Home/Enjoy/Article

നവം 16, 2023 295 0 ആന്‍ മരിയ ക്രിസ്റ്റീന
Enjoy

ജീവിതം പിന്നെ വേറെ Level

ധ്യാനം കഴിഞ്ഞ് പോരുമ്പോള്‍ അള്‍ത്താരയുടെ മുമ്പില്‍ ചെന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. അതിനുശേഷം സംഭവിച്ചത്….

വര്‍ഷങ്ങള്‍ക്കു മുന്‍പ് താമസിച്ചുള്ള ഒരു ധ്യാനത്തിന്‍റെ അവസാന ദിവസം. ആളുകള്‍ വീടുകളിലേക്ക് പോകാനുള്ള തിരക്കിലാണ്. എല്ലാ ധ്യാനങ്ങളുടെയും അവസാന ദിവസം വല്ലാത്ത വിഷമമാണ്, വീണ്ടും അനുദിനജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളിലേക്കുള്ള യാത്ര.

അള്‍ത്താരയുടെ മുമ്പില്‍ അല്‍പനേരം ചെലവഴിക്കാന്‍ പോയി, ഈശോയോട് എന്നത്തെയുംപോലെ സങ്കടം പറയാന്‍. അന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. “ഈശോയേ, ഞാന്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നതല്ലാതെ എന്നെ നഴ്സ് ആക്കിയതുകൊണ്ട് നിനക്ക് ഒരു ഉപകാരവും ഉണ്ടായില്ലല്ലോ? എന്നെ നസ്രായന്‍റെ നഴ്സ് ആക്കാമോ?”‘

എല്ലാ ധ്യാനത്തിനുമൊടുവില്‍ വലിയ പ്രോമിസുകളൊക്കെ ഈശോക്ക് കൊടുത്ത് അതില്‍ ഒന്നുപോലും പാലിക്കാന്‍ സാധിക്കാതെ അടുത്ത ധ്യാനം വരെ ഈശോയെ സോപ്പിട്ടു മുന്നോട്ടു പോകുന്ന ഈശോയുടെ സ്വന്തം കുറുമ്പിയാണ് ഞാന്‍. ഇത്തവണത്തെ ചോദ്യം ഈശോയെ സന്തോഷിപ്പിച്ചു എന്ന് വേണം കരുതാന്‍.

“തിരുനാളിന്‍റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും” (യോഹന്നാന്‍ 7/37-38).

ഈശോ തിരുവചനങ്ങളിലൂടെ സംസാരിച്ചു. ഈശോയോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നെ കാത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. ഈശോക്ക് കൊടുത്ത അപേക്ഷക്കുള്ള മറുപടിയുമായി. അദ്ദേഹം ചോദിച്ചു, “എന്നാണ് അവധി തീരുന്നത്? കുറച്ചു ദിവസം ഉണ്ടെങ്കില്‍ ചെറിയൊരു സഹായം വേണം. അടുത്തുള്ള ആശ്രമത്തില്‍ ഈശോയുടെ മക്കള്‍ ഉണ്ട്. മാനസിക വൈകല്യമുള്ളവര്‍. അവരില്‍ കിടപ്പുരോഗികളുണ്ട്. ബെഡ്സോര്‍ ഉള്ളവരുണ്ട്. അവരെ നോക്കുന്ന നേഴ്സ് അസുഖം മൂലം അവധിയിലാണ്. ഒരു മാസത്തോളം അവര്‍ക്കു ഡ്രസിങ് ചെയ്തുതരാമോ?”

മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരു മാസത്തെ അവധി ഉണ്ടെന്നും ഈ അവസരത്തെ ഈശോയോടുള്ള സ്നേഹത്തെപ്രതി സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും അദ്ദേഹത്തെ അറിയിച്ചു. ബസും ഓട്ടോയുമായി ഒരു ദിവസത്തെ പോക്കുവരവിനായി 90 രൂപയോളം അന്ന് ചെലവ് ഉണ്ടായിരുന്നു. അവധിക്കാലത്തു ഡ്രൈവിംഗ് പഠിക്കാം എന്ന ചിന്തയില്‍ മാറ്റി വച്ച 3000 രൂപ യാത്രാച്ചെലവിന് തികയുമല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷമായി.

നട്ടെല്ലിന് സാരമായ പരിക്കേറ്റ ഒരു മകന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍റെ നട്ടെല്ലിന് താഴെ ആഴത്തില്‍ മാംസം നഷ്ടപ്പെട്ട് എല്ലുകള്‍ കാണാവുന്ന വിധം ഭയാനകമായ ബെഡ്സോര്‍. പഴുപ്പ് നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ. ആര്‍ക്കും അത് കാണാനുള്ള ധൈര്യം ഇല്ല എന്ന് അവിടുള്ളവര്‍ പറയുന്നത് കേട്ടു.

അവന്‍റെ മുറിവുകള്‍ വൃത്തിയാക്കി മരുന്നുകള്‍ വച്ച് കെട്ടുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അവനാകട്ടെ ഓര്‍മ്മകള്‍ നഷ്ടമായതിനാല്‍ കണ്ണുകളില്‍ ഒരു തിളക്കത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഒരു സഹോദരനെ സഹായത്തിന് വിളിച്ചശേഷം അവന്‍റെ തലമുടിയും താടിയും ഒക്കെ മുറിച്ചു. കുളിപ്പിച്ച് വൃത്തിയാക്കി.

ഈശോയുടെ മുഖംപോലെ തോന്നി അവനെ നോക്കിയപ്പോള്‍. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, “എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്” (മത്തായി 25/40).

അവന്‍റെ കണ്ണുകളില്‍നിന്ന് നന്ദിയുടെ, സ്നേഹത്തിന്‍റെ, കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകി ഇറങ്ങുന്നതിന് ഞാനും നിറകണ്ണുകളോടെ സാക്ഷിയായി. വര്‍ഷങ്ങള്‍ നഴ്സായി ജോലി ചെയ്തിട്ടും ലഭിക്കാത്ത ആത്മീയാനുഭൂതി. അന്ന് മുതല്‍ ഈശോ എന്നെ ‘നസ്രായന്‍റെ നഴ്സ് ‘ ആക്കി മാറ്റുകയായിരുന്നു.

അവന്‍റെ നെറ്റിയില്‍ സ്നേഹത്തിന്‍റെ ചുംബനം നല്‍കുമ്പോള്‍ എന്‍റെ ഹൃദയം ഈശോയുടെ സ്നേഹത്തില്‍ നിറഞ്ഞു മന്ത്രിച്ചു… “ഈശോയേ, ഇതിലും എത്രയോ ദുര്‍ഗന്ധം വമിക്കുന്നതാണ് എന്‍റെ പാപങ്ങള്‍. ഒരു മടിയും കൂടാതെ അനുദിനം നീ അവയെല്ലാം കഴുകി വൃത്തിയാക്കുന്നല്ലോ.”

ഈശോ എന്നെയും ആ രോഗിയെയും കെട്ടിപ്പുണരുന്ന പോലെ… സ്വന്തം തെറ്റിനെ മറയ്ക്കാന്‍ കൈകള്‍ കഴുകിയ പീലാത്തോസിന്‍റെ കരങ്ങളില്‍നിന്നും പത്രോസിന്‍റെയും യൂദാസിന്‍റെയും പാദങ്ങള്‍ കഴുകിയ ഈശോയുടെ കരങ്ങളായി ഈശോ എന്നെ മാറ്റിയ നിമിഷങ്ങള്‍…

പിന്നീടുള്ള നഴ്സിംഗ് ജീവിതം വേറെ ഒരു ലെവല്‍ ആയിരുന്നു. ഈശോയോടൊപ്പം ഉള്ള ഒരു ശുശ്രൂഷ. ഒരു ഇന്‍ജക്ഷന്‍ രോഗിക്ക് കൊടുക്കുമ്പോള്‍ ഓരോ മില്ലി മരുന്നിനും ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപം ആ രോഗിക്കായി സമര്‍പ്പിക്കാന്‍ തുടങ്ങി. രോഗികളുടെമേല്‍ കുരിശ് വരച്ചു പ്രാര്‍ത്ഥിച്ചു. ‘പരിശുദ്ധാത്മാവേ സഹായിക്കണമേ’ എന്ന് ഉറക്കെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള വെയിനുകളില്‍ അനായാസേന ഐ വി ക്യാനുല ഇടാന്‍ സാധിച്ചു. ജീവനറ്റ ശരീരങ്ങള്‍ പൊതിഞ്ഞു കെട്ടുമ്പോള്‍ ആത്മാവിനുവേണ്ടി കരുണയുടെ ജപമാല ചൊല്ലി കാഴ്ച വച്ചു. എന്‍റെ ഈശോ എന്നെ സ്വന്തമാക്കുകയായിരുന്നു അവനുവേണ്ടി, അവന്‍റേതുമാത്രമായി.

പ്രശസ്തരായ ധ്യാന ഗുരുക്കന്മാരുടെ ടീം അംഗങ്ങളില്‍ ഒരാള്‍ ആയിത്തീരാന്‍ ഒരിക്കലെങ്കിലും നമ്മള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? നമ്മുടെ ചങ്ക് നസ്രായന്‍റെ ടീമംഗങ്ങളാണ് ആതുരസേവകര്‍. അവന്‍റെ സ്വരത്തിന് കാതോര്‍ക്കുമ്പോള്‍ ജീവിതം പിന്നെ വേറെ ലെവല്‍ ആയിത്തീരും.

വിശുദ്ധ മദര്‍ തെരേസയുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു- “നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ കഴിയും.”

നമുക്കും കടന്നു ചെല്ലാം, ലോകമെങ്ങും സുവിശേഷ പ്രഘോഷകരായി. അഞ്ച് അപ്പവും രണ്ട് മീനും യേശുവിന്‍റെ കരങ്ങളില്‍ കൊടുത്ത ബാലനെപ്പോലെ നമ്മുടെ കൊച്ചുജീവിതങ്ങളെ നസ്രായന്‍റെ കൈകളില്‍ ഏല്പിച്ചുകൊണ്ട്…

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles