Home/Engage/Article

ആഗ 28, 2023 339 0 Father Joseph Alex
Engage

നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ?

കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു.

കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ.
എനിക്കും അത് ശരിയായി തോന്നി.

‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്‍റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍.

എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍ എന്ത് വ്യത്യാസമുണ്ടെന്നോ?

എന്‍റെ ഓരോ കുഞ്ഞുചിന്തകളിലും വാക്കുകളിലും നോക്കുകളിലും ഉപേക്ഷകളിലും കയറിക്കൂടുന്ന മാലിന്യം തിരിച്ചറിയാനും ഏറ്റുപറയാനും തുടങ്ങി.

മാത്രമല്ല, പണ്ട് ചെയ്ത പല കാര്യങ്ങളും ആരോ ഓര്‍മ്മപ്പെടുത്തി തരുന്നു… അതൊക്കെ പാപമായിരുന്നെന്ന് തിരിച്ചറിവ് ലഭിക്കുന്നു…

ഉദാഹരണത്തിന്, ആറാം ക്ലാസില്‍ വച്ച്, ഒരുത്തന്‍റെ കൈയില്‍ കയറി കടിച്ചത് കുറച്ചുനാള്‍മുമ്പ് മാത്രമാണ് ഞാന്‍ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞത്.

സത്യാത്മാവ് വരുമ്പോള്‍ നമ്മെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കുമെന്നും പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുമെന്നും സുവിശേഷത്തില്‍ ഈശോ വാക്ക് തരുന്നു.

ഈ പശ്ചാത്തലത്തില്‍, എത്രത്തോളം പരിശുദ്ധാത്മസാന്നിദ്ധ്യം നമ്മുടെ ജീവിതങ്ങളിലുണ്ടെന്ന് പരിശോധിക്കണം.

ഒരു കുഞ്ഞുകള്ളം പറഞ്ഞുപോകുന്ന നേരത്ത്, ഒരു കുഞ്ഞു മലിനചിന്ത കയറി വരുന്ന നേരത്ത്, ഒരു കുത്തുവാക്ക് ഞാന്‍ പറയുന്ന നേരത്ത്, സഹായകന്‍ പരിശുദ്ധാത്മാവ് ‘നോട്ടിഫിക്കേഷന്‍’ (അറിയിപ്പ്) തരുന്നത് അനുഭവപ്പെടുന്നുണ്ടോ?

എങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവ് നിങ്ങളില്‍ സമൃദ്ധമായി വസിക്കുന്നുണ്ട്.

ബലഹീനതകളെയും കുറവുകളെയും ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവ് ഉള്ളില്‍ വസിച്ച് നമുക്ക് വഴി കാട്ടിക്കൊള്ളും. തന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്ന മുള്ളിനെ ഓര്‍ത്ത് വ്യാകുലപ്പെട്ട വിശുദ്ധ പൗലോസിന് കിട്ടിയ വെളിച്ചവും വേറൊന്നല്ലല്ലോ? “നിനക്കെന്‍റെ കൃപ മതി” (2 കോറിന്തോസ് 12/9). അതനുസരിച്ച് കുമ്പസാരം എന്ന കൂദാശ പ്രയോജനപ്പെടുത്തുകയും മുന്നോട്ടുപോവുകയും ചെയ്യാം.

Share:

Father Joseph Alex

Father Joseph Alex

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles