Home/Evangelize/Article
Trending Articles
മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു…
നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.
അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന് ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു.
ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു.
വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ.
“സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം” ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല.
മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്റെ മുന്‍പേജിലെ വചനം ഇതായിരുന്നു: “ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി.
“ഈ വചനം നമുക്ക് ഉള്ളതാണ്!” ഞാന്‍ ഭാര്യയോട് പറഞ്ഞു.
അതുകേട്ട് അവള് മറുപടി നല്കി, “ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്.”
പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു.
കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.”
Joby George
തിരുപ്പട്ടത്തിന് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ സിസ്റ്ററിന് കത്തയക്കുന്നത് അനുചിതമാകുമോയെന്ന് ചിന്തിക്കാതെയാണ് അത് ചെയ്തത്... പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന് തന്റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന്‍ ബാലന് ആവശ്യപ്പെട്ടു. 'ഒരു ആത്മാവിന്റെ കഥ' എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല്‍ പെദ്രോക്ക് ആ ഫ്രഞ്ച് കര്‍മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്‍ന്നുകൊണ്ടിരുന്നു. പില്ക്കാലത്ത് പെദ്രോ റോമില്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്‍സിലെ ലിസ്യൂവിലേക്ക് ഒരു യാത്ര. അവിടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുടുംബം താമസിച്ചിരുന്ന വീടും 14 വയസുമുതല്‍ 24 വയസുവരെ വിശുദ്ധ ജീവിച്ചിരുന്ന മഠവുമെല്ലാം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അവിടെവച്ച് പെദ്രോ വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായ സിസ്റ്റര്‍ സെലിനെ കാണുകയും ചെയ്തു. അന്ന് രാത്രി ആ കര്‍മ്മലമഠത്തിന് സമീപമുള്ള പുരുഷന്മാരുടെ താമസസ്ഥലത്ത് അത്താഴസമയത്ത് പെദ്രോയ്ക്ക് അതാ ഒരു സമ്മാനം എത്തുകയാണ്. കവര്‍ തുറന്നുനോക്കിയപ്പോള്‍ അതില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ മുടിച്ചുരുളായിരുന്നു. സെലിന് പെദ്രോയ്ക്കായി പ്രത്യേകം കൊടുത്തുവിട്ട സമ്മാനമായിരുന്നു അത്. "ആ രാത്രി സന്തോഷം നിമിത്തം എനിക്കുറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?" എന്നാണ് അതേക്കുറിച്ച് പെദ്രോ ചോദിക്കുന്നത്. "കൊച്ചുത്രേസ്യയെയും സെലിനെയും കുറിച്ച് എന്തെല്ലാം വായിച്ചിട്ടുള്ളതാണ്! ഇപ്പോഴിതാ സെലിന് സമ്മാനിച്ച വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് എനിക്ക് കിട്ടിയിരിക്കുന്നു! ഞാന്‍ സന്തോഷംകൊണ്ട് നിറഞ്ഞു. പിന്നീട് അത്താഴം കഴിച്ചോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അത്രയേറെ സംതൃപ്തനായിക്കഴിഞ്ഞിരുന്നു." നാളുകള്‍ക്കുശേഷം അവരുടെ ബാച്ചിലെല്ലാവരുടെയും തിരുപ്പട്ടം അടുത്തുവന്ന സമയം. 24 വയസ് തികയാത്തതിനാല്‍ കാനന്‍ നിയപ്രകാരം പെദ്രോയ്ക്ക് തിരുപ്പട്ടം സ്വീകരിക്കാനാവില്ല എന്ന് അറിയിപ്പ് ലഭിച്ചു. അത് വളരെ സങ്കടകരമായിരുന്നു. ആ സമയത്തുതന്നെയാണ് സിസ്റ്റര്‍ സെലിന് തീര്‍ത്തും രോഗിയായിരിക്കുകയാണ് എന്ന് പെദ്രോ അറിയുന്നതും. സിസ്റ്ററിന് ഒരു കത്തയക്കാന്‍ പെദ്രോ തീരുമാനിച്ചു. "സിസ്റ്റര്‍ സെലിന്, മാര്‍ച്ച് 14-നുമുമ്പ് ഈ ദിവസങ്ങളില്‍ നിങ്ങള്‍ മരിക്കുകയാണെങ്കില്‍ മാര്‍ച്ച് 14-ന് നടക്കുന്ന തിരുപ്പട്ടസ്വീകരണത്തില്‍ എനിക്കും പങ്കുചേരാന്‍ സാധിക്കണമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയോട് പറയണം." മരണാസന്നയായിരിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കത്തയക്കുന്നത് അനൗചിത്യമാണോ എന്നൊന്നും അന്ന് പെദ്രോ ചിന്തിച്ചില്ല. എന്തായാലും ആ കത്ത് അയച്ചതിനുശേഷം പെദ്രോയ്ക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള കര്‍ദിനാളിന്റെ പ്രത്യേക അനുമതി ലഭിച്ചു. അതിനുശേഷമാണ് ഫെബ്രുവരി 25-ന് സിസ്റ്റര്‍ സെലിന് മരിച്ചുവെന്ന് പെദ്രോ അറിയുന്നത്. താന്‍ പറഞ്ഞുവിട്ട കാര്യം സെലിന് കൊച്ചുത്രേസ്യയോട് പറഞ്ഞുവെന്ന് പെദ്രോയ്ക്ക് ഉറപ്പായി. 1959-ല്‍ നടന്ന ഈ സംഭവം പെദ്രോയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള സ്നേഹം ഒന്നുകൂടി വര്‍ധിപ്പിച്ചു. ഇന്ന് 64 വര്‍ഷത്തെ പൗരോഹിത്യജീവിതം പൂര്‍ത്തിയാക്കിയ 87കാരനാണ് ഫാ. പെദ്രോ തിക്സീറ കാവല്‍കാന്റെ. 'ദൈവത്തിന്റെ കരുണയുടെ ഫലമായും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും മാധ്യസ്ഥ്യത്താലും വൈദികനായവനാണ് ഞാന്‍,' അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
By: Shalom Tidings
Moreആലോചിച്ചുനോക്കൂ, ദൈവം നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്കിയിട്ടുാേ? നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്? ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ. രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ. മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ. നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ. അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ. ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും. ഒരു അടുത്ത സ്നേഹിതനോട് എന്ന പോലെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, പാളിപ്പോയ തീരുമാനങ്ങളെപ്പറ്റിയൊക്കെ ദൈവത്തോടു പറയുന്നതും പ്രാര്‍ത്ഥന തന്നെയാണ്. അതെപ്പോഴും സ്റ്റേഷനറി കടയില്‍ കൊടുക്കുന്ന ഒരു നീണ്ട ലിസ്റ്റു പോലെ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക സമര്‍പ്പണം തന്നെയാകണമെന്നില്ല. ഹൃദയം തുറന്നു മിണ്ടാത്തതു കൊണ്ട് തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ഒന്നാമത്തേത് ദൈവവുമായുള്ള ബന്ധം തന്നെയാണ്, തീര്‍ച്ച. ഒരുമിച്ചു ചെലവഴിക്കുന്ന സമയവും സാമീപ്യവും പ്രധാനമാണ്. അതിന് പള്ളിയകം തന്നെ വേണമെന്നുണ്ടോ? വീട്ടിലെ തിരുഹൃദയരൂപത്തിന്റെ മുമ്പില്‍ മാത്രമേ ആകാവൂ എന്നാണോ? എപ്പോഴൊക്കെ തനിയെയാകുന്നോ അപ്പോഴെല്ലാം ഹൃദയം കൊണ്ട് ഒപ്പമാകാവുന്നതേയുള്ളൂ. ഒരിറ്റ് പ്രൈവസി കിട്ടിയാല്‍ അപ്പോഴേ ഫോണ്‍ എടുത്ത് 'കമ്യൂണിക്കേറ്റ്' ചെയ്യാന്‍ തത്രപ്പെടുന്നവരില്‍ നിന്നും പഠിക്കാവുന്ന പാഠം. അബദ്ധം പറ്റിപ്പോയിയെന്ന്, തെറ്റു പറ്റിയെന്ന്, എന്റെ എടുത്തു ചാട്ടവും മുന്‍ ശുണ്ഠിയുമാണ് കാരണമെന്ന്, ഞാന്‍ കുറെക്കൂടി മാറാനുണ്ട് എന്ന്, എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെന്ന് ഏറ്റുപറയുന്ന നിമിഷം മറ്റെയാള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ അയാളുടെ മുമ്പില്‍ കൊമ്പുകുത്തിയെന്ന് കരുതിയാണ് എന്നു ചിന്തിച്ചാല്‍ തെറ്റി. നിങ്ങള്‍ സ്വയം തിരിച്ചറിയുന്നതിലും സ്വയം ശുദ്ധീകരിക്കാന്‍ കാട്ടുന്ന സന്നദ്ധതയിലുമുള്ള സന്തോഷമാണവിടെയുള്ളത്. തന്റെ മുമ്പില്‍ മുട്ടുകുത്തുന്ന മനുഷ്യനല്ല, തന്റെ മുമ്പില്‍ രൂപാന്തരപ്പെടുന്ന മനുഷ്യനാണ് ദൈവത്തിന്റെ സ്വപ്നം. പരാതി പറച്ചിലാണ് ഒരു ബന്ധത്തെ അടിമുടി തകര്‍ക്കുക. എനിക്കു കിട്ടിയില്ല എന്ന നിരന്തരമായ ആവലാതിയും, തന്നേ തീരൂ എന്ന പിടിവാശിയും. പെരുന്നാള്‍ പറമ്പിലെ ചിന്തിക്കടകള്ക്കു മുമ്പില്‍ ഓരോ കളിപ്പാട്ടത്തിനു വേണ്ടിയും കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞ് അപ്പനിലുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അപ്പോഴുമയാള്‍ തിരയുന്നത് ഇതിനെക്കാള്‍ വിലയുളള ഒന്ന് കുഞ്ഞിനു നല്കാനുണ്ടോ എന്നു തന്നെയാവില്ലേ? ചിലപ്പോള്‍ ദൈവം മൗനിയാകുന്നത് കൂടുതല്‍ മെച്ചപ്പെട്ടതൊന്ന് കണ്ടെത്തി നല്കുന്നതിനു വേണ്ടിയാകണം. സമീപകാലത്ത് പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗ് വിശ്വാസിക്കും ബാധകമാണ്, 'ക്ഷമ വേണം, സമയമെടുക്കും.' സമ്മാനം സമ്മാനമാകുന്നത് അതിന്റെ വിലയും വലിപ്പവും കൊണ്ടല്ല. അതുണ്ടാക്കുന്ന സര്‍പ്രൈസ് കൊണ്ടാണ്. നാളിതുവരെയുള്ള ദൈവബന്ധത്തില്‍, പിന്തിരിഞ്ഞു നോക്കിയാല്‍ ദൈവം എനിക്കു സര്‍പ്രൈസ് തന്നിട്ടില്ലേ? കുറഞ്ഞത് ഒരു തവണയെങ്കിലും? ഞാനോ? തിരികെ എന്തു സര്‍പ്രൈസാണ് നല്‍കിയിട്ടുള്ളത്? വരുമാനം കൊണ്ട്, ആരോഗ്യം കൊണ്ട്, കഴിവുകൊണ്ട്, ഒക്കെ സമ്പന്നനായ ഞാന്‍ ദൈവത്തിന്റെ ഹൃദയത്തെ തൊടും വിധം എന്തു സമ്മാനമാണൊരുക്കിയത്? പ്രണയിക്കാം ദൈവത്തെ. അവിടുത്തേക്ക് സമ്മാനങ്ങള്‍ നല്കുകയുമാവാം. "കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/14)
By: Joy Mathew Planthra
Moreഒക്ടോബര്‍ 11, 1933 - വ്യാഴം - വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍, അല്ല മല്പിടുത്തത്തിന്റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്റെ ആന്തരികസഹനം കൂടിവന്നു. വലിയ വിരസതയും വരള്‍ച്ചയും എനിക്ക് അനുഭവപ്പെട്ടു. മൂന്നാമത് ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. ഈ മണിക്കൂര്‍ യാതൊരു താങ്ങുമില്ലാതെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ശരീരം വിശ്രമത്തിനായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ ഒരു വിധത്തിലും കീഴ്പ്പെട്ടില്ല. കൈകള്‍ വിരിച്ചുപിടിച്ചു. ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിലും മനോധൈര്യത്തോടെ പിടിച്ചുനിന്നു. കുറച്ചുസമയത്തിനുശേഷം, എന്റെ മോതിരം ഊരിയെടുത്ത് ഈശോയോടുള്ള നിത്യഐക്യത്തിന്റെ അടയാളമായ അതിലേക്കു നോക്കാന്‍ ഞാന്‍ ഈശോയോട് ആവശ്യപ്പെട്ടു. നിത്യവ്രതവാഗ്ദാനത്തിന്റെ ദിവസം എനിക്കുണ്ടായ വികാരവായ്പുകളെ ഈശോയ്ക്കു സമര്‍പ്പിച്ചു. കുറച്ചുസമയത്തിനുശേഷം എന്റെ ഹൃദയം സ്നേഹത്തിന്റെ തിരമാലയുടെ തരംഗങ്ങളാല്‍ പൂരിതമായി; ആത്മാവിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനം, ഇന്ദ്രിയങ്ങള്‍ ശാന്തമായി, എന്റെ ആത്മാവ് ദൈവസാന്നിധ്യത്താല്‍ പൂരിതമായി. എനിക്ക് ഇത്രമാത്രം അറിയാം: ഈശോയും ഞാനും മാത്രമായിരുന്നു അപ്പോള്‍. എന്റെ നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് തിരു മണിക്കൂര്‍ ആരാധന നടത്തിയപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടപോലെ, ഈശോ എന്റെ സമീപം നില്ക്കുന്നതായി ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടും ശരീരം മുഴുവനും മുറിവിനാല്‍ ആവരണം ചെയ്യപ്പെട്ടും നയനങ്ങള്‍ രക്തത്താലും കണ്ണീരാലും നിറഞ്ഞൊഴുകിയും വിരൂപമാക്കപ്പെട്ട മുഖം തുപ്പലുകളാല്‍ ആവൃതമായും ഈശോ എന്റെ മുമ്പില്‍ നിന്നു. അപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു: മണവാട്ടി മണവാളന് സദൃശ്യയായിരിക്കണം. ആ വാക്കുകളുടെ അര്‍ത്ഥത്തിന്റെ വ്യാപ്തി എനിക്ക് മനസിലായി. ഇവിടെ ഒരു സംശയത്തിനും ഇടമില്ലായിരുന്നു. സഹനത്തിലും എളിമയിലുമാണ് ഈശോയുമായി സാദൃശ്യം പ്രാപിക്കേണ്ടത്. കാണുക, മനുഷ്യരോടുള്ള സ്നേഹം എന്നോടെന്താണ് ചെയ്തത്? എന്റെ മകളേ, വളരെ ആത്മാക്കള്‍ എനിക്കു നിരസിക്കുന്നതെല്ലാം ഞാന്‍ നിന്റെ ഹൃദയത്തില്‍ കണ്ടെത്തുന്നു. നിന്റെ ഹൃദയം എന്റെ വിശ്രമസ്ഥലമാണ്. പലപ്പോഴും പ്രാര്‍ത്ഥനയുടെ അവസാനംവരെ ഞാന്‍ വലിയ കൃപകളുമായി കാത്തുനില്ക്കുന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
By: Shalom Tidings
Moreരോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്‍കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിൻ്റെ വിശ്വാസം, കനാന്കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപൻ്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം. ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്‍കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തൻ്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക. കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്ത്ഥനകള്ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും. മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്ത്ഥനകളില് പങ്കെടുക്കാന്‍. ഓരോ രോഗശാന്തിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.
By: Mon. C.J. Varkey
Moreയു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന് ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിൻ്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ്. പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിൻ്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.
By: Shalom Tidings
Moreകുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്സായി ജോലി ചെയ്യുന്ന സമയം. നഴ്സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്. അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി. അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള് എന്നോടുള്ള നിഷ്കളങ്ക സ്നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്. ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള് സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു. നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്പില് ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്പില് വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു. പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്. ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്ക്. ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്കളങ്കസ്നേഹത്തിന് ഈശോ തന്ന സ്നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില് കേള്‍ക്കാം. അല്പസമയത്തിനുള്ളില്ത്തന്നെ അവള് എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള് മാറി മാറി നോക്കിക്കൊണ്ടു കണ്ണീര് വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള് എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള് ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു. ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള് ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള് ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.” ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5). യേശുവിന്റെ ശിഷ്യന്മാരില് പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന് മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54). യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ലെന്ന് സ്വന്തം ജീവന് കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.
By: Ann Maria Christeena
Moreപരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം പ്രാര്‍ത്ഥനയിലൂടെ ദൈവാശ്രയബോധത്തില്‍ ഉയര്‍ന്നുനിന്ന് ആത്മീയതലത്തില്‍ അവനെ നേരിടുക. അവിടെ പോരാട്ടം ദൈവം ഏറ്റെടുക്കും. നമുക്ക് വിജയം വരിക്കാനും സാധിക്കും. ”ദൈവത്തിന് വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്; അപ്പോള്‍ അവന് നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7)
By: Shalom Tidings
More