Home/Enjoy/Article

മാര്‍ 28, 2020 1960 0 Ans Jose
Enjoy

ചിരിപ്പിക്കുന്ന ‘ചങ്ങാതി’

മനോഹരമായി അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകേണ്ട ദിവസം. കാരണം അന്ന് എന്‍റെ മനസ്സമതമാണ്. പക്ഷേ നോട്ടു നിരോധനത്തോടനുബന്ധിച്ചു നടത്തിയ ഹര്‍ത്താലായിരുന്നു അന്ന്. എല്ലാവര്‍ക്കും ഇത് ഒരു അസൗകര്യമാകുമല്ലോ എന്ന ചിന്ത എന്നെ ഭാരപ്പെടുത്താന്‍ തുടങ്ങി. പള്ളിയില്‍ പോകാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ എന്‍റെ മുഖത്തു വളരെയധികം ഭയം നിഴലിച്ചിരുന്നു. എനിക്കതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ടായിരുന്നെങ്കിലും സന്തോഷിക്കാനോ പുഞ്ചിരിക്കാനോ കഴിയാത്ത മാനസികാവസ്ഥ. അന്നത്തെ ഫോട്ടോകളില്‍പ്പോലും ഈ മുഖം പതിയുമല്ലോ എന്ന് ഓര്‍ത്തെങ്കിലും പുഞ്ചിരിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. അപ്പോഴാണ് ഓര്‍മ്മ വന്നത്, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളിലൊന്നാണല്ലോ ആനന്ദം. ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുമെന്ന് കര്‍ത്താവ് വാഗ്ദാനവും ചെയ്തിട്ടുണ്ട്. അപ്പോള്‍ മുതല്‍ ‘പരിശുദ്ധാത്മാവേ ആനന്ദം നല്കണമേ’ എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നെ സംഭവിച്ചത് വലിയ മാറ്റമാണ്. എപ്പോഴാണെന്നുപോലും അറിയാതെ ഭയമെല്ലാം അപ്രത്യക്ഷമായി.

അതിഥികളെയെല്ലാം സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചു. ചില ബന്ധുക്കളെ വളരെ നാളുകള്‍ക്കു ശേഷമാണ് അന്ന് കണ്ടത്. നാളുകള്‍ക്കുശേഷം കാണുകയാണെങ്കിലും വളരെ സ്നേഹത്തോടെ അവരെ പരിഗണിച്ചതിലുള്ള സന്തോഷം ചിലരെങ്കിലും പപ്പയോട് സൂചിപ്പിച്ചുവെന്ന് പപ്പ എന്നോട് പറഞ്ഞു. എനിക്ക് ഒട്ടും ടെന്‍ഷനില്ലല്ലോ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടെ ജോലി ചെയ്യുന്നവരാകട്ടെ, സ്വതവേ ഭയപ്രകൃതിയുള്ള ഞാന്‍ ഇത്ര ആത്മവിശ്വാസത്തോടെ അതിഥികളെ സ്വീകരിക്കുന്നതു കണ്ടപ്പോള്‍ ഓഫിസില്‍ പേടി അഭിനയിക്കുകയായിരുന്നോ എന്നു പോലും ചോദിക്കുകയുണ്ടായി.

ഇതെല്ലാം കേട്ടപ്പോഴാണ് എന്‍റെ ഭയം മാറിപ്പോയതിനെക്കുറിച്ച് ഞാന്‍ ബോധവതിയായത്. പരിശുദ്ധാത്മാവിന്‍റെ സഹായമില്ലായിരുന്നെങ്കില്‍ ആ ചടങ്ങില്‍ സന്തോഷത്തോടെ ഒന്നു പുഞ്ചിരിക്കാന്‍പോലും കഴിയാതെ ഭയന്നു നില്‍ക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ. തീര്‍ച്ചയായും “ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുകയും ചെയ്യും” (യോഹന്നാന്‍ 14:16) എന്ന് വചനം പറയുന്നതുപോലെ അവിടുന്ന് സഹായകന്‍തന്നെയാണ്.

Share:

Ans Jose

Ans Jose

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles