Home/Evangelize/Article

ജൂണ്‍ 11, 2024 161 0 David McDonald
Evangelize

ന്യൂ ഏജില്‍നിന്ന് CCC 1428-ലേക്ക്‌

കാനഡയിലെ ഒരു പ്രസ്ബിറ്റേറിയന്‍ ക്രൈസ്തവ കുടുംബത്തില്‍ 1961-ലാണ് എന്റെ ജനനം. പക്ഷേ അത് പേരിനുമാത്രമായിരുന്നു. ക്രൈസ്തവവിശ്വാസം തെല്ലുമില്ലാത്ത ജീവിതം. മനസിന്റെ അടിത്തട്ടില്‍ കിടന്നിരുന്നത് പേരും പ്രശസ്തിയും നേടാനുള്ള ആഗ്രഹമായിരുന്നു. അതുതേടി, ചെറുപ്രായത്തില്‍ത്തന്നെ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. മോഷണവും പതിവായി. നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു ഗിറ്റാര്‍ സമ്മാനമായി ലഭിച്ചു. അതെന്നെ വളരെയധികം ആകര്‍ഷിച്ചു. കഠിനമായി അധ്വാനിച്ച് ഗിറ്റാര്‍വായന പഠിച്ചെടുത്തു.

അങ്ങനെ പത്തൊമ്പത് വയസായപ്പോള്‍ത്തന്നെ ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തിച്ചേരുകയും തിയറ്റര്‍കലകളിലും സംഗീതത്തിലും കരിയര്‍ സ്വന്തമാക്കുകയും ചെയ്തു. നടനും സംഗീതജ്ഞനുമായതോടെ, പ്രശസ്തിയും അംഗീകാരവും വേണ്ടുവോളം കിട്ടിത്തുടങ്ങി. പക്ഷേ എത്രത്തോളം വിജയം നേടിയോ അത്രത്തോളം അസംതൃപ്തിയും കൂടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് മയക്കുമരുന്നും കാമുകിമാരും ജീവിതത്തില്‍ വര്‍ധിച്ചു. ലൈംഗികവിശുദ്ധി എന്നത് അത്ര പരിഗണിക്കേണ്ട കാര്യമായി അന്ന് ഞാന്‍ കരുതിയില്ല. അങ്ങനെയിരിക്കേയാണ്, ഗേള്‍ഫ്രണ്ടിന്റെ ഉദരത്തില്‍ എന്റെ കുഞ്ഞ് വളരുന്നെന്ന വാര്‍ത്ത എന്നെത്തേടിയെത്തിയത്. അന്ന് ഞാന്‍ ഇരുപതുകളുടെ തുടക്കത്തില്‍മാത്രം എത്തിനില്‍ക്കുന്ന ചെറുപയ്യന്‍.

വിവാഹം നടത്തി കുഞ്ഞുമായി ജീവിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടുമില്ല. പിതാവാകണോ വേണ്ടയോ എന്നത് എന്റെ മാത്രം ‘ചോയ്‌സ്’ ആണെന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്. അതിനാല്‍ എന്റെ കരിയര്‍ തകര്‍ത്തേക്കും എന്ന് കരുതിയ ആ കുരുന്നുജീവനെ അബോര്‍ഷന്‍ നടത്തി. പക്ഷേ ആ അബോര്‍ഷന്‍ കാമുകിയെ വല്ലാതെ അസ്വസ്ഥയാക്കി. എന്റെ സമാധാനവും പോയി. പിന്നീട് കുടുംബജീവിതത്തിലേക്ക് കടക്കാമെന്നും ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നുമൊക്കെയാണ് ഞങ്ങള്‍ കരുതിയതെങ്കിലും വൈകാതെ ആ ബന്ധം തകരുകയാണുണ്ടായത്. ഇന്നെനിക്കറിയാം അന്നത്തെ ചിന്തകള്‍ പിശാച് പറഞ്ഞ വെറും നുണകള്‍മാത്രമായിരുന്നെന്ന്. തുടര്‍ന്ന് ഞാന്‍ പുതിയ സ്ഥലത്തേക്ക് നീങ്ങി. അതിവേഗം കരിയറില്‍ മുന്നോട്ട് കുതിക്കുകയും ചെയ്തു. പ്രശസ്തമായ ഒരു ഷോയില്‍ ആരും കൊതിക്കുന്ന റോള്‍ ലഭിച്ചു. അങ്ങനെ ഹോളിവുഡിന്റെ മാസ്മരികലോകത്ത് ജീവിതം തുടര്‍ന്നു.

പുതിയ ട്വിസ്റ്റ്

പിന്നീടാണ് ജീവിതത്തില്‍ പുതിയൊരു ട്വിസ്റ്റ് ഉണ്ടായത്. തികച്ചും അപ്രതീക്ഷിതമായ വിധത്തില്‍ എന്റെ സ്വരം നഷ്ടപ്പെട്ടു. സ്വരമില്ലാതെ, സംഗീതവുമായി ബന്ധപ്പെട്ട കരിയറില്‍ എന്ത് ചെയ്യാന്‍? ശ്രദ്ധയും അംഗീകാരവുമില്ലാതെ ജീവിക്കുക അതിലേറെ വിഷമകരവും. ആ സമയത്ത് ഞാന്‍ ‘ന്യൂ ഏജ്’ വിശ്വാസത്തിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെട്ടിരുന്നു. ന്യൂ ഏജ് വിശ്വാസത്തില്‍ തുടരാന്‍ കൂടുതല്‍ സൗകര്യത്തിനായി ന്യൂയോര്‍ക്കില്‍നിന്ന് മോണ്ട്‌റിയലിലേക്ക് മാറി.

ധാര്‍മികമായി ഒരു വ്യവസ്ഥകളുമില്ലാതെ നിത്യമായ സന്തോഷം ലഭിക്കുമെന്ന വാഗ്ദാനമാണ് ന്യൂ ഏജിലേക്ക് ആകര്‍ഷിച്ച പ്രധാനകാര്യം. എനിക്കിഷ്ടമുള്ളതുപോ ലെയൊക്കെ ജീവിക്കാം. അന്ത്യത്തെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ല, അതാണ് അവര്‍ പറയുന്ന സ്വര്‍ഗം. മാത്രവുമല്ല അത്തരം പഠനങ്ങളുടെ സ്വാധീനത്താല്‍, പ്രപഞ്ചവുമായി സംതുലനത്തിലായാല്‍ എനിക്ക് സ്വരം തിരികെക്കിട്ടുമെന്നും ചിന്തിച്ചിരുന്നു. അതിനാല്‍, സമ്പാദ്യമെല്ലാം ആ വഴിക്ക് ചെലവഴിച്ചു. ശ്രീ ബാബ പോലൊരു പേര് സ്വീകരിച്ചാലോ എന്നുവരെ ചിന്തിച്ചുകൊണ്ടിരുന്ന സമയമാണത്.

ചില പിടവിട്ട കളികള്‍

ഒരു ദിവസം മോണ്ട്‌റിയലില്‍ ആയിരിക്കുമ്പോള്‍, ബസില്‍നിന്നിറങ്ങിയ സമയത്ത് വലിയൊരു ദൈവാലയം ശ്രദ്ധയില്‍പ്പെട്ടു. വളരെ ഗംഭീരമായ ആ ദൈവാലയം ബ്രദര്‍ ആന്‍ഡ്രെയുടെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഒറേറ്ററിയായിരുന്നു. ആ ദൈവാലയത്തിനുമുന്നില്‍ വിശ്വാസികള്‍ മുട്ടിലിഴഞ്ഞ് പടികള്‍ കയറുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി. എന്റെ കാലുകള്‍ ദൈവാലയത്തിലേക്ക് നീങ്ങി. അവിടെ യേശുവിന്റെ രൂപത്തിനുമുന്നില്‍ പലരും പ്രാര്‍ത്ഥിക്കുന്നു. എന്തോ, അത് കാപട്യമാണെന്ന് എനിക്ക് തോന്നിയില്ല. ആ രൂപത്തോടല്ല, അത് പ്രതിനിധീകരിക്കുന്ന ആളോടാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷേ ക്രൈസ്തവവിശ്വാസമെന്നാല്‍ എല്ലാത്തിനോടും അരുതെന്ന് പറയുന്നതാണെന്ന് തെറ്റിദ്ധരിച്ചിരുന്നതിനാല്‍ ക്രെസ്തവികതയോട് എനിക്കത്ര താത്പര്യമില്ലായിരുന്നു. പക്ഷേ, ആ ദൈവാലയത്തില്‍, എനിക്കുള്ളത് എന്തെങ്കിലും കാണുമെന്ന ശക്തമായ ഒരു തോന്നല്‍…

അവിടെ ചുറ്റിനടന്ന് ബ്രദര്‍ ആന്‍ഡ്രെയെക്കുറിച്ച് മനസിലാക്കി. ബ്രദര്‍ ആന്‍ഡ്രെ തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചതും ദരിദ്രരെ സഹായിച്ചതുമെല്ലാം അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം തെല്ല് ശാന്തമായി. മൂന്നാം നിലയിലെ ദൈവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടം ശൂന്യമായിരുന്നു. ക്രൂശിതരൂപംമാത്രം പ്രകാശത്തില്‍ കാണപ്പെട്ടു. ഞാന്‍ ആ രൂപത്തിനുമുന്നില്‍ കമിഴ്ന്നുകിടന്നു. എവിടെനിന്നെന്ന് അറിയാതെ ചില വാക്കുകള്‍ എന്നില്‍നിന്ന് പുറപ്പെട്ടു…

”യേശുവേ, എനിക്ക് നിന്നെ മനസിലാവുന്നില്ല…
എനിക്ക് നിന്റെ ആളുകളെയും മനസിലാവുന്നില്ല…
ഞാനാകെ തകര്‍ന്നിരിക്കുകയാണ്… എൻ്റെ പിടിവള്ളിയുടെ അറ്റത്ത് എത്തിയിരിക്കുന്നു. രക്ഷപ്പെടാന്‍ ഒരു വഴിയും കാണുന്നില്ല… എന്റെ ജീവിതത്തിലേക്ക് വരുമോ?”

ഇതുകഴിഞ്ഞ് ഞാന്‍ പറഞ്ഞു, ”ഞാനിതാ എന്റെ ജീവിതം നിനക്ക് തരുന്നു, എന്റെ ഹൃദയം തരുന്നു, എന്റെ ഭൂതകാലവും ഭാവിയും ഇപ്പോഴത്തെ അവസ്ഥയും എന്റേതായതെല്ലാം, നിനക്ക് ഞാന്‍ തരുന്നു. നിനക്ക് ഇഷ്ടമുള്ളതുപോലെ എന്നോട് ചെയ്യാനുള്ള അനുവാദവും ഞാന്‍ തരുന്നു.”

ഈ വാക്കുകളെല്ലാം എവിടെനിന്ന് വന്നു എന്നെനിക്കറിഞ്ഞുകൂടാ. പരിശുദ്ധാത്മാവ് പറഞ്ഞുതന്നതായിരിക്കണം. ”നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു” (റോമാ 8/26). അതല്ലാതെ എനിക്ക് അതിനുമുമ്പ് ഒരു പരിശീലനവും കിട്ടിയിട്ടില്ലല്ലോ.
എനിക്ക് തോന്നുന്നത് നാം ദൈവത്തിനായി ഒരു വാതില്‍ തുറക്കുകയും യേശുവിന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവിടുന്ന് നമ്മിലേക്ക് വരികയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ്.

കാരണം എനിക്കപ്പോള്‍ അത്രമാത്രം ദൈവസാന്നിധ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം- ഇഇഇ 1428-ല്‍ പറയുന്ന ഹൃദയമാറ്റം അഥവാ മാനസാന്തരാനുഭവമായിരുന്നു അത്. യേശുക്രിസ്തുവുമായി ഒരു വ്യക്തിബന്ധത്തിലേക്ക് വിളിക്കപ്പെടുന്ന അനുഭവം. ആ അനുഭവം ഉണ്ടായപ്പോള്‍ ന്യൂ ഏജിലും ഗുരുവിലും മറ്റുമുള്ള എല്ലാ താത്പര്യവും പെട്ടെന്നുതന്നെ അവസാനിച്ചു. പിന്നെ യേശുവിനെ നേടാനായിരുന്നു ആഗ്രഹം. ആ സമയത്ത് ചില റോയല്‍റ്റികളില്‍നിന്ന് കിട്ടുന്ന വരുമാനംമാത്രമായിരുന്നു ആശ്രയം. ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല.

ധൂര്‍ത്തന് വിരുന്നുമായി ഒരമ്മ

അതിനുശേഷം ഞാന്‍ ഒട്ടാവയിലേക്ക് പോയി. ഏത് ദൈവാലയം കണ്ടാലും ഞാന്‍ അവിടെ മുട്ടുകുത്തും. വിവിധ സഭകളെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഒരിക്കല്‍ ഒരു ദൈവാലയത്തിനുമുന്നില്‍ പരിശുദ്ധ മറിയത്തിന്റെ രൂപം ശ്രദ്ധിച്ചു. പുരുഷബന്ധമില്ലാതെ യേശുവിനെ പ്രസവിച്ചവളാണ് മറിയം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കാളുപരി ഒരു മാസം മുമ്പ് എനിക്ക് അത്ഭുതകരമായ അനുഭവം സമ്മാനിച്ച യേശുവിന്റെ അമ്മയാണ് അതെന്ന ചിന്ത എന്റെ ഹൃദയം തുറക്കാന്‍ കാരണമായി. ആ സമയത്ത് എനിക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ മറിയം എന്നെ അവളുടെ കുടുംബത്തിലേക്ക് ഒരു മേശയ്ക്ക് ചുറ്റും ഒന്നിച്ചിരിക്കാനായി ക്ഷണിക്കുന്നതുപോലെ അനുഭവപ്പെട്ടു. പിന്നീട് പല ദൈവാലയങ്ങളും കാണുമ്പോള്‍ അവരൊന്നും ഈ അമ്മയെ പരിഗണിക്കുന്നില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് അമ്മയുള്ള ദൈവാലയത്തിലേക്ക് ഞാന്‍ തിരികെ പോയി.

അവിടെ പ്രായമായ ഒരു സ്ത്രീ എന്നെ അകത്തേക്ക് സ്വാഗതം ചെയ്തു. ആ ദൈവാലയത്തില്‍ നിത്യസഹായമാതാവിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ആ ചിത്രത്തില്‍ ഇരുവശത്തും രണ്ട് മാലാഖമാരെ ഞാന്‍ ശ്രദ്ധിച്ചു. ആ രണ്ട് മാലാഖമാര്‍ ഏതായിരിക്കും എന്ന് ഞാന്‍ മനസില്‍ ചോദിച്ചു. ഉടനെ കാതില്‍ ഒരു മൃദുസ്വരം ഇങ്ങനെ പറഞ്ഞു, ”അത് ഗബ്രിയേലും മിഖായേലുമാണ് ഡേവിഡ്!” അത് ഞാനത്ര കാര്യമായി എടുത്തില്ല. എന്നാല്‍ ദൈവാലയത്തിനകത്ത് നടന്നപ്പോള്‍ ആ ചിത്രത്തെക്കുറിച്ച് ഒരു വിവരണം കണ്ടു. മാലാഖമാരുടെ പേര് ഗബ്രിയേല്‍ എന്നും മിഖായേല്‍ എന്നും ആണ് എന്ന് അതില്‍ എഴുതിവച്ചിരുന്നു.

ഞാനെത്തിയിരിക്കുന്നത് ശരിയായ സ്ഥലത്താണെന്നതിന് അത് എനിക്ക് ഒരു ഉറപ്പായിരുന്നു. പതുക്കെ മയക്കുമരുന്നിനോടും അശുദ്ധജീവിതത്തോടുമെല്ലാം പൂര്‍ണമായും വിടപറഞ്ഞു. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ പഠിക്കാനും അനുസരിക്കാനും തുടങ്ങി. കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് യഥാര്‍ത്ഥസഭയിലേക്ക് പ്രവേശിച്ചു. അത് വളരെ ആനന്ദകരമായ അനുഭവമായിരുന്നു. സ്ഥൈര്യലേപനം സ്വീകരിച്ച സമയത്ത്, പല പാപങ്ങളുമായും ബന്ധപ്പെട്ട് ഞാനനുഭവിച്ചിരുന്ന പിരിമുറുക്കങ്ങളില്‍നിന്നും മോചനം ലഭിക്കുന്നത് തിരിച്ചറിഞ്ഞു. അവിശ്വസനീയമായ വിധത്തില്‍ അനുഗ്രഹിക്കപ്പെടുന്നതായും എനിക്ക് ബോധ്യമായി. 1995-ലായിരുന്നു ഈ വലിയ മാറ്റം.

കത്തോലിക്കാസഭയുടെ മറ്റുസമ്മാനങ്ങള്‍

കത്തോലിക്കാ സഭയിലേക്ക് വന്നതിനുശേഷം ഒരു ക്രൈസ്തവ റേഡിയോ സ്റ്റേഷനില്‍ ജോലി ലഭിച്ചു. മുമ്പ് നഷ്ടമായ എന്റെ സ്വരം തിരികെ ലഭിച്ചു. അങ്ങനെ സംഗീതലോകത്തേക്ക് ദൈവം എന്നെ വീണ്ടണ്ടും കൈപിടിച്ചു നടത്തി. പിന്നീട് വിസ്മയകരമായ ഒരു കുതിപ്പാണ് എന്റെ യേശു എനിക്കായി കരുതിവച്ചിരുന്നത്. സംഗീതപരിപാടികളുമായി ഇന്‍ഡ്യയിലും ഗ്വാട്ടിമലയിലുമെല്ലാം അവിടുന്നെന്നെ കൊണ്ടുപോയി. വേള്‍ഡ് യൂത്ത് ഡേയില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം നല്കി. ജര്‍മ്മനിയിലും ഓസ്‌ട്രേലിയയിലും ക്രിസ്തുവിന്റെ സംഗീതവുമായി ഞാന്‍ യാത്ര ചെയ്തു.

അങ്ങനെയങ്ങനെ ക്രിസ്തുവിനോടൊപ്പം മുന്നേറവേ, ഞങ്ങളുടെ ബാന്‍ഡിലെ ബാസ്സ് പ്ലേയറായ ഒരു ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായെത്തി. മാമ്മോദീസ, മറിയം തുടങ്ങി നിരവധി വിഷയങ്ങള്‍. അദ്ദേഹത്തിന് ഞാന്‍ പഠിച്ച് മറുപടി നല്കാന്‍ തുടങ്ങി. ഇമെയിലുകള്‍ വഴി നല്കിയ ഉത്തരങ്ങള്‍ ഞാന്‍ ചെറിയ ലേഖനങ്ങള്‍ ആക്കി. പിന്നീട് അത് ഒരു വെബ്‌സൈറ്റിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. ഇന്ന് ആ പാസ്റ്ററും ഭാര്യയും കത്തോലിക്കാവിശ്വാസികളായി മാറിക്കഴിഞ്ഞു.

നോര്‍ത്ത് അമേരിക്കയിലും മറ്റ് വിവിധ ദൈവാലയങ്ങളിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ എന്റെ ജീവിതസാക്ഷ്യവും പങ്കുവയ്ക്കാന്‍ തുടങ്ങി. പ്രോലൈഫ് മൂല്യങ്ങള്‍, ജീവന്റെ വില, ലൈംഗികവിശുദ്ധി, ഗര്‍ഭനിരോധനമാര്‍ഗങ്ങളിലെ ധാര്‍മികത, ന്യൂ ഏജ് മാര്‍ഗത്തിന്റെ കപടതയും പ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങള്‍ എന്റെ ജീവിതസാക്ഷ്യവുമായി ബന്ധപ്പെടുത്തി പങ്കുവച്ചു.

ഈ മേഖലകളിലെ എന്റെ തകര്‍ച്ചകളും ആത്മാര്‍ത്ഥമായ കത്തോലിക്കാവിശ്വാസത്തിലൂടെ അതില്‍നിന്ന് ലഭിച്ച മോചനവുമെല്ലാം ആയിരുന്നു ഊന്നിപ്പറഞ്ഞിരുന്നത്. അത് സ്വീകരിക്കാന്‍ ആളുകള്‍ക്ക് എളുപ്പമായിരുന്നു. അപ്രകാരം അനേകരെ യേശുവിലേക്കും കത്തോലിക്കാസഭയിലേക്കും ആനയിക്കാന്‍ അവിടുന്നെന്നെ ഉപകരണമാക്കി.

ഒരു വൈദികനാകാനാണ് ആഗ്രഹിച്ചതെങ്കിലും മറ്റൊരു ട്വിസ്റ്റിലൂടെ കിര്‍സ്റ്റന്‍ എന്റെ ഭാര്യയായി. തികച്ചും വ്യത്യസ്ത സാഹചര്യത്തില്‍നിന്ന് കത്തോലിക്കാസഭയെ പുല്‍കിയ ഹൃദയസ്പര്‍ശിയായ ജീവിതകഥയാണ് കിര്‍സ്റ്റന് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

Share:

David McDonald

David McDonald

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles