Home/Evangelize/Article

മാര്‍ 20, 2024 277 0 ജോബി ജോര്‍ജ്
Evangelize

ഒരു കലണ്ടറിലൂടെ ദൈവം ചെയ്തത്….

മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു…

നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.

അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന്‍ ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു.

ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്‍റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്‍റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു.

വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ.

“സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം” ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല.

മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്‍റെ മുന്‍പേജിലെ വചനം ഇതായിരുന്നു: “ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെ മേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി.

“ഈ വചനം നമുക്ക് ഉള്ളതാണ്!” ഞാന്‍ ഭാര്യയോട് പറഞ്ഞു.

അതുകേട്ട് അവള്‍ മറുപടി നല്കി, “ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്.”

പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്‍റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു.

കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്‍റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”

Share:

ജോബി ജോര്‍ജ്

ജോബി ജോര്‍ജ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles