Home/Enjoy/Article

നവം 16, 2023 278 0 ജോര്‍ജ് ജോസഫ്
Enjoy

കുറ്റം കാണാന്‍ കൃപയുണ്ടോ

കുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള കഴിവ് ദൈവം നല്‍കിയ വലിയ കൃപയാണ്. എന്നാല്‍ കുറ്റം പറയുമ്പോഴാണ് വലിയ കൃപയാകുന്നത്!

“അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവനോട് പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല” (യോഹന്നാന്‍ 2/3). മറ്റുള്ളവരുടെ കുറവുകള്‍ കണ്ടുപിടിക്കുക എന്നത് ഒരു പ്രത്യേക കഴിവാണ്. എനിക്ക് തോന്നുന്നു, സ്വര്‍ഗം നല്‍കിയ ഒരു വന്‍കൃപയാണ് അതെന്ന്. കുറ്റങ്ങള്‍, കുറവുകള്‍ കണ്ടുപിടിക്കപ്പെടാതെ എങ്ങനെ നികത്തപ്പെടും? അതുകൊണ്ടുതന്നെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നത് ദൈവം നല്‍കിയ വലിയ കൃപതന്നെയാണ്. ആ കൃപക്ക് രണ്ടുതലങ്ങള്‍ ഉണ്ട്.

കുറ്റങ്ങള്‍ കണ്ടുപിടിക്കുക

ഇവിടെ ഞാനും പരിശുദ്ധ അമ്മയും ഒന്നുപോലെ കാര്യങ്ങള്‍ ചെയ്യുന്നു. ഒരു വ്യക്തിയുമായി സംസാരിക്കുമ്പോള്‍, ഇടപഴകുമ്പോള്‍, സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, അനീതി കാണുമ്പോള്‍, നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് കാണുമ്പോള്‍, അതിക്രമങ്ങള്‍, അക്രമങ്ങള്‍- കാണുമ്പോള്‍, വിഷമങ്ങള്‍, പ്രതിസന്ധികള്‍, ബുദ്ധിമുട്ടുകള്‍ കേള്‍ക്കുമ്പോള്‍- ഇവിടെയെല്ലാം മറ്റുള്ളവരുടെ കുറവുകള്‍ നാം കണ്ടുപിടിക്കുന്നു.

കുറ്റം പറയണം

ഇവിടെ ഞാനും പരിശുദ്ധ അമ്മയും രണ്ടു തട്ടിലാണ്. ഞാന്‍ ആ കുറവുകള്‍ മറ്റുള്ളവരോട് പറയും, വിമര്‍ശിക്കും, വിലയിരുത്തും, അവതരിപ്പിക്കും, എരിവും പുളിയും കയറ്റി അനേകരിലേക്ക് എത്തിക്കും. വേണമെങ്കില്‍ പണം നല്കി സോഷ്യല്‍ മീഡിയ റീച്ച് കൂട്ടും. എന്‍റെ ചിന്ത മുഴുവന്‍ ആ കുറവുകള്‍ വെളിച്ചത്തു കൊണ്ടുവരണം എന്നതാണ്. ‘എനിക്ക് ദുരിതം. ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനാണ്. അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനാണ് ‘ (ഏശയ്യാ 6/5). കുറവുകളെ നികത്തി പടുത്തുയര്‍ത്തേണ്ടതിന് പകരം ഞാന്‍ ആത്മാക്കളെ പടുകുഴിയിലേക്ക് വീണ്ടും തള്ളിയിടുന്നു.

എന്നാല്‍ പരിശുദ്ധ അമ്മ ഇത് ഭംഗിയായി കൈകാര്യം ചെയ്യുന്നു. അമ്മ അത് പറയേണ്ടവനോടുമാത്രം പറയുന്നു. അവന്‍റെ വചനത്തിലേക്ക് ഒരു ചൂണ്ടുവിരലായി നില്‍ക്കുന്നു. വചനം അനുസരിക്കാന്‍ അവള്‍ പരിശീലിപ്പിക്കുന്നു. വക്കോളം വെള്ളം നിറയ്ക്കാന്‍ പരിചാരകര്‍ക്ക് നിര്‍ദേശം നല്‍കിയതുപോലെ. ശൂന്യമായ കല്‍ഭരണികള്‍ നിറഞ്ഞുകവിയുന്ന വീഞ്ഞായി മാറ്റുന്ന പരിശീലനം.

എന്‍റെ അമ്മേ, നിന്‍റെ ജീവിതകളരിയില്‍നിന്നും എനിക്കും ആ കൃപ വാങ്ങിത്തരണമേ. മറ്റുള്ളവരുടെ കുറവുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍, അത് കണ്ടുപിടിച്ച് യേശുവിന്‍റെ കാതില്‍മാത്രം എത്തിക്കാന്‍ അവന്‍റെ മറുപടിക്കായി കാതോര്‍ക്കാന്‍, അവന്‍ തരുന്ന വചനങ്ങള്‍ പ്രവര്‍ത്തന തലത്തിലേക്കെത്തിക്കാന്‍, നികത്തപ്പെടുത്തുന്ന, പടുത്തുയര്‍ത്തുന്ന, നട്ടുവളര്‍ത്തുന്ന, പരിപാലിക്കുന്ന, പരിശീലിപ്പിക്കുന്ന സ്നേഹമായി കാനായിലെ കല്യാണവീട്ടിലേക്കും എലിസബത്തിന്‍റെ ഭവനത്തിലേക്കും കാല്‍വരിയിലേക്കും നീ പോയതുപോലെ മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി ദൈവത്തില്‍ നിന്നും പരിഹാരം നേടുന്ന വന്‍കൃപയിലേക്ക് അമ്മേ, നീ എന്നെ നയിക്കണമേ. അങ്ങനെ ദൈവമഹത്വം വെളിപ്പെടുന്നതിനുള്ള അടയാളമായി മാറട്ടെ ഞാന്‍ കണ്ടുപിടിക്കുന്ന മറ്റുള്ളവരുടെ കുറവുകള്‍.

Share:

ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles