Home/Encounter/Article

ജൂണ്‍ 26, 2024 45 0 Biju Paulose
Encounter

ജപമാലയും അമ്മയുടെ പുഞ്ചിരിയും

എന്‍റെ മകന്‍ യൂഹാനോന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുമായിരുന്നു. പല ഡോക്ടര്‍മാരെയും മാറിമാറി കണ്ടു. അവരെല്ലാം മൈഗ്രയ്ന്‍ ആണെന്ന് പറഞ്ഞ് മരുന്നുകള്‍ നല്‍കും. താത്കാലികമായി ആശ്വാസം ലഭിക്കും. ആദ്യമൊക്കെ മാസത്തില്‍ ഒരു തവണ വന്നിരുന്ന തലവേദന മാസത്തില്‍ രണ്ടായി. പിന്നീട് ആഴ്ചതോറും രണ്ടുദിവസം കൂടുമ്പോഴും വരാന്‍ തുടങ്ങി. തലവേദന വരുമ്പോള്‍ പ്രകാശം അടിക്കുവാനോ ശബ്ദം കേള്‍ക്കുവാനോ പാടില്ല. അങ്ങനെ പ്ലസ്ടുപഠനം മിക്കവാറും മുടങ്ങി. അയല്‍പക്കത്തുള്ള ഒരു സഹോദരി ഒറ്റമൂലി മരുന്ന് ഉണ്ടാക്കിത്തന്നു.

ആദ്യം മൂന്നുദിവസം ചെയ്തിട്ട് കുറഞ്ഞില്ലെങ്കില്‍ പിന്നെ ഏഴുദിവസം ചെയ്യണം. രണ്ടും ചെയ്തിട്ടും ഒരു ഫലവും കണ്ടില്ല. വേദനയുടെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ഞങ്ങള്‍ എല്ലാവരോടും പ്രാര്‍ത്ഥന ചോദിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ വീണ്ടും അലോപ്പതി ഡോക്ടറിനെ കണ്ടു മരുന്നു കഴിച്ചു. മരുന്നിന്‍റെ പരിധി കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലാകും. മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍പോലും ബുദ്ധിമുട്ടായി തുടങ്ങി. വേദനയുടെ കാഠിന്യത്തില്‍ മോന്‍ പറഞ്ഞു: ”ഞാന്‍ മരിച്ചുപോയാല്‍ എന്‍റെ പെട്ടിയില്‍ ഒരു മൊബൈല്‍ ഫോണ്‍ വച്ചേരേ. ഈശോ വീണ്ടും ജീവന്‍ തന്നാല്‍ നിങ്ങളെ വിളിക്കാനാ.” ഞങ്ങള്‍ തമാശയായി അവനോടു മറുപടി പറഞ്ഞെങ്കിലും ഒരു പിതാവിന്‍റെ വേദന എനിക്ക് നന്നായി അനുഭവപ്പെട്ടു.

തുടര്‍ന്ന് ഒരു ആയുര്‍വേദ ക്ലിനിക്കില്‍ പോയി. കൈയിലെ ഞരമ്പ് പിടിച്ചുനോക്കി രോഗനിര്‍ണയം നടത്തുന്ന വൈദ്യന്‍. അദ്ദേഹം രോഗനിര്‍ണയം നടത്തിയപ്പോള്‍ മൈഗ്രയ്‌നല്ല, ചെറുപ്പത്തിലേ വീഴ്ചയില്‍ തലയുടെ പുറകില്‍ ചതവു പറ്റിയതാണെന്നു പറഞ്ഞു. കണ്ണിലേക്കുള്ള ഞരമ്പുകള്‍ അവിടെനിന്നുമാണ്. പതിനഞ്ചുദിവസം കിടന്ന് ചികിത്സിക്കാതെ പറ്റില്ല. എകദേശം ഞരമ്പുകള്‍ എല്ലാംതന്നെ തളര്‍ന്നിരുന്നു. ഏറ്റവും അടുത്ത ദിവസംതന്നെ ആ ക്ലിനിക്കില്‍ പ്രവേശിച്ച് ചികിത്സ തുടങ്ങി ചില ദിവസങ്ങളില്‍ ഛര്‍ദി വരും. ഒത്തിരി കഫം പോയി. വേദനയുടെ അളവ് കുറഞ്ഞു തുടങ്ങി. ആ വര്‍ഷത്തെ ഓശാന ഞായറാഴ്ചയുടെ തലേന്നാള്‍ ഡിസ്ചാര്‍ജായി. മൂന്നുമാസം വിശ്രമം പറഞ്ഞ് മരുന്നുകള്‍ തന്നു.

മരുന്ന് തുടര്‍ന്നു. പക്ഷേ പ്രകാശമടിക്കുവാനോ പുറത്തിറങ്ങുവാനോ സാധിച്ചിരുന്നില്ല. ജറെമിയാ 17/14- ‘കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ’ എന്ന വചനം എല്ലാ ദിവസവും എഴുതുന്നുണ്ടായിരുന്നു. ആദ്യമൊക്കെ രണ്ടുവീതം എഴുതുമ്പോഴേക്കും കണ്ണിന് മങ്ങല്‍ വരുമായിരുന്നു. പിന്നീടത് കുറഞ്ഞുതുടങ്ങി.
മക്കളും ഞാനും മദ്ബഹാശുശ്രൂഷകരും കൂടിയായിരുന്നതിനാ ല്‍ ദൈവാലയത്തില്‍ പോകാതിരിക്കുന്നത് വളരെ വിഷമകരമായിരുന്നു. എന്നാല്‍ ആ സമയത്ത് എല്ലാ ആഴ്ചയിലും വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിച്ചു. കറുത്ത ഗ്ലാസും തൊപ്പിയും വച്ചാണ് വിശുദ്ധബലിക്ക് പോയിക്കൊണ്ടിരുന്നത്. കൂട്ടുകാര്‍ പരിഹസിക്കുമ്പോള്‍ അവന് വിഷമമായിരുന്നു.

എങ്കിലും ദൈവകൃപയാല്‍ വിശുദ്ധ കുര്‍ബാനയനുഭവത്തിന് മുടക്കം വന്നില്ല. യാക്കോബായ സഭാംഗങ്ങളായ ഞങ്ങള്‍ കുടുംബമായി രണ്ടുനേരങ്ങളില്‍ യാമപ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ട്. അതോടൊപ്പം വൈകുന്നേരം പരിശുദ്ധ മാതാവിന്‍റെ ജപമാലയും ലുത്തിനിയയും ചൊല്ലുമായിരുന്നു. എന്നാല്‍ ക്ലിനിക്കില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍മുതല്‍ രാവിലെയും ജപമാല ചൊല്ലിത്തുടങ്ങി. സന്ധ്യയായാല്‍ വീടിനകത്തെ ലൈറ്റുകള്‍ ഒന്നും ഇടാന്‍ കഴിഞ്ഞിരുന്നില്ല. പുറത്തെ മങ്ങിയ വെളിച്ചത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. ആ സമയത്ത് ഞങ്ങളുടെ ബന്ധുവഴി പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടതനുസരിച്ച് ശാലോമിലെ ഒരു ബ്രദര്‍ ഫോണിലൂടെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. ജപമാല ചൊല്ലുമ്പോള്‍ മുട്ടിന്മേല്‍നിന്ന് കൈകള്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുനേരവും ഞങ്ങള്‍ എല്ലാവരും അങ്ങനെതന്നെ ചെയ്തുപോന്നു.

ആ സമയത്ത് മകന്‍റെ പ്ലസ്ടുവിന്‍റെ പൊതുപരീക്ഷ സമയമായി. രജിസ്റ്റര്‍ ചെയ്തതിനാല്‍ കാന്‍സല്‍ ചെയ്യാനും കഴിയില്ലെന്നായിരുന്നു ടീച്ചേഴ്‌സ് പറഞ്ഞത്. കണ്ണിന് മങ്ങലോടെ എങ്ങനെ പരീക്ഷയെഴുതും? എങ്കിലും ഞങ്ങള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥന, പ്രത്യേകിച്ച് ജപമാലപ്രാര്‍ത്ഥന, തുടര്‍ന്നു. പരീക്ഷ എഴുതാന്‍ തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ഞാന്‍ ജോലിക്ക് പോയി. ആ സമയങ്ങളില്‍ യൂഹാനോന്‍ തനിച്ചിരുന്നാണ് പ്രാര്‍ത്ഥന. അവന്‍ പ്രഭാതപ്രാര്‍ത്ഥന നടത്തി മുട്ടിന്മേല്‍നിന്ന് ജപമാല ചൊല്ലി, അഞ്ചാം രഹസ്യം പകുതിയായപ്പോഴേക്കും ആദ്യം നല്ല കുന്തിരിക്കത്തിന്‍റെ സുഗന്ധവും പിന്നീട് മുല്ലപ്പൂവിന്‍റെ സുഗന്ധവും അവന് അനുഭവപ്പെടാന്‍ തുടങ്ങി.

ശരീരം മുഴുവന്‍ തീ പൊള്ളുന്നതുപോലെയും അനുഭവപ്പെട്ടു. പരിശുദ്ധ അമ്മയും ഉണ്ണീശോയും ഉള്ള ചിത്രത്തിലേക്ക് നോക്കിയപ്പോള്‍ പരിശുദ്ധ അമ്മ നന്നായി ചിരിക്കുന്നതായി അവന് അനുഭവപ്പെട്ടു. പെട്ടെന്ന് ബള്‍ബിന്‍റെ സ്വിച്ച് ഇടാന്‍ തോന്നി. ചിത്രത്തിനു ചുറ്റും എല്‍ഇഡി ബള്‍ബ് പ്രകാശിച്ചപ്പോഴും അവന് യാതൊരു വിഷമവും തോന്നിയില്ല. പരിശുദ്ധ അമ്മവഴി ഈശോ തന്ന സൗഖ്യം! യേശുവേ നന്ദി. ഞാന്‍ ഉച്ചയ്ക്ക് ജോലി കഴിഞ്ഞു വന്നപ്പോള്‍ വീടിനുള്ളിലെ ലൈറ്റുകളെല്ലാം ഓണായി കിടക്കുന്ന ആശ്വാസകരമായ കാഴ്ചയാണ് കണ്ടത്.

ഉച്ചകഴിഞ്ഞ് കിടന്നുറങ്ങിയതിനുശേഷം വീണ്ടും പഴയപോലെതന്നെ തലവേദനയായി. എങ്കിലും കണ്ണിന് ഒരു കുഴപ്പവുമില്ലായിരുന്നു. ആ സമയത്ത് ഞാനും മൂത്ത മകനുംകൂടി അടുത്തുള്ള ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി പോയി. ശക്തമായ തലവേദനകാരണം യൂഹാനോനും അവന്‍റെ അമ്മയും വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മ മകന്‍റെ തലയില്‍ പതിയെ തിരുമ്മി തലോടിക്കൊടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അന്ന് ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്തുതന്നെ അവള്‍ മോനോട് പറഞ്ഞിട്ട് പ്രാര്‍ത്ഥനാമുറിയില്‍ ഇരുന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു.

ആ സമയത്ത് യൂഹാനോന്‍ മയങ്ങിപ്പോയി. അപ്പോള്‍ അവന്‍റെ തലയില്‍ വീണ്ടും മുടിയിഴകളിലൂടെ നല്ല തലോടല്‍. അമ്മ തലോടുന്നതായിരിക്കുമെന്ന് അവന്‍ കരുതിയപ്പോള്‍ അമ്മയുടെ പ്രാര്‍ത്ഥന അപ്പുറത്തെ മുറിയില്‍നിന്ന് കേട്ടു. കണ്ണു തുറന്ന് നോക്കിയപ്പോള്‍ ഭിത്തിയില്‍ ഒരു വെളുത്ത നിഴല്‍ മായുന്നപോലെ… അവന് വല്ലാത്ത ഒരു ആശ്വാസം തോന്നുകയും ചെയ്തു. അതോടെ തലവേദനയില്‍നിന്ന് പൂര്‍ണസൗഖ്യത്തിലേക്ക് വന്നു.
പിന്നീട് ഒരാഴ്ചകൊണ്ട് പരീക്ഷയ്ക്കുള്ള എല്ലാ വിഷയങ്ങളും വെറുതെയൊന്ന് വായിച്ചു, ഒന്നും മനസിലാകുന്നില്ലായിരുന്നു. എങ്കിലും കൂട്ടുകാരുടെകൂടെ സഹായത്തോടെ പഠിക്കാന്‍ ശ്രമിച്ചു.
ഞങ്ങള്‍ കുടുംബമൊന്നിച്ച് പ്രാര്‍ത്ഥിച്ചാണ് പരീക്ഷയ്ക്കായി അയച്ചത്. യോഹന്നാന്‍ 14/26 വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും പരിശുദ്ധ അമ്മ കൂടെയിരുന്ന് പരീക്ഷ എഴുതാന്‍ സഹായം ചോദിക്കുകയും ചെയ്തിരുന്നു. റിസല്‍റ്റ് വന്നപ്പോള്‍ ഭേദപ്പെട്ട മാര്‍ക്കോടെ നല്ലൊരു വിജയം കര്‍ത്താവ് നല്കി. പരിശുദ്ധ അമ്മയുടെ ജപമാലയിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തെയൊര്‍ത്ത് കര്‍ത്താവിന് മഹത്വം.
”എന്‍റെ നാമത്തെ ഭയപ്പെടുന്ന
നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍
ഉദിക്കും. അതിന്‍റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നുവരുന്ന
പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും” (മലാക്കി 4/2).

Share:

Biju Paulose

Biju Paulose

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles