Home/Evangelize/Article
Trending Articles
നാലുവയസ് പ്രായമുള്ള ജോണിന് മരണകരമായ ഒരസുഖം. പിതാവ് ജിയോവാനി ഫിദോസായ്ക്കും മാതാവായ മറിയാറിത്തെല്ലിക്കും വളരെ സങ്കടമായി. 1225 കാലഘട്ടത്തില്‍ മധ്യ ഇറ്റലിയില്‍ ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ ജീവിതവും അദ്ദേഹത്തിന്റെ സന്യാസസഭയും ജനങ്ങളെ മുഴുവന്‍ ആകര്ഷിച്ചുതുടങ്ങിയ കാലം. ഒരു ദിവസം അടുത്ത പട്ടണത്തില്‍ ഫ്രാന്‍സിസ് അസ്സീസ്സി പ്രസംഗിക്കാനെത്തുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ കുട്ടിയെയും കൂട്ടി അദ്ദേഹത്തെ സമീപിച്ചു.
വിശുദ്ധന് കുട്ടിയുടെ നെറ്റിയില്‍ കുരിശടയാളം വരച്ചിട്ട് പറഞ്ഞു, ‘ഓ, ബൊനെ വെന്തൂരാ!’ – ഓ, നല്ല കാലം വരുന്നു! പെട്ടെന്നുതന്നെ കുട്ടി സൗഖ്യപ്പെട്ടു. പിന്നീട് ബൊനെവെന്തൂരാ എന്നത് അവന്റെ പേരായി മാറി. വളര്‍ന്നപ്പോള്‍ അവന് ഫ്രാന്‍സിസ്കന്‍ ഒന്നാം സഭയില്‍ ചേര്‍ന്നു. മെത്രാനും കര്ദിനാളുമായിത്തീര്ന്നു. അതിനെക്കാളുപരി, പില്ക്കാലത്ത് വിശുദ്ധനും തുടര്‍ന്ന് വേദപാരംഗതനുമായി ഉയര്‍ത്തപ്പെട്ടു.
അത്ഭുതങ്ങള്‍ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണ്, വിശുദ്ധിയിലേക്കുള്ള ക്ഷണമാണ്. യേശു ശിഷ്യന്മാരെ അയക്കുമ്പോള്‍ നല്കുന്ന നിര്‍ദേശം ശ്രദ്ധിക്കാം, “നിങ്ങള്‍ പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍” (മത്തായി 10/7-8).
Shalom Tidings
ക്രിസ്മസിനായി എങ്ങനെ ഒരുങ്ങണമെന്ന് പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിച്ചു. ഉണ്ണീശോയെക്കൂടാതെ പരിശുദ്ധ അമ്മ കാണപ്പെട്ട് എന്നോട് പറഞ്ഞു, "എന്റെ മകളേ, നിന്റെ ഹൃദയത്തില്‍ വസിക്കുന്ന ഈശോയ്ക്ക് എപ്പോഴും വിശ്രമിക്കാന്‍ സാധിക്കത്തക്കവിധം നിശബ്ദതയിലും എളിമയിലും നീ ജീവിക്കണം. നിന്റെ ഹൃദയത്തില്‍ നീ അവനെ ആരാധിക്കണം. നിന്റെ ആന്തരികതയില്‍നിന്ന് നീ ഒരിക്കലും പുറത്തുപോകരുത്. എന്റെ മകളേ, നിന്റെ ഉത്തരവാദിത്വങ്ങള്‍ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുമ്പോഴും ആന്തരികതക്ക് ഭംഗം വരാതിരിക്കാനുള്ള കൃപാവരം ഞാന്‍ നിനക്കായി നേടിത്തരാം. നീ നിന്റെ ഹൃദയത്തില്‍ എപ്പോഴും അവനോടൊന്നിച്ച് വസിക്കണം. അവനാണ് നിന്റെ ശക്തി..."
By: Shalom Tidings
Moreഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ? ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന് ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ... അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ... അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന് ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി. സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിശ്വാസജീവിതം ആരംഭിച്ചത്. അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. "കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന് തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന് സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ. നിയമനിര്‍മാണത്തിലെ സ്വാധീനം രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു. ദുരനുഭവങ്ങള്‍ പേടിച്ച് പിന്മാറില്ല! എന്റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന് എന്റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും. ഇതിന്റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. ചതിയില്‍ പെട്ടതിങ്ങനെ... ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു. ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്. ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള് രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല. ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന് എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. "അവന് നുണയനും നുണയുടെ പിതാവുമാണ്" (യോഹന്നാന് 8/44). നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന് ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.
By: Serge Abad Gallardo
Moreഎവിടെത്തൊട്ടാലും വേദന. അതായിരുന്നു ഡേവിഡിന്റെ രോഗം. ഏറെ ചികിത്സിച്ചിട്ടും രോഗം മാറിയില്ല. രോഗകാരണം കണ്ടെത്താന്‍ കഴിയാതെ ഡോക്ടേഴ്സ് വിഷമിച്ചു. അറ്റകൈക്ക് അദേഹം വികാരിയച്ചന്റെ അടുത്തു തന്റെ വിഷമം പറഞ്ഞു. അച്ചന് ഡേവിഡിന്റെ കൈയില്‍ വാത്സല്യത്തോടെ പിടിച്ചുകൊണ്ടു നിര്‍ദേശിച്ചു: എത്രയും വേഗം അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക, താങ്കളുടെ ചൂണ്ടുവിരലിന് ഒടിവു സംഭവിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ... "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായനെ അറിയുന്നതാണ് അറിവ്" (സുഭാഷിതങ്ങള്‍ 30/3).
By: Shalom Tidings
Moreകടല്ക്കരയില് എന്നും ഒരു ബലൂണ്വില്പനക്കാരന് എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും. ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, "കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ പറക്കുമോ?" ബലൂണ്വില്പനക്കാരന് കൗതുകമായി. "അതെന്താ കുട്ടീ, അങ്ങനെ ചോദിച്ചത്?" "എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരന് ഉണ്ടാക്കിക്കൊണ്ടുവന്ന പട്ടം അവനെപ്പോലെ കറുത്തതാണ്; അത് പറത്താന്‍ കഴിയില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞല്ലോ. അവര്‍ അവനെ ഞങ്ങള്‍ക്കൊപ്പം പട്ടം പറത്താന്‍ കൂട്ടിയുമില്ല." അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനര്‍ത്ഥം വില്പനക്കാരന് മനസിലായി. അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു, "ബലൂണിന്റെ നിറം ഏതായാലും പ്രശ്നമില്ല, ഉള്ളില്‍ നിറച്ച ഹീലിയമാണ് മോനേ, ബലൂണിനെ പറത്തുന്നത്. നിന്റെ കൂട്ടുകാരന് നല്ല കുട്ടിയായി വളര്‍ന്നാല്‍മതി. അവനെ ദൈവം ഉയര്‍ത്തിക്കൊള്ളും. പിന്നെ ആര്‍ക്കും അവനെ കളിയാക്കാനാവില്ല." അതുകേട്ട് ഒരു കറുത്ത ബലൂണും വാങ്ങി സന്തോഷത്തോടെ ആ കുട്ടി തിരികെപ്പോയി. "ലജ്ജിതരായതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും. അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും" (ഏശയ്യാ 61/7)
By: Shalom Tidings
Moreജെറാമിന് മറക്കാനാവാതെ ആ സ്വപ്നം മനസിലങ്ങനെ തങ്ങിനില്ക്കുകയാണ്. ഇതായിരുന്നു സ്വപ്നം: ജെറോം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്‍ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്‍ന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് തലയുയര്‍ത്തി നോക്കാന്‍ ധൈര്യപ്പെട്ടില്ല. "ആരാണ് നീ?" ക്രിസ്തുവിന്റെ ചോദ്യം. "ഞാന്‍ ജെറോം, ഒരു ക്രിസ്ത്യാനി" അതായിരുന്നു മറുപടി. ഉടനെവന്നു ക്രിസ്തുവിന്റെ പ്രതികരണം, "നീ നുണ പറയുന്നു!" മുഖമടച്ച് ഒരടി കിട്ടിയ പോലെ തോന്നി ജെറോമിന്. "ഞാന്‍ ക്രിസ്ത്യാനിയാണ്" ജെറോം വിളിച്ചുപറഞ്ഞു. "അല്ല, നീ സിസെറോയുടെ ആളാണ്. നീ ക്രിസ്ത്യാനിയല്ല!" ക്രിസ്തുവിന്റെ വാക്കുകള്‍ മുഴങ്ങി. സ്വപ്നവും മാഞ്ഞു. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ജെറോമിന് ഉത്തമസാഹിത്യകൃതികള്‍ വായിക്കാന്‍ ഏറെ താത്പര്യമായിരുന്നു. പ്ലോട്ടസിന്റെയും വെര്‍ജിലിന്റെയും സിസെറോയുടെയും കൃതികള്‍ അദ്ദേഹം വായിച്ചുകൂട്ടി. എന്നാല്‍ ഈ സ്വപ്നം ജെറോമിനെ മാറ്റിച്ചിന്തിപ്പിച്ചു. ദൈവവചനത്തിന് പ്രാമുഖ്യം നല്‍കണമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായി. പില്ക്കാലത്ത് വേദപാരംഗതനായി മാറിയ ജെറോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്. യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്റെ യഥാര്‍ത്ഥപേര്. 340ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 360ല്‍ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്നാനം നല്‍കിയത്. ഡാല്‍മാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ ചിത്രങ്ങളില്‍ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട്. കാരണം തന്റെ വിശ്വാസതീക്ഷ്ണത കൊണ്ട് 'ഡാല്‍മാത്തിയയിലെ സിംഹം' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം നല്കി. നിര്‍ഭാഗ്യവശാല്‍, അവന് അതോടൊപ്പം ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലൗകികവഴിയും പഠിച്ചു. ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കഠിനപ്രലോഭനങ്ങളാല്‍ ബുദ്ധിമുട്ടിയ കാലത്ത്, മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോള്‍, സിറിയയില്‍, തെക്കുകിഴക്കന്‍ അന്ത്യോക്യയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് ജെറോം. പിന്നീട് നാലുകൊല്ലം മരുഭൂമിയില്‍ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചെലവഴിച്ചു. ഒരു ജൂതസന്യാസിയില്‍നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു. അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയില്‍നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പോപ്പ് ഡമാസസ് റോമില്‍ നടന്നിരുന്ന ഒരു സൂനഹദോസില്‍ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാന്‍ അദ്ദേഹത്തെ ഏല്പിച്ചു. ഗ്രീക്കിലും ഹീബ്രുവിലും ലഭ്യമായിരുന്ന വിശുദ്ധ ഗ്രന്ഥം മുഴുവനും അദ്ദേഹം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഏറെ ശ്രമകരമായ ആ ജോലിക്ക് മുപ്പത് വര്‍ഷത്തിലധികം ചെലവാക്കേണ്ടിവന്നു. 'വുള്‍ഗാത്ത' എന്നാണ് അദ്ദേഹം തയാറാക്കിയ ലാറ്റിന്‍ പരിഭാഷ വിളിക്കപ്പെടുന്നത്. തെന്ത്രോസ് (ട്രെന്റ്) സുനഹദോസില്‍ അത് സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ പോയിട്ടുള്ള അനുഭവങ്ങള്‍, പരന്ന യാത്രകള്‍, പ്രായശ്ചിത്തജീവിതം... എല്ലാം തിരുവചനങ്ങള്‍ ഏറ്റവും നന്നായി വിവര്‍ത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണര്‍ത്തുന്ന എഴുത്തുകളും ജെറോമിന് അനേകം അനുയായികളെ നല്കി, അതില്‍ റോമിലെ ധാരാളം ക്രൈസ്തവ വനിതകളും ഉള്‍പ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേര്‍ വിശുദ്ധരായി മാറി. പോപ്പ് ഡമാസസ് 384-ല്‍ കാലംചെയ്തുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്ലഹേമില് ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാര്ക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങള്‍ക്കായി ഭവനങ്ങളും പണിതു. രക്ഷകന്റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയില്‍ അദ്ദേഹം പോയി പാര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഒരു വിദ്യാലയവും ഒരു സത്രവും പണിതു. ജോസഫും മേരിയും ഒരിക്കല്‍ക്കൂടി ബേത്ലഹേം സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ് സത്രം പണിതതെന്ന് അതേക്കുറിച്ച് പറയപ്പെടുന്നു. ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും തൂലികകൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളില്‍ ഒരാളായി. ജീവിതകാലത്തിന്റെ രണ്ടാം പകുതിയായ നാല്പത് വര്‍ഷം ചെലവഴിച്ചത് ഏകാന്തതയിലും പ്രാര്‍ത്ഥനയില്‍ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും മുഴുകിയുമാണ്. തന്റെ കുറവുകള്‍ക്ക് ക്രൂശിതനായ കര്‍ത്താവിനോട് അദ്ദേഹം മാപ്പപേക്ഷിക്കുമായിരുന്നു. സത്യത്തിനും നന്മക്കും വേണ്ടി നില്ക്കുന്നതിനിടയില് തന്റെ തീക്ഷ്ണതയാല്‍ മുറിവേറ്റവരോടും താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു. കഠിനപ്രായശ്ചിത്തങ്ങളില്‍ മുഴുകി ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, "ഉപവാസത്താല് എന്റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു. മരണത്തിന് മുന്‍പേ മരിച്ചപോലെ തണുത്ത എന്റെ ശരീരത്തിലും ഉണങ്ങിപ്പോയ മാംസത്തിലും വികാരങ്ങള്‍ക്ക് അപ്പോഴും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാന്‍, ആത്മാവില്‍ എന്നെത്തന്നെ യേശുവിന്റെ കാല്ക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്റെ കണ്ണീരുകൊണ്ട് അവന്റെ പാദങ്ങളെ നനച്ച്, ശരീരത്തിന് കടിഞ്ഞാണിട്ട്, ഉപവാസത്തില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞു..." സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതുവരെ വിശുദ്ധ ജെറോം തന്റെ നെഞ്ചില്‍ കല്ല് കൊണ്ട് ഇടിച്ചിരുന്നുവത്രേ. പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടര്‍ന്ന് 420, സെപ്റ്റംബര്‍ 30-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേത്ലഹേമിലെ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ റോമിലേക്ക് അദ്ദേഹത്തിന്റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലുണ്ട്.
By: Jills Joy
Moreകുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, "ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?" "അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം." അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, "അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?" "അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?" "ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,"ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ 'അറിവില്ലായ്മ' സമ്മതിച്ചു. "ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മര്‍ക്കോസ് 10/14)ڔ
By: Shalom Tidings
Moreഅയല്‍ക്കാരുടെ പ്രവൃത്തികളെ എടുത്തുചാടി വിമര്‍ശിക്കുന്നതും അവരെ ദുഷിച്ച് സംസാരിക്കുന്നതും എളിമ എന്ന സുകൃതത്തിന് കടകവിരുദ്ധമായ തിന്മകളാണ്. എളിമയില്ലാതെ ഉപവിയില്ല. എന്റെ സഹോദരരെ വിധിക്കാന്‍ ആരാണ് എനിക്ക് അധികാരം നല്‍കിയത്? അന്യരെ വിധിക്കുന്നതിലൂടെ, ദൈവത്തിനുമാത്രമുള്ള അവകാശം ഞാന്‍ അപഹരിക്കുകയാണ്. മറ്റുള്ളവരെ വിധിക്കുകയും ദുഷിച്ചു സംസാരിക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ പ്രീശന്റേതുപോലുള്ള അഹങ്കാരം നിലനില്ക്കുന്നു. മറ്റുള്ളവരെ ഇകഴ്ത്തുന്നതിലൂടെ സ്വയം പുകഴ്ത്തുകയാണ് അവര്‍ ചെയ്യുന്നത്. മറ്റുള്ളവരുടെ ദൗര്‍ബല്യം കണ്ടുപിടിക്കാന്‍ തത്രപ്പെടുകയും സ്വന്തം ബലഹീനതകളുടെ നേര്‍ക്ക് കണ്ണടക്കുകയും ചെയ്യുന്നത് അഹങ്കാരത്തിന്റെ ഫലമാണ്.
By: Shalom Tidings
Moreദൗര്‍ഭാഗ്യവാനായ ഒരു പാപി ഭാര്യയുടെ സ്നേഹപൂര്‍ണമായ നിര്‍ദേശം അനുസരിച്ചപ്പോള്‍.... ദൈവദൃഷ്ടിയില്‍ പാപത്തില്‍ ജീവിച്ചിരുന്ന വിവാഹിതനായ ഒരു മനുഷ്യനുണ്ടായിരുന്നു. പുണ്യം നിറഞ്ഞ ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യ. അയാളുടെ പാപകരമായ ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. അതിനാല്‍ ചുരുങ്ങിയ പക്ഷം മാതാവിന്റെ നാമത്തിലുള്ള അള്‍ത്താരക്കുമുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ഒരു 'നന്മനിറഞ്ഞ മറിയമേ' ചൊല്ലി കാഴ്ചവയ്ക്കാന്‍ അവള് അയാളോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് അയാള്‍ ഈ ഭക്തി പരിശീലിക്കാന്‍ തുടങ്ങി. ഒരു രാത്രി അയാള്‍ ഒരു പാപം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ ഒരു വെളിച്ചം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കാണെന്ന് മനസിലായി. പരിശുദ്ധ കന്യക കരങ്ങളില്‍ ഉണ്ണീശോയെ പിടിച്ചിരുന്നു. പതിവുപോലെ അയാള്‍ ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി. ആ സമയത്ത് ഉണ്ണിയേശുവിന്റെ ശരീരം മുറിവുകളാല്‍ ആവരണം ചെയ്തിരിക്കുന്നതായും അവയില്‍നിന്നും പുതുരക്തം ഒഴുകുന്നതായും അയാള്‍ കണ്ടു. ഇത് അയാളെ ഭയപ്പെടുത്തി. അയാള്‍ വികാരഭരിതനായിത്തീര്‍ന്നു. താന്തന്നെയും സ്വന്തം പാപങ്ങളാല്‍ തന്റെ രക്ഷകനെ മുറിവേല്പിച്ചിട്ടുണ്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ ദിവ്യശിശു തന്നില്‍നിന്നും മഖം തിരിച്ചുവെന്ന കാര്യം അയാള്‍ ശ്രദ്ധിച്ചു. ആഴമേറിയ ആശങ്കയോടെ അയാള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട്, എത്രയും പരിശുദ്ധ കന്യകയില്‍ അഭയം തേടി. 'കരുണയുള്ള മാതാവേ, അങ്ങേ പുത്രന് എന്നെ നിരാകരിക്കുന്നു. അങ്ങയെക്കാള്‍ കൂടുതല്‍ അലിവുള്ള, ശക്തയായ മറ്റൊരു മധ്യസ്ഥയെയും ഞാന്‍ കാണുന്നില്ല. അവിടുത്തെ മാതാവും എന്റെ രാജ്ഞിയുമായ അങ്ങ് എന്നെ സഹായിക്കുകയും എനിക്കുവേണ്ടി അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.' ആ രൂപത്തില്‍നിന്നും സ്വര്‍ഗീയമാതാവ് അയാളോട് ഇങ്ങനെ മറുപടി പറഞ്ഞു, 'നിങ്ങള്‍ എന്നെ കരുണയുടെ മാതാവെന്ന് വിളിക്കുന്നു. പക്ഷേ എന്റെ മകന്റെ പീഡാനുഭവത്തെയും എന്റെ വ്യാകുലങ്ങളെയും വര്‍ധിപ്പിിച്ചുകൊണ്ട് എന്നെ വ്യാകുലമാതാവാക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല.' പക്ഷേ സ്വയം തന്റെ പാദത്തില്‍ സമര്‍പ്പിക്കുന്നവരെ മറിയം ഒരിക്കലും സാന്ത്വനിപ്പിക്കാതെ പറഞ്ഞയക്കുന്നില്ല. ദുര്‍ഭഗനായ ആ പാപിയോട് ക്ഷമിക്കണമെന്ന് അവള് തന്റെ പുത്രനോട് അപേക്ഷിക്കാന്‍ തുടങ്ങി. യേശുവാകട്ടെ അത്തരമൊരു പാപപ്പൊറുതി അനുവദിക്കുന്നതില്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങി. പക്ഷേ പരിശുദ്ധ കന്യക, ഉണ്ണിയെ ഭിത്തിയിലെ ഒരു ചെറിയ രൂപക്കൂട്ടില്‍ വച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണുകിടന്ന് പറഞ്ഞു, "എന്റെ മകനേ, ഈ പാപിയോട് ക്ഷമിക്കുന്നതുവരെ ഞാന്‍ നിന്റെ പാദം വിട്ടുപേക്ഷിക്കുകയില്ല." യേശു പ്രതിവചിച്ചു, "എന്റെ അമ്മേ! യാതൊന്നും അങ്ങേക്ക് നിഷേധിക്കാന്‍ എനിക്കാവില്ല. അങ്ങ് അവന്റെ പാപമോചനം ആഗ്രഹിക്കുന്നുവോ? അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞാന്‍ അയാളോട് ക്ഷമിക്കും. അയാള്‍ വന്ന് എന്റെ മുറിവുകള്‍ ചുംബിക്കട്ടെ." തേങ്ങിക്കരഞ്ഞുകൊണ്ട് ആ പാപി യേശുവിനെ സമീപിച്ചു. അയാള്‍ ചുംബിച്ചുകൊണ്ടിരിക്കേ ഉണ്ണിയേശുവിന്റെ മുറിവുകള്‍ സുഖപ്പെട്ടു. പാപപ്പൊറുതിയുടെ അടയാളമായി യേശു അയാളെ ആശ്ലേഷിച്ചു. അയാള്‍ തന്റെ സ്വഭാവത്തിന് മാറ്റം വരുത്തി. പരിശുദ്ധമായ ഒരു ജീവിതം നയിച്ചു. അയാള്‍ക്കുവേണ്ടി ഇത്ര മഹത്തായ അനുഗ്രഹം നേടിയെടുത്ത പരിശുദ്ധ കന്യാകാമാതാവിനോട് അയാള്‍ എക്കാലവും സ്നേഹപൂര്‍ണനായിരുന്നു.
By: Shalom Tidings
Moreഓ നാഥാ, ഈ ജീവിതത്തില്‍ എന്റെയുള്ളില്‍ ജ്വലിച്ചുനിന്ന്, അങ്ങേക്കിഷ്ടപ്പെട്ടവിധം എന്നെ വെട്ടിയൊരുക്കുക. നിത്യതയില്‍ എന്നെ തുണയ്ക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കില്‍, ഇവിടെ എന്നോട് കരുണ കാണിക്കണ്ട. വിശുദ്ധ അഗസ്റ്റിന്
By: Shalom Tidings
Moreസിനിമകളിലെ ഹിഡന്‍ ഡീറ്റെയ്ല്‍സ് പോലെ ആധ്യാത്മികജീവിതത്തിന് രസം പകരുന്ന ചിലതുണ്ട്. മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ്ല്‍സ്. ഉദാഹരണത്തിന്, സിനിമകളിലൊക്കെ ചില സീനിന്റെ പശ്ചാത്തലത്തില്‍ കുറെ ഹിഡന്‍ ഡീറ്റെയ്ല്‍സ് ഉണ്ടാവും, കഥയെ സപ്പോര്‍ട്ട് ചെയ്യുന്നവ. കലാസംവിധായകന്‍ അത് മനഃപൂര്‍വം ഒളിപ്പിച്ച് വയ്ക്കുന്നതാണ്. അങ്ങനെ ഒളിഞ്ഞിരിക്കുന്നതിലാണ് ത്രില്‍. പ്രേക്ഷകന് അത് കണ്ടെത്തുമോ ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല. ആദ്ധ്യാത്മിക ജീവിതത്തിലും സമാനമായ ഒരു ത്രില്ലുണ്ട്. ഞാന്‍ എന്ത് ചെയ്താലും അത് കാണുന്ന അപ്പാ ഉണ്ടെന്ന തിരിച്ചറിവില്‍, മനുഷ്യരുടെ പ്രശംസയോ അംഗീകാരമോ അന്വേഷിക്കാതെ ജീവിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍. ലൂക്കാ 14/7-14 വചനഭാഗത്ത്, ഒരു വിരുന്നിന്റെ അവസരത്തില്‍ അതിഥികള്‍ പ്രമുഖ സ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടപ്പോള്‍, ഈശോ അതിഥിക്കും ആതിഥേയനുമായി നല്കുന്ന ഉപദേശമുണ്ടല്ലോ. അവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ഈശോ പറയുന്നത്. അതിഥി ശ്രദ്ധിക്കേണ്ടത്: ക്ഷണം സ്വീകരിക്കുമ്പോള്‍ വലിയ സ്ഥാനം ആഗ്രഹിച്ച് പ്രവര്‍ത്തിക്കരുത്. ആതിഥേയന് ശ്രദ്ധിക്കേണ്ടത്: ക്ഷണിക്കുമ്പോള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ക്ഷണിക്കരുത്. രണ്ടിടത്തും, മനുഷ്യന്റെ പ്രശംസയോ പ്രീതിയോ അന്വേഷിക്കരുതെന്ന് പാഠം. രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗസ്ഥനായ പിതാവാണ് നമുക്ക് പ്രതിഫലം തരുന്നത്. ഇതിനൊരു അനുബന്ധമുണ്ട്: പിതാവ് പ്രതിഫലം തരുമെങ്കില്‍ മനുഷ്യന്റെ പ്രശംസ കിട്ടിയില്ലെങ്കില്മാത്രമല്ല പരാതി ഉണ്ടാവാതിരിക്കുക, മനുഷ്യരാല്‍ പരിഹസിക്കപ്പെട്ടാലും പരാതി ഉണ്ടാവില്ല. അതൊരു ത്രില്‍ തന്നെയാണ് കേട്ടോ... ദൃശ്യ മാധ്യമമുപയോഗിച്ച് പച്ചയ്ക്ക് നമ്മെ ചീത്ത പറയുമ്പോഴും, കമന്റുകള്‍ കൊണ്ട് കിരീടം ചാര്‍ത്തി സോഷ്യല്‍ മീഡിയായില്‍ നമ്മെ പരിഹസിക്കുമ്പോഴും, ഈ ഫോര്‍വേഡ് 'ലവനിരിക്കട്ടെ'ന്ന് ചിന്തിച്ച് പലരും നമ്മെ ഗ്രൂപ്പുകളില്‍ ഉന്നം വച്ച് അസ്വസ്ഥരാക്കാന്‍ ശ്രമിക്കുമ്പോഴും.... ശാന്തതയോടെ അവരുടെ അറിവില്ലായ്മ മനസിലാക്കി, 'അവരോട് ക്ഷമിക്കണേ'ന്ന് ചൊല്ലി സ്നേഹം നിറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍. ക്രൂശിതനീശോ ജീവിച്ച് കാണിച്ച് തന്ന ഈ ത്രില്‍ സ്വന്തമാക്കാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreഎന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു. വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍. ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്റെ പ്രത്യേക കരുതല്നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. തളരാതിരുന്നതിനുപിന്നില്…. ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്ബാനയര്പ്പിക്കുമ്പോള് അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.” ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ വലത്തേ കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന് എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈശോ ഉത്തരം പറഞ്ഞില്ല… തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്റെ തിരുശരീരം വച്ച് ഇതെന്റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല. ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി. അനിശ്ചിതത്വം… അശരീരി… ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി. തിരുപ്പട്ടത്തിന്റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്. തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്. ഉത്തരം കിട്ടിയ ദിവസം ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്റെ തിരുപ്പട്ടത്തിന്റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്. വൈദികനായതിനുശേഷം പിതാവിന്റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്ടേഴ്സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു! അല്പനാളുകള് കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്റെ വലത്തെ കണ്ണിന്റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. ബെഷെറ്റ്സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു. കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്റെ പൗരോഹിത്യം. ”കര്‍ത്താവിന്റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക! തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.
By: ഫാ. പോള്‍ കള്ളികാടന്‍
Moreഞാനും എന്റെ കുടുംബവും ശാലോം ടൈംസ് മാസിക വായിക്കുന്നുണ്ട്. ഞങ്ങള്‍ ശാലോം ടി.വിയെ സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും താങ്ങുന്ന ശാലോം പീസ് ഫെലോഷിപ് (എസ്.പി.എഫ്) അംഗങ്ങളുമാണ്. 12 വര്‍ഷമായി ഞങ്ങള്‍ വാങ്ങിയ കൃഷിസ്ഥലത്ത് കുടിവെള്ളത്തിന് യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. പലരെയും കൊണ്ടുവന്ന് സ്ഥാനം നോക്കി മൂന്ന് കുഴല്‍കിണറുകള്‍ കുത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ മാസികയില്‍ വായിച്ച 2 രാജാക്കന്മാര് 3/16-20 വചനഭാഗം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചൊല്ലി പ്രാര്‍ത്ഥിക്കുകയും വെള്ളം ലഭിച്ചാല്‍ സാക്ഷ്യമറിയിക്കാമെന്ന് നേരുകയും ചെയ്തു. ആ സമയത്ത് ഒരു ദിവസം വീട്ടില്‍ ജോലിക്ക് വന്ന ആള് വെള്ളത്തിന് സ്ഥാനം കാണുകയും കുളം കുഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുളം കുഴിക്കുന്നതിന്റെ തലേ ദിവസം പ്രാര്‍ത്ഥിച്ച് വചനം എടുത്തപ്പോള്‍ ”അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി” എന്ന സങ്കീര്‍ത്തനങ്ങള്‍ 114/8 വചനം ലഭിച്ചു. അതില്‍ വിശ്വസിച്ച് കുളം കുഴിച്ചപ്പോള്‍ സമൃദ്ധമായി വെള്ളം കിട്ടി. ഈശോ ഞങ്ങള്‍ക്ക് ചെയ്തുതന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു.
By: ഷിബു പന്യാംമാക്കല്‍
Moreഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു. എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല. രാജാധിരാജാവിന്റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള ഉത്ഘടസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്റെ ഉറവിടം. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന് ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര് ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം. ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള് നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്റെ പേടകം ഓബദ് ഏദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’
By: ആന്സിമോള് ജോസഫ്
Moreചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്നമാക്കാറില്ല. നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…” അതായത്, നന്മകള് ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില് ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും. ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്ത്താവിന് അര്‍ഹമായ മഹത്വം നമ്മള് കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന് അല്പാല്പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക. ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്ത്ഥനകള്കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്റെ ബലഹീനത നിനക്കുള്ള എന്റെ ദാനമാണ്. നിന്റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്റെ കാഴ്ച സ്വീകരിച്ച് അതിനെ എന്റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്ത്ത് എന്റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220). വൈദികര്‍ക്ക് വേണ്ടിയും സമര്പ്പിതര്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
More