ക് തീരെ രസിച്ചില്ല. അവള്‍ അബ്രാഹത്തോട് ഇപ്രകാരം പറഞ്ഞു ”ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്‍റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല” (ഉല്‍പത്തി 21/10-11). അബ്രാഹം വലിയ വിഷമവൃത്തത്തിലായി. അദ്ദേഹത്തിന്‍റെ ചങ്കുപിടഞ്ഞു. അടിമപ്പെണ്ണില്‍ പിറന്നവനെങ്കിലും ഇസ്മായേല്‍ തന്‍റെ സ്വന്തം മകനാണ്. ഇവര്‍ രണ്ടുപേരെയും സംരക്ഷിക്കുകയും പോറ്റുകയും ചെയ്യേണ്ടത് ഭര്‍ത്താവും പിതാവുമായ തന്‍റെ കടമയാണ്. ദൈവത്തിന്‍റെയും മനുഷ്യന്‍റെയും മുമ്പില്‍ അതു നീതിയുക്തവുമാണ്.

പക്ഷേ അവരെ ഇറക്കിവിടാതെ സാറാ അടങ്ങുകയുമില്ല. അബ്രാഹമിന്‍റെ മനഃസാക്ഷി പിടഞ്ഞു. അദ്ദേഹം ദൈവത്തോട് ആലോചന ചോദിച്ചു. അത്ഭുതകരമായിരുന്നു അബ്രാഹമിന്‍റെ പിടയുന്ന മനഃസാക്ഷിക്കുമുകളിലുള്ള ദൈവത്തിന്‍റെ വിധിതീര്‍പ്പ്. ഒറ്റനോട്ടത്തില്‍ ആ വിധിതീര്‍പ്പ് തികച്ചും നീതിരഹിതമെന്നും കാരുണ്യരഹിതമെന്നും വായിക്കുന്നവര്‍ക്ക് തോന്നാം. അവിടുന്ന് പറഞ്ഞു. ”സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം ഇസഹാക്കിലൂടെയാണ് നിന്‍റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്‍റെ മകനാണല്ലോ (ഉല്‍പത്തി 21/12-13).

അബ്രാഹം പിന്നെ മേലുകീഴു ചിന്തിച്ചില്ല. തന്‍റെ മനഃസാക്ഷിയുടെ സ്വരത്തിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദൈവഹിതത്തെ അദ്ദേഹം തിരിച്ചറിഞ്ഞ് അന്വേഷിച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു. കുറെ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. തീര്‍ച്ചയായും വിചാരങ്ങളും വികാരങ്ങളും നീതിബോധവുമുള്ള ഒരു മനുഷ്യവ്യക്തി എന്ന നിലയില്‍ ചങ്കുപിടഞ്ഞുകൊണ്ടുതന്നെയാകണം അബ്രാഹം ആ യാത്രയാക്കല്‍കര്‍മം നിര്‍വഹിച്ചത്. പിന്നീടങ്ങോട്ടും ഈ പുത്രവിയോഗം അദ്ദേഹത്തിന്‍റെ മനസിനെ പലവട്ടം കരയിപ്പിച്ചിട്ടുണ്ടാകാം.

പക്ഷേ ദൈവം തന്‍റെ വാക്കു പാലിച്ചു. അവിടുന്ന് ഹാഗാറിനെ മറ്റൊരുവിധത്തില്‍ പരിപാലിക്കുകയും ഇസ്മായേലിനെ വലിയൊരു ജനതയായി ഉയര്‍ത്തുകയും ചെയ്തു. പക്ഷേ അത് പിന്നീടാണ്. അക്കാലത്ത് അബ്രാഹമിനെ അവമാനിക്കാനുള്ള സാഹചര്യങ്ങള്‍ ആര്‍ക്കും ലഭിക്കാതിരുന്നത് അബ്രാഹത്തിന്‍റെ ഭാഗ്യം! അല്ലെങ്കില്‍ വര്‍ധിച്ച മനോദുഃഖത്തിന്‍റെ കൂട്ടത്തില്‍ താനുള്‍പ്പെടുന്ന സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനും ജീവിതം മുമ്പോട്ടു കൊണ്ടുപോകാനും വയ്യാത്ത അവസ്ഥയില്‍ അബ്രാഹവും കുടുംബവും എത്തിച്ചേര്‍ന്നേനേ! ഇങ്ങനെയാണ് മനുഷ്യവിധികള്‍ക്കും മുകളില്‍ നില്‍ക്കുന്ന ദൈവത്തിന്‍റെ ചില വിധികള്‍!

ഇഹസാക്കിന്‍റെ ബലി

ഇസഹാക്കിന്‍റെ ബലിയും വലിയൊരു അഗ്നിപരീക്ഷണമായിരുന്നു അബ്രഹാമിന്‍റെ ജീവിതത്തില്‍. അതിനെല്ലാമുപരി സ്വന്തം മനഃസാക്ഷിയും ഹൃദയവും പിടഞ്ഞുകൊണ്ടുതന്നെയാണ് അബ്രാഹം ആ ബലിക്ക് തയാറാകുന്നത്. കൊല്ലരുത് എന്നു കല്പിച്ചവന്‍തന്നെ കൊല്ലാന്‍ പറയുന്നു! അതും തന്‍റെ രക്തത്തില്‍ പിറന്ന തന്‍റെ സ്വന്തം പുത്രനെ കൊല്ലാന്‍ പറയുന്നു! തന്‍റെ പുത്രനെ കൈകാലുകള്‍ ബന്ധിച്ച് അടുക്കിയ വിറകിന്‍മേല്‍ കിടത്തി തന്‍റെ കുഞ്ഞിന്‍റെ കരുണയ്ക്കുവേണ്ടിയുള്ള നിലവിളിക്കിടയില്‍ അവന്‍റെ ചങ്കിനുനേരെ കഠാരയുയര്‍ത്തുമ്പോള്‍ അബ്രാഹം പിടഞ്ഞത് ഏറ്റവുമധികമായി സ്വന്തം മനഃസാക്ഷിയോടുള്ള പോരാട്ടത്തിലല്ലേ? ആ കഠാര സ്വന്തം ചങ്കിനുനേരെ ഉയര്‍ത്താനാണ് ദൈവം അബ്രാഹമിനോട് പറഞ്ഞിരുന്നതെങ്കില്‍ അബ്രാഹമിനത് എത്രയോ എളുപ്പമായിരുന്നു.

എന്നിട്ടും അബ്രാഹം ദൈവത്തെ അനുസരിച്ചു. സ്വന്തം മനഃസാക്ഷിയെ മറികടന്ന് അതിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദൈവസ്വരത്തെ അനുസരിച്ചു! ഹോ എത്ര ഭയാനകം! ഇസഹാക്ക് കൊല്ലപ്പെടാതെ ദൈവം സംരക്ഷിച്ചു എന്നത് സത്യമാണ്. പക്ഷേ അതു രണ്ടാമത്തെ ഘട്ടമാണ്. അബ്രാഹമിന്‍റെ ഹൃദയംകൊണ്ട് സ്വന്തം മകനെ കൊന്നതിനുശേഷമാണ് ദൈവമിടപെട്ട് അവനെ കൊല്ലാതെ സംരക്ഷിക്കുന്നത്. ആ ബലിക്കു പകരമായി അബ്രാഹത്തിനെയും ഇസഹാക്കിനെയും അനുഗ്രഹിച്ചു എന്നതു സത്യമാണ്. അത് രണ്ടാമത്തെ ഘട്ടമാണ്. മര്‍മഭേദകമായ ആദ്യത്തെ ഘട്ടത്തിനുശേഷമാണ് അതു സംഭവിച്ചത്.

മറിയത്തിന്‍റെ ജീവിതത്തിലും

പരിശുദ്ധ അമ്മ തന്‍റെ മനഃസാക്ഷിക്കതീതമായ ദൈവസ്വരം കേട്ട് അനുസരിച്ച സമയത്ത് ഭാവിയില്‍ തന്‍റെ ഭര്‍ത്താവാകാന്‍ തന്‍റെ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത ജോസഫുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടവളായിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന് ദൂതന്‍ അവളോടരുളിചെയ്തപ്പോള്‍ അവളതിനുത്തരമായി ദൂതനോടു പറഞ്ഞു ‘ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ.’ നിയമപ്രകാരം തന്‍റെ ഭര്‍ത്താവാകേണ്ട ജോസഫിനോടോ തന്‍റെതന്നെ മാതാപിതാക്കളോടോ ഒന്നും ചോദിക്കാതെയും ആലോചിക്കാതെയുമാണ് മറിയം ഈ സമ്മതപത്രം നല്‍കുന്നത്.

മാനുഷികനിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും ഉപരിയാണ് ദൈവത്തിന്‍റെ ഹിതവും അവിടുത്തെ പദ്ധതികളുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ആരോടും ഒരു വാക്കും ചോദിക്കാതെ ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി എന്നു പറഞ്ഞുകൊണ്ട് ദൈവനിശ്ചയപ്രകാരം ഗര്‍ഭവതിയാകാനുള്ള സമ്മതം ദൈവദൂതനെ അറിയിക്കുന്നത്. ഇതൊരു നിസാര കാര്യമല്ല. തന്‍റെ പദ്ധതികള്‍ക്കുമപ്പുറത്തുള്ള ദൈവഹിതത്തെ മനസാ വരിച്ചതുകൊണ്ടുമാണ് മറിയം ഈ സമര്‍പ്പണത്തിന് തയാറാകുന്നത്.

ജോസഫിന്‍റെ ജീവിതവും ഈ വഴിക്കുതന്നെ

ജോസഫുമായി വിവാഹിശ്ചയം ചെയ്ത മറിയം തന്നില്‍നിന്നുമല്ലാതെ ഗര്‍ഭവതിയായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും നല്ല മനഃസാക്ഷിയോടെ അവളെ അല്പംപോലും അപമാനിതയാക്കാതെ രഹസ്യത്തില്‍ അവളെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. അതായിരുന്നു അദ്ദേഹത്തിന്‍റെ മനഃസാക്ഷി അദ്ദേഹത്തിനു കൊടുത്ത നിര്‍ദേശം. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി അദ്ദേഹത്തിന്‍റെ മനഃസാക്ഷിയുടെ നിയമത്തിന് ഉപരിയായി വെളിപ്പെട്ടപ്പോള്‍ അദ്ദേഹം ദൈവത്തിന്‍റെ സ്വരത്തെ അനുസരിക്കുന്നു. മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നുമാണ് എന്ന് ദൈവം പറഞ്ഞപ്പോള്‍ അവന്‍ തന്‍റെ മനഃസാക്ഷിക്കും ഉപരിയായി നില്‍ക്കുന്ന ദൈവസ്വരത്തെ അംഗീകരിക്കുന്നു, അനുസരിക്കുന്നു!

മുകളില്‍ കണ്ട സംഭവങ്ങളിലെല്ലാം ഓരോരുത്തരും തങ്ങളുടെ മനഃസാക്ഷി നല്‍കുന്ന പ്രേരണകള്‍ക്കും അതീതമായി നിലകൊള്ളുന്ന ദൈവസ്വരത്തെ അനുസരിക്കുന്നു. ദൈവത്തിന്‍റെ ഹിതങ്ങളും പദ്ധതികളും ചിലപ്പോഴെല്ലാം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും മനഃസാക്ഷിയുടെ സ്വരത്തിനുമെല്ലാം ഉപരിയായി നിലകൊള്ളാമെന്ന് ഇതിലൂടെ വെളിപ്പെടുന്നു. ചിലപ്പോഴെല്ലാം അത് വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ദൈവികനിയമങ്ങള്‍ക്കും മുകളിലായി നിലകൊള്ളാം.

നിയമങ്ങള്‍ക്കുപരിയായി

”ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ? അവര്‍ ദൈവഭവനത്തില്‍ പ്രവേശിച്ച് പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കുവാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍ സാബത്തുദിവസം ദൈവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം മനസിലായിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ്” (മത്തായി 12/1-8).

പ്രിയപ്പെട്ട ശാലോം ടൈംസ് വായനക്കാരേ, നിങ്ങളില്‍ ചിലരെങ്കിലും ചിലപ്പോള്‍ മുന്‍പുപറഞ്ഞ രീതിയിലുള്ള അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകാന്‍ ഇടവന്നിട്ടുള്ളവരാകാം. നമ്മുടെ മനഃസാക്ഷിയുടെ നിയമത്തിന് ഉപരിയായതാണ് ദൈവത്തിന്‍റെ ഹിതമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ അത് നിറവേറ്റാന്‍ ശക്തിയില്ലാതെ വല്ലാതെ പകച്ചുനിന്നുപോയിട്ടുണ്ടാകാം. എന്നാല്‍ ഒരു കാര്യം സത്യമാണ് ആരെല്ലാം സ്വന്തമനഃസാക്ഷിയുടെ സ്വരത്തിന് ഉപരിയായി നില്‍ക്കുന്ന ദൈവഹിതം തിരിച്ചറിഞ്ഞ് അനുസരിച്ചോ അവരെയെല്ലാം അടുത്ത പടിയില്‍ ദൈവം അത്ഭുതകരമായ വിധത്തില്‍ രക്ഷിക്കുകയും ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അബ്രാഹമിനെപ്പോലെയും പരിശുദ്ധ മറിയത്തെപ്പോലെയും യൗസേപ്പിതാവിനെപ്പോലെയും ഒക്കെ അത്ഭുതകരമായ സമര്‍പ്പണം നടത്തിയ അനേകര്‍ വിശുദ്ധ ഗ്രന്ഥത്തില്‍ മാത്രമല്ല ഈ വിശ്വാസയാത്രയില്‍ നമുക്ക് ചുറ്റിലുമുണ്ട്.

നാമവരെ പലപ്പോഴും വിമര്‍ശിക്കുകയും കുറ്റം വിധിക്കുകയും കഠിന ശോധനകളിലൂടെ കടന്നുപോകുന്ന അവരുടെ ജീവിതത്തെ യഥാര്‍ത്ഥ സത്യമെന്തെന്നു തിരിച്ചറിയാതെ നമ്മുടെ അല്പബുദ്ധി അനുസരിച്ച് വിധിച്ച് പ്രശ്‌നപൂരിതമാക്കുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥ സത്യത്തിനു മാത്രമേ നമ്മെയും അവരെയും വിമോചനത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കാനാവൂ. ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8/32) എന്ന തിരുവചനം നമ്മുടെ ആന്തരിക നയനങ്ങള്‍ക്ക് പ്രകാശം നല്‍കുമാറാകട്ടെ. സത്യവെളിച്ചം നമ്മുടെ ബോധതലങ്ങളെ പ്രകാശിപ്പി ക്കട്ടെ. അങ്ങനെ നമ്മള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കു മറ്റുള്ളവരെ നയിക്കുന്നവരും ആയിത്തീരട്ടെ, ആമ്മേന്‍. ‘ആവേ മരിയ’

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles