Home/Encounter/Article

ഏപ്രി 29, 2024 145 0 Mar Pauly Kannookadan
Encounter

പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷം

ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കായി…

പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷംകൂടെ… ജീവിതകാലഘട്ടമാകുന്ന വൃക്ഷത്തില്‍നിന്ന് 2023 എന്ന ഒരിലകൂടി പൊഴിഞ്ഞ് 2024-ലെ പുതുവര്‍ഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ നാം പ്രവേശിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവാനുഗ്രഹവും നന്മകളും നിറഞ്ഞ ഒരു പുതുവര്‍ഷം ആദ്യമേ ആശംസിക്കുന്നു. മാനവജീവിതചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായത്തിന് നാം തുടക്കം കുറിക്കുമ്പോള്‍ 2024-ല്‍ എന്തെഴുതണം എന്ന തീരുമാനമാണ് ഇനി സ്വീകരിക്കാനുള്ളത്.

ആദ്യചിന്ത കൃതജ്ഞത

ജനുവരി വിചാരത്തിലെ ആദ്യചിന്ത കൃതജ്ഞതയുടേതുതന്നെയാണ്. “ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ… നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ…” ചെറുപ്പകാലം മുതലേ നാം കേള്‍ക്കുന്ന ഈ ഈരടികള്‍ എത്രയോ അര്‍ത്ഥപൂര്‍ണമാണ്. ഓരോ പ്രഭാതത്തെ ഓര്‍ത്തും നാം ദൈവത്തോട് നന്ദി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതുപോലെ ഈ പുതുവര്‍ഷത്തിലും നമുക്ക് നന്ദി ചൊല്ലാം… കഴിഞ്ഞുപോയ വര്‍ഷം അവിടുന്ന് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക്, വിജയങ്ങള്‍ക്ക്, പരാജയങ്ങള്‍ക്ക്, കൈപിടിച്ചു നടത്തിയതിന്, പാപത്തില്‍ വീഴാതെ സംരക്ഷിച്ചതിന് ആപത്തുകളില്‍ പുതുവഴി കാണിച്ചതിന്, സങ്കടങ്ങളുടെയും ഒറ്റപ്പെടലുകളുടെയും നേരങ്ങളില്‍ വീഴാതെ ചേര്‍ത്തുപിടിച്ചതിന്.

“എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം” (1 തെസലോനിക്ക 5/16-18). വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ നമുക്ക് വഴികാട്ടിയാകണം. സന്തോഷം നിറഞ്ഞ, ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കുന്ന, എല്ലാം ദൈവദാനമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഓരോ പുതുവര്‍ഷവും ഒരു അനുഗ്രഹമായിത്തീരും, സംശയമില്ല. പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തി കടന്നുപോയ ഈശോ അവരെ കാത്തിരുന്നു – നന്ദിയുടെ ഒരു വാക്ക് കാത്തുകൊണ്ട്. പക്ഷേ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് വന്ന് നന്ദി പറയാന്‍ മനസുണ്ടായത് ഒരാള്‍ക്കുമാത്രം.

ആ ഒരാളോട് ഈശോ ചോദിച്ച ചോദ്യം നമ്മുടെയും ആത്മശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്; “പത്തുപേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒമ്പതുപേര്‍ എവിടെ?” എണ്ണമറ്റ അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്ന് സ്വീകരിച്ച് നാം പോകുമ്പോഴും അറിയാതെയെങ്കിലും നന്ദി പറയാന്‍ നാം മറന്നുപോകുന്നുണ്ടോ എന്നുള്ളത് ഒരു ധ്യാനവിഷയമാകേണ്ടതാണ്. നമ്മുടെ പ്രാര്‍ത്ഥനകളും നിയോഗങ്ങളും സമര്‍പ്പിക്കാന്‍ കാണിക്കുന്ന അതേ തീക്ഷ്ണത നന്ദി പറയാനും നാം കാണിക്കണം എന്നത് പ്രധാനമാണ്. അതുകൊണ്ട് ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലും സന്തോഷിക്കാനും എല്ലാത്തിനോടും എല്ലാവരോടും നന്ദിയുള്ളവരാകാനും നമുക്ക് ശ്രമിക്കാം. ചുറ്റുമുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളില്‍ ‘നന്ദി’ എന്ന വാക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാം. കാരണം ഒരു ‘താങ്ക്യൂ’ പറയുന്നത് മറ്റുള്ളവരുടെ മുമ്പില്‍ നാം എളിമപ്പെടുന്നതിനും അവരെ അംഗീകരിക്കുന്നതിനും അവരെ വിലയുള്ളതായി കരുതുകയും ചെയ്യുന്നതിന് തുല്യമാണ്.

നല്ല നാളേക്കുള്ള കാത്തിരിപ്പ്

ജനുവരി വിചാരത്തിലെ രണ്ടാമത്തെ ചിന്ത പ്രത്യാശയുടേതാണ്. പുതിയ വര്‍ഷത്തില്‍ പ്രതീക്ഷകള്‍ നിറയുമ്പോഴാണ് അത് വ്യത്യസ്തമാകുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാണാത്തതിനെയാണ് നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.” ഓരോ വ്യക്തിയുടെയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഒരു ദൈവികപുണ്യമാണ് പ്രത്യാശ. പ്രത്യാശയില്ലാതെ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന് അര്‍ത്ഥമില്ല. എല്ലാവരിലും തുടിച്ചുനില്‍ക്കുന്ന വികാരമാണത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്ന വിശ്വാസമാണത്. നല്ല നാളേക്കുള്ള കാത്തിരിപ്പാണത്.

അമേരിക്കന്‍ പ്രചോദനാത്മക ഗ്രന്ഥകാരനായ ഓറിസണ്‍ സ്വെറ്റ് മാര്‍സല്‍ പറയുന്നതനുസരിച്ച് പ്രത്യാശയെപ്പോലെ ഫലപ്രദമായ ഒരു മരുന്നോ ശക്തമായ പ്രോത്സാഹനമോ ഇല്ല. അതെ, പ്രത്യാശയാണ് നമുക്ക് എപ്പോഴും നവജീവന്‍ പകരുന്നത്. പ്രത്യാശയുടെ നേര്‍സാക്ഷ്യങ്ങള്‍ ചുറ്റിലും നിറഞ്ഞുനില്‍ക്കുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ജീവിതത്തെ വെറുത്ത്, സ്വജീവന്‍പോലും നശിപ്പിക്കുന്ന അനേകം സംഭവങ്ങളും നാം അനുദിനം കാണുന്നുണ്ട്. മാതാപിതാക്കള്‍ ഒന്നു ശകാരിക്കുമ്പോള്‍, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കുമ്പോള്‍, ചോദിച്ച സാധനം വാങ്ങിക്കൊടുക്കാതിരിക്കുമ്പോള്‍, പ്രതീക്ഷിച്ചത്ര വിജയം പരീക്ഷകളില്‍ നേടാതിരിക്കുമ്പോള്‍, പ്രണയിച്ച പങ്കാളിക്ക് ഇനി തന്നെ വേണ്ട എന്നറിയുമ്പോള്‍ അവസാനിപ്പിക്കേണ്ടതാണോ ദൈവം നമുക്ക് ദാനമായി നല്‍കിയ ഈ ജീവിതം? ജീവിതത്തില്‍ നഷ്ടപ്പെടാത്തവരായി ആരുണ്ട്? ജീവിതത്തില്‍ പരാജയം നുകരാത്തവരായി ആരുണ്ട്?

നഷ്ടപ്പെടുത്തലുകള്‍ നേട്ടങ്ങളുടെയും പരാജയങ്ങള്‍ വിജയങ്ങളുടെയും മുന്നോടിയാണ്. നമുക്കുമുമ്പേ ജീവിച്ച വിശുദ്ധാത്മാക്കളും മഹദ് വ്യക്തികളും എല്ലാവരും നന്നായി തുടങ്ങിയവരല്ല, എന്നാല്‍ നന്നായി അവസാനിപ്പിച്ചവരാണ്. നമുക്കുമുമ്പേ ഓടിയവര്‍ തങ്ങളുടെ ജീവിതത്തിന്‍റെ നഷ്ടങ്ങളില്‍, വേദനകളില്‍, അടിപതറിയവരായിരുന്നെങ്കില്‍ അവര്‍ ഒരിക്കലും വിജയത്തിലെത്തുമായിരുന്നില്ല. ജീവിതത്തില്‍ വലിയ പാപസാഹചര്യങ്ങളിലൂടെ കടന്നുപോയ അഗസ്റ്റിന്‍, വിശുദ്ധ അഗസ്തീനോസ് ആയതിനു പിന്നില്‍ പ്രത്യാശയുടെ ഒരു നാളെയുണ്ട് എന്ന അദ്ദേഹത്തിന്‍റെ ബോധ്യമാണ്. പാപത്തില്‍ മുഴുകിമാത്രം ജീവിച്ചിരുന്നെങ്കില്‍ ഒരു വിശുദ്ധനെ സഭയ്ക്ക് ലഭിക്കില്ലായിരുന്നു. മകന്‍റെ തിരിച്ചുവരവിനും മാനസാന്തരത്തിനുമായി മോനിക്ക പുണ്യവതി പ്രാര്‍ത്ഥിച്ചത് 28 വര്‍ഷമാണ്. 28 വര്‍ഷം ദൈവപരിപാലനയില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാന്‍ മോനിക്കയെ പ്രേരിപ്പിച്ചത് ഈ പ്രത്യാശയാണ്. അതുകൊണ്ട് പ്രത്യാശ നമ്മില്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ.

പ്രത്യാശയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നെ ഏറെ സ്പര്‍ശിച്ച സാജനച്ചന്‍റെ ഗാനത്തിന്‍റെ ഈരടികള്‍ കുറിക്കട്ടെ;

“ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറുതോണിയില്‍
അമരത്തെന്നരികെ അവനുള്ളതാല്‍.”

പ്രത്യാശ നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവര്‍ മാത്രമല്ല നമുക്ക് ചുറ്റിലുമുള്ളത് മറിച്ച്, മദ്യപാനം, എംഡിഎംഎ പോലുള്ള സിന്തറ്റിക്ക് ഡ്രഗ്സ്, അശ്ലീല ചിത്രങ്ങള്‍, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവയിലൊക്കെ തങ്ങളുടെ ആശ്വാസം കണ്ടെത്തുന്നവര്‍കൂടിയാണ്. ഇത്തരത്തിലുള്ള കെണികളില്‍ ചെന്നു ചാടുന്നവര്‍ക്ക് പെട്ടെന്നൊരു തിരിച്ചുവരവ് സാധ്യമല്ല. അതുകൊണ്ട് ചെറുപ്പകാലഘട്ടം മുതല്‍ നമ്മുടെ മക്കളെ ഒരു ‘കംഫര്‍ട്ട് സോണി’ല്‍ മാത്രം വളര്‍ത്താതെ, പരാജയങ്ങളെയും സങ്കടങ്ങളെയും സഹനങ്ങളെയുമൊക്കെ അഭിമുഖീകരിച്ച് വളര്‍ത്താന്‍ നാം ശ്രദ്ധാലുക്കളായിരിക്കണം. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നമ്മുടെ കാരണവന്മാര്‍ പറയുന്നതുപോലെ നമ്മുടെ മക്കള്‍ കൂടുതല്‍ പ്രത്യാശയുള്ളവരായി ഓരോ ദിവസവും വളരട്ടെ.

പുത്തന്‍ തീരുമാനങ്ങള്‍

ജനുവരിവിചാരത്തിലെ മൂന്നാമത്തെ ചിന്ത പുത്തന്‍ തീരുമാനങ്ങളുടേതാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം.” ജീവിതത്തില്‍ ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്? ജീവിതത്തിലെ പല അവസരങ്ങള്‍ പുത്തന്‍ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത് ഒരു ധ്യാനമാകാം, കുമ്പസാരമാകാം, കൗണ്‍സലിങ്ങ് ആകാം, ചിലരുടെ സ്വാധീനമാകാം അല്ലെങ്കില്‍ പുതുവര്‍ഷം തന്നെയാകാം. 2024 നമുക്ക് ഓരോരുത്തര്‍ക്കും പുത്തന്‍ തീരുമാനങ്ങളുടെ വര്‍ഷമാകട്ടെ.

കുടുംബത്തിലും സമൂഹത്തിലും നല്ലവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ നമ്മുടെ കുടുംബപശ്ചാത്തലങ്ങള്‍, നാം ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍, നാം കണ്ടുവളര്‍ന്ന ജീവിതമാതൃകകള്‍, നമ്മുടെ കൂട്ടുകെട്ടുകള്‍ ഇവയെല്ലാം നമ്മെ നാം ആഗ്രഹിക്കാത്ത വഴികളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. “പിന്നിലുള്ളവയെ വിസ്മരിച്ച് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു” എന്ന വചനം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് പാപത്തിന്‍റെ നൈമിഷിക സുഖങ്ങളുടെ ഇന്നലെകളെ പൂര്‍ണമായും ഉപേക്ഷിച്ച് ദൈവപരിപാലനയില്‍ ആശ്രയിച്ച് വിശുദ്ധി ലക്ഷ്യമാക്കി നമുക്ക് യാത്ര ചെയ്യാം. കാരണം നമ്മുടെ ലക്ഷ്യം സ്വര്‍ഗമാണ്.

ഹൃദയവിശുദ്ധിയുള്ളവര്‍ക്കാണ് സ്വര്‍ഗം പൂകാന്‍ സാധിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവര്‍ക്ക് മാതൃക നല്‍കുന്ന ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കുമ്പോള്‍ ഈ പുതുവര്‍ഷം അര്‍ത്ഥപൂര്‍ണമാകും. ഒരു കുഞ്ഞു പ്രലോഭനം വരുമ്പോഴേക്കും ഉലയുന്നവയാകാതിരിക്കട്ടെ നാം എടുക്കുന്ന പുത്തന്‍ തീരുമാനങ്ങള്‍. “ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍നിന്നു നാവിനെയും വ്യാജം പറയുന്നതില്‍നിന്നും തന്‍റെ അധരത്തെയും നിന്ത്രിക്കട്ടെ” (1പത്രോസ് 3/10) എന്ന വചനം നമ്മുടെ പാതകള്‍ക്ക് പ്രകാശമാകട്ടെ. അനുഗ്രഹത്തിന്‍റെ വചനങ്ങള്‍ നമ്മില്‍നിന്നും ഉണ്ടാകട്ടെ.

2024 എന്ന പുതുവര്‍ഷത്തിലേക്കു പുത്തന്‍ തീരുമാനങ്ങളുമായി നാം കാലെടുത്തുവയ്ക്കുമ്പോള്‍, ഓര്‍ക്കുക…. ഞാനും വര്‍ഷങ്ങളായി ഫലം നല്‍കാത്ത ഒരു അത്തിവൃക്ഷമായിരുന്നിരിക്കാം. കൃഷിക്കാരന്‍ യജമാനനോടു പറഞ്ഞതുപോലെ, ‘ഒരു വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്‍റെ ചുവടു കിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം’ എന്ന ചിന്തയിലാകാം ഈ വര്‍ഷം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. അതിനാല്‍, ഒരു വര്‍ഷം കൂടെ ദൈവം ദാനമായി നല്‍കുമ്പോള്‍, കൂടുതല്‍ ആഴപ്പെട്ട്, എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും മാതൃകയായി, സുകൃതസമ്പന്നമായ ജീവിതം നയിച്ച് നല്ല ഫലം കായ്ക്കുന്ന വൃക്ഷമാകാന്‍ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Share:

Mar Pauly Kannookadan

Mar Pauly Kannookadan

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles