Home/Encounter/Article

ആഗ 15, 2024 37 0 Fr. Johnson Chakalaikal MCBS
Encounter

ബിസിനസുകാരന്‍ ചോദിച്ച അടയാളങ്ങള്‍

ഒരു ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചുകൊണ്ടിരുന്ന കാലം. വിവാഹത്തെക്കുറിച്ചും ചിന്തിച്ചുതുടങ്ങിയിരുന്നു. ആയിടയ്ക്കാണ് ഒരു ധ്യാനത്തിനായി പോയത്. അതിനുശേഷം പ്രാര്‍ത്ഥനാഗ്രൂപ്പും പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സജീവമായി മുന്നോട്ടുപോയി. ധ്യാനം കഴിഞ്ഞപ്പോള്‍മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എന്നും പോകണമെന്ന ആഗ്രഹം വര്‍ധിച്ചു. പക്ഷേ അങ്ങനെ പോയിത്തുടങ്ങിയാല്‍ മറ്റുള്ളവര്‍ പരിഹസിക്കുമോ എന്ന ചിന്തയും ഉണ്ടായിരുന്നു. എങ്കിലും ഞായറാഴ്ചകളില്‍ മിക്കവാറും നിത്യാരാധനാചാപ്പലില്‍ പോകും.
ആനാളുകളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും സജീവമായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസമുണ്ടെങ്കില്‍പ്പോലും, അപ്പത്തില്‍ ഈശോയുണ്ടെന്ന് തെളിയിക്കുന്ന അനുഭവം തരണം എന്ന് ഈശോയോട് ചോദിച്ചിട്ടുണ്ട്.

ഈശോയുമായി മുഖാമുഖം

ഒരിക്കല്‍ സുവിശേഷപ്രവര്‍ത്തനത്തിനായുള്ള വീടുസന്ദര്‍ശനം കഴിഞ്ഞ് ദൈവാലയത്തിലേക്ക് പ്രവേശിക്കുകയാണ് ഞാന്‍. പതിവനുസരിച്ച് ആ സമയമാകുമ്പോള്‍ ദിവ്യകാരുണ്യ ആരാധന കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ അന്ന് ദിവ്യകാരുണ്യ ആശീര്‍വാദം നല്കുന്ന സമയമായിരുന്നു. പെട്ടെന്ന് ആ അരുളിക്ക എന്‍റെനേര്‍ക്ക് പറന്നുവരുന്ന അനുഭവം. അതില്‍ ഈശോയുടെ ചിരിക്കുന്ന തിരുമുഖവും കണ്ടു. നിമിഷങ്ങള്‍ക്കകം അതെല്ലാം മാഞ്ഞുപോയി. അപ്പത്തില്‍ ഈശോയുണ്ടെന്ന് എനിക്ക് വ്യക്തിപരമായി ഈശോ പറഞ്ഞുതന്ന അനുഭവമായിരുന്നു അത്.
ആയിടക്കുതന്നെ മറ്റൊരു അനുഭവവും ഉണ്ടായി.

ജീസസ് യൂത്തിന്‍റെ നൈറ്റ് വിജില്‍ നടക്കുകയായിരുന്നു. വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഉടനെ പരിശുദ്ധ കുര്‍ബാന ആരംഭിക്കുകയാണ്. എനിക്കൊരു അനുഭവം വേണമെന്ന് അന്ന് ഈശോയോട് പറഞ്ഞു. ബലിയര്‍പ്പണസമയത്തെല്ലാം ഞാന്‍ ആ അനുഭവത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല, ദിവ്യകാരുണ്യസ്വീകരണസമയമായി. ഈശോയെ സ്വീകരിച്ചിട്ട് ഞാന്‍ മുട്ടുകുത്തിനിന്നു. പെട്ടെന്ന് നാവും വായുമെല്ലാം ഐസുപോലെ മരവിക്കുന്ന അനുഭവം. ആശീര്‍വാദപ്രാര്‍ത്ഥന കഴിയുന്നതുവരെ അങ്ങനെയായിരുന്നു. ആ അനുഭവവും എന്‍റെ വിശ്വാസത്തെ ആഴപ്പെടുത്തി.

‘ദൈവം വിളിച്ചവന്‍’

പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജീവിതത്തെ ഏറെ സ്വാധീനിച്ചു. വീട്ടിലായിരിക്കുമ്പോള്‍ മാതാവിന്‍റെ ചിത്രങ്ങള്‍കൊണ്ട് അലംകൃതമായിരുന്നു എന്‍റെ മുറി. ജപമാലയായിരുന്നു എന്‍റെ പ്രധാനപ്രാര്‍ത്ഥന. അങ്ങനെയിരിക്കെ വികാരിയച്ചന്‍ എന്നെയും ഒരു കൂട്ടുകാരനെയും നിര്‍ബന്ധിച്ച് 10 ദിവസത്തെ കെരിഗ്മ കോഴ്‌സിന് അയച്ചു..

പ്രോഗ്രാമിനിടെ എന്നെ സ്പിരിച്വല്‍ കൗണ്‍സിലിംഗ് നടത്തിയ സിസ്റ്റര്‍ ചോദിച്ചു ‘അച്ചനാകാന്‍ താത്പര്യമുണ്ടോ’ എന്ന്. ‘പണ്ട് താത്പര്യമുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ശ്രമിച്ചതുമാണ്. അത് വിജയിച്ചില്ല,’ എന്ന് ഞാന്‍ പറഞ്ഞു. ഇതുകൂടാതെ പ്രോഗ്രാമില്‍ ഒരു സന്ദേശം വിളിച്ചുപറഞ്ഞു, ”ഇക്കൂട്ടത്തില്‍ ഒരാള്‍ വൈദികനാകാന്‍ പോകുന്നു…” പക്ഷേ ഞാന്‍ വൈദികനാകുമെന്ന് അപ്പോഴൊന്നും ചിന്തിച്ചിരുന്നില്ല.

പ്രോഗ്രാമിനിടെ ഒരു കാര്‍ഡ് എല്ലാവര്‍ക്കും നല്കി. ഒരാളുടെ പേര്‍ എഴുതിയ കാര്‍ഡില്‍ മറ്റുള്ള എല്ലാവരും ആ വ്യക്തിയുടെ നന്മകള്‍ എഴുതണം. എന്‍റെ കാര്‍ഡ് ലഭിച്ചപ്പോള്‍ അതില്‍ ഒരാള്‍ എഴുതിയിരിക്കുന്നത് എന്‍റെ ശ്രദ്ധ കവര്‍ന്നു, ”ദൈവം വിളിച്ചവന്‍!” ഞാന്‍ മറ്റുള്ള പലരുടെയും കാര്‍ഡുകള്‍ നോക്കി. ആരുടെ കാര്‍ഡിലും അപ്രകാരം എഴുതിയിട്ടില്ല. അതോടെ എനിക്ക് ആകെ ഒരു ആശയക്കുഴപ്പം, വൈദികനാവണോ?
ചിന്തിച്ചുചിന്തിച്ച് ഞാനൊരു തീരുമാനത്തിലെത്തി. ആ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന പരിചയമുള്ള ഒരു സിസ്റ്ററുണ്ട്. സിസ്റ്റര്‍ സൈക്കോളജി പഠനം നടത്തിയിട്ടുള്ളതുനിമിത്തം കരിസ്മാറ്റിക് വരങ്ങളിലൊന്നും വിശ്വാസമില്ലാത്ത ആളാണ്. അതിനാല്‍ ആ സിസ്റ്ററിന് ഭാഷാവരം ലഭിക്കുകയാണെങ്കില്‍ എനിക്ക് വൈദികനാകാന്‍ വിളിയുണ്ടെന്ന് മനസിലാക്കാം.

വിശുദ്ധ കുര്‍ബാനയ്ക്കുമുമ്പ് സിസ്റ്ററിന്‍റെ അടുത്ത് ചെന്ന് ഞാന്‍ ഇപ്രകാരം പറയുകയും ചെയ്തു, ”സിസ്റ്റര്‍, നന്നായി പ്രാര്‍ത്ഥിക്കണം. കേട്ടോ. ഭാഷാവരം കിട്ടുകയാണെങ്കില്‍ എന്നോട് ഒന്ന് പറയുകയും ചെയ്യണേ.”
അന്ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞതേ ഞാന്‍ സിസ്റ്ററിനോട് ചെന്ന് ചോദിച്ചു, ”ഭാഷാവരം കിട്ടിയോ?”
സിസ്റ്റര്‍ പറഞ്ഞു, ”അതറിയില്ല, പക്ഷേ നാവെല്ലാം തരിക്കുന്നതുപോലെ തോന്നുന്നുണ്ട്.” നാവിലെ തരിപ്പ് സിസ്റ്ററിന് ഭാഷാവരം കിട്ടുന്നതിന്‍റെ തുടക്കമാണെന്ന് മനസിലായി.
അതോടെ ദൈവം എന്നെ വൈദികനാകാന്‍ വിളിക്കുകയാണ് എന്നെനിക്ക് ഉറപ്പായി. എന്‍റെ ആത്മീയനിയന്താവിന്‍റെയടുത്ത് പ്രാര്‍ത്ഥിച്ചപ്പോഴും വൈദികനാകാന്‍ പോവുന്നതായിത്തന്നെയാണ് മനസിലായത്. അടുത്ത നടപടികളിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. വികാരിയച്ചനോട് ഇക്കാര്യം പറയുകയും ചെയ്തു.

തുറക്കപ്പെടാത്ത വാതില്‍

വികാരിയച്ചന്‍തന്നെ താല്പര്യമെടുത്ത് പല സെമിനാരികളിലും എനിക്ക് പ്രവേശനം നേടിത്തരാനുള്ള പരിശ്രമങ്ങള്‍ നടത്തി. അച്ചന്‍റെ നിര്‍ദേശപ്രകാരം ഒരിടത്ത് ഞാന്‍ പോയെങ്കിലും അത് വിജയകരമായില്ല.
അതിനിടെ, ഉറ്റസുഹൃത്തിലൂടെ ഈ തീരുമാനം പതിയെ വീട്ടില്‍ അവതരിപ്പിച്ചു. അന്ന് അമ്മയും ഞാനും മാത്രമായിരുന്നു വീട്ടില്‍. എനിക്ക് 20 വയസുള്ളപ്പോള്‍ അപ്പന്‍ മരിച്ചിരുന്നു. ഒമ്പത് മക്കളില്‍ ഇളയ മകനായിരുന്നു ഞാന്‍. സുഹൃത്ത് ഞാന്‍ വൈദികനാകാന്‍ പോയേക്കുമെന്ന് സൂചിപ്പിച്ചപ്പോള്‍ അമ്മ തമാശയായിട്ടാണ് എടുത്തത്. ഞാനൊന്നും പോവില്ല എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഞാനാകട്ടെ ആ സമയത്ത് ബിസിനസില്‍നിന്നെല്ലാം പിന്‍വാങ്ങി. പ്രാര്‍ത്ഥനാഗ്രൂപ്പും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.
അല്പനാളുകള്‍ക്കകം, ആ വര്‍ഷത്തെ സെമിനാരി പ്രവേശനത്തിന്‍റെ സമയമെത്തി. ‘പക്ഷേ സ്വയം മുന്‍കൈയെടുത്ത് സെമിനാരി പ്രവേശനത്തിന് പോകില്ല. ഞാനിക്കാര്യം പങ്കുവച്ചിട്ടുള്ള ആരെങ്കിലും വഴിയോ മറ്റോ എനിക്ക് ഇങ്ങോട്ട് ഒരു ക്ഷണം കിട്ടണം,’ അതായിരുന്നു എന്‍റെ തീരുമാനം.

അപ്പോഴാണ് ഒരു ഞായറാഴ്ച രാവിലെ അമ്മ ദൈവാലയാങ്കണത്തില്‍നിന്ന് വീണുകിട്ടിയ ഒരു കാര്‍ഡുമായി വീട്ടില്‍ വന്നത്. എം.സി.ബി.എസ് സമൂഹത്തിലെ നവവൈദികരുടെ പട്ടത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഒരു കാര്‍ഡായിരുന്നു അത്. അമ്മ അതെനിക്ക് നല്കി. അതൊരു അടയാളമായി എനിക്ക് തോന്നി. അതില്‍ നല്കിയിരുന്ന നമ്പറില്‍ വിളിച്ച് എം.സി.ബി.എസ് സമൂഹത്തിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് അന്വേഷിക്കാന്‍ ഉറ്റസുഹൃത്തിനെ ഏര്‍പ്പാടാക്കി. ‘ഓ.കെ ആണെങ്കില്‍ മുന്നോട്ടുപോകാം, അല്ലെങ്കില്‍ വിട്ടേക്കാം,’ അതായിരുന്നു തീരുമാനം. എന്തായാലും ആ സെമിനാരിയില്‍നിന്ന് എന്നെ ക്യാംപിന് വിളിച്ചു. തുടര്‍ന്ന് അവിടെ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വീട്ടില്‍ തിരിച്ചെത്തി. കാര്യങ്ങളെല്ലാം വീട്ടില്‍ അവതരിപ്പിക്കണമല്ലോ.

ഇനി വൈദികനാകാന്‍ കഴിയുമോ..?

സുഹൃത്തുവഴി ഞാന്‍ പോകാനൊരുങ്ങുകയാണെന്ന് അമ്മയെ അറിയിച്ചു. പക്ഷേ അമ്മ അപ്പോഴും കാര്യമായി എടുത്തില്ല. പിറ്റേന്ന് രണ്ട് വൈദികര്‍ വീട്ടില്‍ വന്നു. അവരോട് അമ്മ എതിര്‍പ്പൊന്നും പറഞ്ഞില്ലെങ്കിലും ഇങ്ങനെ ചോദിച്ചു, ”ഇനി ഇവനെ എടുക്കുമോ?” ആ പ്രായത്തില്‍ എന്നെ വൈദികപരിശീലനത്തിന് ചേര്‍ക്കുമോ എന്നായിരുന്നു അമ്മയുടെ സംശയം. പിന്നീട് ഞാന്‍ ഗൗരവമായിട്ടുതന്നെ മുന്നോട്ടുപോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ അമ്മ എതിര്‍ത്തില്ല. എന്‍റെ തൊട്ടുമൂത്ത സഹോദരനും കുടുംബവും വീട്ടില്‍ വന്ന് നില്‍ക്കാനും തീരുമാനിച്ചു. അങ്ങനെ 2004-ല്‍ സെമിനാരിയില്‍ ചേരുമ്പോള്‍ എനിക്ക് ഇരുപത്തിയൊമ്പത് വയസായിരുന്നു.

എന്നെ അറിയാവുന്ന അനേകര്‍ പറഞ്ഞു, ഇത്രയും വൈകി വൈദികനാകാന്‍ പോകുന്നതല്ലേ, അധികം വൈകാതെ തിരിച്ചുപോരുമെന്ന്. പക്ഷേ നിലനില്ക്കാനുള്ള കൃപ കര്‍ത്താവ് തന്നു. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം പഠനം പുനരാരംഭിച്ചതിന്‍റെ ക്ലേശങ്ങളും ഒപ്പമുള്ള വൈദികാര്‍ത്ഥികളെക്കാള്‍ പ്രായം കൂടുതലായിരുന്നതിന്‍റെ അസ്വസ്ഥതകളുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ പ്രാര്‍ത്ഥനയിലായിരുന്നു കൂടുതലും ആശ്രയിച്ചത്. ”ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്. കാലാപെറുക്കുന്നവനെപ്പോലെ ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാല്‍, കര്‍ത്താവിന്‍റെ അനുഗ്രഹംനിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ഞാന്‍ ചക്കുനിറച്ചു” എന്ന പ്രഭാഷകന്‍ 33/16-17 തിരുവചനങ്ങള്‍ എന്‍റെ വൈദികപരിശീലനകാലത്തെ അനുഭവമായി മാറി. പഠനത്തില്‍ മുന്നേറാന്‍ കഴിഞ്ഞു. അങ്ങനെ പരിശീലനം പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ 30-ന് വൈദികനായി. വിശുദ്ധ കുര്‍ബാനയുടെ പ്രഘോഷകനായിത്തീരണം, വിശുദ്ധ കുര്‍ബാന എല്ലാവര്‍ക്കും വ്യക്തിപരമായ അനുഭവമായിത്തീരണം എന്നതാണ് എന്‍റെ ആഗ്രഹം.

ദിവ്യബലി അര്‍പ്പിക്കുമ്പോഴെല്ലാം വിശുദ്ധ കുര്‍ബാനസ്ഥാപനവചനങ്ങള്‍ കൂടുതല്‍ ഭക്തിയോടും ശ്രദ്ധയോടും ഊന്നല്‍ കൊടുത്തും ചൊല്ലാറുണ്ട്. അത് യേശുവിന്‍റെ യഥാര്‍ത്ഥ ശരീരവും യഥാര്‍ത്ഥ രക്തവുമാണെന്ന ആഴമായ ബോധ്യത്തില്‍നിന്നാണ് അങ്ങനെ ചെയ്യുന്നത്. എന്നും ദിവ്യബലിയില്‍ പങ്കെടുക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിച്ചിരുന്ന എനിക്ക് എന്നും അവിടുത്തെ ദിവ്യബലി അര്‍പ്പിക്കാനുള്ള കൃപ തന്ന് വൈദികനാക്കി ഉയര്‍ത്തിയ കര്‍ത്താവിന്‍റെ വലിയ സ്‌നേഹത്തിന്, ദാനത്തിന് എങ്ങനെ നന്ദി പറഞ്ഞാ ലും തീരുകയില്ല.

Share:

Fr. Johnson Chakalaikal MCBS

Fr. Johnson Chakalaikal MCBS

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles